Monday, 28 December 2015

~~~~~~~~~~~~~~~~~~~~~~ വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ - 2 ~~~~~~~~~~~~~~~~~~~~~~



ബസ് നിന്നത് കല്യാണ മണ്ഡപത്തിൻെറ മുന്നിൽ. ഭൂരിഭാഗം യാത്രക്കാരും അവിടെ ഇറങ്ങിയതോടെ നീരില്ലാ പുഴ പോലെയായി ബസ്. മണ്ഡപത്തിൻെറ മുന്നിൽ നിന്ന് നോക്കിയാൽ പുഴയിലെ നരച്ച കാട് കാണാം. എം.എസ്.എം. ഓഡിറ്റോറിയം എന്ന പേരിലുള്ള മണ്ഡപം പഴയ ശ്രീധർ ടാക്കീസായിരുന്നു. വിശ്വോത്തര സിനിമകൾ കൂടല്ലൂരിലെ ആസ്വാദകർക്ക് കാഴ്ച വെച്ച ശ്രീധർ ടാക്കീസിനുമുണ്ട് ദേശ ചരിത്രത്തിലൊരിടം. 1977 ലാണ് ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ വെള്ളി വെളിച്ചം ആദ്യമായി തെളിഞ്ഞത്. അന്ന് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന പാറകുളങ്ങര അപ്പുണ്ണി മേനോനാണ് പ്രചോദനമായത്. പഞ്ചായത്തിൻെറ വരുമാനം വർധിപ്പിക്കലായിരുന്നു ലക്ഷ്യം. മാഞ്ഞപ്ര കളത്തിൽ ശ്രീധരമേനോൻ, എം.ടി. ബാലൻ നായർ, ടി. പത്മനാഭൻ നായർ എന്നിവരുടെ കൂട്ടായ്മയിലാണ് ടാക്കീസ് ആരംഭിച്ചത്. ആദ്യ പ്രദർശനം 'മുരുകൻ' എന്ന കളർ പടമായിരുന്നുവെന്ന് പണ്ട് ബാലേട്ടൻ പറഞ്ഞതോർക്കുന്നു. 
ശ്രീധർ ടാക്കീസ് വരുന്നതിനു മുമ്പ് കൂടല്ലൂരിലെ സിനിമാ പ്രേമികൾ പൊന്നാനിയിൽ പോയാണ് ചലച്ചിത്രം കണ്ടിരുന്നത്. പിൽക്കാലത്ത് അതായത് 70 വർഷം മുമ്പ് കുമരനല്ലൂരിൽ, ഒരു ഓല കൊട്ടക ഉണ്ടായിരുന്നതായും പറഞ്ഞു കേട്ടിരുന്നു. ശ്രീധർ ടാക്കീസ് വന്നതോടെ പുഴയക്കരെയുള്ള പള്ളിപ്പുറത്തുകാർ തോണിയിൽ കൂടല്ലൂരിൽ വന്ന് സിനിമ കണ്ടിരുന്നു. 
അന്ന് കൂട്ടക്കടവ് പകലിരവ് സജീവമായിരുന്നു. തോണിയുടെ വരവും നോക്കി സിനിമ തുടങ്ങിയിരുന്ന കാലം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരുന്ന എല്ലാ സിനിമകളും, കൂടാതെ എം.ടി.യുടെ 'മൂടുപടം' മുതൽ 'ഒരു വടക്കൻ വീരഗാഥ' വരെയുള്ള മുഴുവൻ സിനിമകളും ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ മുത്തമിട്ടിരുന്നു. നിർമാല്യം സിനിമയിലെ വെളിച്ചപ്പാടിനെ കണ്ട് സ്ത്രീകൾ ബോധം കെട്ട സംഭവം പോലും കൂടല്ലൂരിലെ ദേശപുരാണത്തിലുണ്ട്. 
കഥ അങ്ങിനെയൊക്കെയാണെങ്കിലും, കെ.പി.എ.സി. യുടെ നാടകങ്ങൾക്കും സമ്മേളനങ്ങൾക്കും കല്യാണങ്ങൾക്കും ടാക്കീസ് വിട്ടുകൊടുത്തിരുന്നു. എന്നാൽ പുഴയിൽ ഒഴുകിപ്പോയ വെള്ളം തിരിച്ചു വരാത്തതുപോലെ കൂടല്ലൂരിൻെറ ദേശ പുരാണത്തിലും ഗതിമാറ്റം ഉണ്ടായി. നഷ്ടക്കണക്ക് മലവെള്ളമായപ്പോൾ ടാക്കീസ് ഓഡിറ്റോറിയമായി. 
ഇത് കൂടല്ലൂരിൻെറ മാത്രം കഥയല്ലെന്ന് മറ്റു ടാക്കീസുകളുടെ തിരോധാനത്തിലൂടെയും നാടറിയുന്നു. 
മനസ്സിൽ ഓടിയെത്തിയ ഫ്ലാഷ് ബേക്കിൻെറ ചുടുകാറ്റേറ്റുകൊണ്ടാണ് ഞങ്ങൾ സദ്യയുണ്ട് പുറത്തിറങ്ങിയത്.


No comments: