നീല ഗിരിയുടെ വിലാപം
-----------------------------------
പതിവു പോലെ വൈകുന്നേരം പ്രസ്സ് ക്ലബിൽ ഇരിക്കുമ്പോൾ തീരെ പരിചയമില്ലാത്ത ഒരാൾ
കടന്നു വന്നു. മെലിഞ്ഞ ശരീരം . ഉണങ്ങിയ കൈ കാലുകൾ . വരൾച്ച ബാധിച്ച കണ്ണുകൾ .
ഒറ്റ നോട്ടത്തിൽ തമിഴനാണെന്ന് മനസ്സിലായി. വണക്കം സാർ എന്ന് പറഞ്ഞ് വന്ന കാര്യത്തിലേക്ക്
മുഖവുര കൂടാതെ കടന്നു. ഗൂടല്ലൂർ ജില്ലയിലെ ഗുണ മംഗലം കാട്ടു മന്നാർ കോയിലിനു സമീപം
താമസിക്കുന്ന രാജേന്ദ്രൻ ആണ് ഇയാൾ . കുറച്ചു കാലമായി പട്ടാമ്പിയിലാണ് കുടുംബ സമേതം
കഴിയുന്നത്. ഗവ.ആശുപത്രിയുടെ അടുത്തുള്ള വാടക വീട്ടില് ഭാര്യയും മക്കളും ഒത്തു കൂലി വേല
ചെയ്തു അല്ലലില്ലാതെ കഴിയുന്ന കുടുംബമായിരുന്നു. കൊല്ലത്തിൽ ആറു മാസം ഇവിടെയും
ആറ് മാസം നീല ഗിരിയുടെ താഴ് വരയിലും . അങ്ങിനെയിരിക്കെ കഴിഞ്ഞ മാസം 12 ന് 15 വയസ്സുള്ള മകൻ ചന്ദ്രശേഖരനെ കാണാതായി. പല സ്ഥലത്തും തെരഞ്ഞു. പൊലിസിൽ പരാതി നല്കി.
ഒരു മാസം കഴിഞ്ഞു. ഒരു വിവരവും ലഭിച്ചില്ല . ഒടുവിലാരോ പറഞ്ഞാണ് പ്രസ്സ് ക്ലബിൽ എത്തിയത്. നടന്ന കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞിട്ടും മതി വരാത്ത മട്ടിലായിരുന്നു അയാൾ .
നീലഗിരിയിൽ നിന്ന് താഴേക്ക് പതിച്ച അരുവി പോലെ രാജേന്ദ്രന്റെ കണ്ണുകളിൽ നിന്ന് പ്രവാഹം
ഉണ്ടായി. വരണ്ട കണ്ണുകൾ എത്ര പെട്ടന്നാണ് തടാകമായത്. ഒരു ചുഴലി കാറ്റിൽ അകപ്പെട്ട പോലെ
രാജേന്ദ്രൻ നിന്നു തിരിഞ്ഞു . മകന്റെ നിറം മങ്ങിയ ഫോട്ടോ എനിക്ക് തന്നു. ഞാൻ അതിലേക്കു നോക്കി. വാർത്ത കൊടുക്കാം എന്നും മകൻ ഉടനെ തിരിച്ചു വരും എന്നും ഞാൻ പറഞ്ഞു.അയാൾ കൈ
കൂപ്പിയും താണു വണങ്ങിയും നടന്നകന്നു. വാർത്തയോടൊപ്പം ചിത്രം ചേർത്ത് വെച്ചപ്പോൾ എന്റെ
ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞതും മദ്രാസിലേക്ക് ഒളിച്ചോടിയ
ഞാൻ തന്നെ അല്ലെ ഇവൻ .അതെ. ബാല്യം എന്റെ മുന്നില് വീണ്ടും ഉയിർത്ത് എണീക്കുകയാണ് .
No comments:
Post a Comment