Monday, 21 December 2015

അനുസ്മരണം




ഇന്ത്യനൂരും
ഭാരതപ്പുഴയും...
~~~~~~~~~~~~

സ്വന്തം പേരിൻെറ കൂടെ ഇന്ത്യനൂർ എന്ന ദേശപ്പേര് ചേർത്ത് ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ഗോപി മാഷ് (പി. ഗോവിന്ദമേനോൻ 86) ഒാർമകളുടെ ഓളങ്ങളിൽ വിലയം പ്രാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച (2015 ഡിസം.18) ഉച്ചക്ക് പെരിന്തൽമണ്ണ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. നാടിൻെറ പേര് നെഞ്ചേറ്റിയ ഗോപി മാഷ് വിടവാങ്ങിയത് തൻെറ ജീവിതാഭിലാഷം പൂർത്തിയാക്കാതെയാണ്.
കാൽ നൂറ്റാണ്ടു മുമ്പ് ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിൻെറ കൂടെ ഇറങ്ങിത്തിരിക്കാൻ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പട്ടാമ്പിയിൽ ഇ.പി. ഗോപാലൻ, ഡോ. കെ.പി. മുഹമ്മദുകുട്ടി, അഡ്വ. എം.പി. ഉദയവർമൻ, കെ.എസ്. ഹരിഹരൻ, സി. രാജഗോപാലൻ തുടങ്ങിയവരോടൊപ്പം തൂലികയുടെ പിന്തുണയുമായി ഇതെഴുതുന്നയാളും. 
ചെറിയ യോഗങ്ങൾ, ജാഥകൾ, നിവേദനങ്ങൾ, ഭീമഹർജികൾ എന്നിവ കൂടാതെ കുട്ടികളെ ബോധവൽക്കരിക്കാൻ ചിത്രരചനാമൽസരം, പ്രബന്ധ - പ്രസംഗ മൽസരങ്ങൾ തുടങ്ങിയ പരിപാടികളും ഞങ്ങൾ സംഘടിപ്പിച്ചു.
അതേ സമയം മറു വശത്ത് അന്തം കെട്ട മണലെടുപ്പും, മണൽ മാഫിയകളുടെ ഭീഷണിയും നിർബാധം തുടരുന്നുണ്ടായിരുന്നു. ഭാരതപ്പുഴ എന്ന വാക്കുച്ചരിക്കുന്നതു പോലും, അപകടകരമാവുന്ന ഒരു കാലം. എന്നാൽ പതുക്കെയാണെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിന് മാന്യത കൈവന്നത് ചിട്ടയായ പ്രവർത്തനത്തിലൂടെ തന്നെയായിരുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിൽ വരൾച്ച ആവർത്തിക്കപ്പെട്ടതും, കാലം തെറ്റി മഴ പെയ്യുന്നത് കാർഷിക മേഖലക്ക് തിരിച്ചടിയാവുന്നതുമെല്ലാം നാശോന്മുഖമായ നിളയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് കുടിനീരും, കൃഷിക്ക് ജലസേചനവും നൽകുന്ന ഭാരതപ്പുഴയുടെ സംരക്ഷണത്തിന് ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുഴയും വനവും സംരക്ഷിക്കാതെ പരിഷ്കൃത സമൂഹത്തിന് നിലനിൽക്കാനാവില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇനി ഇക്കാര്യങ്ങൾ ഇത്ര ആർജ്ജവത്തോടെ പറയാൻ കെല്പുള്ളവർ അധികം പേരില്ല എന്നോർക്കുമ്പോഴാണ് ഇന്ത്യനൂർ ഗോപി മാഷ്ടെ അഭാവം ഭാരതപ്പുഴയോളം നീണ്ടുപോവുന്നത്. തനിക്ക് മുമ്പെ പുഴ മരിക്കുമോ 
എന്ന് ആശങ്കപ്പെട്ട ഒരു മനുഷ്യ സ്നേഹിയോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് എൻെറ സുകൃതം. ഭാരതപ്പുഴക്കൊരു നാഥനുണ്ടാവണമെന്നും, പുഴയും സംസ്കാരവും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവർ ഇന്ത്യനൂർ ഗോപി മാഷ്ടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ
മുന്നോട്ടു വരണം.


No comments: