Tuesday, 1 July 2014

വായനയുടെ വസന്തോത്സവം


വായനാശാലകളിലും വിദ്യാലയങ്ങളിലും ഇത്തവണ വായനാ ദിനാചരണവും വാരാഘോഷവും അതി
ഗംഭീരമായാണ് കൊണ്ടാടിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പുതുവായിൽ
നാരായണ പണിക്കരെ  ( പി.എൻ . പണിക്കർ ) അനുസ്മരിച്ചു കൊണ്ട് വൈവിധ്യമാർന്ന പരിപാടികളാണ്
എല്ലായിടത്തും അരങ്ങേറിയത്. പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്
ജർമൻ ചിന്തകനായിരുന്ന ബെർതോല്ട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്
തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട് . അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായന ശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന് പേരുള്ള
ഒരു ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ . കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും
പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിട്ടുള്ള ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു
ഞങ്ങളുടെ പ്രധാന ഹോബി. ദിന പത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന്
വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും അച്ചുതനും ഒരു പരിപാടിയിട്ടു. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായന ശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക്
കൃതികളുടെ വൻ ശേഖരം ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അതി സാഹസമാണ്.
തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക്
ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും
ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ഒരു മണിക്കൂർ
നടന്നാണ് വായന ശാലയിലെത്തുക . അലമാര പരതി ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുക്കും. ലെഡ്ജെരിൽ
ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തു മ്പോഴേക്കും  ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു
തന്നെ പുസ്തകം വായിച്ചു തീർക്കും . പിറ്റേന്ന് യാത്ര ആവർത്തിക്കും . ഒരു ദിവസം ഒരു പുസ്തകം
വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. റേഷൻ കടയിലും പല ചരക്കു കടയിലും
അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി ( പൂള വട്ട് ) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ .
അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു.
അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു . അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.


No comments: