Sunday, 30 March 2014

കുഞ്ഞിരാമന്റെ കഥ

കുഞ്ഞിരാമന്റെ കഥ
---------------------
ഒരു പാവത്താനായിരുന്നു കുഞ്ഞിരാമൻ . മല നാട്ടിലെ ഒരു ഓണം കേറാ മൂലയിലായിരുന്നു താമസം.
അല്പ്പസ്വല്പ്പം കൃഷിയും കാലി മേക്കലുമായി കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങിനെ ഇരിക്കെയാണ്
നാട്ടിലാകെ വോട്ടു കാലം പൊട്ടി വീണത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് പിന്നീട്
സാധാ വോട്ടറായ കുഞ്ഞിരാമന്റെ ജീവിതത്തിലുണ്ടായത്. അന്തി മയങ്ങും നേരത്ത് ഒരു കൂട്ടം ആളുകള്
കുഞ്ഞിരാമന്റെ വീട് തേടി വന്നു. അന്നേരം കെട്ടിയോള് ചീത പെണ്ണ് മാത്രമേ ഉമ്മറത്ത് ഉണ്ടാർന്നൊള്ളൂ .
വന്നവര് വന്ന കാര്യം ഓളോടു പറഞ്ഞില്ല. കുട്ട്യോളെ പാടത്തേക്ക് ഓടിച്ച് കുഞ്ഞിരാമനെ കയ്യോടെ പിടികൂടി വന്നവരുടെ മുന്നിലെത്തിച്ചു. വന്നവര് മൂപ്പരെ കെട്ടിപ്പിടിച്ച് സ്വകാര്യം പറേണത്‌ കണ്ടപ്പൊ ചീത പെണ്ണിന്
നാണം മുട്ടി. സംഗതി അറിഞ്ഞപ്പോഴാവട്ടെ കുഞ്ഞിരാമനും പെണ്ണിനും ആകെ ബേജാറായി. ഇന്നേവരെ സ്വപ്നം കാണാത്ത ഒരു മഹാ ഭാഗ്യമാണ് പടി കടന്നു വന്നിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ കുഞ്ഞിരാമൻ സ്ഥാനാർഥി ആവണം. അതും അപരനാവണം. ചോദിക്കുന്ന പണം തരും. നിന്ന്
കൊടുത്താൽ മതി. പിന്നെ കാര്യങ്ങളൊക്കെ വന്നവര് നോക്കി ക്കോളും  പത്തു ചക്രം കിട്ടുന്ന പണിയല്ലേ എന്ന്
കരുതി കുഞ്ഞിരാമനും കെട്ടിയോളും സമ്മതിച്ചു . കുറെ കടലാസ്സിലെല്ലാം ഒപ്പ് ചാര്ത്തിക്കൊടുത്തു. അഡ്വാൻസ്
എണ്ണി വാങ്ങി പുതിയ പത്തു സ്വപ്നം കൂടി കണ്ടു ഇരുവരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി .പിറ്റേന്ന് പുലര്ന്നത് പുകിലോടെയാണ് . ഇന്നലെ വന്നവരുടെ എതിരാളികള് പടി കടന്നു വന്നത് ആക്രോശ ത്തോടെയാണ്. വന്നവര് പുലഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി. പത്രിക പിന്വലിച്ചേ പറ്റൂ എന്നായി.ലോകമെങ്ങും
അറിയപ്പെടുന്ന സാക്ഷാൽ കുഞ്ഞിരാമാനെതിരെ മത്സരിക്കാൻ എങ്ങിനെ ധൈര്യം വന്നൂ എന്നായിരുന്നു ചോദ്യം .
പാവം കുഞ്ഞിരാമനും ചീത പെണ്ണും ആകെ ഭയന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി. വിവരം എങ്ങിനയോ അറിഞ്ഞു ഇന്നലെ വന്നവര് ഓടിയെത്തി . വീട്ടു മുറ്റത്ത് ആകെ ബഹളം. നാട്ടുകാര് മുഴോനും അപരനെ കാണാനെത്തി. കുഞ്ഞിരാമനും കെട്ടിയോളും അന്നേരം അനുഭവിച്ച ധർമ സങ്കടം ഒരു പുരാണത്തിലും തെരഞ്ഞു നോക്കിയാൽ കണ്ടെത്താനാവില്ല .കുഞ്ഞിരാമാനെന്നു പേരിട്ടു വിളിച്ച അച്ഛനെയും
അമ്മയെയും ആദ്യമായി ശപിച്ചു. വന്നവർ ഇരു കൂട്ടരും ഒറ്റക്കെട്ടായി കുഞ്ഞിരാമന്റെ നേരെ ബാണങ്ങള് തുരു തുരാ എയ്തു .ഒടുവിൽ ഇന്നലെ വാങ്ങിയ തുക തിരിച്ചു കൊടുത്തു . പകരം ഒപ്പിട്ടു നല്കിയ കടലാസ് കുഞ്ഞിരാമന്റെ മുഖത്തേക്ക് നീട്ടി എറിഞ്ഞു വന്നവര് ഭൂമി കുലുക്കി പടി കടന്നു. അപ്പോഴാണ്‌ തെരഞ്ഞെടുപ്പിനെ
ക്കുറിച്ചും ജനാധിപത്യ പ്രക്രിയയെ കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാട് ഉണ്ടായത്. പക്ഷെ അപ്പോഴേക്കും
കുഞ്ഞിരാമൻ അപരനായി മാറിയിരുന്നു. ഇപ്പോൾ കുഞ്ഞിരാമൻ അറിയപ്പെടുന്നത് തന്നെ അപരൻ എന്നാ പേരിലാണ്

No comments: