ഏതാനും വർഷത്തിനു ശേഷം വീണ്ടും കൂടല്ലൂരിൽ എത്തിയത് ഒരു ബന്ധുവിൻെറ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബ സമേതമാണ് യാത്ര. ജ്ഞാനപീഠം നേടിയ എം.ടി.യുടെ കൂടല്ലൂരിലേക്കുള്ള എൻെറ ഓരോ യാത്രയും തീർത്ഥാടനമാണ്. കാൽ നൂറ്റാണ്ടു മുമ്പ് ആഴ്ച തോറും സുഹൃത്ത് ഗഫൂർ പട്ടാമ്പിയുമൊത്ത് കൂടല്ലൂരിൽ എത്തുമായിരുന്നു. ബാലേട്ടൻെറ (എം.ടി.ബി. നായർ) പുഴക്കഭിമുഖമുള്ള വീടിൻെറ പൂമുഖത്തും, കൂട്ടക്കടവിലും, മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലും ചെലവിട്ട സായാഹ്നങ്ങൾ ഇന്നും മനസ്സിൽ ഉർവ്വര നിള പോലെ തെളിഞ്ഞൊഴുകുന്നുണ്ട്. തൃത്താല - കുമ്പിടി റോഡിലൂടെയുള്ള നിളയോര ബസ് യാത്ര ഒരു ഗൃഹാതുരാനുഭൂതിയാണ്. അറബിക്കടലിൽ നിന്ന് വെള്ളിയാങ്കല്ല് തേടിയെത്തുന്ന കാറ്റിന് ഉപ്പിൻെറ അലിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഴയും റോഡും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അടുത്തും അകലം പാലിച്ചും കിന്നാരം ചൊല്ലുന്നത് ബസ് യാത്രക്ക് ഹരം പകരുന്ന കാഴ്ചയാണ്. ബസ് യാത്രക്കാരെല്ലാം കണ്ണോടിക്കുന്നത് പുഴയിലേക്കാണ്. ഇരു കര തഴുകി ഒഴുകിയിരുന്ന നിള ധനു മാസത്തിൽ തന്നെ ഓരം ചേർന്ന്, ആറ്റുവഞ്ഞിക്കാട്ടിൽ ഒളിച്ചു കഴിഞ്ഞു. പരന്നു കിടക്കുന്ന നരച്ച വന്യതയിൽ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. പുഴ മരുഭൂമിയായി മാറുകയാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ് വരെ പുഴ പിളർന്നും പരന്നും താഴ്ന്നും കോലം കെട്ട നരച്ച കാഴ്ചയാണ്.
( അവസാനിക്കുന്നില്ല.)
No comments:
Post a Comment