Wednesday, 18 November 2015

ഭരണമാറ്റത്തിന്റെ ആരവമില്ലാതെ തൃത്താല


കേരളമൊട്ടുക്കും ഗ്രാമ പഞ്ചായത്തുകളിൽ പുതിയ ഭരണ സാരഥികൾ സ്ഥാനമേൽക്കുമ്പോൾ ആരവമില്ലാതെ തൃത്താല. 
അവിടെ ഇപ്പോഴും തുടരുന്നത് അഞ്ചു വർഷം മുമ്പ് അധികാരമേറ്റ അതെ ഭരണ സാരഥികൾ തന്നെ. 15 വർഷം മുമ്പ് തുടങ്ങിയതാണ്‌ ഈ സ്ഥിതി വിശേഷം. 15 വർഷം മുമ്പ് യു.ഡി.എഫ്. ആണ് തൃത്താല ഭരിച്ചിരുന്നത്. അന്ന് 10 വാർഡുകൾ മാത്രമായിരുന്നു. അതിൽ 8 യു.ഡി.എഫും, 2 എൽ.ഡി.എഫും. അന്നും വാർഡ്‌ വിഭജനം നടന്നു. അത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.വി. മരക്കാർ ഹൈകോടതിയിൽ ഹരജി നൽകി. ഇതേ കാര്യം ഉന്നയിച്ച് കേരളത്തിലെ 60 ഓളം പഞ്ചായത്തുകളും കേസിന് പോയിരുന്നു. തർക്കം സുപ്രീം കോടതി വരെ നീണ്ടു. അങ്ങിനെ തൃത്താലയിലെ തദ്ദേശ തെരഞ്ഞെടുപ്പും നീളാൻ ഇടയായി. എല്ലായിടത്തും തെരഞ്ഞെടുപ്പു നടക്കുമ്പോൾ തൃത്താല മൗനം പൂണ്ടു കിടന്നു. കേസ് തീർന്നു കഴിഞ്ഞ് 2000 നവംബർ 25 നാണ് തൃത്താലയിൽ പോളിംഗ് നടന്നത്. ഫലം വന്നപ്പോൾ 12 വാർഡിൽ 7 എൽ.ഡി.എഫിനും,
 5 യു.ഡി.എഫിനും. പന്ത്രണ്ടു വർഷത്തിനു ശേഷം ഇടതുപക്ഷം ഭരണം പിടിച്ചെടുത്തു. അന്ന് സാരഥികൾ അധികാരമേറ്റത് ഡിസംബർ ഒന്നിനായിരുന്നു. 2005, 2010 വർഷങ്ങളിലും ഈ സ്ഥിതി തന്നെയാണ് തൃത്താലയിൽ. നിലവിലുള്ള ഇടതു ഭരണ സമിതിക്ക് നവംബർ 30 വരെ ഭരിക്കാം. പുതിയ പഞ്ചായത്ത് അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ 1 ന് പുതിയ ഇടതു ഭരണ സമിതി സ്ഥാനമേൽക്കുമ്പോൾ 2020 ലും ഇതേ സ്ഥിതി ആവർത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ.

No comments: