Thursday, 3 April 2014

ഒരു പെണ്‍കുട്ടി കരയുന്നു പിന്നെയും ...

ഒരു പെണ്‍കുട്ടി  കരയുന്നു പിന്നെയും ...
----------------------------------------
കഴിഞ്ഞ ദിവസം കണ്ടൊരു കാഴ്ച്ചയാണ് . കോളജ് സ്റ്റോപ്പിലെ  ഉങ്ങ് മര ചുവട്ടിൽ മൂന്നു പെണ്‍കുട്ടികൾ
നില്ക്കുന്നു. അതിലൊരു മെലിഞ്ഞ പെണ്‍കുട്ടി തേങ്ങി തേങ്ങി കരയുന്നു. കൂട്ടുകാരികൾ അവളെ
ആശ്വസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.  തൊട്ടടുത്തുള്ള കട വരാന്തയിൽ നിന്നിരുന്ന ഞാൻ ഈ കാഴ്ച്ച
സുഹൃത്തിനു കാട്ടിക്കൊടുത്തു. കുട്ടിക്ക് വല്ല അസുഖമോ മറ്റോ ആണെങ്കിൽ ആശുപത്രിയിലേക്ക് പോകാനുള്ള
സൗകര്യം ചെയ്തു കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കരയുന്ന കുട്ടിയുടെ കൂട്ടുകാരിയെ ഞാൻ മാടി വിളിച്ചു.
ആ കുട്ടി ഓടി വന്നു. എന്തിനാണ് കൂട്ടുകാരി  കരയുന്നത് എന്ന് ഞാൻ ചോദിച്ചു.അവളാവട്ടെ കാര്യം പറയാൻ
മടിച്ചു.വീട്ടില് അച്ഛനോ അമ്മക്കോ വല്ല അസുഖവും ? ഉടനെ വീട്ടിലെത്തിക്കണോ ? പറയാൻ മടിക്കേന്ടെന്നു
ഞാനാവർത്തിച്ച് പറഞ്ഞു. കാര്യം പറഞ്ഞാല് ഏട്ടൻ ചിരിച്ചു മണ്ണ് കപ്പും എന്നായിരുന്നു അവളുടെ മറുപടി.
അതും പറഞ്ഞ് അവളോടിപ്പോയി.അപ്പോഴാണ്‌ സംഗതിയുടെ പൊരുള് പിടി കിട്ടിയത്. അവളുടെ അടുത്തേക്ക് ഒരു പയ്യൻ ബൈക്കോടിച്ചു വരുന്നത് കണ്ടു. അവര് തമ്മിലല്പ്പ  നേരം സംസാരിക്കുന്നതും കണ്ടു.ഡിഗ്രി ഫൈനൽ സെമസ്റ്റെർ കഴിഞ്ഞു പിരിയുന്നതിന്റെ വിരഹ വേദനയാണ് അവളുടെ കരച്ചിലിന്
കാരണമെന്നു ഞങ്ങൾക്ക് അല്പം വൈകിയാണ് മനസ്സിലായത്. കൂട്ടുകാരൻ വന്നു സംസാരിച്ചപ്പോഴേക്കും
അവളുടെ കരച്ചിൽ നിലച്ചു. ഇതിനു സമാനമായ മറ്റൊരു കരച്ചിൽ എന്റെ ഓർമയിലേക്ക് ഒഴുകിയെത്തി.
മൂന്നര പതിറ്റാണ്ട് മുമ്പ് കോവൈ നവാബ് ഹക്കീം റോഡിലെ ഒരു ഗല്ലിയിൽ നിന്നാണ് ആ കരച്ചിലുയർന്നു
കേട്ടത്. നാഷണൽ കോളജിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒരു 18 കാരനെ യാത്രയാക്കുന്ന
ചടങ്ങിലാണ് അയൽക്കാരിയായ 15 കാരി ആർത്തലച്ചു കരഞ്ഞത്. കുറച്ചു കാലം അവൾ അവന്റെ ശിഷ്യയായിരുന്നു .കണക്കും ആംഗലേയവും  പഠിപ്പിച്ച ബന്ധം. കൗമാര സ്വപ്നങ്ങൾക്ക് ചിറകു വിടരുന്ന
കാലം. വേർപ്പാട് വേദന തന്നെയാണ്.അത് എന്നെന്നും നൊമ്പരപ്പെടുത്തുന്ന മുറിവാണ്.പിന്നീട് ഒരിക്കലും
കണ്ടിട്ടില്ലെങ്കിലും അന്നത്തെ 18 കാരന്റെ മനസ്സിലിപ്പൊഴും ഒരു പ്രാവിന്റെ കുറുകലുണ്ട്.

No comments: