Monday, 19 October 2015

സ്മൃതി സദസ്

സംസ്കൃത പണ്ഡിതനും സാഹിത്യാചാര്യനുമായിരുന്ന കെ.വി.എം. എന്ന കൈപ്പിള്ളി വാസുദേവ മൂസത് ഓർമയായിട്ട് ഇന്നേക്ക് അമ്പതാണ്ട്‌ തികഞ്ഞു. 
ആറ് പതിറ്റാണ്ട് കാലം സാഹിത്യത്തിൽ സജീവ സാന്നിധ്യമായിരുന്ന കെ.വി.എം. 150 ൽപരം ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. തിരുമിറ്റക്കോട് പഞ്ചായത്തിൽ എഴുമങ്ങാട് ദേശത്ത് 1888 ജൂണ്‍ 28 നാണ് അദ്ദേഹം ജനിച്ചത്‌. കൈപ്പിള്ളി ഇല്ലത്ത് ആര്യയുടേയും നീലകണ്ഠൻ മൂസതിന്റേയും മകനായി പിറന്ന കെ.വി.എം  പഠിച്ചത് വൈദ്യമാണെങ്കിലും കൊണ്ടുനടന്നത് സാഹിത്യമാണ്. മംഗളോദയം, വിജ്ഞാന ചിന്താമണി, സാഹിതി, വസുമതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സഹായിയായും, പത്രാധിപരായും പ്രവർത്തിച്ച കെ.വി.എം. നാല് കാവ്യ സമാഹാരവും, 19 നോവലും, 8 കഥാ സമാഹാരവും, 11 ഉപന്യാസ സമാഹാരവും, നാല് ജീവിത ചരിത്രവും, ഒരു ബാല സാഹിത്യ കൃതിയും, 
34 വ്യാഖ്യാനങ്ങളും, ആത്മ കഥയും ഇതര വിഭാഗങ്ങളിൽ ഏഴു കൃതികളും, ഒമ്പത് പരിഭാഷകളും അദ്ദേഹം കൈരളിക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്. ഇങ്ങിനെയൊക്കെയുള്ള ഒരു മഹാപ്രതിഭയെ ആരാണ് അക്കാലത്ത് തമസ്കരിച്ചത്? എന്തുകൊണ്ടാണ് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയത്?  ഈ ചോദ്യങ്ങളിൽ നിന്നാണ് ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയും, എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയും ചേർന്ന് ഇന്നലെ സ്മൃതി സദസ് സംഘടിപ്പിച്ചത്. ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ.സി.എം. നീലകണ്ഠൻ, ഡോ. പി.വി. രാമൻകുട്ടി, ഡോ. സി.പി. ചിത്രഭാനു, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, ടി.ടി. പ്രഭാകരൻ, ഡോ.കെ.ജി. പൗലോസ്, കൊടിക്കുന്ന് അച്യുതപിഷാരടി, എസ്. അഴഗിരി, ഡോ.ടി. ത്രിവിക്രമൻ, എം.ജി. ശശി, സിജോ പുറത്തൂർ, സി. രാജഗോപാൽ, ശ്രീജ, ടി.വി.എം. അലി തുടങ്ങിയ നിരവധി പേർ സ്മൃതി സദസ്സിൽ പങ്കെടുത്തു. കവിയരങ്ങും നടന്നു. കെ.വി.എമ്മിന്റെ സ്മരണ നില നിർത്തുന്നതിന് ആവശ്യമായ കർമ പദ്ധതികൾക്കും സംഘാടകർ രൂപം നൽകി. ഇത്തരമൊരു ഓർമപ്പെടുത്തൽ പരിപാടിക്ക് തുനിഞ്ഞിറങ്ങിയ വിനോദ് വയലി, കെ.കെ. പരമേശ്വരൻ, സി.പി. രാമൻ, വി. ഗിരീഷ്‌, സി. സേതുമാധവൻ, കെ.പി. വേലായുധൻ, 
കെ. വാസുദേവൻ മാസ്റ്റർ, പി. മൊയ്തീൻകുട്ടി മാസ്റ്റർ എന്നിവർ ഒരു നാടിന്റെ അഭിമാനവും 

ആദരവും അർഹിക്കുന്നു. കെ.വി.എമ്മിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

No comments: