മാലിന്യം നിറഞ്ഞ് നിള / പുഴയെ രക്ഷിക്കാൻ കർമ പദ്ധതി വേണം
-----------------------------------------------------------------------------------------------------------------
നിളാ നദി മാലിന്യത്തിൽ മുങ്ങുന്നു. ഇരു തീരങ്ങളിൽ നിന്നും ഒഴുകി എത്തുന്ന മലിന ജല പ്രവാഹമാണ് പുഴയെ നശിപ്പിക്കുന്നത്. പട്ടാമ്പി ടൗണിലെ അഴുക്കു ചാലുകളെല്ലാം ചെന്ന് വീഴുന്നത് പുഴയിലാണ്. ഹോട്ടൽ മാലിന്യങ്ങളും, അറവു മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും ആശുപത്രി വേസ്റ്റും ഇപ്പോൾ ഏറ്റു വാങ്ങുന്നത് സർവ്വം സഹയായ നിളയാണ്. രാജ്യമൊട്ടുക്കും ശുചിത്വ സന്ദേശം അലയടിക്കുന്ന സമയത്താണ് യാതൊരു നിയന്ത്രണവുമില്ലാതെ പുഴ മലിനീകരിക്കപ്പെടുന്നത്. വർഷങ്ങൾക്കു മുമ്പ് കെ.ഇ. ഇസ്മയിൽ റവന്യു മന്ത്രിയായിരുന്ന സമയത്ത് ഭാരതപ്പുഴയെ മാലിന്യ മുക്ത മാക്കാൻ ലക്ഷ്യമിട്ട് പുഴയോരങ്ങളിൽ സ്ഥാപിച്ച ശുചീകരണ പ്ലാന്റുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. പട്ടാമ്പി പാലത്തിന്റെ ഇരുവശവും, ബസ് സ്റ്റാന്റ് പരിസരം, നമ്പ്രം റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ അഴുക്കു ചാലുകൾ പുഴയിൽ ചെന്നു വീഴുന്ന ഭാഗത്താണ് ശുചീകരണ പ്ലാന്റുകൾ സ്ഥാപിച്ചിരുന്നത്. പ്ലാന്റിൽ വീഴുന്ന മലിന ജലം പ്രകൃതി ദത്തമായ രീതിയിൽ ശുദ്ധീകരിച്ചാണ് പുഴയിൽ എത്തിയിരുന്നത്. എന്നാൽ പുഴയിലെ ശക്തമായ കുത്തൊഴുക്കിനെ ചെറുക്കാനുള്ള ശേഷി പ്ലാന്റുകൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ശുചീകരണം അധിക കാലം നടന്നില്ല.. ഇതിന്റെ തകർച്ച പൂർണ്ണമായതോടെ ടൗണിലെ സർവ്വ വിധ മാലിന്യങ്ങളും നേരിട്ട് പുഴയിൽ കലരുന്ന സ്ഥിതിയാണുള്ളത്. പട്ടാമ്പി ബസ് സ്റ്റാണ്ടിലെ കംഫർട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് പൊട്ടി പുഴയിലേക്ക് ഒഴുകുന്നത് നേരത്തെ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇത് വൻ വിവാദമായതോടെ അധികൃതർ ഉണരുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അവശിഷ്ടം പുഴയിൽ എത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. അതിനു പിറകെയാണ് പുഴയോരത്തുള്ള സ്വകാര്യ ആശുപത്രി മാലിന്യം പുഴയിൽ ഒഴുകി എത്തുന്നത് നാട്ടുകാർ ഇപ്പോൾ കണ്ടെത്തിയത്. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്തർ പുഴയോരം സന്ദർശിച്ച് വസ്തുത ബോധ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഒരു പെട്ടിക്കട തുടങ്ങാൻ പോലും നൂറു കൂട്ടം നിബന്ധനകൾ നിഷ്കർഷിക്കുന്ന അധികാരികൾ
ചിലരുടെ സ്വാർത്ഥ താൽപര്യങ്ങളുടെ മുന്നിൽ മുട്ടു മടക്കുന്നതുകൊണ്ടാണ് ഒരു നാടിന്റെ തന്നെ ആരോഗ്യം അപകടത്തിലാവുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിൽ വർഷം മുഴുവൻ വെള്ളം സംഭരിച്ചു നിർത്തുന്നതിനാൽ പുഴയിൽ കലരുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ പുഴയിൽ
കോളിഫാം ബാക്റ്റീരിയയുടെ അളവ് ക്രമാതീതമായി കൂടുതലാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇപ്പോഴാവട്ടെ ഇടയ്ക്കിടെ സംഭരണിയിലെ വെള്ളം തുറന്നു വിട്ടാണ് മലിന ജലം പുറന്തള്ളുന്നത്. വെള്ളം കുറയുന്ന സമയത്താണ് തീരങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന മലിന ജലം നാട്ടുകാര്ക്ക് കാണാൻ സാധിക്കുന്നത്. നിളയുടെ നെഞ്ചു തുരന്ന് എടുക്കുന്ന ശുദ്ധ ജലമാണ് ഇരുപതിൽ പരം പഞ്ചായത്തുകൾക്കും ഗുരുവായൂർ ടൌണ്‍ഷിപ്പിലേക്കും കുന്നംകുളം, ചാവക്കാട് നഗര സഭകളിലേക്കും കൊണ്ട് പോകുന്നത്. വെള്ളം അഴുകുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഹാനി സംഭവിക്കും. നിളയെ ശുദ്ധീകരിക്കാൻ ഗംഗാ നദി ശുദ്ധീകരണ പദ്ധതി പോലെ ബ്രുഹൃത്തായ കർമ പദ്ധതി ആവശ്യമാണ്. റിവർ മാനേജ്മെന്റ് ഫണ്ടിലാവട്ടെ കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ കിടക്കുന്നുണ്ട്.
നിളയെ വലിയൊരു അഴുക്കു ചാലാക്കി നശിപ്പിക്കണോ എന്നാണ് പ്രസക്തമായ ചോദ്യം.
No comments:
Post a Comment