Sunday, 1 June 2014

പുതിയ അധ്യയന വസന്തം വിടരുന്നു


വേനലവധിയും കളിചിരിയും കഴിഞ്ഞു. പുതിയ അധ്യയന വസന്തത്തിന്റെ തിങ്കൽക്കല തെളിഞ്ഞു.
മൂന്നു ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ അക്ഷര മധുരം നുണയാൻ വിദ്യാലയങ്ങളിൽ എത്തുന്നത്‌.
പുത്തനുടുപ്പും വർണ്ണ കുടയും പുസ്തക സഞ്ചിയുമായി സ്കൂളുകളിലെത്തുന്ന പൊന്നോമനകളെ വരവേൽക്കാനായി വിപുലമായ പ്രവേശന ഉത്സവമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ ആകെ 12524 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പാതിയിലേറെയും ( 7278 ) എയിഡഡ്  വിദ്യാലയങ്ങളാണ്.
4493 സർക്കാർ സ്കൂളുകളും , 863 അണ്‍ എയിഡഡ് വിദ്യാലയങ്ങളും ചേർന്നാൽ കേരളത്തിന്റെ അക്ഷര മുറ്റമായി. പുതിയ അധ്യയന വർഷം തുടങ്ങുന്ന സമയത്ത് എന്റെ ഓർമ്മകൾ പിറകോട്ടു പായുകയാണ്.
1965 ലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത്‌. സ്കൂൾ തുറന്ന ദിവസം ചാറ്റൽ മഴ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്ന് വർണ്ണ കുടയും മുതുകിൽ തൂക്കുന്ന ബാഗും ഒന്നും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് വിളിപ്പാടകലെയാണ് എന്റെ പള്ളിക്കൂടം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ആലിക്കുട്ടിയുടെ കൈ പിടിച്ചാണ്
എന്റെ സ്കൂൾ യാത്ര. അന്ന് ബാലവാടിയോ പ്രീ പ്രൈമറിയോ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ
നിന്നുള്ള ആദ്യത്തെ പ്രവാസമാണ് ക്ലാസ് മുറികളിൽ അനുഭവിക്കുന്നത്. അകന്നു പോകുന്ന അമ്മമാരെ നോക്കി
വാവിട്ടു കരയുന്ന കുട്ടികളായിരുന്നു ഓരോ ക്ലാസ്സിലും. ടീച്ചർമാർ കുട്ടികളെ ശാന്തരാക്കാൻ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആരും വഴങ്ങുന്നില്ല. പുറത്തു പെയ്യുന്ന മഴയെ തോൽപ്പിക്കാനെന്ന വണ്ണം കുട്ടികളുടെ കണ്ണീർ  ഒഴുകുകയാണ്. എന്റെ ക്ലാസ്സിൽ വന്നത് അപ്പുകുട്ടൻ മാഷായിരുന്നു. വളരെ സ്നേഹത്തോടെയാണ് മാഷ്‌ പെരുമാറിയത്. ആദ്യ ദിനത്തിൽ തന്നെ മാഷ്‌ ചോക്കെടുത്ത് ബോഡിൽ ആദ്യാക്ഷരം കുറിച്ചു. പിന്നെ തറ, പറ ,
പന , പത എന്നിങ്ങനെ ഉറക്കെ പറഞ്ഞു. ഇത്തരം പദങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്നതിനാൽ എല്ലാവരും കരച്ചിലിന് ഇടവേള കൊടുത്തു. അപ്പോഴേക്കും ഉച്ച മണി നീട്ടി മുഴങ്ങി. അതോടെ സ്കൂൾ വിട്ടു.
തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ അമ്പരപ്പായിരുന്നു. വീണ്ടും ഇങ്ങോട്ട് തന്നെ വരണമല്ലോ എന്നായിരുന്നു
ഓരോരുത്തരുടെയും ധർമ്മ സങ്കടം . കൂടെ കൂട്ടാൻ എത്താത്ത ആലിക്കുട്ടിയെയും നോക്കി സ്കൂൾ
മുറ്റത്ത്‌ കുടയില്ലാതെ നിൽക്കുമ്പോൾ പിറകെ ഒഴുകി നീങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ ഉന്തിയും തള്ളിയും തിരക്കിയും
നീങ്ങിയത് ഇന്നും ഓർമയിലുണ്ട് . പുതിയ തലമുറയ്ക്ക് ഓർത്തു വെക്കാൻ ഇത്തരം അനുഭവ ചിത്രങ്ങൾ
ഉണ്ടാവുമോ എന്ന് സംശയമാണ്. കാലവും കഥയും മാറി. സ്കൂളിനും കരിക്കുലത്തിനും മാറ്റം വന്നു.
ജീവിത സാഹചര്യവും ഭൗതിക അന്തരീക്ഷവും ഏറെ മാറി. അതുകൊണ്ടു തന്നെ പതിറ്റാണ്ടുകൾക്കു മുമ്പുള്ളവരുടെ  വിദ്യാലയ അനുഭവം പുതിയ തലമുറയിലുള്ളവർക്ക് കിട്ടാക്കനിയാണ് .
   

No comments: