Thursday, 18 December 2014

ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ്  മാധ്യമം പട്ടാമ്പി ലേഖകൻ ടി.വി.എം. അലിക്ക് ദില്ലിയിൽ നടന്ന ചടങ്ങിൽ 
അക്കാദമി ദേശീയ പ്രസിഡണ്ട് ഡോ. എസ്.പി. സുമനാക്ഷർ സമ്മാനിക്കുന്നു.

Friday, 14 November 2014

ഗൃഹ നാഥൻ എവിടെ ?


ആസ്യയുടെ കാത്തിരിപ്പിന് മുപ്പതാണ്ട് 
-----------------------------------------------------------------
ഇന്നല്ലെങ്കിൽ നാളെ ഗൃഹ നാഥൻ വരുമെന്ന് കരുതി ആസ്യ കാത്തിരിക്കാൻ തുടങ്ങിയിട്ട് മുപ്പതാണ്ട്.
കിഴായൂർ ആന്തൂർ പള്ളിയാലിൽ ആക്കുന്നിനു മീതെ താമസിക്കുന്ന തൊട്ടിയിൽ വീട്ടിൽ പരേതനായ കുഞ്ഞീതിയുടെ മകൾ ആസ്യ -46- യാണ് 30 വർഷം മുമ്പ് നാട് വിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്നത്. കോട്ടയം സ്വദേശി വെള്ളാപ്പള്ളി വിജയകുമാർ എന്ന സുബൈർ വീട് വിട്ടു പോകുമ്പോൾ മകൾ റഹ്മത്തിന് ഒരു വയസ്. അവൾ ഇപ്പോൾ രണ്ടു കുട്ടികളുടെ മാതാവ്. സുബൈർ ആസ്യയെ കല്യാണം കഴിക്കുന്ന സമയത്ത് ഒറ്റപ്പാലം പാലപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. കൂട്ടുകാർ മുഖേനയാണ് വിവാഹ ആലോചന വന്നതെന്ന് ആസ്യ ഓർക്കുന്നു. കോട്ടയത്ത്‌ നിന്ന് പോന്ന ശേഷമാണ് വിജയകുമാർ ഇസ്ലാം മതം ആശ്ലേഷിച്ചത്‌. സുബൈർ  ആസ്യയെ വിവാഹം ചെയ്ത ശേഷം കുറച്ചു കാലം പട്ടാമ്പിയിൽ വാടക വീട്ടിൽ ഇരുവരും താമസിച്ചു. മൽസ്യം, ഐസ് എന്നിവ വില്പന നടത്തിയായിരുന്നു  ഉപ ജീവനം. മൂന്നു വർഷം സന്തോഷത്തോടെ തന്നെ ജീവിച്ചു. അതിനിടയിൽ പെണ്‍ കുഞ്ഞു ജനിച്ചു. അങ്ങിനെയിരിക്കെ ആക്കുന്നിനു മീതെ 14 സെന്റ്‌ സ്ഥലം സുബൈർ വാങ്ങി ചെറിയൊരു വീട് വെച്ചു. അവിടെ താമസിക്കുന്ന സമയം  ആസ്യയുടെ പിതാവിൽ നിന്ന് കടം വാങ്ങിയ മൂവ്വായിരം രൂപയെ ചൊല്ലി സുബൈറും കുഞ്ഞീതിയും തമ്മിൽ വാക്കു തർക്കം ഉടലെടുത്തു. ഇതിനെ തുടർന്ന് കടം വീട്ടാൻ  നാല് സെന്റ്‌ സ്ഥലം മുറിച്ചു വിൽക്കുകയും ചെയ്തു. ശേഷിക്കുന്ന പത്തു സെന്റ്‌ സ്ഥലം ഇപ്പോഴും സുബൈറിന്റെ പേരിൽ തന്നെയാണ്. ഭാര്യാ പിതാവുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്ന് ആസ്യയും ബലിയാടായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് വസ്തുവിന്റെ ആധാരം എടുത്തു സുബൈർ നാട് വിടുകയായിരുന്നു എന്നാണ് ആസ്യ പറയുന്നത്. സുബൈർ നാട് വിട്ട ശേഷം ഇന്നേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മകൾ റഹ്മത്തിന് ബാപ്പയെ കണ്ട ഓർമയില്ല. അന്നവൾക്ക് ഒരു വയസ് പ്രായമേ ആയിരുന്നുള്ളു. ഭര്ത്താവ് മുജീബിന്റെ കൂടെ മൈസൂരിൽ കഴിഞ്ഞിരുന്ന റഹ്മത്ത് കുട്ടികളുടെ പഠനത്തിനു വേണ്ടി ഇപ്പോൾ ഉമ്മയുടെ കൂടെയുണ്ട്.  വീട്ടു പണികൾ ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ആസ്യ  മുപ്പതു വർഷവും തള്ളി നീക്കിയത്. എന്നെങ്കിലും ഒരു ദിവസം സുബൈർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആസ്യയും  കുടുംബവും.

Wednesday, 12 November 2014

നിളയെ വലിയൊരു അഴുക്കു ചാലാക്കി നശിപ്പിക്കണോ ?

മാലിന്യം നിറഞ്ഞ് നിള /  പുഴയെ രക്ഷിക്കാൻ കർമ പദ്ധതി വേണം 
-----------------------------------------------------------------------------------------------------------------
 നിളാ നദി മാലിന്യത്തിൽ മുങ്ങുന്നു. ഇരു തീരങ്ങളിൽ നിന്നും ഒഴുകി എത്തുന്ന മലിന ജല പ്രവാഹമാണ് പുഴയെ നശിപ്പിക്കുന്നത്. പട്ടാമ്പി ടൗണിലെ അഴുക്കു ചാലുകളെല്ലാം ചെന്ന് വീഴുന്നത് പുഴയിലാണ്. ഹോട്ടൽ  മാലിന്യങ്ങളും, അറവു മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും  ആശുപത്രി വേസ്റ്റും ഇപ്പോൾ ഏറ്റു വാങ്ങുന്നത് സർവ്വം  സഹയായ നിളയാണ്. രാജ്യമൊട്ടുക്കും ശുചിത്വ സന്ദേശം  അലയടിക്കുന്ന സമയത്താണ് യാതൊരു നിയന്ത്രണവുമില്ലാതെ പുഴ മലിനീകരിക്കപ്പെടുന്നത്. വർഷങ്ങൾക്കു മുമ്പ് കെ.ഇ. ഇസ്മയിൽ റവന്യു മന്ത്രിയായിരുന്ന സമയത്ത് ഭാരതപ്പുഴയെ മാലിന്യ മുക്ത മാക്കാൻ ലക്ഷ്യമിട്ട് പുഴയോരങ്ങളിൽ സ്ഥാപിച്ച ശുചീകരണ പ്ലാന്റുകൾ  വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. പട്ടാമ്പി പാലത്തിന്റെ ഇരുവശവും, ബസ് സ്റ്റാന്റ് പരിസരം,  നമ്പ്രം റോഡ്‌ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ അഴുക്കു ചാലുകൾ പുഴയിൽ ചെന്നു വീഴുന്ന ഭാഗത്താണ് ശുചീകരണ പ്ലാന്റുകൾ  സ്ഥാപിച്ചിരുന്നത്. പ്ലാന്റിൽ  വീഴുന്ന മലിന ജലം പ്രകൃതി ദത്തമായ രീതിയിൽ ശുദ്ധീകരിച്ചാണ് പുഴയിൽ എത്തിയിരുന്നത്. എന്നാൽ പുഴയിലെ ശക്തമായ കുത്തൊഴുക്കിനെ ചെറുക്കാനുള്ള ശേഷി പ്ലാന്റുകൾക്ക്  ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ശുചീകരണം അധിക കാലം നടന്നില്ല.. ഇതിന്റെ തകർച്ച പൂർണ്ണമായതോടെ ടൗണിലെ സർവ്വ വിധ മാലിന്യങ്ങളും നേരിട്ട് പുഴയിൽ കലരുന്ന സ്ഥിതിയാണുള്ളത്. പട്ടാമ്പി ബസ് സ്റ്റാണ്ടിലെ കംഫർട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് പൊട്ടി പുഴയിലേക്ക് ഒഴുകുന്നത്‌ നേരത്തെ  നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇത് വൻ വിവാദമായതോടെ അധികൃതർ ഉണരുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അവശിഷ്ടം പുഴയിൽ എത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. അതിനു പിറകെയാണ് പുഴയോരത്തുള്ള സ്വകാര്യ ആശുപത്രി മാലിന്യം പുഴയിൽ ഒഴുകി എത്തുന്നത്‌ നാട്ടുകാർ ഇപ്പോൾ കണ്ടെത്തിയത്.  പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്തർ പുഴയോരം സന്ദർശിച്ച്‌ വസ്തുത ബോധ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഒരു പെട്ടിക്കട തുടങ്ങാൻ പോലും നൂറു കൂട്ടം നിബന്ധനകൾ  നിഷ്കർഷിക്കുന്ന അധികാരികൾ 
ചിലരുടെ സ്വാർത്ഥ താൽപര്യങ്ങളുടെ മുന്നിൽ മുട്ടു മടക്കുന്നതുകൊണ്ടാണ് ഒരു നാടിന്റെ തന്നെ ആരോഗ്യം അപകടത്തിലാവുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിൽ വർഷം മുഴുവൻ വെള്ളം സംഭരിച്ചു നിർത്തുന്നതിനാൽ പുഴയിൽ കലരുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ പുഴയിൽ 
കോളിഫാം ബാക്റ്റീരിയയുടെ അളവ് ക്രമാതീതമായി കൂടുതലാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇപ്പോഴാവട്ടെ ഇടയ്ക്കിടെ സംഭരണിയിലെ വെള്ളം തുറന്നു വിട്ടാണ് മലിന ജലം പുറന്തള്ളുന്നത്. വെള്ളം കുറയുന്ന സമയത്താണ് തീരങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന മലിന ജലം നാട്ടുകാര്ക്ക് കാണാൻ സാധിക്കുന്നത്. നിളയുടെ നെഞ്ചു തുരന്ന് എടുക്കുന്ന ശുദ്ധ ജലമാണ് ഇരുപതിൽ പരം പഞ്ചായത്തുകൾക്കും ഗുരുവായൂർ ടൌണ്‍ഷിപ്പിലേക്കും കുന്നംകുളം, ചാവക്കാട്  നഗര സഭകളിലേക്കും കൊണ്ട് പോകുന്നത്. വെള്ളം അഴുകുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഹാനി സംഭവിക്കും. നിളയെ ശുദ്ധീകരിക്കാൻ ഗംഗാ നദി ശുദ്ധീകരണ പദ്ധതി പോലെ ബ്രുഹൃത്തായ കർമ പദ്ധതി ആവശ്യമാണ്‌. റിവർ മാനേജ്മെന്റ് ഫണ്ടിലാവട്ടെ കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ കിടക്കുന്നുണ്ട്. 
നിളയെ വലിയൊരു അഴുക്കു ചാലാക്കി നശിപ്പിക്കണോ എന്നാണ് പ്രസക്തമായ ചോദ്യം.

Thursday, 2 October 2014

ശുചിത്വ നഗര പദ്ധതിക്ക് ആവേശത്തുടക്കം

ഗാന്ധി  ജയന്തി ദിനത്തിൽ പട്ടാമ്പിയിൽ ശുചിത്വ നഗര പദ്ധതിക്ക് ആവേശകരമായത്തുടക്കം. ജനമൈത്രി പൊലിസ് , ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് 
ഗുണഭോക്താക്കൾ, കുടുംബശ്രീ അംഗങ്ങൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, വിദ്യാർഥികൾ , പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ 
എന്നിവയുടെ നേതൃത്വ ത്തിൽ വിപുലമായ ശുചീകരണം നടത്തി. മേലെ പട്ടാമ്പിയിൽ നടന്ന ചടങ്ങിൽ സി.പി. മുഹമ്മദ്‌ എം.എൽ .എ. ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ. എ.ജെ, ജോണ്‍സണ്‍, എസ് .ഐ. ബഷീർ ചിറക്കൽ, പഞ്ചായത്ത് അംഗം സി.എ. സാജിദ്, ബാബു കോട്ടയിൽ എന്നിവർ  സംസാരിച്ചു. മേലെ പട്ടാമ്പി മുതൽ ബസ്റ്റാന്റ് വരെ റോഡിനിരുവശവും നൂറു കണക്കിനാളുകൾ ചേർന്ന്  വൃത്തിയാക്കി.

Wednesday, 1 October 2014

പട്ടാമ്പിയിൽ പുതിയ വ്യാപാര സമുച്ചയം പണിയുന്നു.



നഗരസഭയെ വരവേല്ക്കാൻ ഒരുങ്ങുന്നു 
-------------------------------------------------------------------------------------------------------------------------------------------------
പട്ടാമ്പി: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ മുനിസിപ്പാലിറ്റിയാവാൻ ഒരുങ്ങുന്ന പട്ടാമ്പിയിൽ പുതിയ വ്യാപാര സമുച്ചയം പണിയുന്നു.
ഒരു കോടി അറുപത്തി അഞ്ച് ലക്ഷം ചെലവിട്ടാണ് 38 മുറികളുള്ള ഇരുനില കെട്ടിടം പണിയുന്നത്. കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് പ്രവർത്തിച്ചിരുന്ന 
സ്ഥലത്താണ് 42 വർഷം മുമ്പ് നിർമിച്ച കെട്ടിടം പൊളിച്ചു നീക്കി നവീന സമുച്ചയം പണിയുന്നത്. ഒന്നേകാൽ കോടി രൂപ കെട്ടിട മുറി ലേലത്തിലൂടെ 
സമാഹരിച്ചാണ് നിർമാണം നടത്തുക.  കഴിഞ്ഞ ബജറ്റിൽ 40 ലക്ഷം രൂപ തനതു ഫണ്ടായി വകയിരുത്തിയിട്ടുണ്ട്. മൂന്നു നില കെട്ടിടം പണിയാനുള്ള അടിത്തറ ഒരുക്കിയാണ് നിർമാണം തുടങ്ങുക.  പഴയ കെട്ടിടം ഇതിനകം പൊളിച്ചു നീക്കി കഴിഞ്ഞു. ഒരു വർഷം കൊണ്ട് നവീന സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്താൻ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ പഞ്ചായത്ത് 
ബസ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് -കം- സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുതിയ കെട്ടിടം പൂർത്തിയാവുന്ന മുറക്ക് മാറ്റി സ്ഥാപിക്കും . 13 വർഷം മുമ്പാണ് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് തുറന്നത്. സ്വകാര്യ ബസ്റ്റാന്റ് പുതിയ സ്ഥലത്തേക്ക് മാറ്റിയപ്പോഴാണ്‌ 1972 ൽ നിർമിച്ച കെട്ടിടം വിട്ടു കൊടുത്തത്. 2001 ഫെബ്രുവരി 17 നു അന്നത്തെ ഗതാഗത മന്ത്രി സി.കെ. നാണു ഉദ്ഘാടനം 
ചെയ്ത ബസ്റ്റാന്റ് പിന്നീട് ഏറെ അവഗണന നേരിട്ട് അധോഗതിയിലായിരുന്നു . ഡിപ്പോ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുതിയ സർവീസ് പോലും ഇല്ലാതാവുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം മെയ് 11 നാണ് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ,പട്ടാമ്പി പഞ്ചായത്ത് ഷോപ്പിംഗ്‌ കോംപ്ല ക്സിന്റെ ഉദ്ഘാടന വേളയിൽ , നഗരസഭയായി ഉയർത്തുന്ന കാര്യം അറിയിച്ചത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള 
നടപടികൾ പൂർത്തിയാക്കും. മുനിസിപ്പാലിറ്റിയാവുന്നതോടെ പട്ടാമ്പിയുടെ വികസന കുതിപ്പിന് കൂടുതൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭിക്കാൻ 
ഇടയാവുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ 30 കോടിയോളം രൂപ വാർഷിക വരുമാനം ഉള്ള പഞ്ചായത്താണ് പട്ടാമ്പി. നടപ്പ് വർഷം ഭാരത പുഴയോരത്ത് ഉദ്യാനം നിർമിക്കാൻ 50 ലക്ഷവും, ആധുനിക മാർക്കറ്റ് സമുച്ചയം പണിയാൻ രണ്ടു കോടിയും , ശ്മശാന നവീകരണത്തിന് 62 ലക്ഷവും , വകയിരുത്തിയിരുന്നു. ഇതിനു പുറമെ പട്ടാമ്പിയുടെ മുഖച്ചായ മാറ്റാൻ ഉതകുന്ന  വിവിധ വികസന പദ്ധതികൾ  നടപടി തുടങ്ങിയിട്ടുണ്ട്. 

Tuesday, 16 September 2014

ഇന്ത്യയിലെ ആദ്യത്തെ പത്രം


ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ്‌ ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്‌. ബംഗാൾ ഗസറ്റ് ( കൽക്കട്ട അട്വർറ്റൈസർ ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും 
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29 നാണ് ആ പത്രം പിറന്നു വീണത്‌. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ 
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു. പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു .
ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മ ഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം . എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത  പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15 ന് ജർമനിയിൽ നിന്ന് 
പുറത്തിറങ്ങിയ " അവിസൊ " ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി 
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത്‌ 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു 
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും പൂർണത പ്രാപിക്കും.  

Friday, 12 September 2014

ഡോക്ടർ അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് - 2014


ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാബാ സാഹേബ് ഡോ.അംബേദ്‌കർ നാഷണൽ
ഫെല്ലോഷിപ്പ് അവാർഡുകൾ  പ്രഖ്യാപിച്ചു. പ്രസ്തുത ഫെല്ലോഷിപ്പിന് എന്നെ തെരഞ്ഞെടുത്തതായി കാണിച്ചു കൊണ്ട് നാഷണൽ പ്രസിഡന്റ് ഡോ.എസ് .പി.സുമനക്ഷരുടെ കത്ത് ലഭിച്ചു. ഇതോടൊപ്പം സൗത്ത് ഇന്ത്യൻ കമ്മിറ്റി ജനറൽ സെക്രടറി തോട്ടപ്പള്ളി ബാലകൃഷ്ണൻ എഴുതിയ കത്തും ലഭിച്ചു. 2014 ഡിസംബർ 13,14 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അക്കാദമിയുടെ 30-)മത്  ദേശീയ സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപ്പിയായ ബി.ആർ. അംബേദ്കരുടെ പേരിലുള്ള പുരസ്ക്കാരം
എന്നെ തേടിയെത്തിയതിൽ ആഹ്ലാദവും അഭിമാനവും ഉണ്ട്. ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിക്കും
അതിന്റെ സാരഥികൾക്കും നന്ദി. 

Sunday, 17 August 2014

കഥയും കാര്യവും

ലോക നാണയ നിധിയും വില പോയ നാണയ തുട്ടുകളും
---------------------------------------------------------
രാഷ്ട്രീയ വിഷയങ്ങൾ എക്കാലത്തും എന്നെ സ്വാധീനിച്ചിരുന്നു. എന്റെ മിക്ക കഥകളും ബീജാവാപം കൊണ്ടത്‌ ആനുകാലിക രാഷ്ട്രീയ ബന്ധത്തിൽ നിന്നുൽഭവിച്ചതാണെന്ന് കാണാം. എന്നാൽ എന്റെ കഥകളുടെ
ഉള്ളിൽ വിലയം പ്രാപിച്ചു കിടക്കുന്ന രാഷ്ട്രീയധാര തിരിച്ചറിഞ്ഞവർ ഏറെ പേരുണ്ടാവാൻ സാധ്യത ഇല്ല.
കാരണം കഥയിൽ നിന്ന് രാഷ്ട്രീയം ഊറ്റി കളഞ്ഞാലും അതിന് മൗലികത ഇല്ലാതാവുന്നില്ല. രാഷ്ട്രീയത്തിന്റെ
കണ്ണട വെക്കാതെ തന്നെ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് സാധ്യമാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
അതുകൊണ്ട് എന്റെ കഥകളിലെ രാഷ്ട്രീയം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. 1982 ഏപ്രിൽ 18 ന് 'ദേശാഭിമാനി'
വാരികയിൽ വന്ന കഥ നോക്കുക. "വില പോയ നാണയത്തുട്ടും കിലുക്കി"  എന്ന പേരിൽ തന്നെ രാഷ്ട്രീയം ഉണ്ട്. 1980 കളിൽ ലോക നാണയ നിധിയിൽ നിന്ന് ഇന്ത്യ വായ്പ വാങ്ങാൻ തീരുമാനിച്ച പശ്വാത്തലത്തിലാണ്
ഈ കഥ എഴുതിയത്. വായ്പയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വാദ വിവാദങ്ങൾ നടന്നിരുന്നു. ലോക നാണയ നിധിയുടെ വായ്പാ നിബന്ധനകൾ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനം ഉയർത്തി യിരുന്നു. ഈ വായ്പ വാങ്ങിയതിനു പിറകെയാണ് ഗാട്ട് കരാറുകളും മറ്റും ഉണ്ടായത്. ആഗോളീകരണത്തിന്റെ കടന്നു വരവിനു മുമ്പ് തന്നെ ഭാരതം സാമ്രാജ്യ ശക്തികളുടെ വിനീത വിധേയ രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു . ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ' വിലപോയ
നാണയത്തുട്ടും' എന്ന കഥ എഴുതിയത്. രാജ്യത്തിന്റെ സമ്പദ് ഘടനയുമായി ബന്ധപ്പെടുത്തി അധികം
കഥകളൊന്നും വരാത്ത ഒരു കാലത്താണ് ഈ കഥ പ്രസിദ്ധ പ്പെടുത്തിയത്. സാമ്രാജ്യത്വ ചൂഷണ ത്തിനെതിരെയുള്ള ഒരു ചെറുത്തു നിൽപ്പ് എന്ന നിലയിൽ  ഈ കഥയെ സമീപിച്ചവർ എത്ര പേരുണ്ടാവും ?


   

Saturday, 16 August 2014

കഥയുടെ പിറവി


' കോലങ്ങൾ '



------------------
' കോലങ്ങൾ ' എന്ന കഥ അച്ചടിച്ച്‌ വന്നത് "ഗുരുദേവ ദർശനം" എന്ന മാസികയിലാണ്. വർഷങ്ങൾക്കു മുമ്പ്
ഒരു വാർത്തയുടെ നിജ സ്ഥിതി തേടി മയിലാടിപ്പാറയിൽ പോകാനിടയായി. എന്റെ കൂടെ വഴി കാട്ടിയായി
മറ്റൊരാളും ഉണ്ടായിരുന്നു. ഒരു മലയ കുടുംബത്തിന്റെ കുടിയിറക്കുമായി ബന്ധപ്പെട്ടതായിരുന്നു വാർത്ത.
സംഭവം സംബന്ധിച്ച് നേരിട്ട് അന്ന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തിൽ ഒരു ബൈ ലൈൻ സ്റ്റോറി
പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ അതുകൊണ്ട് മാത്രം മനസ്സ് തൃപ്തിപ്പെട്ടില്ല. ഞാൻ ഇന്നേവരെ അതുപോലെ ഒരു മലയിൽ പോയിരുന്നില്ല. രാമഗിരിയും രായിരനല്ലൂരും താന്നിക്കുന്നും ഭ്രാന്താചലവും മറ്റും
കയറിയിരുന്നെങ്കിലും മയിലാടിപ്പാറ എന്റെ മനസ്സിൽ മയൂരമായി മാറിയിരുന്നു . മലയുടെ ഞൊറിവുകളും
കാടിന്റെ നിഗൂഡതകളും ഉയരങ്ങളുടെ വശ്യതയും കാട്ടു പൂല്ലിന്റെ മർമ്മരവും കിളികളുടെ കളകൂജനവും
എല്ലാം എന്നെ ഏറെ നാൾ പിന്തുടർന്നു. അത് അസ്വസ്തതയായി വളർന്നു. ഒടുവിൽ അത് 'കോലങ്ങളാ'യി പിറന്നു.
ഗുരു നിത്യ ചൈതന്യ യതി ഈ കഥ വായിച്ച ശേഷം എനിക്കെഴുതിയ കത്ത് ഇന്നും ഞാൻ നിധി പോലെ
സൂക്ഷിക്കുന്നു. ഈ കഥ നിങ്ങൾക്ക് സമർപ്പിക്കുന്നു.

Tuesday, 5 August 2014

പ്രകാശനം


തിരുവനന്തപുരം 'മെലിന്ഡ' ബുക്സ് പ്രസിദ്ധപ്പെടുത്തിയ "മുൾ ദളങ്ങൾ " എന്ന കഥാ സമാഹാരം സി.പി. മുഹമ്മദ്‌ എം.എൽ.എ പ്രകാശനം ചെയ്യുന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സംഗീത ആദ്യ പ്രതി സ്വീകരിച്ചു.
പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോരിയത്തിൽ 2012 ജനവരി 19 ന് എം.സി.ഒ.എ. സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ
വെച്ചാണ് പ്രകാശനം നടന്നത്. പി.കെ.ബിജു എം.പി. മുഖ്യാതിഥിയായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകരായ
നീലൻ, റോയ് മാത്യു , സി.എൽ. തോമസ്‌, എൻ.പി. ചന്ദ്ര ശേഖരൻ, എം.ബി. ബഷീർ, ഇന്ദുകുമാർ, പ്രമോദ് രാമൻ,
രാജീവ്, ഡോ. ഫാദർ ബിജു ആലപ്പാട്ട്, ആർ.ബി. അനിൽ കുമാർ, എം. സമദ് , എൻ. മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ( ആൽബം- 2012 )

Sunday, 3 August 2014

സായാഹ്നം



ആനമലയിൽ നിന്നൊഴുകി എത്തിയ വെള്ളമത്രയും  ഉള്ളിലൊളിപ്പിച്ച അറബിക്കടലിനെ കാണാൻ ഞങ്ങളെത്തി.
ചാവക്കാട് ബീച്ചിൽ നൂറു കണക്കിന് ആളുകൾ. കൊച്ചു കുട്ടികളും സ്ത്രീകളും വയോധികരുമെല്ലാം ഇരമ്പി വരുന്ന തിരമാലകളോട് മത്സരിക്കുന്നുണ്ടായിരുന്നു. എത്ര കണ്ടാലും മതി വരാത്ത കടൽ കാഴ്ച...കടലിനും അങ്ങിനെ തന്നെ ..ചുംബന തിര കൊണ്ട് തീരം തഴുകി മടുപ്പില്ലാത്തതുപോലെ, ചിലപ്പോൾ ശാന്തമായി , ചിലപ്പോൾ ഭ്രാന്തിയായി ...ഉള്ളിൽ കടലോളം സങ്കടം ഉള്ളവരെ നിങ്ങളീ കടാപ്പുറത്തേക്ക് വരൂ ...    

Monday, 28 July 2014

കഥക്കു പിന്നിലെ കഥ

ആദ്യ കഥയുടെ കൈ വഴികൾ /  കഥക്കു പിന്നിലെ കഥ
-----------------------------------------------------
എന്റെ ആദ്യ കഥ പ്രസിദ്ധപ്പെടുത്തിയത് 1981 ഒക്ടോബർ 1 ന് ' യുവധാര ' മാസികയിലാണ്. അന്ന് ഞാൻ കോയമ്പത്തൂരിൽ എസ് .എസ് . മണിയൻ ലോട്ടറി ഏജൻസീസ് എന്ന ഭാഗ്യ വിൽപ്പന ശാലയിൽ അക്കൌണ്ടന്റ്
ആയി ജോലി ചെയ്യുകയായിരുന്നു. അന്ന് ലോട്ടറി വ്യാപാരത്തിന് തമിഴ് നാട്ടിൽ പുകഴ് പെറ്റ സ്ഥാപനമായിരുന്നതിനാൽ എപ്പോഴും നല്ലതിരക്കാണ് . നോട്ടു കെട്ടുകളുടെയും കണക്കു പുസ്തകത്തിന്റെയും
ഇടയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന സമയത്തായിരുന്നു മണിയണ്ണന്റെ ഉച്ചത്തിലുള്ള വിളി. "കലൈഞ്ജർ അലി ഉങ്ക കഥ വര പ്പോവുത് ''. 1981 ആഗസ്റ്റ്‌ 7 നായിരുന്നു മണിയണ്ണന്റെ ആ വ്യഖ്യാത പ്രഖ്യാപനം. അതിനു
തെളിവായി അദ്ദേഹം ഒരു വെള്ള തപാൽ കാർഡ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി പല വട്ടം വായിച്ചു. താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എഴുതിയതിന്റെ താഴെ പി.എം.താജ് എന്നെഴുതി ഒപ്പ് വെച്ചിട്ടുണ്ട്. ഈ കഥ എഴുതാൻ തുടങ്ങിയതിന്റെ
പിന്നാമ്പുറത്തേക്ക് ഒന്ന് പോയി വരാം. നാട്ടിൽ നിന്ന് ടി.ടി. മുസ്തഫ അയച്ച ഒരു കത്തിൽ ' യുവധാര ' നടത്തുന്ന സാഹിത്യ മത്സരത്തെ കുറിച്ച് എഴുതിയിരുന്നു. നാട്ടിലുള്ളപ്പോൾ പോസ്റ്റർ രചന ഞങ്ങൾ ഒരുമിച്ചായിരുന്നു.
അതോടൊപ്പം അത്യാവശ്യം സാഹിത്യ രചനയും കയ്യെഴുത്ത് മാസികാ പ്രവർത്തനവും ഞങ്ങൾ നടത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് കഥ അയച്ചു പരീക്ഷിക്കാൻ മുസ്തഫ ആവശ്യപ്പെട്ടത്. കത്ത് കിട്ടിയത് മുതൽ സർഗ വേദന കലശലായി അനുഭവപ്പെടാൻ തുടങ്ങി.പകൽ സമയം കഥയെ കുറിച്ച് ചിന്തിച്ചിരുന്നാൽ കണക്ക് അവതാളത്തിലാവും . രാത്രി 9 മണിക്കാണ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തു ചാടുക.
പിന്നെ തട്ടു കടയിൽ നിന്ന് ഇഡ്ഡലിയോ ദോശയോ കഴിച്ച് പത്തു മണിയോടെയാണ് മുറിയിലെത്തുക.
മുറി എന്ന് പറഞ്ഞാൽ ഒരു പ്രാകൃത ലോഡ്ജിന്റെ തട്ടിൻ പുറത്താണ് രാ പാർക്കൽ . നിവർന്നു നിന്നാൽ മേൽപ്പുരയിൽ തല മുട്ടും. കുനിയുക ശിരസ്സേ എന്ന് സദാ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ തലയ്ക്കു
കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. മുറിയിലാണെങ്കിൽ കിടക്കാനുള്ള ഒരു വിരി മാത്രമേയുള്ളൂ. എഴുതാനുള്ള
സർഗ വേദന വരുമ്പോൾ ലോഡ്ജിന്റെ പിന്നിലുള്ള വെള്ളത്തൊട്ടിയുടെ മൂടിയ പലക  മേശയാക്കുകയാണ്
പതിവ്. സിമന്റു കൊണ്ട് നിർമിച്ച ജലസംഭരണിയിൽ ചാരി നിന്നു കൊണ്ട് അർദ്ധ രാത്രി വരെ കഥ എഴുതി
യിട്ടുണ്ട്. നിന്നും നടന്നും കിടന്നും കഥ എഴുതിയ ആ നാളുകൾ ഒരിക്കലും മറക്കാനാവില്ല. പക്ഷെ പല
രചനകളും വാർന്നു വീഴുന്നത് എന്നെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു. യാതൊരു മുന്നൊരുക്കവും ഇല്ലാതെ
എഴുത്ത് തുടങ്ങിയാൽ പോലും കഥ എന്നെ ഏതോ ലോകത്തേക്ക് വലിച്ചു കൊണ്ടു പോകും.
എഴുതി കഴിഞ്ഞു വായിച്ചു നോക്കുമ്പോഴാണ് ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹം തോന്നുക.
തികച്ചും അപരിചിതമായ ലോകത്തേക്കും ഇന്നോളം കണ്ടു മുട്ടാത്ത കഥാ പാത്രങ്ങളിലേക്കും
ഞാൻ എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് " ആതിഥേയൻ , പട്ടണം , ഞാൻ ". ഒരു ഡയറി കുറിപ്പ്
പോലെയാണ് കഥയുടെ പ്രതിപാദനം. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു മനുഷ്യരും ഒരു
പട്ടണവുമാണ്  കഥാ പാത്രങ്ങൾ . എന്റെ മനസ്സിൽ ഏറെ കാലമൊന്നും ഈ കഥ ബീജമായി കിടന്നിട്ടില്ല.
എന്നിട്ടും  ഒരു അനായാസ പ്രസവം പോലെ അത് സംഭവിച്ചു എന്നതാണ് വിസ്മയം.
പി.എം. താജ് എന്ന പത്രാധിപർ എഡിറ്റ്‌ ചെയ്തതോടെ കഥ അതീവ ഗൗരവം പൂണ്ടു എന്ന് എനിക്ക് ബോധ്യമായി. അനുഗ്രഹീതനായ പി.എം. താജാണ് എന്നെ കണ്ടെത്തിയത് . കഥയുടെ കേദാരത്തിലേക്ക്
എന്റെ വഴി തിരിച്ചു വിട്ടത് അദ്ധേഹമാണ് . ആ കഥ അച്ചടിച്ച്‌ വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ
ഇത്രമാത്രം ഊർജ്ജം എന്നിലുണ്ടാവണമെന്നില്ല. ഇതിനു ശേഷം തുടർച്ചയായി കഥ എഴുത്ത് തന്നെയായിരുന്നു .
ഒരു പതിറ്റാണ്ടിന്നിടയിൽ നൂറോളം കഥകളും നോവലുകളും മറ്റും രചിക്കാനുള്ള ത്രാണി നൽകിയത് എന്റെ ആദ്യ കഥയുടെ പ്രകാശം തന്നെയായിരുന്നു. എന്നാൽ എന്നെ സങ്കട കടലിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു
പി.എം. താജിന്റെ ആകസ്മിക മരണം. 1990 ജൂലായ്‌ 29 നായിരുന്നു താജിന്റെ വിയോഗം. മധ്യാഹ്ന സൂര്യൻ
പൊടുന്നനെ അണഞ്ഞത് പോലെ ചുറ്റും ഇരുൾ പരന്നു . ഞാൻ താജിനെ നേരിൽ കണ്ടിട്ടില്ല. എങ്കിൽപ്പോലും
താജ് എന്റെ സഹോദരനും സുഹൃത്തും വഴികാട്ടിയുമായിരുന്നു. എന്നെപ്പോലെ പലരും താജിന്റെ
അഭാവത്തിൽ ഇന്നും ദുഖിതരാണ് . 24 വർഷത്തിനു ശേഷവും മലയാളികളുടെ സാംസ്കാരിക പരിസരങ്ങളിലും നാടക കോലായകളിലും താജിന്റെ സാന്നിധ്യമുണ്ട്. ' രാവുണ്ണി', ' മേരി ലോറന്സ് ',
' കനലാട്ടം ', ' പാവത്താൻ നാട് ', ' കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം ', ' നാടുവാഴി ', ' കുടിപ്പക ',
' കണ്‍കെട്ട് ', ' ഇന്നേടത്തു ഇന്നവൻ ', ' സ്വകാര്യം ', ' തലസ്ഥാനത്തു നിന്ന് ഒരു വാർത്തയുമില്ല ',
' കുറുക്കൻ കുഞ്ഞാമന്റെ വാല് ', ' പെരുമ്പറ ' തുടങ്ങിയ താജിന്റെ നാടകങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന്
നിരൂപകർ സാക്ശിയപ്പെടുത്തുന്നു. എന്റെ ആദ്യ കഥ ഓർക്കുന്നത് പോലെ തന്നെ പി.എം. താജിനേയും
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...  



    

Sunday, 27 July 2014

' എക്സലൻസ് ' അവാർഡ്

സാഹിത്യ - പത്ര പ്രവർത്തന മേഖലകളിലെ സേവനങ്ങളെ ആസ്പദമാക്കി റോട്ടറി ഇന്റർ നാഷണൽ ക്ലബ് പട്ടാമ്പി ചാപ്ടർ ' എക്സലൻസ് ' അവാർഡ് നൽകി ആദരിച്ചു. ( ആൽബം - 2009 )



Saturday, 26 July 2014

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന തായമ്പക കുലപതി ശ്രീ . മട്ടന്നൂർ ശങ്കരൻ കുട്ടിയേട്ടന് ഹൃദ്യമായ ആശംസകൾ .ആയുരാരോഗ്യ സൗഖ്യം നേരുന്നു. 

Thursday, 17 July 2014

കൂടല്ലൂരിനു വീണ്ടും പുരസ്ക്കാര തിളക്കം




 ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സിൽ ഇടം നേടിയ കൂടല്ലൂർ ഗ്രാമത്തിലേക്ക് , എം.ടി.യുടെ തറവാട്ടിലേക്ക്
വീണ്ടും ഒരു പുരസ്കാരം. മികച്ച വിവർത്തകനുള്ള  ശാന്തകുമാരൻ തമ്പി ഫൌണ്ടേഷൻ പുരസ്കാരത്തിന്
അർഹനായത് എം.ടി. യുടെ ജേഷ്ഠൻ എം.ടി.എൻ. നായർ. 84 കാരനായ ഇദ്ദേഹം നിരവധി ക്ലാസ്സിക് കൃതികൾ
മലയാളത്തിന് കാഴ്ച വെച്ചിട്ടുണ്ട്. വിവർത്തന രംഗത്ത് നല്കിയ നിസ്തുല സംഭാവന പരിഗണിച്ചാണ്
ഫൌണ്ടേഷ ന്റെ ഏഴാമത് പുരസ്കാരം എം.ടി.എൻ. നായർക്കു നല്കുന്നത്. ആഗസ്റ്റ്‌ 2 നു പാലക്കാട് പബ്ലിക്
ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും.
എം.ടി.യുടെ തറവാട്ടിൽ  ചെല്ലുമ്പോഴെല്ലാം വളരെ സ്നേഹ പൂർവ്വം ഇടപഴകുന്ന എം.ടി.എൻ. കുറച്ചു കാലമായി അകത്തേതറയിലാണ് താമസം. അതുകൊണ്ട് തന്നെ നേരിൽ കണ്ടിട്ട് നാളേറെയായി. ഈ അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു.

Sunday, 13 July 2014

തീ മഴ പെയ്യുമ്പോൾ



തീ  മഴ പെയ്യുമ്പോൾ
മെഴുകുതിരികൾ അണയുന്നു
നിലവറയിൽ ഒളിക്കുമ്പോൾ
നിലവിളികൾ നെഞ്ചു പിളർത്തുന്നു
വണ്ടുകൾ മുരളുമ്പോൾ
വെൻ താരകങ്ങൾ തീപ്പന്തമാവുന്നു
കാരക്ക കടിക്കുമ്പോൾ
ചോര കിനിയുന്നു
ഇത്തിരി വെള്ളത്തിനായി
മണലിൽ കുഴി തോണ്ടുമ്പോൾ
കിട്ടുന്നു പൊട്ടാത്ത മൈനും,
ഞെട്ടറ്റ പൈതലിൻ ശിരസ്സും.
തീ മഴ പെയ്യുമ്പോൾ
തീക്കളി തുടരുമ്പോൾ
ലോകമേ ഗർജ്ജിക്കുക
ഓം ശാന്തി ഓം ശാന്തി .

Tuesday, 8 July 2014

പലിശ രഹിത ഗ്രാമം



ഇത് ഉട്ടോപ്പ്യൻ സ്വപ്നമല്ല. ഒരു കൂട്ടം ചെറുപ്പക്കാർ  അത് യാഥാർത്യമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം "ഇൽഫ" സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തപ്പോൾ എനിക്ക് അക്കാര്യം ബോധ്യപ്പെട്ടു. പട്ടാമ്പി ചിത്ര കമ്മൂണിറ്റി
ഹാളിലായിരുന്നു 'ഇൽഫ' യുടെ പരിപാടി. ഏഴു മാസം മുമ്പ് മേലെ പട്ടാമ്പിയിലുള്ള ഇരുപതോളം യുവാക്കൾ ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂത്ത് ലീഗ് ശാഖയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തകരായിരുന്നു അവർ. പലിശ കൊടുത്തു മുടിഞ്ഞവരും വീട് നഷ്ടപ്പെട്ടു വഴിയാധാരമായവരും ആത്മഹത്യ യുടെ മുനമ്പിൽ നിൽക്കുന്നവരും പെരുകുന്ന നാട്ടിൽ ഇരകളെ രക്ഷിക്കാൻ ബാധ്യതയുള്ളവർ  പോലും നിഷ്ക്രിയരായി മാറുന്ന കാലത്താണ് 'ഇല്ഫ' യുടെ പ്രവർത്തകർ ചരിത്രം എഴുതുന്നത്‌. ഇവരുടെ പരിപാടിയെക്കുറിച്ച് ഏതാനും മാസം മുമ്പു തന്നെ കേൾക്കാൻ കഴിഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ്‌ അറിയാനുള്ള ആകാംക്ഷ. 2013 ഡിസംബർ 14 നാണ് പദ്ധതി തുടങ്ങിയത്. ആകെ 207 പേർ അംഗങ്ങളായി ചേർന്നു. അവർ തങ്ങളുടെ നിക്ഷേപമായി പത്തര ലക്ഷം രൂപ 'ഇൽഫ'ക്ക് നൽകി. ഒരുമിച്ച് നിക്ഷേപിക്കാൻ കഴിയാത്തവർ ആഴ്ച തോറും തുക നൽകി പങ്കാളികളായി. ലഭിച്ച തുക ആഴ്ച തോറും
അപേക്ഷകരുടെ ആവശ്യകത പരിശോധിച്ച് വിതരണം ചെയ്തു. ഇപ്രകാരം 160 പേർക്ക് ഏഴു മാസത്തിനിടയിൽ 22 ലക്ഷത്തോളം രൂപ വിതരണം ചെയ്തു.  ഇതിന്റെ ഗുണഭോക്താക്കൾ ഏറെയും വീട്ടമ്മ മാരായിരുന്നു.  ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെയാണ് വായ്പ നൽകിയത് എന്നത്
പ്രത്യേകം പറയേണ്ടതുണ്ട്. ഒന്നാം ഘട്ടത്തിൽ നിക്ഷേപം നൽകിയ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുക തിരിച്ചു നൽകി . തുടർന്ന് രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ആരംഭിച്ചു. വീഴ്ച വരുത്താതെ പത്ത് ആഴ്ച കൊണ്ട് വായ്പ തിരിച്ചടക്കാൻ  ഗുണഭോക്താക്കൾ തയ്യാറായി എന്നതാണ് പദ്ധതിയുടെ വിജയ ഘടകം.
ഒരു വാണിജ്യ ബാങ്ക്  മാനേജരുടെ വിശ്വാസ വഞ്ചന മൂലം പലിശയുടെ കെണിയിലകപ്പെട്ട് വീട്
വിലക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാനെന്ന കാര്യം "ഇല്ഫ"യുടെ പ്രവർത്തകർക്ക് അറിയില്ല.
എട്ടു വർഷം മുമ്പാണ് ആ സംഭവം. മകളുടെ വിവാഹ ആവശ്യത്തിനു രണ്ടു ലക്ഷം രൂപ ലോണ്‍ നൽകാമെന്ന്
എസ്.ബി.ടി. മാനേജർ ഉറപ്പു പറഞ്ഞതായിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയപ്പോൾ
അദ്ദേഹം വാക്ക് മാറ്റി. തപാൽ വകുപ്പിൽ സ്ഥിരം ജീവനക്കാരൻ അല്ലാത്തത് കൊണ്ട് (ഗ്രാമീണ്‍ ഡാക് സേവക്)
വായ്പ നൽകാനാവില്ലെന്ന് അദ്ദേഹം തീർപ്പ് കൽപ്പിച്ചു. ടൌണിൽ പെട്ടിക്കട നടത്തുന്നവർക്കു പോലും
ലക്ഷങ്ങൾ വായ്പ നൽകുന്ന മാനേജരാണ് ഇത് പറഞ്ഞതെന്ന് ഓർക്കണം . മാനേജരുടെ വിധി അന്തിമ മായതിനാൽ
ഇനി രക്ഷയില്ല എന്ന് മറ്റു ബാങ്ക് ജീവനക്കാരും കയ്യൊഴിഞ്ഞു. വിവാഹത്തിന് തീയതി കുറിച്ച് ക്ഷണം
പൂർത്തിയാക്കിയ നേരത്താണ് ഈ കൊലച്ചതി. രണ്ടും കൽപ്പിച്ചു കൊണ്ട് ഒരു സഹൃദയനായ ബ്ലേഡുകാരനെ
സമീപിച്ച് കാര്യം ബോധിപ്പിച്ചു. അദ്ദേഹം രേഖകൾ വാങ്ങി വെച്ച് ഒരു ലക്ഷം രൂപ തന്നു. മാസം എണ്ണായിരം
മുതൽ പതിനായിരം വരെ പലിശ ഈടാക്കുന്ന കാലമാണ്. അദ്ദേഹം എന്നോട് കനിവ് കാട്ടി. മാസം മൂവായിരം
തന്നാൽ മതിയെന്ന് പറഞ്ഞു. ഒരു വർഷത്തോളം പലിശ കൃത്യമായി അടച്ചു. പക്ഷെ മുതൽ അങ്ങിനെ തന്നെ കിടന്നു. എത്ര കാലം ഈ സ്ഥിതി തുടരും എന്നോർത്ത് ഉറങ്ങാത്ത രാവുകളുണ്ടായി . അതിനിടയിൽ പത്തു
സെന്റ്‌ പുരയിടം വിൽക്കാനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. എന്നാൽ റിയൽ എസ്റ്റെറ്റ് ലോബിയുടെ ഗൂഡ നീക്കം മൂലം ഉദ്ദേശിച്ച വില കിട്ടിയില്ല.. ഇപ്പോൾ പത്തു ലക്ഷം വില മതിക്കുന്ന സ്ഥലം 2.40 ലക്ഷത്തിനാണ്
കൊടുത്തത്. അതും സഹൃദയനായ മറ്റൊരു സുഹൃത്തിന്റെ ഔദാര്യം കൊണ്ടും. അങ്ങിനെ ഇരുപതോളം വർഷം ഞങ്ങൾ താമസിച്ച 'കഥാലയം' വിറ്റ് വാടക വീട്ടിലേക്കു മാറേണ്ടി വന്നു.  മൂന്നു വർഷത്തോളം ഞങ്ങൾ താമസിച്ച മേലെ പട്ടാമ്പി പ്രദേശത്താണ് ഇപ്പോൾ "ഇല്ഫ" പുതിയ ചരിത്രം രചിച്ചത്. എട്ടു വർഷം മുമ്പ് "ഇല്ഫ" പോലെയുള്ള പലിശ രഹിത പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് 'കഥാലയം' നഷ്ടമാവുകയോ ഇങ്ങിനെ ഒരു കുറിപ്പെഴുതാൻ ഇട(ര)യാവുകയോ ചെയ്യുമായിരുന്നില്ലല്ലൊ/

Thursday, 3 July 2014

കവിത / തേടുവതാരെ ?


കണ്ടുവോ നിങ്ങൾ ,
അലമാരക്കുള്ളിൽ
അടുക്കി വെച്ച
പിഞ്ഞിപ്പോയ
കുഞ്ഞുടുപ്പും
പൊട്ടിപ്പോയ
പാൽക്കുപ്പിയും ...

കണ്ടുവോ നിങ്ങൾ ,
അലമാരക്കുള്ളിൽ
നിവർത്തി വെച്ച
അക്ഷരക്കടലിന്റെ
അനന്താകാശം ..
മതിമറന്ന പുഴയും
നൂലറ്റ പട്ടവും , പിന്നെ
മയിൽ‌പ്പീലി തുണ്ടും
മഴവില്ലിൻ ചെണ്ടും 

കണ്ടുവോ നിങ്ങൾ ,
കാലിടറി വീണ ബാല്യവും 
കരളുരുകിയ കൗമാരവും 
നോവിന്റെ യൗവ്വനവും 
വെന്തുപോയ വാർദ്ധക്യവും 
കണ്ടുവോ കണ്ടുവോ ?

Tuesday, 1 July 2014

വായനയുടെ വസന്തോത്സവം


വായനാശാലകളിലും വിദ്യാലയങ്ങളിലും ഇത്തവണ വായനാ ദിനാചരണവും വാരാഘോഷവും അതി
ഗംഭീരമായാണ് കൊണ്ടാടിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പുതുവായിൽ
നാരായണ പണിക്കരെ  ( പി.എൻ . പണിക്കർ ) അനുസ്മരിച്ചു കൊണ്ട് വൈവിധ്യമാർന്ന പരിപാടികളാണ്
എല്ലായിടത്തും അരങ്ങേറിയത്. പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്
ജർമൻ ചിന്തകനായിരുന്ന ബെർതോല്ട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്
തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട് . അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായന ശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന് പേരുള്ള
ഒരു ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ . കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും
പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിട്ടുള്ള ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു
ഞങ്ങളുടെ പ്രധാന ഹോബി. ദിന പത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന്
വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും അച്ചുതനും ഒരു പരിപാടിയിട്ടു. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായന ശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക്
കൃതികളുടെ വൻ ശേഖരം ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അതി സാഹസമാണ്.
തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക്
ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും
ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ഒരു മണിക്കൂർ
നടന്നാണ് വായന ശാലയിലെത്തുക . അലമാര പരതി ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുക്കും. ലെഡ്ജെരിൽ
ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തു മ്പോഴേക്കും  ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു
തന്നെ പുസ്തകം വായിച്ചു തീർക്കും . പിറ്റേന്ന് യാത്ര ആവർത്തിക്കും . ഒരു ദിവസം ഒരു പുസ്തകം
വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. റേഷൻ കടയിലും പല ചരക്കു കടയിലും
അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി ( പൂള വട്ട് ) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ .
അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു.
അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു . അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.


Monday, 30 June 2014

തൃത്താല ആസ്പയർ കോളേജിന്റെ ആദരം . ശ്രീ .വി.ടി. ബലറാം എം.എൽ.എ. അവാർഡ്‌ സമ്മാനിക്കുന്നു. ശ്രീ .ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി. ഉൾപ്പെടെ നിരവധി പ്രമുഖർ  പങ്കെടുത്തു.

Monday, 9 June 2014

വസീറലി ഇല്ലാത്ത വീട്


കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ  ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്‌. വർഷങ്ങളായി ഞങ്ങൾ പരസ്പരം അറിയുന്നവരാണ് . എം.ടി. യുടെ തറവാട്ടിലും,  ജേഷ്ഠൻ എം.ടി.ബി. നായരുടെ വീട്ടിലും പലവട്ടം ഞാൻ പോയിട്ടുണ്ടെങ്കിലും തൊട്ടപ്പുറത്തുള്ള വസീറലിയുടെ വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കണ്ടു മുട്ടുമ്പോഴെല്ലാം അദ്ദേഹം എന്നെ ക്ഷണിക്കാറുണ്ട്‌. ഞാൻ ക്ഷണം സ്വീകരിക്കാറുമുണ്ട്. ബാല സാഹിത്യകാരനായ വസീറലിയെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നും അതിനുവേണ്ടി ഒരു ദിവസം വിസ്തരിച്ചൊരു സന്ദർശനം നടത്തണമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു. അങ്ങിനെയിരിക്കെ ഈ  ജനവരിയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. തനിമ കലാസാഹിത്യ വേദിയുടെ സാംസ്കാരിക സഞ്ചാരം പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം അന്ന് പട്ടാമ്പിയിലെത്തിയത് കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിലേക്ക് സംഘാടകർ എന്നെയും ക്ഷണിച്ചിരുന്നു.  അന്ന് എന്നെ പൊന്നാട അണിയിച്ച് ഫലകം നല്കി ആശ്ലേഷിച്ചത് വസീറലിയായിരുന്നു.
"വഴിയിൽ നിന്ന് മാറ്റണം മുള്ള് / നാട്ടീന്ന് മാറ്റണം കള്ള് / തെങ്ങീന്നു മാറ്റണം ചെള്ള് / മനസ്സീന്നു മാറ്റണം ഭള്ള് "
എന്നൊരു കുറും കവിതയും അദ്ദേഹം ചൊല്ലി. കവി കുഞ്ഞുണ്ണി മാഷെപ്പോലെ ആറ്റി കുറുക്കി കുട്ടി കവിത 
എഴുതുന്ന ബാല സാഹിത്യകാരനാണ് വസീറലി. പത്തിലേറെ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . 'വില്ലൻ ചെല്ലൻ ' , മണിതത്ത ' . 'മൃഗലോകം ' , 'ചിങ്കനും കുങ്കനും ' , 'ബഡായി രാമു ' , 'കണ്ണപ്പൻ കാള ' , 'ചൊക്കന്റെ സ്നേഹം ' , 'കുട്ടിക്കവിതകൾ ' , എന്നിവ പ്രധാന കൃതികളാണ്.
മനസ്സിലെന്നും കവിതകളുമായി നടന്ന തനി ഗ്രാമീണനായിരുന്നു വസീറലി. താങ്ങാനും കൊള്ളാനും ആരുമില്ലാത്തത് കൊണ്ട് അർഹിക്കുന്ന അംഗീകാരമൊന്നും അദ്ധേഹത്തെ തേടിയെത്തിയില്ല . ഇക്കാര്യത്തിൽ 
പരിഭവം പറയാനോ പരാതിപ്പെടാനോ അദ്ദേഹം മുതിർന്നിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.
അങ്ങിനെയിരിക്കെ ദീർഘ കാലത്തെ ആഗ്രഹ പ്രകാരം ഏപ്രിൽ ആദ്യ വാരത്തിൽ വസീറലിയും ,സഹധർമ്മണി 
സൈനബയും ഉംറ നിർവഹിക്കാൻ മെക്കയിലേക്ക് പോയി. ഏപ്രിൽ 15 ന് അദ്ദേഹം പുണ്യ ഭൂമിയിൽ വെച്ച് 
മരണപ്പെട്ടു. ഇക്കാര്യം പത്ര വാർത്തയിൽ നിന്നാണ് നാടറിഞ്ഞത് . മെക്കയുടെ മണ്ണിൽ തന്നെ അദ്ദേഹം 
അലിഞ്ഞു ചേർന്നു . അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാനായി സുഹൃത്തുക്കളായ എ.എച്..തൃത്താലയും, കുട്ടി കൂടല്ലൂരും എന്റെ കൂടെ ഉണ്ടായിരുന്നു. ദീർഘ കാലം പ്രവാസിയായിരുന്ന 
കുട്ടി കൂടല്ലൂരും , എഴുത്തുകാരനായ എ.എച്. തൃത്താലയും വസീറലിയുടെ ആത്മ സുഹൃത്തുക്കളാണ് .
ഞങ്ങൾ ചെല്ലുമ്പോൾ വൃക്ഷലതാദികൽ നിറഞ്ഞ വസീറലിയുടെ വീടിനു മുകളിൽ കാല വർഷ മേഘ മാലകൾ 
ഞാന്നു കിടന്നിരുന്നു. മുറ്റത്ത് വേരോളം കായ്ച്ചു നില്ക്കുന്ന പ്ലാവിന്റെ ഇലകളിൽ നിന്ന് കുറും കവിതകൾ 
പോലെ അടർന്നു വീഴുന്ന ജല കണങ്ങളും.  ഉമ്മറത്ത്‌ മൂത്ത മകൻ റോഷൻ അക്തറും സഹോദരിയുടെ 
മകൻ ഫുഅഹദും ഉണ്ടായിരുന്നു. വസീറലി ഇല്ലാത്ത വീട്ടിലിരുന്നുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന്റെ 
പുസ്തകങ്ങൾ വീണ്ടും മറിച്ചു നോക്കി നെടുവീർപ്പിട്ടു . പേരക്കുട്ടികൾ തയ്യാറാക്കിയ സ്മരണിക കണ്ട് 
ഞങ്ങൾ വിസ്മയിച്ചു. വസീറലി കൂടല്ലൂർ എന്ന ബാല സാഹിത്യകാരന്റെ മിക്ക കഥകളും കവിതകളും 
കുറിപ്പുകളും വാർത്തകളും എല്ലാം സമാഹരിച്ച് ബൈൻഡ് ചെയ്തു വൃത്തിയായി തയ്യാറാക്കിയ 
കൊച്ചു മക്കളെ ഞങ്ങൾ ഹൃദയം കൊണ്ട് ആശ്ലേഷിച്ചു . അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു.
ഫു അഹദ് കൊണ്ടു വന്ന ചായ കുടിച്ച് , ഇലച്ചാർത്തുകളിൽ നിന്ന് ഉതിർന്നു വീഴുന്ന മഴയെ ആവാഹിച്ച് 
ഞങ്ങൾ പുറത്തിറങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മറത്ത്‌ ചാരുകസേരയിൽ ഇരുന്ന് വസീറലി കൈ 
വീശി ഞങ്ങളെ യാത്രയാക്കുന്നതു പോലെ തോന്നി.
   

Saturday, 7 June 2014

കവിത / മധു മൊഴി




മനസ്സിലുണ്ടൊരു മുള്ള് 
മുള്ളിലുണ്ടൊരു പൂവ് 
പൂവിലൊത്തിരി തേന് 
തേനിലുണ്ടൊരു പാട്ട് 
പാട്ടിലുണ്ടൊരു പെണ്ണ് 
പെണ്ണിന്റെ കണ്ണ് നിലാവ് 
നിലാവിലുണ്ടൊരു വണ്ട്‌ 
വണ്ടിന്റെ മൂളല് കാറ്റ് 
കാറ്റത്തിട്ടത് സ്വപ്നം 
സ്വപ്നം തന്നത് വാഴ്വ് .

Tuesday, 3 June 2014

തലയിലുറക്കാത്ത തിറകൾ



ഒരു കൂട്ടം എഴുത്തുകാർ കഥകളുമായി തെരുവിലേക്ക് ഇറങ്ങിക്കയറിയതിന്റെ അനുഭവ സാക്‌ഷ്യം.
---------------------------------------------------------------------------------------------------

1989 ലാണ് സംഭവം. ഞങ്ങൾ പന്ത്രണ്ട് പേരുണ്ടായിരുന്നു. എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങുന്നവരും
ചേർന്ന് ഒരു ബദൽ പ്രസാധന സംരംഭം ആരംഭിച്ചു.  "തിറ സാഹിത്യ വേദി " എന്ന് പേരിട്ടു. കച്ചവട മൂല്യങ്ങൽക്കെതിരെയായിരുന്നു പടപ്പുറപ്പാട്. കുത്തക പ്രസാധകരുടെ ചൂഷണത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ലക്‌ഷ്യം. എം.എസ് .കുമാർ (തോറ്റം ), ആര്യൻ കണ്ണനൂർ (പ്രജകളുടെ കാര്യം ),
എം.വി. മോഹനൻ (പച്ചപ്പറങ്കൂച്ചി),  അസീസ്‌ പട്ടാമ്പി (ഒരു തിരുമണവും സംഘഗാനവും),  ടി. ഉദയശങ്കർ (കുരുടിന്റെ മറുവശം),  കെ.പി. ശൈലജ (സ്മൃതികൽക്കിടയിലെ ഒരു വരി), ഗഫൂർ പട്ടാമ്പി (ഇമാം),
മുരളീധരൻ ചെമ്പ്ര (കുമ്മിണി നാഗൻ),   ടി.വി.എം. അലി ( ഒരു പെരുന്നാൾ  പേക്കിനാവ് ), ടി.കെ. നാരായണദാസ് (അനങ്ങനടിയിലെ അദ്ഭുതം), ദാസ് ഭാർഗവി നിലയം (തൃക്കടീരിക്കുന്ന്), രവീന്ദ്രൻ എഴുവന്തല
(മുട്ടുകാലിൽ നടക്കാത്ത കുട്ടി)  എന്നിവരായിരുന്നു "തിറക്കൂട്ട"ത്തിലെ കഥഎഴുത്തുകാർ . 110 പേജുള്ള പുസ്തകത്തിന്‌ 10 രൂപയാണ് വില. അബു പട്ടാമ്പിയാണ് കവർ ചിത്രം വരച്ചത്. 1000 കോപ്പി അച്ചടിച്ചത്
ബി.പി. അങ്ങാടിയിലുള്ള പ്രഹേളിക പ്രിന്റിംഗ് പ്രസ്സിലായിരുന്നു. പന്ത്രണ്ടു പേരും പുസ്തകം വീതിച്ചെടുത്തു. ഓരോരുത്തരും സ്വന്തം സുഹൃദ് വലയത്തിൽ പുസ്തകം വിറ്റഴിക്കുക എന്നായിരുന്നു നിശ്ശയിച്ചത് . അപ്രകാരം ഞങ്ങൾ തെരുവിലേക്കും ഗ്രാമങ്ങളിലേക്കും പുസ്തക സഞ്ചിയുമായി ഇറങ്ങി.
നിരവധി വായനക്കാർ തിറക്കൂട്ടവുമായി സഹകരിച്ചു. എന്നാൽ ഈ സംരംഭം തുടർന്നു നടത്താൻ കഴിഞ്ഞില്ല .
വില്പന തന്നെയായിരുന്നു വൈതരണി.  പിന്നീട് " കഥാലയം " എന്ന പേരിൽ സ്വന്തം പ്രസാധന സംരംഭം
തുടങ്ങാൻ എനിക്ക് പ്രചോദനം നൽകിയത് തിറക്കൂട്ടത്തിന്റെ അനുഭവമായിരുന്നു. ആ കഥ പിന്നീട് ...   

Sunday, 1 June 2014

പുതിയ അധ്യയന വസന്തം വിടരുന്നു


വേനലവധിയും കളിചിരിയും കഴിഞ്ഞു. പുതിയ അധ്യയന വസന്തത്തിന്റെ തിങ്കൽക്കല തെളിഞ്ഞു.
മൂന്നു ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ അക്ഷര മധുരം നുണയാൻ വിദ്യാലയങ്ങളിൽ എത്തുന്നത്‌.
പുത്തനുടുപ്പും വർണ്ണ കുടയും പുസ്തക സഞ്ചിയുമായി സ്കൂളുകളിലെത്തുന്ന പൊന്നോമനകളെ വരവേൽക്കാനായി വിപുലമായ പ്രവേശന ഉത്സവമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ ആകെ 12524 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പാതിയിലേറെയും ( 7278 ) എയിഡഡ്  വിദ്യാലയങ്ങളാണ്.
4493 സർക്കാർ സ്കൂളുകളും , 863 അണ്‍ എയിഡഡ് വിദ്യാലയങ്ങളും ചേർന്നാൽ കേരളത്തിന്റെ അക്ഷര മുറ്റമായി. പുതിയ അധ്യയന വർഷം തുടങ്ങുന്ന സമയത്ത് എന്റെ ഓർമ്മകൾ പിറകോട്ടു പായുകയാണ്.
1965 ലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത്‌. സ്കൂൾ തുറന്ന ദിവസം ചാറ്റൽ മഴ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്ന് വർണ്ണ കുടയും മുതുകിൽ തൂക്കുന്ന ബാഗും ഒന്നും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് വിളിപ്പാടകലെയാണ് എന്റെ പള്ളിക്കൂടം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ആലിക്കുട്ടിയുടെ കൈ പിടിച്ചാണ്
എന്റെ സ്കൂൾ യാത്ര. അന്ന് ബാലവാടിയോ പ്രീ പ്രൈമറിയോ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ
നിന്നുള്ള ആദ്യത്തെ പ്രവാസമാണ് ക്ലാസ് മുറികളിൽ അനുഭവിക്കുന്നത്. അകന്നു പോകുന്ന അമ്മമാരെ നോക്കി
വാവിട്ടു കരയുന്ന കുട്ടികളായിരുന്നു ഓരോ ക്ലാസ്സിലും. ടീച്ചർമാർ കുട്ടികളെ ശാന്തരാക്കാൻ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആരും വഴങ്ങുന്നില്ല. പുറത്തു പെയ്യുന്ന മഴയെ തോൽപ്പിക്കാനെന്ന വണ്ണം കുട്ടികളുടെ കണ്ണീർ  ഒഴുകുകയാണ്. എന്റെ ക്ലാസ്സിൽ വന്നത് അപ്പുകുട്ടൻ മാഷായിരുന്നു. വളരെ സ്നേഹത്തോടെയാണ് മാഷ്‌ പെരുമാറിയത്. ആദ്യ ദിനത്തിൽ തന്നെ മാഷ്‌ ചോക്കെടുത്ത് ബോഡിൽ ആദ്യാക്ഷരം കുറിച്ചു. പിന്നെ തറ, പറ ,
പന , പത എന്നിങ്ങനെ ഉറക്കെ പറഞ്ഞു. ഇത്തരം പദങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്നതിനാൽ എല്ലാവരും കരച്ചിലിന് ഇടവേള കൊടുത്തു. അപ്പോഴേക്കും ഉച്ച മണി നീട്ടി മുഴങ്ങി. അതോടെ സ്കൂൾ വിട്ടു.
തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ അമ്പരപ്പായിരുന്നു. വീണ്ടും ഇങ്ങോട്ട് തന്നെ വരണമല്ലോ എന്നായിരുന്നു
ഓരോരുത്തരുടെയും ധർമ്മ സങ്കടം . കൂടെ കൂട്ടാൻ എത്താത്ത ആലിക്കുട്ടിയെയും നോക്കി സ്കൂൾ
മുറ്റത്ത്‌ കുടയില്ലാതെ നിൽക്കുമ്പോൾ പിറകെ ഒഴുകി നീങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ ഉന്തിയും തള്ളിയും തിരക്കിയും
നീങ്ങിയത് ഇന്നും ഓർമയിലുണ്ട് . പുതിയ തലമുറയ്ക്ക് ഓർത്തു വെക്കാൻ ഇത്തരം അനുഭവ ചിത്രങ്ങൾ
ഉണ്ടാവുമോ എന്ന് സംശയമാണ്. കാലവും കഥയും മാറി. സ്കൂളിനും കരിക്കുലത്തിനും മാറ്റം വന്നു.
ജീവിത സാഹചര്യവും ഭൗതിക അന്തരീക്ഷവും ഏറെ മാറി. അതുകൊണ്ടു തന്നെ പതിറ്റാണ്ടുകൾക്കു മുമ്പുള്ളവരുടെ  വിദ്യാലയ അനുഭവം പുതിയ തലമുറയിലുള്ളവർക്ക് കിട്ടാക്കനിയാണ് .
   

Saturday, 17 May 2014

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവർ

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവർ
-------------------------------------
2014 മെയ്‌ 16
                       രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരത്ത് വിജനമായിരുന്നു. ശരവേഗം കണക്കെ ചീറിപ്പായുന്ന വാഹനങ്ങളും കുറവായിരുന്നു. പാതയോരങ്ങളിലും ബസ് സ്റ്റോപ്പിലും ആളനക്കം കണ്ടില്ല.
പൊടുന്നനെ വല്ല ഹർത്താലോ മറ്റോ പൊട്ടി വീണോ എന്നൊരു സംശയം തോന്നി. ചിന്തിച്ചു നില്ക്കെ ബസ് വന്നു. യാത്രക്കാർ കുറവായിരുന്നു. സീറ്റിലിരിക്കുന്നവർ വോട്ടെണ്ണലിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവധിയെടുത്ത് വീട്ടിലിരുന്ന് യന്ത്രപെട്ടി തുറക്കുന്നതും ചർച്ച നടത്തുന്നതും കാണാൻ
കഴിയാത്ത വിഷമം അവർ പങ്കുവെക്കുന്നുണ്ടായിരുന്നു .
                      രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഗവ.കോളേജ് ലൈബ്രറിയിലെത്തി. എല്ലാവരും ടി.വിയുടെ മുന്നിൽ 20/ 20 മാച്ച് കാണുന്ന ആവേശത്തോടെ തത്സമയ സംപ്രേഷണം ആസ്വദിക്കുകയാണ്.
അവരുടെ കൂട്ടത്തിൽ ഞാനും പ്രേക്ഷകനായി.  
                      പിരി മുറുക്കത്തിന്റെ രണ്ടു മണിക്കൂറുകൾ പിന്നിട്ട് പുറത്തിറങ്ങി. റോഡിൽ ആരവം തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട പടക്ക ശബ്ദങ്ങൾ . ജയ് വിളികൾ. ശിങ്കാരി മേളം. മൈക്കിലൂടെ നന്ദി പ്രവാഹം.
വൈകുന്നേരമായതോടെ ടൗണിലുടനീളം ചെറു ഘോഷ യാത്രകൾ. പിന്നെ തലങ്ങും വിലങ്ങും ബൈക്ക് റാലികൾ. ക്രമേണ വലിയ ഘോഷത്തോടെ വാദ്യ മേളങ്ങളും കട്ടൗട്ടുകളും നെറ്റി പട്ടമണിഞ്ഞ കരിവീരന്മാരും
കരിമരുന്നു പ്രയോഗങ്ങളും . നിരത്ത് വീർപ്പുമുട്ടി നിശ്ചലമായിക്കഴിഞ്ഞു. വാഹനങ്ങൾ വഴിയിൽ കിടന്നു.
യാത്രക്കാർ റോഡിലിറങ്ങി നടന്നു. ഇരുൾ പരന്നിട്ടും നിരത്ത് ആഘോഷത്തിലായിരുന്നു . ആളുകളുടെ മുഖത്ത്
ആഹ്ലാദമായിരുന്നു. വീട്ടിലെത്താൻ വൈകും എന്നറിഞ്ഞിട്ടും ആർക്കും പരിഭ്രമം ഉണ്ടായില്ല. ദുരിത യതിയുടെ കാൽക്കീഴിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം എങ്ങും കാണാനുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയ വിധി എഴുത്തിൽ നോട്ടക്ക് വിരലമർത്തിയവർ പോലും
ആഹ്ലാദം രേഖപ്പെടുത്തുന്നത് കേൾക്കാമായിരുന്നു. പത്തു കൊല്ലമായി  പൊറുതി മുട്ടിയവരുടെ വിധി എഴുത്താണ് ഇന്ത്യാ മഹാ രാജ്യമൊട്ടുക്കും കാണപ്പെട്ടത്. മുമ്പൊന്നും ഇല്ലാത്ത വിധം കൂടുതൽ ആളുകൾ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയതിന്റെ പൊരുൾ ഇപ്പോഴാണ് പ്രഹരമേറ്റവർക്ക് ശരിക്കും
മനസ്സിലായത്‌. പ്രതികരണ ശേഷി നഷ്ടമായിട്ടില്ലെന്നു ഇന്ത്യൻ ജനത വീണ്ടും ലോകത്തോട്‌ പറഞ്ഞിരിക്കുന്നു.
ചില്ലു മേടയിലിരുന്നു കല്ലെറിയുന്ന ഭരണാധികാരികൾക്ക് ഇതൊരു ഗുണപാഠമാവട്ടെ.
                     

Thursday, 15 May 2014

വിധി




 ആകാശം പൊട്ടി വീഴുമെന്ന് ഒരാൾ,
ഭൂമി കുലുങ്ങുമെന്ന് മറ്റൊരാൾ ,
കടൽ കരയിലെത്തുമെന്നു വേറെ യൊരാൽ ,
നാട് വിട്ട് ഓടേണ്ടി വരുമെന്ന് നാലാമൻ ...
ആധിയിലാണ് പരകോടികൾ...
വ്യാധിയിലാണ് , വ്യഥയിലാണ് 
ശതകോടി മഹാജനം ...
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു 
ആരെങ്കിലും പറയാതിരിക്കുമോ ?
ഇങ്ങിനെ പേടിച്ചാൽ 
എങ്ങിനെ ജീവിക്കും ?

Thursday, 8 May 2014

മൊഴി മുല്ല




അമ്മിഞ്ഞപ്പാലും
അമ്മ മൊഴി മലയാളവും
മുല്ല ചൂടിയ പെരിയാറും
എങ്ങു പോയ്‌ മക്കളെ?
ഇത് വിധിയോ ചതിയോ?
ദുർഗതിയോ വിധി വിളയാട്ടമോ?
കൊഴിയാതിരിക്കട്ടെ മധു മൊഴി
വാടാതിരിക്കട്ടെ പെരിയാറിൻ മുല്ലയും...

Thursday, 1 May 2014

മെയ്‌ ദിന ചിന്തകൾ

തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി   
-------------------------------------------
ലോകമെങ്ങുമുള്ള  തൊഴിലാളികൾ സംഘ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ്‌ ദിനം ആഘോഷിച്ചു.
എന്നാൽ അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു
എന്ന വസ്തുത കാണാതിരുന്നുകൂടാ . ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ് . വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. ആഗോളവല്ക്കരണത്തിന്റെ
നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ
നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ ഇന്നത്തെ
തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാ സമ്പന്നരായ ലക്ഷോപ ലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എന്ജിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരകണക്കിന് ജീവനക്കാർക്ക് പതിനായിരം
രൂപ പോലും പ്രതിമാസം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നർസുമാർക്കു അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നല്കുന്നില്ല. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും
ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക എന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളം കിട്ടുന്നില്ല. തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക് , റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനിയും സ്വപ്നം
മാത്രമാണ്. വിരമിച്ചു കഴിഞ്ഞാൽ ശിഷ്ട കാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ
ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതി മാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർ ഇന്ന് ആകെ വാങ്ങുന്നത് എണ്ണായിരം രൂപ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ കേന്ദ്ര - സംസ്ഥാന
സർക്കാരുകൾ പോലും ചൂഷക വ്യവസ്ഥിതി നില നിർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയും
കൊടിയ ചൂഷകരായി മാറാതിരിക്കുമോ? മറ്റൊരു കാര്യം സുരക്ഷിതരെന്ന് കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ് .ബി.ഐ . യെ പോലെയുള്ള വലിയ പൊതു മേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. റിലയൻസ് മണി എന്ന കുത്തക കമ്പനി വല  വിരിച്ചു കഴിഞ്ഞു. നാളെ
മറ്റു ബാങ്കുകളിലും നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം. ഏതെങ്കിലും കുത്തക കൊറിയർ കമ്പനി
തപാലിനെ വിഴുങ്ങിയേക്കാം . ഇന്ത്യൻ റെയിൽവേയും ബഹു രാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലായേക്കാം .
ബി .എസ് .എൻ .എൽ . ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ഈ സ്ഥിതി മറ്റു പൊതു മേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതി വിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്ക്
സാധിച്ചില്ല .ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ അഭികാമ്യം. ജനങ്ങളുടെ സൊയിര
ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതിയോട് മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ..
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി
ഇരുളടഞ്ഞതാവും.



Monday, 28 April 2014

കിണറുകൾ കുപ്പത്തൊട്ടികൾ

കിണറുകൾ കുപ്പത്തൊട്ടികൾ
--------------------------

കേരള കലാമണ്ഡലത്തിനു സമീപത്തുള്ള  ചുങ്കം കവലയിൽ ബസ് കാത്തു നില്ക്കുമ്പോഴാണ് ഒരു പൊതു കിണർ
കണ്ണിൽ തടഞ്ഞത്. കാഴ്ചയിൽ നല്ലൊരു കിണറെന്നു തോന്നി. കവല മധ്യത്തിൽ പഴയ പ്രതാപം വിളിച്ചോതി
നില കൊള്ളുന്ന ആ കിണറിനരികിലേക്ക് ഞാൻ നടന്നു. രണ്ടു റോഡുകളുടെ ഇടയിലുള്ള ചെറിയൊരു
സ്ഥലത്താണ് ആൾമറയുള്ള കിണർ . കിണറിന്റെ ആൾമറയിൽ നിറയെ വാൽപോസ്റ്റർ കണ്ടു. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാൾ വെച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്ന് കാലികൾക്കും ജീവ ജലം നല്കിയിരുന്ന ആ കിണറിനു നാല് തലമുറയുടെ
പ്രായം കാണും. പൊരി വെയിലത്ത്‌ വിയർത്തു കുളിച്ചു നിന്ന ഞാൻ അല്പം ആശ്വസിക്കാമെന്നു കരുതി
കിണറിലേക്ക് എത്തി നോക്കി. ആൾമറക്കു താഴെ നിറയെ ചെടികളും പ്ലാസ്റ്റിക് വേസ്റ്റുകളും കുമിഞ്ഞു
കിടക്കുന്നു. മൂടിക്കെട്ടിയ കണ്ണുകൊണ്ടു കാണുന്നതുപോലെ ഞാൻ മിഴിച്ചു നോക്കി. അടിയിൽ ഹരിത ദ്രാവകം
സൂര്യ പ്രകാശത്തിനു വേണ്ടി ഇളകുന്നത് കണ്ടു. ആ കാഴ്ച  എന്നിൽ നൊമ്പരമായി തിരയടിച്ചു.
ഞങ്ങളുടെ തറവാട്ടിലും ഇതുപോലെ നല്ലൊരു കിണറുണ്ടായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ കിണർ
രണ്ടു ഓഹരി ഉടമകളുടെ കൈവശം വന്നു ചേർന്നു. മറ്റു ഓഹരി ഉടമകൾക്കും വെള്ളമെടുക്കാൻ
അവകാശവും രേഖാമൂലം നല്കി. പരിസരത്തുള്ള വീട്ടുകാരെല്ലാം വേനലിൽ ഈ കിണറിനെയാണ്
ആശ്രയിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കുഴൽ കിണറും ഹൗസ് കണക്ഷനും ഇല്ലായിരുന്ന
അക്കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും ഈ കിണറായിരുന്നു വരദായനി.
എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും
വന്നു. അതോടെ കിണറിനെ എല്ലാവരും അവഗണിച്ചു. അധികം വൈകാതെ കിണർ കുപ്പതൊട്ടിയായി.
അപകടകെണി ആയതോടെ എല്ലാവരും ചേർന്ന് കിണറിനു ജല സമാധി വിധിച്ചു. കിണർ നിന്ന സ്ഥലം കൂടി
ഓഹരി ഉടമകൾ പറമ്പാക്കി മാറ്റി. ഇപ്പോൾ എല്ലാവരും നിളയിലെ ക്ലോറിൻ വെള്ളമാണ് എന്തിനും
ഏതിനും ഉപയോഗിക്കുന്നത്. അതിനിടയിൽ പൊതു ടാപ്പുകളും തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചു.
ഇപ്പോൾ കുഴൽ വെള്ളത്തിന്റെ വരവും കാത്ത് നിദ്ര വെടിഞ്ഞ് കുത്തിയിരിപ്പാണ് എല്ലാവരും.
വീടുതോറും കുഴൽ കിണർ കുത്തിയവരും കുടിവെള്ളത്തിനു വലയുകയാണ്. ഇരുമ്പ് യുഗം തൊട്ടു
നിലനീന്നിരുന്ന നാട്ടു കിണറുകൾ ഓരോന്നായി നാട് നീങ്ങി. അതോടൊപ്പം നാട്ടു നന്മകളും
നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് . ഭൂമി കൂടുതൽ ഊഷരമാവുകയാണ് . 

Friday, 25 April 2014

മദ്യ കേരളം

മദ്യ കേരളം
----------------
മദ്യത്തിൽ മുങ്ങുകയാണ് കേരളം . കുടിച്ചു കുടിച്ചു മരിക്കാൻ തീരുമാനിച്ച പോലെയാണ് ഓരോരുത്തരും
മദ്യ വില്പ്പന ശാലകൾക്കു മുന്നിൽ വരി നില്ക്കുന്നത്. കുടുംബത്തെ കെടുത്തുന്നത് മദ്യമാണെങ്കിലും
ഖജനാവ് നിറക്കുന്നത് മുഴു കുടിയൻമാരാണ് . ഓണം വന്നാലും ക്രിസ്തമസ് വന്നാലും എന്തിനേറെ
ഹർത്താൽ പൊട്ടി വീണാലും ചുരുങ്ങിയത് നൂറു കോടി രൂപയെങ്കിലും ബീവരേജിലെത്തും .
ഓരോ ടൗണിലും രണ്ടോ മൂന്നോ ബാറുകളും ബീവരേജ് ഔട്ട്‌ ലെറ്റുകളും കാണാം. ഇവയുടെ
ചുറ്റും എപ്പോഴും ആൾക്കൂട്ടം ഉണ്ടാവും. ബീവരേജ് ഔട്ട്‌ ലെറ്റുകൽക്കു മുന്നിൽ വളഞ്ഞു പുളഞ്ഞു
കിടക്കുന്ന മലമ്പാമ്പിനെ അനുസ്മരിക്കും വിധം മനുഷ്യ മതിൽ കാണാം. ഏറ്റവും അച്ചടക്കമുള്ള ഒരു
ജനത ഏതെന്നു ചോതിച്ചാൽ ഉത്തരം തേടി അലയേണ്ടി വരില്ല. അതിനെല്ലാം ഉപരി ഏറെ ദയനീയമാണ്
നടപ്പാതയിലെ കാഴ്ച്ച . ഉടുതുണി ഇല്ലാതെ നഗ്നത വെളിവാക്കി പുരുഷ കേസരികൾ പാത വക്കിൽ
കിടക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിട്ടുണ്ട്. അന്തി പാതിര നേരത്ത് ലക്കും ലഗാനുമില്ലാതെ 
വേച്ചു വേച്ചു വീട്ടിലെത്തുന്ന കുടുംബ നാഥനെ കാത്തിരിക്കുന്നവരുടെ കാര്യമൊന്നു ഓർത്തു നോക്കൂ.
കഷ്ടാൽ കഷ്ട തരം തന്നെ. കേരളത്തിൽ കൂലി വേല ചെയ്യുന്ന ഒരു തൊഴിലാളിക്ക് ദിനേന സുമാർ അഞ്ഞൂറ്
മുതൽ ആയിരം രൂപ വരെ കൂലി കിട്ടുന്നുണ്ട്‌. ഇതിൽ നൂറു രൂപ പോലും വീട്ടിലെത്തിക്കാത്തവരാണ്
ഭൂരി ഭാഗവും . ആരോഗ്യവും ആയുസ്സും  ചോർന്നു പോവുന്നത് അറിയാതെ ഒരു സമൂഹം നമ്മുടെ
മുന്നിൽ ചോദ്യ ചിൻഹമായി നിൽക്കുകയാണ്. ഈ സമയത്താണ് ബാറുകളുടെ നിലവാരത്തെ ചൊല്ലി
കേരളത്തിൽ ഭരണ നേത്രുത്വം അടി കൂടുന്നത്. വിഷയത്തിൽ ഇടപെട്ട കോടതി മദ്യ മുക്ത കേരളത്തിനു
വേണ്ടി സുപ്രധാനമായ ചില നിർധേഷങൽ മുന്നോട്ടു വെച്ചതു സ്വാഗതാർഹമാണ്.

Tuesday, 22 April 2014

ഭൗമ ദിന ചിന്തകൾ

ഭൗമ ദിന ചിന്തകൾ
------------------
ഓരോ വർഷവും ഈ ദിനത്തിലെങ്കിലും   ലോകമെങ്ങുമുള്ള മനുഷ്യർ ഭൗമ വിചാരവുമായി കഴിയുമെന്ന് കരുതാൻ ആവുമോ ?  ഇല്ല. ഭൂമിയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു തല പുണ്ണാക്കാൻ ആർക്കും സമയമില്ല.
ഭൗമ ശാസ്ത്രഞ്ജർ പോലും ഉദ്ബോധനത്തിന് അപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
നമ്മുടെ നിലനില്പ്പിന്റെ കാര്യമെന്ന വിചാരം പോലും വ്യാപകമായി വളർന്നിട്ടില്ല . പരിസ്ഥിതി പ്രവർത്തകർ
ഒറ്റപ്പെട്ട ചില പരിപാടികൾ കൊല്ലം തോറും നടത്താറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
ഭൂമിയുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാണോ? നമ്മുടെ പൂർവ്വീകർ നമ്മെ ഏല്പ്പിച്ചു തന്ന ഭൂമിയാണോ ഇന്നുള്ളത്?  ആഘോഷമായി ഒരു തൈ നട്ടാൽ ഭൂമിക്കൊരു കുടയാവുമൊ?  കേരളത്തിലെ കാര്യമെടുക്കുക.
നൂറോ ഇരുന്നൂറോ വർഷം മുമ്പുള്ള കേരളമാണോ ഇന്ന് നാം കാണുന്നത് ?
വനം , വയൽ , നീർത്തടം , കുന്നുകൾ എന്നിവയുടെ അവസ്ഥ എന്താണ്? വന ഭൂമിയുടെ വിസ്തൃതി , കൃഷി നിലത്തിന്റെ ശോഷണം , കുന്നുകളും പർവ്വതങ്ങളും നാടു നീങ്ങുന്ന കാഴ്ച , പുഴകളും നീർത്തടങ്ങളും
ഊഷരമാവുന്ന അവസ്ഥ , ജല ചൂഷണവും , ഖനന നശീകരണവും , വായു മലിനീകരണവും മറ്റും സൃഷ്ടിക്കുന്ന
വിപത്ത് തുടങ്ങിയ വിഷയങ്ങൾ നാം ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ ?
ഇല്ല. നമുക്ക് അതിനൊന്നും സമയമില്ല. താനൊരുത്തൻ  വിചാരിച്ചതു കൊണ്ട് ഈ ഭൂമിയെ രക്ഷിക്കാൻ
കഴിയുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
വരും തലമുറക്ക് കൈ മാറാൻ ഭൂമി അവശേഷിക്കണം. അതിനു നാം ഓരോരുത്തരും ഭൂമിയുടെ മക്കളും
സംരക്ഷകരും ആയി മാറണം. ഈ ഭൗമ ദിനം മുതൽ  മഹാ പ്രപഞ്ചത്തെ നാശത്തിന്റെ പാതാളത്തിൽ നിന്ന്
കര കയറ്റുമെന്നു പ്രതിജ്ഞ ചെയ്യാം.

Monday, 14 April 2014

തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ .

 തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ ...
--------------------------------------------
സമയം : പ്രഭാതം
സ്ഥലം : പോളിംഗ് ബൂത്ത്‌
നീണ്ട വരി . ആണും പെണ്ണും കൂട്ടി മുട്ടാതെ കടന്നു പോകാൻ നടുവിലായി ടസ്കും ബഞ്ചും വെച്ചൊരു
ബാരികേട് . ആണ്‍ വരിയിൽ നില്ക്കുന്ന ഗ്രാമത്തിന്റെ സ്വന്തം കവി ബോറടി മാറ്റാൻ കവിതയുടെ കെട്ടഴിച്ചു:
" വരി നിന്നു ,വരി നിന്നു / വരിയുടഞ്ഞു പോയവർ / വരികയാണ് , വരികയാണ് / വിരലിൽ മഷി പുരട്ടുവാൻ "
അത് കേട്ടതും കാവൽ നിന്ന പോലിസ് ഏമാൻ വിലക്കി: "ഇവിടെ രാഷ്ട്രീയം പാടരുത് ". അപ്പോൾ കവിയുടെ സുഹൃത്ത് ചോദിച്ചു: "പറയാമോ സാർ ..." . ഏമാൻ കണ്ണുരുട്ടി : " പാടില്ലാ ..രാഷ്ട്രീയം പാടില്ല "
കവി പ്രതികരിച്ചു: " സാറെ , വോട്ടെടുപ്പും രാഷ്രീയ പ്രവർത്തനമല്ലേ ..അപ്പൊ അതും അരുതെന്ന് പറഞ്ഞൂടെ?". ഏമാൻ ഒന്നും പറയാതെ അപ്പുറത്തേക്ക് നടന്നു.
രംഗം : രണ്ട് .
പതിവ് പോലെ സ്വീപ്പർ മുറ്റമടിക്കാൻ ചൂലുമായി എത്തി. അത് കണ്ടതും ബൂത്ത്‌ ഏജെന്റിനു കോപം വന്നു: "പോ ...പോ..ഇവിടെ ചിന്ഹം കൊണ്ടുള്ള കളി വേണ്ടാ ...".സ്വീപ്പറിന് സംഗതി പിടി  കിട്ടി. കെജരിവാളിന്റെ ആയുധം വലിച്ചെറിഞ്ഞ് ആ സ്ത്രീ സ്ഥലം വിട്ടു.
രംഗം: മൂന്ന് .
ബൂത്ത്‌ എജെന്റ് മേല്പോട്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി . തന്റെ എതിർ കക്ഷിയുടെ തെരഞ്ഞെടുപ്പു ചിന്ഹം അതി വേഗം കറങ്ങുന്നു. നിയമ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവത്തോടെ
അയാള് എണീറ്റു . " സാറെ, പോളിംഗ് നിർത്തണം ...സീലിംഗ് ഫാൻ അഴിച്ചു മാറ്റാതെ വോട്ടെടുപ്പ് നടത്താൻ
പറ്റില്ല." പ്രിസൈഡിംഗ് ഓഫിസർക്കു ആപത്ത് ബോധ്യമായി. ഒരു സ്ഥാനാർഥിയുടെ ചിന്ഹം ബൂത്തിൽ
പ്രദർശിപ്പിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തിയാൽ കോടതി കയറേണ്ടി വരും. ഉടനെ ആളെ വിട്ട്
എലെക്ട്രീഷനെ വരുത്തി ഫാൻ അഴിച്ചെടുത്തു. കപ്പും സോസറും , ടംബ്ലറും ചിന്ഹമായതു കൊണ്ട്
വെള്ളവും ചായയും വേണ്ടെന്നു വെച്ചു . ഉപവാസം ശീലിക്കാൻ പഠിപ്പിച്ച തെരഞ്ഞെടുപ്പു
കമ്മീഷന് നന്ദി പറഞ്ഞ് ജീവനക്കാർ വൈകുന്നേരം ആറു മണി വരെ ഉമിനീര് കുടിച്ചു.
രംഗം : നാല് .
ചക്കി തള്ള വിറച്ചു വിറച്ചാണ് ബൂത്തിലെത്തിയത്. വെയിലത്ത്‌ നിന്ന് വന്നതു കൊണ്ട് വോട്ടു മുറിയിൽ
ഇരുട്ടു കൂട് കെട്ടിയത് പോലെ തോന്നി. യന്ത്ര പലകയിലെ ചിന്ഹങ്ങളൊന്നും കണ്ണിൽ തെളിഞ്ഞില്ല.
ഏതോ ഒരു ഭാഗത്ത് വിരലമർത്തി ബീപ് കേട്ടപ്പോൾ ചക്കി തള്ള ഒന്നു ഞെട്ടി. വിരലമർന്നതു നോട്ടക്കാണെന്ന്
യന്ത്രത്തിന് മനസ്സിലായെങ്കിലും ചുമന്നു കൊണ്ട് വന്ന പാർടി പ്രവർത്തകനു അക്കിടി തിരിച്ചറിയാൻ
സാധിച്ചില്ല. ഒരുപാട് വിരലുകൾ നോട്ടയിൽ പതിഞ്ഞപ്പോൾ സ്വതന്ത്രനെ പിന്നിലാക്കിയ സംതൃപ്തിയിൽ
അസാധു ഊറി ചിരിച്ചു.
രംഗം:   അഞ്ച് .
യന്ത്ര പലകയിൽ പല വട്ടം തെരഞ്ഞിട്ടും കൈപ്പത്തി കാണാതായപ്പോൾ മാധവി നേശ്യാർക്ക് സങ്കടവും കോപവും വന്നു. ഒടുവിൽ താമരയിതളിൽ വിരലോടിച്ച് കലിപ്പ് തീർത്തു . കൂടെ വന്ന നീലി തള്ളയാവട്ടെ
കൊയിത്തരിവാളും കതിരും കാണാഞ്ഞ് പിണങ്ങി നിന്നു . ബീപ് കേൾക്കാതായപ്പോൾ പോളിംഗ്
ഓഫിസർ ഇടപെട്ടു. ഒടുവിൽ നീലിയുടെ വോട്ടും വേലിപ്പുറത്തായി .മനപ്പടി ഉണ്ണാമന്റെ കണ്ണിൽ യന്ത്ര പലക
ആധാറിന്റെ രൂപത്തിലാണ് അവതരിച്ചത്. പോസ്റ്റ്‌ മാൻ വീട്ടിലെത്തിച്ചിരുന്ന വാർദ്ധക്യ പെൻഷൻ ബാങ്കിലേക്ക്
മാറ്റിയ നടപടി ഓർത്തപ്പോൾ ഉണ്ണാമന്റെ മനസ്സില് കോപം ഇരച്ചെത്തി. അന്ന് മുതൽ ആ വയോധികന്റെ
മനസ്സില് വൈരം കത്തുകയായിരുന്നു. ആ കലിപ്പ് തീർക്കാൻ ഉണ്ണാമൻ കുത്തിയത് അപരന്റെ ചിന്ഹത്തിലായിരുന്നു . വിളക്കതല പാറു അമ്മയുടെ നെഞ്ചിലെരിഞ്ഞത് പാചക വാതകമായിരുന്നു.
മൂന്നിരട്ടി തുക രൊക്കം കൊടുത്ത് സബ്സിഡി വാങ്ങാൻ ബാങ്കിൽ പോയി വരി നിന്ന് മടുത്തതിന്റെ
രോഷം നുരഞ്ഞു പൊങ്ങിയപ്പോൾ പാറു അമ്മ ആഞ്ഞു കുത്തിയത് ഗ്യാസ് സിലിണ്ടറിന്റെ നെഞ്ഞിലായിരുന്നു.
രംഗം: ആറ്
സമയം: സായാഹ്നം
സ്ഥലം: പോളിംഗ് ബൂത്തിന്റെ സമീപം
വോട്ടു പെട്ടികൾ ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നത് കാണാം. ഉദ്യോഗസ്തരും പോലീസുകാരും ബൂത്ത്‌ ലവൾ
ഓഫീസർമാരും സ്ഥലം വിടാനുള്ള തത്രപ്പാടിലാണ്. അതിനിടയിൽ മരച്ചുവട്ടിൽ ഒരു സംഘം ആളുകൽ വാതു
വെക്കുന്ന തിരക്കിലാണ്. "വാളോ വിളക്കോ ? / ഉരലൊ മലരോ? / ശശിയോ മഷിയോ ?/ കണ്ണനോ തൊണ്ണനോ?/  രാജനോ വീരനോ ? /  ബഷീറോ നസീറോ ? / "....
ആര് ജയിക്കും ? ആര് തോല്ക്കും ? വെയ് രാജാ വെയ് ....ഒരു ലക്ഷം ...രണ്ടു...മൂന്ന് ...
നവ ലിബറൽ ജനാധിപത്യത്തിന്റെ പുതു വാതായനങ്ങൾ തുറക്കപ്പെടുകയാണ്.
ഓഹരി കമ്പോളത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത സാധാരണക്കാരന്റെ നിക്ഷേപം ഇതൊക്കെയാണല്ലോ .


 .


Monday, 7 April 2014

കേരളം പോളിംഗ് ബൂത്തിലേക്ക്

കേരളം പോളിംഗ് ബൂത്തിലേക്ക്
--------------------------------
പതിനാറാം ലോകസഭയിലേക്കുള്ള ഒന്നാം ഘട്ട വിധി എഴുത്ത് ഇന്ന് തുടങ്ങി.ഏപ്രിൽ 10 നാണ് കേരളത്തിന്റെ
സമ്മതി ദാനം . സംസ്ഥാനത്ത് 27 വനിതകളുൽപ്പെടെ 269 സ്ഥാനാർഥികളാണ് ജന വിധി തേടുന്നത്.
ആകെ 2,42,51,937 വോട്ടർമാരാണ് ഉള്ളത്.ഇവരിൽ  1,25,70,434 പേര് സ്ത്രീകളും 1,16,81,503 പേര്
പുരുഷന്മാരുമാണ് . ഇവരിൽ അഞ്ചു ലക്ഷം പേര് പുതിയ വോട്ടര്മാരാണ്. അതായത് ഇത്തവണ വിധി
എഴുത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നത് സ്ത്രീകളും യുവ വോട്ടര്മാരുമാണ് . പാലക്കാട് ജില്ലയിൽ
20,03,479 വോട്ടര്മാരുണ്ട്. ഇവിടെയും സ്ത്രീകളാണ് കൂടുതലെന്ന് കാണാം. പുരുഷന്മാരുടെ എണ്ണം
9,76,224 ആണെങ്കില് വനിതകളുടെ എണ്ണം 10,27,285 ആണ്. ഇവരിൽ 38,390 പേര് നവ വോട്ടർമാരാണ് .
ഇതിലാവട്ടെ വനിതകൾ 16,660 ആണെങ്കില് പുരുഷന്മാര്  21,730 ആണ്. പുതുതായി പട്ടികയിൽ പേര്
ചേർക്കുന്ന കാര്യത്തിൽ  വനിതകൾ പിന്നിലായെന്നു മാത്രം.
പാലക്കാട് ലോകസഭ മണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളുണ്ട്‌. പട്ടാമ്പി , ഷൊരന്നുർ , ഒറ്റപ്പാലം,
കോങ്ങാട്, മണ്ണാർക്കാട് , പാലക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലായി 11,82,904 വോട്ടര്മാരുണ്ട്.
പട്ടാമ്പി , മണ്ണാർക്കാട് , പാലക്കാട് എന്നീ മണ്ഡലങ്ങൾ യു.ഡി.എഫും , ഷൊർന്നുർ , ഒറ്റപ്പാലം , കോങ്ങാട്,
മലമ്പുഴ മണ്ഡലങ്ങൾ എൽ .ഡി.എഫും പ്രതിനിധീകരിക്കുന്നു. സിറ്റിംഗ് എം.പി. എം.ബി. രാജേഷും മുൻ എം.പി.യും മുൻ മന്ത്രിയുമായ എം.പി. വീരേന്ദ്രകുമാറുമാണ് മുഖ്യ പ്രതിയോഗികൾ. അതുകൊണ്ടു തന്നെ
തീ പാറുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. പുതിയ പട്ടാമ്പി താലൂക്കിലുള്ളവർ ഇത്തവണ രണ്ടു ലോകസഭാ
( പാലക്കാടും പൊന്നാനിയും  ) അംഗങ്ങളെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലെത്തും .പൊന്നാനിയുടെ
ഭാഗ മായ തൃത്താലയിലെ വോട്ടര്മാരുടെ മുന്നില്  സിറ്റിങ്ങ് എം.പി.യായ ഇ.ടി. മുഹമ്മദ്‌ ബഷീറും
ഇടതു സ്വതന്ത്രനായ വി. അബ്ദുറഹ്മാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പട്ടാമ്പിയിലുള്ളവർ പാലക്കാടിന്റെ
സാരഥിയെ കണ്ടെത്തും. നമ്മുടെ സമ്മതി ദാനം സമാധാന പൂർണ്ണ മാവട്ടെ.

Sunday, 6 April 2014

ബീഡി കമ്പനിയിലെ ജിന്ന്

ബീഡി കമ്പനിയിലെ ജിന്ന്
-------------------------
വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ സമീപം ഒരു ബീഡി കമ്പനി ഉണ്ടായിരുന്നു.  യു .പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടു വന്നാൽ ബീഡി കമ്പനിയിൽ ചെന്നിരിക്കും. മുറം മടിയിൽ വെച്ച് ഇലയിൽ പുകയിലയിട്ട് ബീഡി ചുരുട്ടി കെട്ടുന്ന വിദ്യ കൗതുകത്തോടെ നോക്കി നില്ക്കും. അസീസ്ക്ക, ഉമ്മർക്ക, കുട്ടപ്പ കുറുപ്പ് ,  പിന്നെ പേരറിയാത്ത ഏതാനുംബീഡി  തെറുപ്പുകാരും കമ്പനിയിലുണ്ടായിരുന്നു.രാവിലെ മുതൽ വൈകുന്നേരം വരെ ഒച്ചയും ബഹളവും വാഗ്വാദവും കേൾക്കാറുണ്ട് .ചുരുക്കി പറഞ്ഞാല്  ആ ബീഡി കമ്പനി
ഒരു രാഷ്ട്രീയ വിദ്യാലയം ആയിരുന്നു . മൂന്നോ നാലോ പത്രങ്ങൾ ആ കമ്പനിയിലുണ്ടായിരുന്നു. രാവിലെ പത്ര വായനയോടെയാണ്ബീഡി  തെറുപ്പു തുടങ്ങുക. പിന്നെ ഓരോ വാർത്തയെകുറിച്ചും അപഗ്രഥനമാണ് . ചർച്ച മുറുകുമ്പോൾ തീ പാറും. അങ്ങിനെയിരിക്കെ ജിന്ന് എന്ന് ഇരട്ടപ്പേരുള്ള ഒരാള് പുതുതായി കമ്പനിയിൽ ജോലിക്കെത്തി . വെളുത്ത ശരീരം , മെലിഞ്ഞ പ്രകൃതം, ഉറക്കെ സംസാരിക്കും, വല്ലാതെ കിതക്കും, പിന്നെ കാര്ക്കിച്ചു തുപ്പും, തെറിച്ചു വീഴുന്നതോ ചുവപ്പ് കലര്ന്ന വെളുത്ത കഫക്കട്ട...കുടുക്കിടാത്ത കുപ്പായം
ആയതു കൊണ്ട് ചുമക്കുമ്പോൾ ജിന്നിന്റെ നെഞ്ചിന്കൂട് വികസിക്കുന്നത് കാണാം . കുട നിവർത്തി ചുരുക്കുന്നത് പോലെ വാരിയെല്ലുകൾ ഉയരുന്നതും താഴുന്നതും നോക്കി നില്ക്കാരുണ്ട്. ഇടയ്ക്കിടെ മുറ്റത്ത്‌ തുപ്പി നിറക്കുന്നത്  അറപ്പുളവാക്കുന്ന കാഴ്ചയാണെങ്കിലും  ആരും അത് വിലക്കാറില്ല . അതുകൊണ്ട് മുറ്റമെന്നും അത്തപ്പൂക്കളം ഇട്ട പ്രതീതിയാണ്. ചോരപ്പൂക്കളം ആയി മാറുന്ന മുറ്റത്ത് ഉടഞ്ഞ സൂര്യ ബിംബം
തിളങ്ങുന്നത് കാണാൻ ഭംഗിയുണ്ട് .
ജിന്ന് എന്ന് പേരുള്ള ഈ ക്ഷയ രോഗി അന്ന് എന്റെ  മനസ്സില് കയറിക്കൂടിയതാണ്. സൂര്യ ശയനം എന്ന
നോവലിന്റെ രചന തുടങ്ങുമ്പോൾ ജിന്നിന്റെ മുഖം മനസ്സില് നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഒരിക്കൽ ചെന്നൈ
താംബരത്തുള്ള ടി.ബി.സാനിട്ടോറിയം സന്ദര്ഷിക്കാൻ അവസരമുണ്ടായി. വളരെ മനോഹരമായ ആതുരാലയം ആയിരുന്നു ആ സ്ഥാപനം.നൂറു കണക്കിനു ക്ഷയ രോഗികളെ കണ്ടപ്പോഴാണ് ഈ രോഗത്തിന്റെ
വ്യാപ്തി ബോധ്യപ്പെട്ടത്. എയിഡ്സ് എന്ന മഹാ വ്യാധിയെ കുറിച്ച് ലോകം ആശങ്കയിലായ സന്ദര്ഭത്തിലാണ് അതിനേക്കാൾ ഏറെ ഭീഷണി ക്ഷയ രോഗത്തിനും ഉണ്ടെന്നു വൈദ്യ ശാസ്ത്രം തുറന്നു
പറഞ്ഞത്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും പിടി പെടാവുന്ന ക്ഷയ രോഗം ഇന്നും ലോകത്തിനു
വെല്ലുവിളി ഉയർത്തുന്നുണ്ട് . ആ കാര്യം അറിയാൻ കഴിഞ്ഞതു  കൊണ്ടാണ് ക്ഷയ രോഗിയെ മുഖ്യ
കഥാപാത്രമാക്കി സൂര്യ ശയനം രചിച്ചത്. അസീസ്‌ എന്ന കേന്ദ്ര കഥാപാത്ര സൃഷ്ടിയെ കുറിച്ച്
പല വായനക്കാരും ആകാംക്ഷയോടെ ആരാഞ്ഞപ്പോഴും ഈ പശ്വാതലം തുറന്നു പറഞ്ഞിരുന്നില്ല.
കുട്ടിക്കാലത്ത് മനസ്സില് പതിഞ്ഞ ചിത്രങ്ങളാണ് പിന്നീട് വിശ്വ സൃഷ്ടികളായി രൂപാന്തരപ്പെടാറുള്ളത് .
ഒരു രോഗിയുടെ മനസ്സിലേക്ക് ഞാൻ നടത്തിയ തീർത്ത യാത്രയാണ് ആ നോവൽ .ഇത് ജിന്നിന്റെ ജീവിത കഥയല്ല.എന്റെ ജീവിത യാത്രയിൽ  ഞാൻ അനുഭവിച്ച വേദനകളും യാതനകളും ഉൽ ചേർത്ത് വെച്ചിട്ടുണ്ട് .പിന്നിട്ട ജീവിത സാഹചര്യം, കണ്‍ മുന്നില് കണ്ട സംഭവങ്ങൾ, ഇട പഴകിയ മനുഷ്യര് , ഇവ എല്ലാം ഓരോ എഴുത്തിലും കടന്നു വരാറുണ്ട്. അക്കൂട്ടത്തിൽ എന്നെ സ്വാധീനിച്ച ഒരു മനുഷ്യ ജീവിയായിരുന്നു ബീഡി കമ്പനിയിലെ ജിന്ന്. .ഗുരു നിത്യ ചൈതന്യ യതി അവതാരിക എഴുതി അനുഗ്രഹിച്ച ഈ നോവൽ ഇതിനകം രണ്ടുപതിപ്പുകൾ ഇറങ്ങി. ഒരുപാട് വായനക്കാര് നേരിട്ടും എഴുതിയും  അറിയിച്ച നല്ല വാക്കുകൾ
എഴുത്തിനുള്ള അംഗീകാരം ആണ്. ധ്വനി എന്ന നല്ല സിനിമ സംവിധാനം ചെയ്ത എ.ടി. അബു  എന്റെ
നോവൽ വായിച്ച് പടമെടുക്കാൻ താല്പ്പര്യം പ്രകടിപ്പിക്കുകയും നിർമാതാവിനെ കിട്ടിയാൽ മറ്റു കാര്യങ്ങൾ
ചർച്ച ചെയ്യാമെന്ന് പെരിന്തൽമണ്ണയിൽ നടന്ന കൂടി കാഴ്ചയിൽ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അദേഹത്തിന്റെ ആകസ്മിക വേർപ്പാട് മൂലം ആ പദ്ധതിയും നിദ്ര പൂകി. വര്ഷം തോറും
ക്ഷയ രോഗ ദിനാചരണം നടക്കുമ്പോൾ ഈ നോവലും ജിന്ന് എന്ന ബീഡി തൊഴിലാളിയും
എന്റെ മനസ്സിലേക്ക് ക്ഷണിക്കാതെ തന്നെ കടന്നു വരാറുണ്ട്.

Thursday, 3 April 2014

ഒരു പെണ്‍കുട്ടി കരയുന്നു പിന്നെയും ...

ഒരു പെണ്‍കുട്ടി  കരയുന്നു പിന്നെയും ...
----------------------------------------
കഴിഞ്ഞ ദിവസം കണ്ടൊരു കാഴ്ച്ചയാണ് . കോളജ് സ്റ്റോപ്പിലെ  ഉങ്ങ് മര ചുവട്ടിൽ മൂന്നു പെണ്‍കുട്ടികൾ
നില്ക്കുന്നു. അതിലൊരു മെലിഞ്ഞ പെണ്‍കുട്ടി തേങ്ങി തേങ്ങി കരയുന്നു. കൂട്ടുകാരികൾ അവളെ
ആശ്വസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.  തൊട്ടടുത്തുള്ള കട വരാന്തയിൽ നിന്നിരുന്ന ഞാൻ ഈ കാഴ്ച്ച
സുഹൃത്തിനു കാട്ടിക്കൊടുത്തു. കുട്ടിക്ക് വല്ല അസുഖമോ മറ്റോ ആണെങ്കിൽ ആശുപത്രിയിലേക്ക് പോകാനുള്ള
സൗകര്യം ചെയ്തു കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കരയുന്ന കുട്ടിയുടെ കൂട്ടുകാരിയെ ഞാൻ മാടി വിളിച്ചു.
ആ കുട്ടി ഓടി വന്നു. എന്തിനാണ് കൂട്ടുകാരി  കരയുന്നത് എന്ന് ഞാൻ ചോദിച്ചു.അവളാവട്ടെ കാര്യം പറയാൻ
മടിച്ചു.വീട്ടില് അച്ഛനോ അമ്മക്കോ വല്ല അസുഖവും ? ഉടനെ വീട്ടിലെത്തിക്കണോ ? പറയാൻ മടിക്കേന്ടെന്നു
ഞാനാവർത്തിച്ച് പറഞ്ഞു. കാര്യം പറഞ്ഞാല് ഏട്ടൻ ചിരിച്ചു മണ്ണ് കപ്പും എന്നായിരുന്നു അവളുടെ മറുപടി.
അതും പറഞ്ഞ് അവളോടിപ്പോയി.അപ്പോഴാണ്‌ സംഗതിയുടെ പൊരുള് പിടി കിട്ടിയത്. അവളുടെ അടുത്തേക്ക് ഒരു പയ്യൻ ബൈക്കോടിച്ചു വരുന്നത് കണ്ടു. അവര് തമ്മിലല്പ്പ  നേരം സംസാരിക്കുന്നതും കണ്ടു.ഡിഗ്രി ഫൈനൽ സെമസ്റ്റെർ കഴിഞ്ഞു പിരിയുന്നതിന്റെ വിരഹ വേദനയാണ് അവളുടെ കരച്ചിലിന്
കാരണമെന്നു ഞങ്ങൾക്ക് അല്പം വൈകിയാണ് മനസ്സിലായത്. കൂട്ടുകാരൻ വന്നു സംസാരിച്ചപ്പോഴേക്കും
അവളുടെ കരച്ചിൽ നിലച്ചു. ഇതിനു സമാനമായ മറ്റൊരു കരച്ചിൽ എന്റെ ഓർമയിലേക്ക് ഒഴുകിയെത്തി.
മൂന്നര പതിറ്റാണ്ട് മുമ്പ് കോവൈ നവാബ് ഹക്കീം റോഡിലെ ഒരു ഗല്ലിയിൽ നിന്നാണ് ആ കരച്ചിലുയർന്നു
കേട്ടത്. നാഷണൽ കോളജിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒരു 18 കാരനെ യാത്രയാക്കുന്ന
ചടങ്ങിലാണ് അയൽക്കാരിയായ 15 കാരി ആർത്തലച്ചു കരഞ്ഞത്. കുറച്ചു കാലം അവൾ അവന്റെ ശിഷ്യയായിരുന്നു .കണക്കും ആംഗലേയവും  പഠിപ്പിച്ച ബന്ധം. കൗമാര സ്വപ്നങ്ങൾക്ക് ചിറകു വിടരുന്ന
കാലം. വേർപ്പാട് വേദന തന്നെയാണ്.അത് എന്നെന്നും നൊമ്പരപ്പെടുത്തുന്ന മുറിവാണ്.പിന്നീട് ഒരിക്കലും
കണ്ടിട്ടില്ലെങ്കിലും അന്നത്തെ 18 കാരന്റെ മനസ്സിലിപ്പൊഴും ഒരു പ്രാവിന്റെ കുറുകലുണ്ട്.

Wednesday, 2 April 2014

പാരഡി പാട്ടിന്റെ പൂരം

പാരഡി പാട്ടിന്റെ പൂരം
-------------------------
കേരളം മീന ചൂടിലുരുകുന്ന സമയത്താണ് പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചൂട്
ഇരട്ടിയായി. ഒരാഴ്ചക്കകം പ്രചാരണ കോലാഹലങ്ങളവസാനിക്കും. സ്ഥാനാർഥികൽ ഇതിനകം പല വട്ടം സമ്മതിദായകരെ കണ്ടു കഴിഞ്ഞു. ഇപ്പോൾ വോട്ടര്മാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡി മേഡ് കാസ്സറ്റ്‌ പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവര്ത്തിക്കുന്ന യുവ ജന
ക്ലബുകൽക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്. അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ ഈറ്റില്ല
മായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം എന്നെ തേടി എത്തിയത്
ഓർക്കുന്നു. എം.എസ്. കുമാർ , ആര്യൻ മാഷ്‌ , ശിവ ശങ്കരൻ മാഷ്‌, സുകുമാരൻ മാഷ്‌, ടി.കെ.നാരായണദാസ്‌ ,
തുടങ്ങിയ പ്രമുഖരാണ് മുന്നിലും പിന്നിലും ചുക്കാൻ പിടിക്കുന്നത്‌. തിരൂര് ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു മേല്പറഞ്ഞവർ കൊട്ടും പാട്ടും പഠിച്ചിരുന്നത്. തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും ക്ലബിൽ ഉണ്ടായിരുന്നു. പാട്ട് എഴുതാൻ
നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾ
ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു. " പടചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും അടരാടാൻ
എത്തുന്നെ ..." , " പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ
കൂടി ഹിറ്റായി എന്നെ പറയേണ്ടു. തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ
ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നല്കുന്നുണ്ട്.

Monday, 31 March 2014

ഹായ് ...അവധിക്കാലം

ഹായ് ...അവധിക്കാലം
------------------------
നാട്ടിലെ പള്ളിക്കൂടങ്ങളെല്ലാം മധ്യ വേനലവധിക്ക് അടച്ചു. ഇനി രണ്ടു മാസം കുട്ടികള്ക്ക് തകൃതി മേളം.
പണ്ടത്തെ പോലെ മാവിലെറിയാനും കൊത്താം കല്ല്‌ വിളയാടാനും തലമ പന്ത് കളിക്കാനും ഇന്നത്തെ
പിള്ളാർക്ക് അറിയില്ല. പുതു കാലത്ത് നവ ലിബറൽ കളികളുണ്ടാവും .അവരതിൽ മുഴുകും എന്നറിയാഞ്ഞിട്ടല്ല. പണ്ടത്തെ കുട്ടിക്കാലം ഇന്നത്തെ പിള്ളാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വിദൂരത്താണ് . സത്യം പറഞ്ഞാല് ഇന്ന് ഒരു  അവധിക്കാലം ഉണ്ടോ? ഓടി ചാടി കളിച്ചു തിമിർക്കാൻ രക്ഷിതാക്കൾ അനുവദിക്കുമോ? ഇല്ലെന്നു വേണം കരുതാൻ.
എന്റെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ ഊഷര കാലമായിരുന്നു. വേനലിന്റെ മുഴുവൻ കാഠിന്യവും അനുഭവിക്കാൻ അന്ന് കഴിഞ്ഞിരുന്നു. നട്ടുച്ച നേരത്ത് ടാറുരുകുന്ന റോഡിൽനിന്ന് കുമിളയായി പൊങ്ങുന്ന
കുഞ്ഞു ടാറിൻ മണികൾ ഉരുട്ടിയെടുത്ത് ഗോട്ടിയാക്കി കളിച്ചത് , നിളയിൽ നീന്തി തുടിച്ചത് , കുളത്തിലേക്ക്
തള്ളിയിട്ടു സ്വയം നീന്താൻ പഠിപ്പിച്ചത് , മനക്കലെ മാവിന്റെ ആകാശ കൊമ്പത്ത് സ്വര്ണം പൂശി നിക്കുന്ന
ഗോമാങ്ങ എറിഞ്ഞു വീഴ്ത്തി കടിച്ചു തിന്നു രസിച്ചത് , തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി തലമ എറിഞ്ഞു
കളിച്ചത് , വിറകു പുരയിൽ ഉടുതുണി കൊണ്ട് കർട്ടൻ കെട്ടി നാടകം കളിച്ചത്, സൈക്കിൾ ചവിട്ടു പരിശീലിച്ചത് , അങ്ങിനെയങ്ങിനെ എന്തെല്ലാം വിനോദങ്ങളായിരുന്നുവെന്നോ ...
ഇന്ന് അങ്ങിനെ  വല്ലതും ഓർത്തു വെക്കാൻ പുതിയ തലമുറയിലുള്ളവർക്ക് എന്താണുള്ളത് ?
നവ മാധ്യമങ്ങളിലും കംപ്യുട്ടർ ഗൈമുകളിലും കണ്ണുകൾ പൂഴ്ത്തി വിനോദിക്കുന്നവരെ മാത്രമേ എവിടെയും
കാണാനാവുന്നുള്ളൂ . എങ്കിലും ചില നാട്ടിന്പുറത്തെങ്കിലും ഞങ്ങളുടെ കുട്ടിക്കാലം ആവിഷ്ക്കരിക്കാൻ
ആരെങ്കിലുമൊക്കെ ഉത്സാഹിക്കുന്നുണ്ടാവും എന്നു കരുതുകയാണ്.

Sunday, 30 March 2014

കുഞ്ഞിരാമന്റെ കഥ

കുഞ്ഞിരാമന്റെ കഥ
---------------------
ഒരു പാവത്താനായിരുന്നു കുഞ്ഞിരാമൻ . മല നാട്ടിലെ ഒരു ഓണം കേറാ മൂലയിലായിരുന്നു താമസം.
അല്പ്പസ്വല്പ്പം കൃഷിയും കാലി മേക്കലുമായി കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങിനെ ഇരിക്കെയാണ്
നാട്ടിലാകെ വോട്ടു കാലം പൊട്ടി വീണത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് പിന്നീട്
സാധാ വോട്ടറായ കുഞ്ഞിരാമന്റെ ജീവിതത്തിലുണ്ടായത്. അന്തി മയങ്ങും നേരത്ത് ഒരു കൂട്ടം ആളുകള്
കുഞ്ഞിരാമന്റെ വീട് തേടി വന്നു. അന്നേരം കെട്ടിയോള് ചീത പെണ്ണ് മാത്രമേ ഉമ്മറത്ത് ഉണ്ടാർന്നൊള്ളൂ .
വന്നവര് വന്ന കാര്യം ഓളോടു പറഞ്ഞില്ല. കുട്ട്യോളെ പാടത്തേക്ക് ഓടിച്ച് കുഞ്ഞിരാമനെ കയ്യോടെ പിടികൂടി വന്നവരുടെ മുന്നിലെത്തിച്ചു. വന്നവര് മൂപ്പരെ കെട്ടിപ്പിടിച്ച് സ്വകാര്യം പറേണത്‌ കണ്ടപ്പൊ ചീത പെണ്ണിന്
നാണം മുട്ടി. സംഗതി അറിഞ്ഞപ്പോഴാവട്ടെ കുഞ്ഞിരാമനും പെണ്ണിനും ആകെ ബേജാറായി. ഇന്നേവരെ സ്വപ്നം കാണാത്ത ഒരു മഹാ ഭാഗ്യമാണ് പടി കടന്നു വന്നിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ കുഞ്ഞിരാമൻ സ്ഥാനാർഥി ആവണം. അതും അപരനാവണം. ചോദിക്കുന്ന പണം തരും. നിന്ന്
കൊടുത്താൽ മതി. പിന്നെ കാര്യങ്ങളൊക്കെ വന്നവര് നോക്കി ക്കോളും  പത്തു ചക്രം കിട്ടുന്ന പണിയല്ലേ എന്ന്
കരുതി കുഞ്ഞിരാമനും കെട്ടിയോളും സമ്മതിച്ചു . കുറെ കടലാസ്സിലെല്ലാം ഒപ്പ് ചാര്ത്തിക്കൊടുത്തു. അഡ്വാൻസ്
എണ്ണി വാങ്ങി പുതിയ പത്തു സ്വപ്നം കൂടി കണ്ടു ഇരുവരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി .പിറ്റേന്ന് പുലര്ന്നത് പുകിലോടെയാണ് . ഇന്നലെ വന്നവരുടെ എതിരാളികള് പടി കടന്നു വന്നത് ആക്രോശ ത്തോടെയാണ്. വന്നവര് പുലഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി. പത്രിക പിന്വലിച്ചേ പറ്റൂ എന്നായി.ലോകമെങ്ങും
അറിയപ്പെടുന്ന സാക്ഷാൽ കുഞ്ഞിരാമാനെതിരെ മത്സരിക്കാൻ എങ്ങിനെ ധൈര്യം വന്നൂ എന്നായിരുന്നു ചോദ്യം .
പാവം കുഞ്ഞിരാമനും ചീത പെണ്ണും ആകെ ഭയന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി. വിവരം എങ്ങിനയോ അറിഞ്ഞു ഇന്നലെ വന്നവര് ഓടിയെത്തി . വീട്ടു മുറ്റത്ത് ആകെ ബഹളം. നാട്ടുകാര് മുഴോനും അപരനെ കാണാനെത്തി. കുഞ്ഞിരാമനും കെട്ടിയോളും അന്നേരം അനുഭവിച്ച ധർമ സങ്കടം ഒരു പുരാണത്തിലും തെരഞ്ഞു നോക്കിയാൽ കണ്ടെത്താനാവില്ല .കുഞ്ഞിരാമാനെന്നു പേരിട്ടു വിളിച്ച അച്ഛനെയും
അമ്മയെയും ആദ്യമായി ശപിച്ചു. വന്നവർ ഇരു കൂട്ടരും ഒറ്റക്കെട്ടായി കുഞ്ഞിരാമന്റെ നേരെ ബാണങ്ങള് തുരു തുരാ എയ്തു .ഒടുവിൽ ഇന്നലെ വാങ്ങിയ തുക തിരിച്ചു കൊടുത്തു . പകരം ഒപ്പിട്ടു നല്കിയ കടലാസ് കുഞ്ഞിരാമന്റെ മുഖത്തേക്ക് നീട്ടി എറിഞ്ഞു വന്നവര് ഭൂമി കുലുക്കി പടി കടന്നു. അപ്പോഴാണ്‌ തെരഞ്ഞെടുപ്പിനെ
ക്കുറിച്ചും ജനാധിപത്യ പ്രക്രിയയെ കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാട് ഉണ്ടായത്. പക്ഷെ അപ്പോഴേക്കും
കുഞ്ഞിരാമൻ അപരനായി മാറിയിരുന്നു. ഇപ്പോൾ കുഞ്ഞിരാമൻ അറിയപ്പെടുന്നത് തന്നെ അപരൻ എന്നാ പേരിലാണ്

Tuesday, 25 March 2014

തമിഴ് ബാലൻ തിരിച്ചെത്തി

നീല ഗിരിയുടെ ആഹ്ലാദം 
---------------------------------
ഇന്ന് വൈകുന്നേരം പ്രസ്സ് ക്ലബിലേക്ക് അയാൾ വന്നത് തനിച്ചായിരുന്നില്ല. കൂടെ മകനും ഉണ്ടായിരുന്നു.
ഗൂടല്ലുർ ഗുണ മംഗലം കാട്ടു മന്നാര് കോയിൽ സ്വദേശി രാജേന്ദ്രനെ ഓർമയില്ലെ ?
ഒരു മാസമായി കാണാതായ മകനെ തേടി അലഞ്ഞു നടന്ന പിതാവിനെ... ഫെബ്രുവരിയിൽ വീടു വിട്ടു പോയ
ചന്ദ്ര ശേഖരനെ തെരഞ്ഞു നാടായ നാടെല്ലാം അലഞ്ഞൂകൊൻടിരുന്ന രാജേന്ദ്രൻ ഒരാഴ്ച മുമ്പാണു എന്റെ
മുന്നിൽ സങ്കട ക്കടലുമായി എതതിയത്. പത്രത്തിലും ഫേസ് ബൂക്കിലും തമിഴ് ബാലനെ കാണാതായ
വാർത്ത നൽകിയതിനെ തുടർന്നു ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്നാണു മകനെ തിരിച്ചു കിട്ടിയത്.
പതിനഞ്ചു വയസ്സ് പ്രായമുള്ള മകന്റെ കൈ പിടിച്ചാണു അയാൽ നന്ദി പറയാൻ വന്നത്.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ മകനെ ലഭിച്ചപ്പോൽ ആ മെലിഞ്ഞുണങിയ മനുഷ്യന്റെ
മുഖത്ത് നീല ഗിരിയിൽ നിന്നൊഴുകി വന്ന ആശ്വാസ തെന്നലുൻന്ടായിരന്നു....
ഇനി ഒരിക്കലും വീടു വിട്ടു പോവില്ലെന്നു സത്യം ചെയ്താണു ആ നിഷ്കളങ്ക ബാലൻ എന്നോട് യാത്ര
പറഞ്ഞത്. അച്ചനും മകനും നടന്നു പോകുന്ന കാഴ്ച്ച നോക്കി നിന്നപ്പോൽ വർഷങൽക്കു മുമ്പു നാട് വിട്ടോടിപ്പോയ ഞാൻ വീട്ടിൽ തിരിച്ചെത്തിയ പ്രതീതി ഉണ്ടായി.


Sunday, 23 March 2014

ജലവിചാരം

വെള്ളത്തിന്റെ വില
---------------------
കത്തുന്ന വേനലിന്റെ കനലാണെങ്ങും  . വാൾത്തല പോലെ മിന്നുന്ന മീന വെയിലിൽ കുടി വെള്ളത്തിനു വേണ്ടി അലയുകയാണ് ഗ്രാമീണ ജനത.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ  ജല ക്ഷാമം രൂക്ഷമാണ്.  തുലാ വര്ഷവും ഇടവപ്പാതിയും കൊണ്ടു അനുഗ്രഹിക്കപ്പെട്ട ഒരു നാടിന്റെ ദുസ്ഥിതി ഇതാണെങ്കിൽ    മഴ പെയ്യാത്ത നാടുകളുടെ അവസ്ഥ ഓർക്കുക വയ്യ.  ഇവിടെ ചെറുതും വലുതുമായ ഒട്ടനവധി കുടിവെള്ള പദ്ധതികളുണ്ട്. എന്നാലോ വേനലാരംഭിക്കുന്നതോടെ എല്ലാം നീരറ്റ നിലയിലാവും. സ്വകാര്യ വ്യക്തികളാവട്ടെ സ്വന്തം കിണർ താഴിട്ടു പൂട്ടുന്ന കാലമാണ്. വെള്ളത്തിന്റെ അവകാശം തനിക്കു മാത്രമെന്ന് അവർ കരുതുന്നു. അടുത്ത വീട്ടുകാരുടെ കിണറുകളെ പോലും വന്ധ്യയാക്കുന്ന തരത്തില്  പുത്തൻ കാശുകാർ
തന്നിഷ്ട പ്രകാരം കുഴൽ കിണറു കുഴിക്കുന്നതും പ്രതിസന്ധി വര്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ വെള്ളത്തിന്റെ വില അറിയാത്തവരായി മലയാളി മാറി ക്കഴിഞ്ഞു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ട
വെള്ളം വില്പ്പന വസ്തുവാക്കുന്നതു പോലും നീതിക്ക് നിരക്കുന്നതല്ല. ഭൂമിയുടെ മുലപ്പാലാണ് കുടി വെള്ളം.
ഒന്നര പതിറ്റാണ്ട് മുമ്പ് ഗുരു നിത്യ ചൈതന്യ യതിയുടെ ഫേണ്‍ ഹില്ലിലുള്ള ആശ്രമത്തിൽ ഒരാഴ്ച കുടുംബത്തോടൊപ്പം താമസിക്കാൻ അവസരം ലഭിക്കുകയുണ്ടായി. അന്നാണ് വെള്ളത്തിന്റെ വില എന്തെന്ന്
മനസ്സിലായത്‌.ഭക്ഷണം കഴിച്ചു പാത്രം കഴുകുമ്പോൾ ടാപ്പിൽ നിന്ന് നൂലു പോലെ വീഴുന്ന വെള്ളം ക്രമീകരിച്ചത്
കണ്ടു. വെള്ളം കൊണ്ടു ധൂർത്ത് നടത്തി ശീലിച്ചവര്ക്ക് ഈ ക്രമീകരണം അസഹ്യമായിരുന്നു. അത്
മനസ്സിലാക്കിയ ഗുരു വെള്ളത്തിന്റെ വില സംബന്ധിച്ച് പിറ്റേന്ന് പ്രഭാഷണം നടത്തുകയുണ്ടായി.
അതിനു ശേഷം ഈ നിമിഷം വരെയും ഗുരുവചനം എന്റെ മനസ്സിലുണ്ട്.  വെള്ളം ഉപയോഗിക്കുന്ന സമയത്തെല്ലാം ആ മഹദ് വചനം ഓർമ വരും. ലോക ജല ദിനത്തിൽ മാത്രം വെള്ളത്തെപ്പറ്റി ചിന്തിച്ചാൽ പോര.
എന്നും എപ്പോഴും ജീവ ജലം സംബന്ധിച്ച് ഓര്മ വേണം. അടുത്ത ലോക മഹായുദ്ധം വെള്ളത്തിന്‌ വേണ്ടി
ആയിരിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല .

Monday, 17 March 2014

നീല ഗിരിയുടെ വിലാപം



 നീല ഗിരിയുടെ വിലാപം 
-----------------------------------
പതിവു പോലെ വൈകുന്നേരം പ്രസ്സ് ക്ലബിൽ ഇരിക്കുമ്പോൾ തീരെ പരിചയമില്ലാത്ത ഒരാൾ 
കടന്നു വന്നു. മെലിഞ്ഞ ശരീരം . ഉണങ്ങിയ കൈ കാലുകൾ . വരൾച്ച ബാധിച്ച കണ്ണുകൾ .
ഒറ്റ നോട്ടത്തിൽ തമിഴനാണെന്ന് മനസ്സിലായി. വണക്കം സാർ എന്ന് പറഞ്ഞ് വന്ന കാര്യത്തിലേക്ക് 
മുഖവുര കൂടാതെ കടന്നു. ഗൂടല്ലൂർ ജില്ലയിലെ ഗുണ മംഗലം കാട്ടു മന്നാർ കോയിലിനു സമീപം 
താമസിക്കുന്ന രാജേന്ദ്രൻ ആണ് ഇയാൾ . കുറച്ചു കാലമായി പട്ടാമ്പിയിലാണ് കുടുംബ സമേതം 
കഴിയുന്നത്‌. ഗവ.ആശുപത്രിയുടെ അടുത്തുള്ള വാടക വീട്ടില് ഭാര്യയും മക്കളും ഒത്തു കൂലി വേല 
ചെയ്തു അല്ലലില്ലാതെ കഴിയുന്ന കുടുംബമായിരുന്നു. കൊല്ലത്തിൽ  ആറു മാസം ഇവിടെയും 
ആറ് മാസം നീല ഗിരിയുടെ താഴ് വരയിലും . അങ്ങിനെയിരിക്കെ കഴിഞ്ഞ മാസം 12 ന് 15 വയസ്സുള്ള മകൻ ചന്ദ്രശേഖരനെ കാണാതായി. പല സ്ഥലത്തും തെരഞ്ഞു. പൊലിസിൽ പരാതി നല്കി.
ഒരു മാസം കഴിഞ്ഞു. ഒരു വിവരവും ലഭിച്ചില്ല . ഒടുവിലാരോ പറഞ്ഞാണ് പ്രസ്സ് ക്ലബിൽ എത്തിയത്. നടന്ന കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞിട്ടും മതി വരാത്ത മട്ടിലായിരുന്നു അയാൾ .
നീലഗിരിയിൽ നിന്ന് താഴേക്ക്‌ പതിച്ച അരുവി പോലെ രാജേന്ദ്രന്റെ കണ്ണുകളിൽ നിന്ന് പ്രവാഹം 
ഉണ്ടായി. വരണ്ട കണ്ണുകൾ എത്ര പെട്ടന്നാണ് തടാകമായത്. ഒരു ചുഴലി കാറ്റിൽ അകപ്പെട്ട പോലെ 
രാജേന്ദ്രൻ നിന്നു തിരിഞ്ഞു . മകന്റെ നിറം മങ്ങിയ ഫോട്ടോ എനിക്ക് തന്നു. ഞാൻ അതിലേക്കു നോക്കി. വാർത്ത കൊടുക്കാം എന്നും മകൻ ഉടനെ തിരിച്ചു വരും എന്നും ഞാൻ പറഞ്ഞു.അയാൾ  കൈ 
കൂപ്പിയും താണു വണങ്ങിയും നടന്നകന്നു. വാർത്ത‍യോടൊപ്പം ചിത്രം ചേർത്ത് വെച്ചപ്പോൾ എന്റെ 
ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞതും മദ്രാസിലേക്ക് ഒളിച്ചോടിയ 
ഞാൻ തന്നെ അല്ലെ ഇവൻ .അതെ. ബാല്യം എന്റെ മുന്നില് വീണ്ടും ഉയിർത്ത് എണീക്കുകയാണ് .

Sunday, 16 March 2014

കഥ /.എലിയുടെ വീട്

എലിയുടെ വീട്
----------------
എലിയുടെ വീട്ടിലായിരുന്നു അലി താമസിച്ചിരുന്നത്. വീട്ടിൽ എത്ര എലികളുന്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ
അലിക്ക് കഴിഞ്ഞിരുന്നില്ല. രാവും പകലും എലികളുടെ വിളയാട്ടമായിരുന്നു. എലിയെ എങ്ങിനെ പിടി കൂടാം
എന്ന ഗവേഷണത്തിലായിരുന്നു അലിയുടെ ഭാര്യ. പല വിദഗ്ധരും ഉപായങ്ങൾ നിരത്തി.എല്ലാം പ്രയോഗിച്ചു.
ഒന്നും ഫലം കണ്ടില്ല. ശർക്കര തിളപ്പിച്ച്‌ പാവുണ്ടാക്കി. അതിൽ പഞ്ഞി മുക്കി ഗുളിക ഉണ്ടാക്കി. എലി പഞ്ഞി
മിഠായി തിന്നു വെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയുണ്ടോ മിഠായി എന്ന ചോദ്യ ഭാവത്തോടെ എലികൂട്ടം
അലിയെ നോക്കി പരിഹസിച്ചു. വീട്ടിലുള്ള പുസ്തകമെല്ലാം എലി തിന്നു തീർത്തു. ലാപ്ടോപിന്റെ കേബിളും
വൈദ്യുതി വയറുകളും എലി മുറിച്ചിട്ടു.അലിക്കും ഭാര്യക്കും ജീവിതം വഴി മുട്ടി. മൂന്നു എലി കെണികളും തുരുമ്പിച്ചു. തക്കാളി, തേങ്ങാ പൂള് ,
ഉണക്ക മീൻ തുടങ്ങിയ ഇരകൾ എല്ലാം എലികൂട്ടം കെണിയിൽ പെടാതെ തിന്നു കൊണ്ടിരുന്നു. എലി കെണി
പരാജയമായതോടെ ഇനി എന്ത് ചെയ്യും എന്നായി അലിയുടെ ചിന്ത. ഒരു ദിവസം ഒരു കുഞ്ഞനെലി കെണിയിൽ
കുടുങ്ങി. പെരുത്ത സന്തോഷത്തോടെ അലിയുടെ ഭാര്യ കെണി എടുത്തു ഒരു ബക്കറ്റ് വെള്ളത്തില മുക്കി.
ഒരു മണി നേരം കഴിഞ്ഞു കാണും. ശവ സംസ്കാരത്തിന് കുഴി കുത്തി. ഇനി കുഴിച്ചിടാം. കെണിയുടെ കതക്
തുറന്നു. ഒറ്റ ചാട്ടം. ചത്തെന്നു കരുതിയ എലി ചിലച്ചു കൊണ്ട് ചാടി ഓടി. വീണ്ടും പുരപ്പുറത്തു കയറി
കുടുംബത്തെ വിളിച്ചു. .പൊടുന്നനെ പുരപ്പുറമാകെ മൂഷിക സേന നിറഞ്ഞു. അവരുടെ നേതാവായി
മാര്ജ്ജാരനും. അവരോരുമിച്ചു ഓടു കുലുക്കി. ചുമരും കഴുക്കോലും പട്ടികയും കീഴടക്കി. ഇപ്പോൾ എലിക്കൂട്ടിൽ
അലിയും ഭാര്യയും പിന്നെ പഞ്ഞി മിഠായിയും. എലിയുടെ വീട്ടിൽ പഞ്ഞി മിഠായി തിന്നു അലി എഴുതുകയാണ്.
മൂഷിക പുരാണം തുടർ കഥ.

Saturday, 15 March 2014

കവിത / സംഭവിച്ചത്

സംഭവിച്ചത് 
----------------

പുലർകാലെ കണ്ടത് 
പുതിയൊരു സ്വപ്നം 
പുഴയും ചുഴിയും 
പനയും മലയും 
അണ പൊട്ടിയ പോലെ 
മാനം തൊട്ടതു കാണെ 
ഉള്ളു കിടുങ്ങി 
ഉടലു നടുങ്ങി 
ഉലകം മുഴുവൻ 
ഉരലായ് പൊങ്ങി 
ഇരുളിൽ മുങ്ങി 
പുലർ കാലെ കണ്ടത് 
കിടിലൻ സ്വപ്നം 
ഹെന്തൊരു സ്വപ്നം .


Friday, 14 March 2014

കവിത / പ്രണയം

പ്രണയം 
---------

ചിത്ത ഭ്രമം ബാധിച്ച
എന്ടെ പ്രണയത്തിന്
പ്രായം പതിനേഴ്‌ ...
കണ്മുന നീട്ടി , ചുണ്ടു വിടര്ത്തി ,
കിന്നരി തലപ്പാവുമായി വന്ന പ്രണയം
ഇടവഴിയിലും പെരുവഴിയിലും
കാത്തു നിന്നു .
പ്രണയാര്ധനനായി ,
പരവശനായി
സ്വപ്നാടകനായി അലയവെ
ഉള്ളിലുറഞ്ഞ ഹിമ കണങ്ങൾ തിരയടിച്ചു .
അപ്പോൾ പ്രണയം എന്നോട് കയർത്തു ...
ചിരിക്കാനറിയാത്ത കൃശ ഗാത്ര കീടമേ
നിനക്കുള്ളതല്ല പ്രണയം
വഴി മാറുക , മിഴി മൂടുക
വിട ചൊല്ലിടട്ടെ മൂകം ....