Friday, 27 April 2018

ഓർമ പന്ത്



1960-70 കാലത്തേക്കാണ് ഓർമകളുടെ പന്തുരുളുന്നത്.
അന്ന് പട്ടാമ്പി - ഗുരുവായൂർ റോഡാണ് ഞങ്ങളുടെ കളിക്കളം.
വല്ലപ്പോഴും വരുന്ന വാഹനം മാത്രമാണ് ടീ ബ്രേക്കിന് വിസിലടിക്കുന്നത്.
പൂരപ്പറമ്പിൽ നിന്ന് വാങ്ങുന്ന ചെറിയ പന്തിന്റെ പിന്നാലെയാണ് ഞങ്ങളുടെ ഓട്ടം.
പലപ്പോഴും പന്ത് ചെന്നു വീഴുന്നത് മൊല്ലാക്കാന്റെ വളപ്പിലോ മയമ്മദ്ക്കാന്റെ പൊട്ട കിണറ്റിലോ ആയിരിക്കും. അന്നേരം കളി തീരും. പുതിയൊരു പന്ത് കിട്ടാൻ അടുത്ത പൂരം വരണം. അന്നേരം ഓലമടഞ്ഞ് പന്തുണ്ടാക്കും. രണ്ടു തട്ടിന് അത് പാളീസാവും. പിന്നെ തുന്നൽക്കടയുടെ ഓരത്ത് വെട്ടിയിട്ട തുണി തുണ്ടുകൾ പെറുക്കി കൂട്ടി പന്തുണ്ടയാക്കി കളിക്കും. അതിനും അധികം ആയുസില്ല.
തലമ പന്ത് കളി, ഗോട്ടി കളി, ചൊട്ടേം മണിം കളി തുടങ്ങിയവക്കെല്ലാം വേദിയാവുന്നത് പൊതു നിരത്ത് തന്നെയാണ്.
നട്ടുച്ച നേരത്ത് റോഡിൽ നിന്ന് പൊങ്ങി വരുന്ന ടാർ ഗുളികകൾ ശേഖരിച്ച് വലിയ ടാറുണ്ടയാക്കിയും കളിച്ചിരുന്നു. നിരത്തിലെ കളികൾക്കു പുറമെ തൊടിയിലും കളിയരങ്ങ് പതിവാണ്.
ബാലചലനം എന്ന പേരിൽ കുട്ടികളുടെ ക്ലബ് രൂപീകരിച്ച് മിമിക്രി, കോൽക്കളി, നാടകം, ഡാൻസ് എന്നിവയും അവധിക്കാല നേരമ്പോക്കുകളായിരുന്നു. ആർട്സിനും സ്പോർട്സിനും തുല്യപരിഗണന നൽകിയിരുന്നതുകൊണ്ട് രണ്ട് മേഖലയിലും കുട്ടികൾ സജീവമായിരുന്നു. 1990 കളിൽ ഗ്രാമവിചാര വേദിയുടെ നേതൃത്വത്തിൽ നടത്തിയ പാലക്കാട് ജില്ലാതല വോളീബോൾ ടൂർണമെന്റിന്റെ ആരവം ഇപ്പോഴും കാതിലുണ്ട്. വൻ ജനാവലിയാണ് അന്ന് കളി കാണാൻ മുക്കാരത്തിക്കാവ് മൈതാനത്തിലെത്തിയത്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാൻ യുവകാഹളം നടത്തുന്ന സേവനവും പ്രശംസനീയമാണ്.
ഈ കളിയോർമകളുടെ ചാരത്തിരുന്നു കൊണ്ടാണ് ഫിഫ ലോക കപ്പിനെ വരവേൽക്കുന്നത്. 2018 ജൂണിൽ റഷ്യയിൽ നടക്കുന്നത് ഇരുപത്തി ഒന്നാം പതിപ്പാണ്.
റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം ഇതാദ്യമായാണ് റഷ്യ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളുന്നത്.  കിഴക്കേ യൂറോപ്പിലും ആദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെയാണ്.(യൂറോപ്പ്, ഏഷ്യ). ലോകത്തെ ഏറ്റവും വലിയ കായിക ഉൽസവങ്ങളിലൊന്നായ ഫിഫ ലോകകപ്പിനു ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലെ, പന്ത്രണ്ടു വേദികളിലാണ് പന്തുരുളാൻ കളമൊരുങ്ങുന്നത്.22 പേർ ഒരേ സമയം ഒരു പന്തിനെ പങ്കുവച്ചെടുക്കുന്ന കളിയായ ഫുട്ബോളിന്റെ മഹാസമ്മേളനമാണിത്. സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച റഷ്യ തന്നെ ലോകകപ്പിന് ആതിഥ്യമരുളിക്കൊണ്ട് ഒരൊറ്റ പന്തിലേക്ക് ഓടിക്കയറാൻ ലോകത്തെ ക്ഷണിക്കുകയാണ്.
പുരോഗതിയുടെ ആകാശം നോക്കി നടന്നപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതറിയാതെ നിന്നവരാണു റഷ്യക്കാർ. സോവിയറ്റ് യൂണിയൻ എന്ന നീളൻ വാക്കിലെ അക്ഷരങ്ങൾപോലെ, രാജ്യങ്ങളൊന്നായി പിരിഞ്ഞുപോയി റഷ്യ എന്ന രണ്ടക്ഷരമായതിനുശേഷം ലോകത്തിനു മുന്നിൽ അവർക്കു തലയുയർത്തിപ്പിടിച്ചു നിൽക്കാൻ കിട്ടിയ അവസരമാണ് ഈ ലോകകപ്പ്. ജൂൺ 14 മുതൽ ജൂലൈ 15 വരെ ഒരു മാസം പന്തിനു പിന്നാലെ പായുമ്പോൾ ലോകമൊന്നാകെ പാടും:
മധുര മനോഹര റഷ്യ!
കാണാൻ കഴിഞ്ഞെങ്കിൽ എന്തു ഭാഗ്യം!

No comments: