വിഷം വാങ്ങി തിന്നുന്നവരുടെ നാടായി കേരളം മാറിയിട്ട് കാലമേറെയായി. ഇഷ്ട ഭക്ഷ്യ വിഭവം എന്ന നിലയിലാണ് എല്ലാവരും വിഷം വാങ്ങുന്നത്. കുപ്പി വെള്ളത്തിലും പാക്കറ്റ് പാലിലും കോളയിലും ഫ്രൂട്ടിയിലും പച്ചക്കറി, പഴ വർഗം, ബേക്കറി, മത്സ്യ - മാംസാദികളിലും എല്ലാം വിഷം അടങ്ങിയിരിക്കുന്നു.
അമ്മിഞ്ഞ പാലിലും ഇളനീരിലും വരെ വിഷാംശം കലർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല .
ദില്ലിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൻമെണ്ട് നടത്തിയ
പഠന റിപ്പോർട്ട് വായിച്ചാൽ നാം തിന്നുകയും കുടിക്കുകയും ചെയ്യുന്ന വിഷത്തിന്റെ അളവ് ലഭ്യമാവും. ഏറ്റവും ശുദ്ധമെന്നു കരുതി വാങ്ങുന്ന മിനറൽ വാട്ടറിൽ കീട നാശിനിയുണ്ട്. പാക്കറ്റ് പാലിലും കോളയിലും കീടനാശിനിയുണ്ട് .
എറണാകുളം റീജിയനൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ മുന്തിരിയിലും മാമ്പഴത്തിലും യഥാക്രമം ബെൻസീൻ ഹെക്സോ ക്ളോറയിഡ് , കാത്സ്യം കാർബയിട് എന്നിവ ഉയർന്ന തോതിൽ കണ്ടെത്തി. എല്ലാ കാലത്തും മാമ്പഴവും തണ്ണി മത്തനും ഉണ്ടാവുന്നത് എങ്ങിനെയെന്ന് ചിന്തിച്ചാൽ മതി. അതിന്റെ പിന്നിലെ രാസ പ്രക്രിയ കാണാൻ കഴിയും. ഇപ്പോൾ മീനച്ചൂട് 40 ഡിഗ്രീ സെൽഷ്യസ് കടക്കുമ്പോൾ ശരീരം തണുപ്പിക്കാൻ ഫ്രൂട്സ് ആവശ്യമാണ്. എങ്കിലും ഞാൻ ഭയത്തോടെയാണ് പഴ - ഫല വർഗങ്ങളെ വീക്ഷിക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഉള്ള ചെറിയ കടകളിൽ നാടൻ രീതിയിൽ പുകയിട്ട് പഴുപ്പിക്കുന്ന മാങ്ങയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വാങ്ങുകയുള്ളു. നല്ല നൊങ്ക് കണ്ടാൽ യഥേഷ്ടം വാങ്ങാം. നാടൻ ഇളനീര് കുടിക്കാം. നാട് മുഴുവൻ കോളയിൽ മുങ്ങി കുളിച്ചിരുന്ന കാലത്ത് ഞാൻ അത് കൈ കൊണ്ട് തൊട്ടു നോക്കിയിട്ടില്ല. ആ ദ്രാവകം മനുഷ്യന് ആവശ്യമില്ലെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴും കുപ്പി പാനീയങ്ങൾ വാങ്ങാറില്ല. ആരെങ്കിലും സൽക്കരിച്ചാലും കുടിക്കില്ല. ടാന്ഗ് പോലെയുള്ള പാനീയം സ്നേഹത്തോടെ തന്നാലും കുടിക്കില്ല. അങ്ങിനെ ചില ചിട്ടകളും നിബന്ധനകളും പാലിക്കുകയാണെങ്കിൽ വിഷരഹിതമായി ജീവിക്കാം.
ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടക്കുന്ന ജൈവ പച്ചക്കറി ഉല്പാദനവും വിപണനവും ഭക്ഷ്യ സാക്ഷരതാ വിപ്ലവമാണ്.
No comments:
Post a Comment