ന്യൂ ജനറേഷൻ കാലത്ത് ആർക്കും വേണ്ടാത്ത ഒരു സാധനം ഏതെന്ന് ചോദിച്ചാൽ ഗ്രീറ്റിങ്ങ് കാർഡ് എന്നാണ് ഉത്തരം.
ഒരു സീസണിൽ തരാതരം വർണചിത്രങ്ങളും, ഹൃദ്യമായ സന്ദേശങ്ങളും ആലേഖനം ചെയ്ത ആയിരക്കണക്കിന് ആശംസാ കാർഡുകൾ വിറ്റ് ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന ഒരു വ്യാപാരിയുടെ പരിദേവനമാണ് മുകളിൽ പറഞ്ഞത്.
ഇത്തവണ നബിദിനവും, ക്രിസ്മസും, തിരുവാതിരയും, പുതുവർഷവും ഒരുമിച്ചു വന്നിട്ടും വിപണിയിൽ നക്ഷത്ര പ്രകാശമോ, നിലാവിൻെറ പൊന്നൊളിയോ, ആതിരയുടെ കുളിരലയോ, പുതിയ പ്രതീക്ഷയുടെ നുറുങ്ങു വെട്ടമോ കണ്ടില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പത്ത് രൂപ മുതൽ നൂറു രൂപ വരെ വിലയുള്ള കാർഡുകൾ ഓരോ ഗാലറിയിലും വാങ്ങാനാളില്ലാതെ പൊടി പിടിച്ച് കിടക്കുകയാണ്. തപാൽ ഓഫീസിലും ഈ മാന്ദ്യമുണ്ട്.
ഓരോ ഡിസംബറിലും തപാൽ പെട്ടിയിൽ കുമിഞ്ഞു കൂടിയിരുന്ന കാർഡുകൾ തരം തിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ട്. നാല്, അഞ്ച്, പത്ത് രൂപ വിലയുള്ള സ്റ്റാമ്പുകൾ ഓരോ തപാൽ ഓഫീസിലും കൂടുതൽ സ്റ്റോക്ക് ചെയ്യാറുണ്ട്. കൊച്ചു കുട്ടികൾ തൊട്ട് അപ്പനപ്പൂന്മാർ വരെ ആശംസ അയക്കാൻ തപാൽ ഓഫീസിൽ എത്താറുണ്ട്. എന്നാൽ വിവര സാങ്കേതിക വിദ്യയുടേയും ആധുനിക വാർത്താ വിനിമയ വളർച്ചയുടേയും, നവമാധ്യമങ്ങളുടെ ജനകീയവൽക്കരണത്തിൻേറയും ഫലമായി പഴയ ശീലങ്ങൾ പുതിയ ശൈലിയിലേക്ക് വഴിമാറിക്കഴിഞ്ഞു.
അതോടെ നഷ്ടപ്പെട്ട സംസ്കൃതികളുടേയും ഗൃഹാതുര സ്മരണകളുടേയും ഗണത്തിൽ ഗ്രീറ്റിങ്ങ് കാർഡുകളും ഇടംപിടിച്ചു.
ഇനി വരും തലമുറയോട് നമുക്ക് പറയേണ്ടി വരും , പണ്ടു പണ്ട് ആശംസ അയക്കാൻ ഗ്രീറ്റിങ്ങ് കാർഡ് എന്നൊരു സാധനം ഉണ്ടായിരുന്നുവെന്ന്.