Monday, 14 April 2014

തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ .

 തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ ...
--------------------------------------------
സമയം : പ്രഭാതം
സ്ഥലം : പോളിംഗ് ബൂത്ത്‌
നീണ്ട വരി . ആണും പെണ്ണും കൂട്ടി മുട്ടാതെ കടന്നു പോകാൻ നടുവിലായി ടസ്കും ബഞ്ചും വെച്ചൊരു
ബാരികേട് . ആണ്‍ വരിയിൽ നില്ക്കുന്ന ഗ്രാമത്തിന്റെ സ്വന്തം കവി ബോറടി മാറ്റാൻ കവിതയുടെ കെട്ടഴിച്ചു:
" വരി നിന്നു ,വരി നിന്നു / വരിയുടഞ്ഞു പോയവർ / വരികയാണ് , വരികയാണ് / വിരലിൽ മഷി പുരട്ടുവാൻ "
അത് കേട്ടതും കാവൽ നിന്ന പോലിസ് ഏമാൻ വിലക്കി: "ഇവിടെ രാഷ്ട്രീയം പാടരുത് ". അപ്പോൾ കവിയുടെ സുഹൃത്ത് ചോദിച്ചു: "പറയാമോ സാർ ..." . ഏമാൻ കണ്ണുരുട്ടി : " പാടില്ലാ ..രാഷ്ട്രീയം പാടില്ല "
കവി പ്രതികരിച്ചു: " സാറെ , വോട്ടെടുപ്പും രാഷ്രീയ പ്രവർത്തനമല്ലേ ..അപ്പൊ അതും അരുതെന്ന് പറഞ്ഞൂടെ?". ഏമാൻ ഒന്നും പറയാതെ അപ്പുറത്തേക്ക് നടന്നു.
രംഗം : രണ്ട് .
പതിവ് പോലെ സ്വീപ്പർ മുറ്റമടിക്കാൻ ചൂലുമായി എത്തി. അത് കണ്ടതും ബൂത്ത്‌ ഏജെന്റിനു കോപം വന്നു: "പോ ...പോ..ഇവിടെ ചിന്ഹം കൊണ്ടുള്ള കളി വേണ്ടാ ...".സ്വീപ്പറിന് സംഗതി പിടി  കിട്ടി. കെജരിവാളിന്റെ ആയുധം വലിച്ചെറിഞ്ഞ് ആ സ്ത്രീ സ്ഥലം വിട്ടു.
രംഗം: മൂന്ന് .
ബൂത്ത്‌ എജെന്റ് മേല്പോട്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി . തന്റെ എതിർ കക്ഷിയുടെ തെരഞ്ഞെടുപ്പു ചിന്ഹം അതി വേഗം കറങ്ങുന്നു. നിയമ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവത്തോടെ
അയാള് എണീറ്റു . " സാറെ, പോളിംഗ് നിർത്തണം ...സീലിംഗ് ഫാൻ അഴിച്ചു മാറ്റാതെ വോട്ടെടുപ്പ് നടത്താൻ
പറ്റില്ല." പ്രിസൈഡിംഗ് ഓഫിസർക്കു ആപത്ത് ബോധ്യമായി. ഒരു സ്ഥാനാർഥിയുടെ ചിന്ഹം ബൂത്തിൽ
പ്രദർശിപ്പിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തിയാൽ കോടതി കയറേണ്ടി വരും. ഉടനെ ആളെ വിട്ട്
എലെക്ട്രീഷനെ വരുത്തി ഫാൻ അഴിച്ചെടുത്തു. കപ്പും സോസറും , ടംബ്ലറും ചിന്ഹമായതു കൊണ്ട്
വെള്ളവും ചായയും വേണ്ടെന്നു വെച്ചു . ഉപവാസം ശീലിക്കാൻ പഠിപ്പിച്ച തെരഞ്ഞെടുപ്പു
കമ്മീഷന് നന്ദി പറഞ്ഞ് ജീവനക്കാർ വൈകുന്നേരം ആറു മണി വരെ ഉമിനീര് കുടിച്ചു.
രംഗം : നാല് .
ചക്കി തള്ള വിറച്ചു വിറച്ചാണ് ബൂത്തിലെത്തിയത്. വെയിലത്ത്‌ നിന്ന് വന്നതു കൊണ്ട് വോട്ടു മുറിയിൽ
ഇരുട്ടു കൂട് കെട്ടിയത് പോലെ തോന്നി. യന്ത്ര പലകയിലെ ചിന്ഹങ്ങളൊന്നും കണ്ണിൽ തെളിഞ്ഞില്ല.
ഏതോ ഒരു ഭാഗത്ത് വിരലമർത്തി ബീപ് കേട്ടപ്പോൾ ചക്കി തള്ള ഒന്നു ഞെട്ടി. വിരലമർന്നതു നോട്ടക്കാണെന്ന്
യന്ത്രത്തിന് മനസ്സിലായെങ്കിലും ചുമന്നു കൊണ്ട് വന്ന പാർടി പ്രവർത്തകനു അക്കിടി തിരിച്ചറിയാൻ
സാധിച്ചില്ല. ഒരുപാട് വിരലുകൾ നോട്ടയിൽ പതിഞ്ഞപ്പോൾ സ്വതന്ത്രനെ പിന്നിലാക്കിയ സംതൃപ്തിയിൽ
അസാധു ഊറി ചിരിച്ചു.
രംഗം:   അഞ്ച് .
യന്ത്ര പലകയിൽ പല വട്ടം തെരഞ്ഞിട്ടും കൈപ്പത്തി കാണാതായപ്പോൾ മാധവി നേശ്യാർക്ക് സങ്കടവും കോപവും വന്നു. ഒടുവിൽ താമരയിതളിൽ വിരലോടിച്ച് കലിപ്പ് തീർത്തു . കൂടെ വന്ന നീലി തള്ളയാവട്ടെ
കൊയിത്തരിവാളും കതിരും കാണാഞ്ഞ് പിണങ്ങി നിന്നു . ബീപ് കേൾക്കാതായപ്പോൾ പോളിംഗ്
ഓഫിസർ ഇടപെട്ടു. ഒടുവിൽ നീലിയുടെ വോട്ടും വേലിപ്പുറത്തായി .മനപ്പടി ഉണ്ണാമന്റെ കണ്ണിൽ യന്ത്ര പലക
ആധാറിന്റെ രൂപത്തിലാണ് അവതരിച്ചത്. പോസ്റ്റ്‌ മാൻ വീട്ടിലെത്തിച്ചിരുന്ന വാർദ്ധക്യ പെൻഷൻ ബാങ്കിലേക്ക്
മാറ്റിയ നടപടി ഓർത്തപ്പോൾ ഉണ്ണാമന്റെ മനസ്സില് കോപം ഇരച്ചെത്തി. അന്ന് മുതൽ ആ വയോധികന്റെ
മനസ്സില് വൈരം കത്തുകയായിരുന്നു. ആ കലിപ്പ് തീർക്കാൻ ഉണ്ണാമൻ കുത്തിയത് അപരന്റെ ചിന്ഹത്തിലായിരുന്നു . വിളക്കതല പാറു അമ്മയുടെ നെഞ്ചിലെരിഞ്ഞത് പാചക വാതകമായിരുന്നു.
മൂന്നിരട്ടി തുക രൊക്കം കൊടുത്ത് സബ്സിഡി വാങ്ങാൻ ബാങ്കിൽ പോയി വരി നിന്ന് മടുത്തതിന്റെ
രോഷം നുരഞ്ഞു പൊങ്ങിയപ്പോൾ പാറു അമ്മ ആഞ്ഞു കുത്തിയത് ഗ്യാസ് സിലിണ്ടറിന്റെ നെഞ്ഞിലായിരുന്നു.
രംഗം: ആറ്
സമയം: സായാഹ്നം
സ്ഥലം: പോളിംഗ് ബൂത്തിന്റെ സമീപം
വോട്ടു പെട്ടികൾ ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നത് കാണാം. ഉദ്യോഗസ്തരും പോലീസുകാരും ബൂത്ത്‌ ലവൾ
ഓഫീസർമാരും സ്ഥലം വിടാനുള്ള തത്രപ്പാടിലാണ്. അതിനിടയിൽ മരച്ചുവട്ടിൽ ഒരു സംഘം ആളുകൽ വാതു
വെക്കുന്ന തിരക്കിലാണ്. "വാളോ വിളക്കോ ? / ഉരലൊ മലരോ? / ശശിയോ മഷിയോ ?/ കണ്ണനോ തൊണ്ണനോ?/  രാജനോ വീരനോ ? /  ബഷീറോ നസീറോ ? / "....
ആര് ജയിക്കും ? ആര് തോല്ക്കും ? വെയ് രാജാ വെയ് ....ഒരു ലക്ഷം ...രണ്ടു...മൂന്ന് ...
നവ ലിബറൽ ജനാധിപത്യത്തിന്റെ പുതു വാതായനങ്ങൾ തുറക്കപ്പെടുകയാണ്.
ഓഹരി കമ്പോളത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത സാധാരണക്കാരന്റെ നിക്ഷേപം ഇതൊക്കെയാണല്ലോ .


 .


No comments: