'ഒരു കുപ്രസിദ്ധ പയ്യൻ':
അരികുവൽക്കരിക്കപ്പെട്ടവരുടെ ഉയിർപ്പ്!
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മധുപാലിന്റെ 'തലപ്പാവും' 'ഒഴിമുറി'യും ഞാൻ കണ്ടിട്ടില്ല. മധുപാൽ എന്ന നടനെ കണ്ടിട്ടുണ്ടെങ്കിലും
മനസ്സിൽ ഇതുവരെ ഇടം പിടിച്ചിട്ടുമില്ല. എന്നാൽ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മധുപാൽ ഇരുത്തം വന്ന ശക്തനായ സംവിധായകനാണെന്ന് ഞാനറിയുന്നു. ഒരു കുപ്രസിദ്ധ പയ്യനിലൂടെ അത് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. മധുപാലിന് വ്യക്തവും കൃത്യവുമായ ഒരു രാഷ്ട്രീയമുണ്ടെന്ന് ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഒരു കച്ചവട സിനിമയുടെ ചേരുവകളെല്ലാം ഇതിലുണ്ടെങ്കിലും
അവ എങ്ങിനെ തനതായ രീതിയിൽ വിന്യസിക്കണം എന്ന് മധുപാലിന് കൃത്യമായി അറിയാം.
ഒരു മുസ്ലീം വിവാഹ വീടിന്റെ പശ്ചാത്തലത്തിൽ നിന്ന് തിരശീല നിവരുന്നത് വിരണ്ടോടുന്ന ഒരു പോത്തിന്റെ മരണ പാച്ചിലിലേക്കാണ്.
ഒരു ജെല്ലിക്കെട്ട് സിനിമയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ത്രസിപ്പിക്കുന്ന സീനാണ് പ്രേക്ഷകന്റെ മുന്നിലേക്ക് തുറന്നിടുന്നത്. അജയൻ എന്ന കഥാപാത്രത്തിന്റെ ശക്തിബോധ്യപ്പെടുത്താൻ വേണ്ടി ചേർത്ത ഒരു രംഗമെന്ന് നമുക്ക് തോന്നാം. എന്നാൽ വിരണ്ടോടുന്ന പോത്ത് വർത്തമാന കാലത്ത് ഒരു പ്രതീകമാണ്. കുറെ ആളുകൾ ചേർന്ന് മൂക്കുകയറിട്ട് പിടിച്ച്, കൈകാലുകൾ കൂട്ടിക്കെട്ടി, തറയിൽ തള്ളിയിട്ട്
കൊലക്കത്തിക്കു മുന്നിലേക്ക് കഴുത്ത് നീട്ടിവെക്കുന്ന ആ ഒരൊറ്റ കാഴ്ചയിലൂടെ ഒട്ടനവധി പിന്നാമ്പുറ കാഴ്ചകളിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടു പോകുന്നുണ്ട്.
ഒറ്റവരിയിൽ പറഞ്ഞു നിർത്താവുന്ന കഥയാണ് ഇതെന്ന് തോന്നാമെങ്കിലും ലളിതമായി പറഞ്ഞു തീർക്കാവുന്ന വിഷയമല്ല സിനിമ ചർച്ച ചെയ്യുന്നത്. ആരും എപ്പോൾ വേണമെങ്കിലും പ്രതിയാക്കപ്പെടുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്.
ഭരണകൂടങ്ങളും ബ്യൂറോക്രാറ്റുകളും നൈതിക സംവിധാനങ്ങളുമെല്ലാം അതിന് ഒത്താശ ചെയ്യും. ഭയം മനുഷ്യനെ ഭരിക്കുന്ന അതി ഭയാനക സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട സിനിമയാണിത്. പേര് ഒരു ചിഹ്നമാകുന്ന
ആസുര കാലത്ത് ഒരാളെ കള്ളനും കൊലയാളിയുമാക്കി മാറ്റാൻ എളുപ്പമാണ്. അതിന്റെ ഉദാഹരണമാണ് ടൊവിനോയുടെ അജയൻ എന്ന കഥാപാത്രത്തിന് അജ്മൽ എന്ന പേര് കൂടി പോലീസ് ചാർത്തി കൊടുക്കുന്നത്.
അമേരിക്കയിൽ മാത്രമല്ലാ മതനിരപേക്ഷ സമൂഹത്തിലും
സ്വത്വം കുറ്റവാളിയാക്കപ്പെടും എന്ന് ഈ ചിത്രം അടിവരയിടുന്നു. നമ്മുടെയെല്ലാം ഉള്ളിലെ അരക്ഷിതാവസ്ഥയുടെ പ്രതീകമാണ് അജയൻ. ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങുമ്പോഴും പേരിൽ അയാൾ അജയനാണ്. അതിന്റെ കൂടെയാണ് മറ്റൊരു ഐഡന്റിറ്റിയായി അജ്മൽ ചേർക്കപ്പെടുന്നത്. അമ്മയെപ്പോലെ സ്നേഹം നൽകിയ, തനിച്ചു താമസിക്കുന്ന ചെമ്പകമ്മാളെ ആരോ അതിദാരുണമായി കൊലപ്പെടുത്തിയതോടെ ആരോരുമില്ലാത്ത അജയൻ കുറ്റവാളിയാക്കപ്പെടുന്നു. പ്രതിയെ പിടികൂടാനുള്ള ജനകീയ, ഭരണകൂട സമ്മർദ്ദങ്ങൾ അതിന് വഴിയൊരുക്കുന്നു. ലോക്കൽ പോലീസിന് തെളിയിക്കാൻ കഴിയാത്ത കൊലക്കേസിന് അതിവിദഗ്ദമായി തുമ്പുണ്ടാക്കുന്നത് ക്രൈംബ്രാഞ്ചാണ്. സാക്ഷിപ്പട്ടികയിലുള്ള ഒരു മദ്യപാനിയുടെ ലഹരി ബോധത്തിൽ നിന്ന് ഉതിർന്നു വീണ ഒരു പേരിൽ കയറി പിടിച്ച് അയാളെ പ്രതിയാക്കുകയും സാക്ഷികളെ പരുവപ്പെടുത്തുകയും തിരക്കഥയുണ്ടാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മിടുക്ക് ഒടുവിൽ കോടതി തിരിച്ചറിയുന്നുണ്ട്. നമ്പി നാരായണൻമാരെപ്പോലും അടിയറവ് പറയിപ്പിച്ചത് ഇത്തരം കഥ മെനഞ്ഞ കുറ്റാന്വേഷകരാണെന്ന് നമുക്കറിയാം. സമൂഹത്തിൽ അരികു വൽക്കരിക്കപ്പെടുന്ന ഒരു പാട് മനുഷ്യരുടെ പ്രതിനിധിയാണ് അജയൻ. ആൾകൂട്ടക്കൊല പാതകങ്ങളുടെ കഥകൾ ദിനേന വന്നു വീഴുന്ന പത്ര താളിൽ നിന്ന് ഏറെ ദൂരമില്ലാത്ത ഒരു രംഗമാണ്, നാട്ടുകാർ അജയനെ പിടികൂടി പോലീസിലേല്പിക്കുന്ന കൃത്യത്തിലൂടെ നാം കാണുന്നത്. കുടുംബത്തിന്റേയോ സൗഹൃദത്തിന്റേയോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാമൂഹിക പിൻബലമോ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഈ ഒരൊറ്റ സീനിലൂടെ ശക്തമായി ആവിഷ്കരിക്കാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുടെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകൾ നിർണ്ണായകമാവുന്ന ഇക്കാലത്ത് തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് കുറ്റം ചുമത്തപ്പെട്ട ഇരയുടെ മാത്രം ഉത്തരവാദിത്തമായി മാറുമ്പോൾ രക്ഷപ്പെടാൻ കഴിയില്ലെന്നുറപ്പാണ്. പ്രമാദമായ കേസുകൾ പോലും തെളിയിക്കാനാവാതെ സി.ബി.ഐ. കീഴടങ്ങുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുമ്പോൾ, പ്രതികളെ പിടികൂടി തുറുങ്കിലടച്ച സംഭവങ്ങളിലും അജയന്മാർ ഉണ്ടാവില്ലേ എന്ന് സംശയമുയർന്നേക്കും. തൊട്ടടുത്തിരിക്കുന്നവനെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദൈനംദിന വാർത്തകൾ അടിവരയിടുന്നുണ്ട്. ഇങ്ങനെയുളള ഒരു കാലത്തിന്റെ ഓരം ചേർന്നിരുന്നാണ് മധുപാൽ അജയൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. ജീവൻ ജോബ് തോമസിന്റെ തിരക്കഥയാണ് സിനിമയുടെ കരുത്തിന് പിന്നിൽ.
കേരളത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ചാണ് ജീവൻ ജോബ് തോമസ് തിരക്കഥ തയ്യാറാക്കിയത്. അതി സൂക്ഷ്മമായ രചനാ പാടവം തിരക്കഥയിൽ കാണാം. ടൊവിനോ തോമസ് എന്ന നടന്റെ പ്രതിഭയെ പൂർണമായും പുറത്തെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അജയനെ ടൊവിനോ ആവിഷ്കരിക്കുകയായിരുന്നില്ല, ആവാഹിക്കുകയായിരുന്നുവെന്ന് പറയാം. ടൊവിനോ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും മുകളിലാണ് അജയന്റെ സ്ഥാനം.
നിമിഷാ സജയൻ എന്ന നടി ഹന്ന എലിസബത്തിലൂടെ മികച്ച വാഗ്ദാനമാണ്. കോടതിയിലെ വാദ പ്രതിവാദങ്ങളിൽ നിമിഷ കാണിക്കുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. നെടുമുടി വേണു എന്ന പ്രതിഭയോട് മത്സരിച്ച് അഭിനയിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഇതിൽ കാണാം.
ജലജ എന്ന കഥാപാത്രത്തെയാണ് നായികയായ അനുസിത്താര അവതരിപ്പിക്കുന്നത്. നമ്മുടെ റോഡരികുകളിലും ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലുമെല്ലാം ജലജയെ നാം കാണാറുണ്ട്. അജയനും ജലജയും തമ്മിലുള്ള പ്രണയം പോലും സാഹചര്യങ്ങളിൽ നിന്ന് ഉറവയെടുത്തതാണ്. പ്രേക്ഷകർക്കും അത് അനുഭവിക്കാൻ കഴിയുന്നുണ്ട്. വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങൾക്കു പോലും സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അഭിനേതാക്കളെ പരമാവധി പ്രയോജനപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നെടുമുടി വേണു, അലൻസിയർ, സുജിത് ശങ്കർ, സിദ്ദിഖ്, സുധീർ കരമന എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നൗഷാദ് ഷെരീഫ് എന്ന ക്യാമറാമാനാണ് ഈ സിനിമയുടെ വലിയൊരു വാഗ്ദാനം. പ്രേക്ഷകനും സിനിമക്കുമിടയിൽ ക്യാമറ ഉണ്ടെന്ന് പോലും തോന്നില്ല. അതിക്രൂരമായി വെട്ടേറ്റ് ആശുപത്രിയിലെത്തിച്ച ചെമ്പകമ്മാളിന്റെ മരണ വെപ്രാളവും മാറി മാറി വരുന്ന കോടതി രംഗങ്ങളും
പോലീസിന്റെ മൂന്നാം മുറ മുറിയും, ജയിലറയിലെ പീഡന രംഗങ്ങളുമെല്ലാം തന്മയത്വത്തോടെയാണ് ക്യാമറ ഒപ്പിയെടുത്തത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റർ. സാജന്റെ സംഭാവനയും ഏറെ വലുതാണ്.
ശ്രീകുമാരൻ തമ്പി- ഔസേപ്പച്ചൻ ടീമിന്റെ പാട്ടുകൾ കുറേ കാലം മലയാളികളുടെ ചുണ്ടിലുണ്ടാകും. ആക്ഷനും ത്രില്ലറും റൊമാൻസും എല്ലാം ഈ സിനിമയിലുണ്ട്.
സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നിറങ്ങി പോകാത്ത ഒരു ഭാരം ചിത്രം ബാക്കി വെക്കുന്നുണ്ട്. അഞ്ചു വർഷത്തെ നിരീക്ഷണങ്ങളിൽ നിന്നാണ് പയ്യനെ വീണ്ടെടുത്തതെന്ന് മധുപാൽ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമ സംസാരിച്ചുകൊണ്ടിരിക്കുമെന്നും മധുപാൽ വിശ്വസിക്കുന്നു. എല്ലാ വഴികളും അടയുമ്പോഴും നീതിപീഠത്തിൽ കൂടുതൽ പ്രതീക്ഷ വെച്ചു പുലർത്താൻ ഈ ചിത്രം നിർദ്ദേശിക്കുകയും ചെയ്യുന്നു. ആൾക്കൂട്ട വിചാരണയിലല്ലാ നീതിപീഠത്തിന് മുന്നിലാണ് നമ്മുടെ ഭാവിയെന്നും കുപ്രസിദ്ധ പയ്യൻ അടയാളപ്പെടുത്തുന്നു.