Saturday, 19 December 2015

ഇവിടെ ഇതാ ഒരാൾ ...

~~~~~~~~~~~~~~~~~~~~
പാട്ടിൻെറ പാലാഴിയിൽ 
കാവ്യ കേളിയുമായ് സത്യപാലൻ.
**************************************************

തമിഴിലും മലയാളത്തിലുമായി അറുനൂറോളം പാട്ടുകളും അമ്പതോളം കവിതകളും എഴുതിയ വല്ലപ്പുഴ ചെറുകോട് സ്വദേശി പുന്നശ്ശീരി വീട്ടിൽ സത്യപാലൻ (51) സർഗ്ഗ സോപാനത്തിൻെറ പടവുകൾ ചവിട്ടിക്കയറാനുള്ള ശ്രമത്തിലാണ്. പാട്ടിൻെറ പാലാഴിയിൽ കാവ്യ കേളി നടത്തുന്ന സത്യപാലനെ കൈപിടിച്ചുയർത്താൻ ആരും മുന്നോട്ടു വരാത്തതുകൊണ്ട് അദ്ദേഹം ഇന്നും കയ്യെഴുത്തു പ്രതിയുമായി വീട്ടിൽ തന്നെ കഴിയുകയാണ്. പാട്ടുപുസ്തകം അച്ചടിക്കാനോ, സി.ഡി. പുറത്തിറക്കാനോ, ഒരു കവിതയെങ്കിലും പ്രസിദ്ധപ്പെടുത്താനോ സത്യപാലന് ഇതേവരെ സാധ്യമായിട്ടില്ല. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന സത്യപാലന് അതിനുള്ള വഴി കാട്ടാൻ ആരുമുണ്ടായില്ല എന്നതാണ് വസ്തുത. നാൽപ്പത് വർഷം മുമ്പ് മദിരാശിയിലെ കുറാംപേട്ടയിൽ ഹോട്ടൽ ജോലി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ ചെന്ന സത്യപാലൻ, തമിഴ് ഹൃദിസ്ഥമാക്കിയ ശേഷം സ്വന്തമായി 12 വർഷം കട നടത്തി. ചായക്കടയിൽ നിന്നുള്ള പുറം കാഴ്ചകളാണ് ആദ്യമായ് മനസ്സിൽ വാർന്നുവീണത്. വരികളെല്ലാം അപ്പപ്പോൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു. അവയിൽ പലതും ചിതൽ തിന്നു. പ്രണയം, ഭക്തി, ജീവിതം, മരണം എന്നിങ്ങനെ സകല അവസ്ഥകളും സാമൂഹ്യ പ്രതിബദ്ധതയോടെ സത്യപാലൻ വരച്ചുവെച്ചിട്ടുണ്ട്. മാതൃഭാഷയേക്കാൾ മികച്ച രചനകൾ തമിഴിലാണ് കാണുന്നത്. സിനിമാപ്പാട്ടുകളായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഒാരോ രചനയും. വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ കഴിയുന്ന അർത്ഥവത്തായ ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. മുതലാളിത്തത്തിൻെറ തിന്മകൾക്കെതിരെ യുവനേതൃത്വം പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വിപ്ലവ രചനകളും അക്ഷരത്താളിലുണ്ട്. 1994 ൽ റോഡ് വികസനം വന്നപ്പോൾ സത്യപാലൻെറ ചായക്കട
ഒഴിപ്പിക്കപ്പെട്ടതും തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ചെന്തമിഴ് മൊഴിയിൽ കത്തയച്ചതും നഷ്ടപരിഹാരമായി 28000 രൂപ ലഭിച്ചതും, തീവണ്ടി യാത്രക്കിടയിൽ അമ്മ ഹൃദയാഘാതം ബാധിച്ച് മരിച്ചതും, 2001ൽ നാട്ടിൽ വന്ന് വാർപ്പു പണിക്കാരനായി മാറിയതുമെല്ലാം സത്യപാലൻെറ ജീവിതത്തിലെ തീവ്രാനുഭവങ്ങളാണ്.
അഞ്ചു മാസം മുമ്പ് കാലിലെ ഞരമ്പ് ചുരുണ്ടതിനാൽ വാർപ്പു പണിക്ക് പോകാൻ പറ്റാതായിട്ടുണ്ട്. അതുകൊണ്ട് രാമായണവും, മഹാഭാരതവും മറ്റും വായിച്ചു കൊണ്ട് മലയാളം ശുദ്ധിചെയ്യുന്നതിൽ വ്യാപൃതനാണിപ്പോൾ. പരേതരായ അച്യുതൻ നായർ-കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് സത്യപാലൻ. ഭാര്യ ബിന്ദു. അഭിലാഷ്, ആതിര എന്നിവരാണ് മക്കൾ. ഫോൺ=9747 965 934.

No comments: