Wednesday, 11 April 2018

ഒരു പെരുന്നാൾ പേക്കിനാവ്

കഥ /   ടി വി എം  അലി
............................................

അല്ലാഹു അക്ബറല്ലാഹ്... അക്ബർ...
പള്ളിയിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങാൻ തുടങ്ങി.
നാളെ പെരുന്നാളാണ്.
ഞങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്ക് നോക്കി നിന്നു.
നേർത്ത ചന്ദ്രക്കല മിനുങ്ങുന്നതു കണ്ടു.
ഞങ്ങൾ തുള്ളിച്ചാടി ഗ്രാമത്തിലെങ്ങും ചുറ്റി നടന്നു.
വഴിയിൽ കണ്ടവരോടെല്ലാം പെരുന്നാൾ ആശംസകൾ അറിയിച്ച് കെട്ടിപ്പിടിച്ചു.
അങ്ങിനെ വരുന്ന വഴിക്ക് കുട്ട്യാലിയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഞങ്ങൾ പെട്ടെന്ന് നിന്നു.
കുട്ട്യാലി ഞങ്ങൾക്കെല്ലാം വളരെ വേണ്ടപ്പെട്ടവനാണ്.
അയാൾ ഞങ്ങളുടെ ഗ്രാമത്തിലെ തപാൽ ശിപായിയാണ്.
വേനൽച്ചൂടിലുരുകുന്ന ടാറിട്ട റോഡിലൂടെ,
വിഷ സർപ്പങ്ങൾ ഇണചേരുന്ന ഇടവഴികളിലൂടെ,
വിജനത വേരോടിയ നിരത്തിലൂടെ
ഇവിടെ എവിടെ നോക്കിയാലും കുട്ട്യാലിയെ കാണാൻ കഴിയും.
തൊടുത്തുവിട്ട 'ഇൻസാറ്റിനെ'പ്പോലെ
കുട്ട്യാലി നാട്ടിലൂടെ നെട്ടോട്ടമോടും.
തപാലുരുപ്പടികൾ നൊടിയിടയിൽ വിതരണം നടത്തും.
വളരെ ആത്മാർത്ഥതയോടെയാണ് അയാൾ ജോലി ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയാം.
കുട്ട്യാലി തന്റെ ചെറ്റപ്പുരക്കു മുമ്പിൽ വളരെ ദു:ഖിതനായി നിൽക്കുന്നതു കണ്ടു.
എന്നിട്ടും അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനോ വിഷമാവസ്ഥ ആരായാനോ ഞങ്ങൾ ഇഷ്ടപ്പെട്ടില്ല.
ഒരു മരത്തിന്റെ മറവിൽ പതുങ്ങി നിന്ന് ഒളിഞ്ഞു നോക്കാനാണ് ഞങ്ങൾക്ക് തോന്നിയത്.
ഞങ്ങളുടെ പ്രധാന വിനോദവും അതായിരുന്നു.
കുട്ട്യാലിയുടെ പുരക്കകത്തു നിന്ന് കുട്ടികൾ തക്ബീർ ഏറ്റുചൊല്ലുന്നതു കേട്ടു .
ആ ദീനരോദനം ഞങ്ങൾക്കസഹ്യമായിരുന്നു.
എന്നിട്ടും അവിടം വിട്ടു നീങ്ങാൻ തരിമ്പും ഞങ്ങൾ ആഗ്രഹിച്ചില്ല.
പൊടുന്നനെ കുട്ട്യാലി വീട്ടിനുള്ളിലേക്ക് പാഞ്ഞു ചെല്ലുന്നതു കണ്ടു.
ആ പ്രവൃത്തി കണ്ട് ഞങ്ങൾക്ക് ചിരി പൊട്ടി. അകത്തുനിന്ന് കുട്ട്യാലിയുടെ അമറലാണ് പിന്നീട് കേട്ടത്.
 - പഹേരെ മുണ്ടാണ്ടെ ഒറങ്ങിക്കോളിം... അതാ നല്ലത്... ങ്ആ...
കുട്ട്യാലിയുടെ അരിശത്തിൽ കുട്ടികളുടെ മന്ത്രധ്വനികൾ അലിഞ്ഞു.
അയാൾ വിജയ ഭാവത്തിൽ മുറ്റത്തേക്ക് ഇറങ്ങി വരുന്നതു കണ്ടു.
അയാളുടെ പിറകെ അകത്തുനിന്ന് തേങ്ങലുയർന്നു കേട്ടു .
അയാളത് തീരെ വകവെക്കുന്നില്ലെന്ന് മുഖഭാവം കണ്ടാലറിയാം.
കുട്ട്യാലിയുടെ മുഖം വല്ലാതെ വെറുങ്ങലിച്ചതു പോലെയുണ്ട്.
എന്തിനാണ് കുട്ട്യാലി ഇത്രയും ക്രുദ്ധനാവുന്നത്?
ഞങ്ങൾ വീർപ്പടക്കി നോക്കിനിൽക്കെ കുട്ട്യാലി മുറ്റത്ത് മലർന്നു കിടന്നു.
ഈ നനഞ്ഞ മണ്ണിൽ ആരെങ്കിലും ഇങ്ങിനെ കിടക്കാൻ ഒരുമ്പെടുമോ?
ഞങ്ങൾ മൂക്കത്ത് വിരൽ കയറ്റി വെച്ച്
അതിശയം കൂറി!
അകത്തു നിന്ന് വാർന്നു വീഴുന്ന ചിമ്മിനി നാളത്തിൽ കുട്ട്യാലിയുടെ മുഖം വളരെ വ്യക്തമായി കാണാമായിരുന്നു.
അവന്റെ കണ്ണുകളിൽ ചിമ്മിനി
കത്തുന്നുണ്ടായിരുന്നു.
അവന്റെ കവിളുകളിൽ കണ്ണീർ ചാലുകൾ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ ഗാഢമായി എന്തോ ചിന്തിക്കുന്നതായി തോന്നി.
എന്തായിരിക്കും അവൻ ആലോചിക്കുന്നത്?
ഞങ്ങൾ അവന്റെ ഹൃദയത്തിനുള്ളിലേക്ക്
നുഴഞ്ഞു കയറാൻ ശ്രമിച്ചു.
കുട്ട്യാലിയുടെ ചിന്തയിൽ ചന്തമുള്ള ബീക്കുട്ടിയുടെ മുഖം ചേക്കേറുകയായിരുന്നു.
ബാല്യത്തിന്റെ മണൽപരപ്പിൽ തണലുതേടി കൈപിടിച്ചു നടന്നവരായിരുന്നു അവർ.
കൗമാരത്തിന്റെ കിളിവാതിലിൽ പതിനാലാം രാവിന്റെ തെളിച്ചം.
മനസ്സിനുള്ളിലെ പട്ടുറുമാലിൽ
പ്രണയത്തേനിന്റെ ഗന്ധം!
വിലാസം തെറ്റിയ കത്തിന്റെ കറക്കം പോലെ കുട്ട്യാലിയുടെ ചിന്തകൾ ...
ഒടുക്കം എന്താണുണ്ടായത്?
യഥാർത്ഥ മേൽവിലാസക്കാരന്
ഉരുപ്പടി കിട്ടിയില്ല!
അതെ, ബീക്കുട്ടിയെ ഒരു ദുബായിക്കാരൻ കെട്ടി.
പക്ഷേ പ്രശ്നം അവിടം കൊണ്ടവസാനിച്ചില്ല.
ആ ദുർവിധി നിരന്തരം അവനെ വേട്ടയാടുകയായിരുന്നു.
ബീക്കുട്ടിയുടെ കത്തുകൾ എത്തിക്കുന്നത് കുട്ട്യാലിയാണ്.
അത്തറിൽ മുങ്ങിയ കത്തിന്റെ ഗന്ധം അവനെ വീർപ്പുമുട്ടിച്ചു.
എന്നിട്ടും ബീക്കുട്ടിക്കുള്ള കത്തുകൾ കുട്ട്യാലി കീറിക്കളഞ്ഞില്ല.
മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില നല്ല ഗുണങ്ങൾ അവനുണ്ടായിരുന്നു.
അതു കൊണ്ടാണല്ലൊ ഞങ്ങൾക്കെല്ലാം
അവനെ ഇഷ്ടമായത് !
പതിവുപോലെ ഇന്നും ബീക്കുട്ടിക്ക് കത്തുണ്ടായിരുന്നു.
തപാൽബാഗ് വരുന്ന നേരത്ത് ഞങ്ങൾ തപാലാഫീസിൽ ചെല്ലാറുണ്ട്.
ബീക്കുട്ടിക്കുള്ള കത്ത് കണ്ടാൽ ക്ഷണത്തിൽ തിരിച്ചറിയാൻ ഞങ്ങൾക്കാവുമായിരുന്നു.
വിയർത്തു നാറിയ ശരീരത്തോടെ കുട്ട്യാലി ചെല്ലുമ്പോൾ ബീക്കുട്ടി പെട്ടിപ്പാട്ട് കേട്ടു കിടക്കുകയായിരുന്നു.
കുട്ടാലിയെ കണ്ടതും ബീക്കുട്ടി പാട്ടിൽ നിന്നെണീറ്റു വന്നു.
യാതൊരു ഭാവപ്പകർച്ചയും കൂടാതെ അവൾ കത്തു വാങ്ങിയിട്ടു പറഞ്ഞു:
 - ഒന്ന് നിക്കിൻ ...
ബീക്കുട്ടി അകത്തു പോയി പൊടുന്നനെ തിരിച്ചു വന്നു:
 _ ഇത് വെച്ചോളിൻ... നാളെ പെരുന്നാളല്ലെ...
അവൾ അഞ്ചു രൂപ കുട്ട്യാലിയുടെ നേരെ നീട്ടുന്നതു കണ്ടു.
അപ്പോൾ അവന്റെ മുഖഭാവമൊന്ന് കാണേണ്ടതു തന്നെ!
അവന്റെ അടുത്ത പ്രതികരണമറിയാൻ ഞങ്ങൾ പഞ്ചേന്ദ്രിയങ്ങളും തുറന്നു വെച്ചു.
സർക്കാർ ജീവനക്കാരനായ കുട്ട്യാലിക്ക്
വെറും നൂറ്റിൽ ചില്വാനം രൂപയാണത്രെ ശമ്പളം !
ഇക്കാലത്ത് ആരെങ്കിലും അത് വിശ്വസിക്കുമോ?
പക്ഷേ സംഗതി തികച്ചും നേരായിരുന്നു.
ഇത്രയും നിസ്സാരമായ തുക കൊണ്ട് അവൻ എങ്ങിനെയാണ് കുടുംബം പുലർത്തുന്നത്?
ചിലപ്പോൾ ഞങ്ങൾ അതേപ്പറ്റിയെല്ലാം ആലോചിക്കാറുണ്ട്.
പക്ഷേ ഞങ്ങളാരും ഒരു ചീത്ത കീഴ് വഴക്കം സൃഷ്ടിക്കാൻ ഇന്നേവരെ മുതിർന്നിട്ടില്ല കെട്ടൊ.
ഇപ്പോൾ ബീക്കുട്ടി നീട്ടിയ ഭിക്ഷ കുട്ട്യാലി സ്വീകരിക്കുമോ?
ആ തുക ഒരു നേരത്തെ ആഹാരത്തിനു ഉപകരിക്കുമെന്നതിനാൽ അവനത് തള്ളിക്കളയാനാവുമോ?
സിനിമാ നോട്ടീസിൽ കണ്ടു തഴമ്പിച്ച ചോദ്യങ്ങളുടെ രൂപത്തിൽ കുറെ ശിഥില ചിന്തകൾ ഞങ്ങളിൽ പത്തിവിടർത്താൻ തുടങ്ങി.
പക്ഷേ ശേഷം ഭാഗങ്ങൾ കാണാൻ തിരശ്ശീല തേടേണ്ടി വന്നില്ല.
 - ബീക്കുട്ടി, എന്നോടിത് വേണോ?...
മഞ്ഞുകട്ടകൾ വെട്ടിപ്പൊളിക്കുന്നതു പോലെ ഒരു ശബ്ദം അവനിൽ നിന്ന് പുറത്തുചാടി.
എന്നിട്ട് ഒറ്റ നടത്തം.
ആ പോക്ക് ഒന്നു കാണേണ്ടതായിരുന്നു.
ഞങ്ങളിൽപ്പെട്ട ചിലർ ആ കാഴ്ച കണ്ട് വിസ്മയം കൊള്ളുകയും ഊറിയൂറി ചിരിക്കുകയും ചെയ്തു.
കുട്ട്യാലി തേങ്ങലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
ആ ദുർബ്ബലന്റെ മനസ്സ് ഇപ്പോൾ മറ്റൊരു ദുരവസ്ഥയിലേക്ക് നീങ്ങുകയാണ്.
ഞങ്ങൾ അതീവ താൽപ്പര്യത്തോടെ മിഴികളെറിഞ്ഞു നിൽക്കുകയാണ്.

രംഗം - രണ്ട് .
തിരശ്ശീല കറുത്തു നിൽക്കുന്നു.
അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ ഉച്ചസ്ഥായിലാണ്.
മൺശയ്യ വിട്ടെണീറ്റ കുട്ട്യാലി അരവിന്ദന്റെ സിനിമയിലെ നായകനെപ്പോലെ ഉലാത്തുകയാണ്.
വാതിൽ പഴുതിലൂടെ ചിമ്മിനി നാളം വാർന്നു വീഴുന്നു.
തറയിലത് ഒരു നീണ്ട വാളുപോലെ കിടക്കുന്നു.
പൊടുന്നനെ അരങ്ങത്തേക്ക് കുട്ട്യാലിയുടെ ആത്മസുഹൃത്തായ അപ്പുണ്ണി ഓടി എത്തുന്നു:
- കുട്ട്യാലി ന്റെ അമ്മ ആശുപത്രീന്ന് മരിച്ചു...
ഒരു ആർത്തനാദത്തോടെ അപ്പുണ്ണി കുട്ട്യാലിയുടെ നെഞ്ചോട് ചേർന്നു.
ഞെട്ടലിൽ നിന്ന് പിടഞ്ഞെണീറ്റ കുട്ട്യാലി ചോദിച്ചു:
 - എപ്പൊ?
- ഇപ്പൊ കുറച്ചു നേരായി ...
- നടക്ക് ... ഞാനും ണ്ട്..
നടക്കാൻ ഒരുങ്ങിയ കുട്ട്യാലിയെ അപ്പുണ്ണി തടഞ്ഞു നിർത്തുന്നതു കണ്ടു.
പിന്നീട് അപ്പുണ്ണി പുലമ്പാൻ തുടങ്ങി:
 - ശവമടക്കാൻ പത്ത് കാശില്ലാ കുട്ട്യാലി ... നിന്റടുത്തും ഉണ്ടാവില്ലാന്നറിയാം... എന്നാലും നീ വിചാരിച്ചാൽ കിട്ടും...
നിയ്യ് ഒരുപകാരം ചെയ്യടാ...
ഞാനത് എങ്ങനെ പറയും നെന്നോട്?
ഹെന്റിശ്വരാ... അയ്യോ... എന്നോട് പൊറുക്കടാ... ഹെന്റെ വെഷമം നെന്നോടല്ലാതെ ഞാനാരോട് പറയും?
എന്റമ്മക്ക് വന്ന പെൻഷൻ പണം... നീ .... മനസ്സുവെച്ചാൽ... കുട്ട്യാലി എന്നോട് ക്ഷമിക്കെടാ..
 _ അപ്പൂ...
ഒരു വെളിപാടിലെന്നോണം കുട്ട്യാലി അലറുന്നതു കേട്ട് ഞങ്ങൾ ഞെട്ടി.
ഞെട്ടലടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ ആകാംക്ഷാഭരിതരായി.
ഞങ്ങളുടെ കാലുകളിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു.
എന്നിട്ടും അനങ്ങാതെ നിന്നു!
അപ്പുണ്ണി പിന്നെയും പുലമ്പാൻ തുടങ്ങി.
ദൂരെ മലമുകളിൽ നിന്ന് മഴ പെയ്തു വരുന്നതു പോലെ അവന്റെ പുലമ്പൽ ഞങ്ങൾ കേട്ടു :
 - നോക്കടാ... എന്റമ്മേടെ പ്രാണനേ പോയിട്ടുള്ളൂ.... വെരല് പോയിട്ടില്ലാ...
കുട്ട്യാലി അസ്ത പ്രജ്ഞനായി നിന്നു.
അവന്റെ കണ്ണുകളിൽ പ്രാണൻ തുടിക്കുന്ന ഒരു പെരുവിരൽ വളർന്നു വലുതാവുന്നതും ഭീമാകാരം പൂണ്ട് ആകാശത്തോളം മുട്ടി നിൽക്കുന്നതും ഞങ്ങൾ സങ്കല്പിച്ചു.
ഉദ്വേഗജനകമായ വളർച്ചയിലേക്ക് ഞങ്ങൾ ഉറ്റുനോക്കി മുഷിഞ്ഞു നിന്നു.
 - അപ്പു... നമുക്ക് ആരോടെങ്കിലും ചോദിക്കാം .. നടക്ക് ...
കുട്ട്യാലി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് അപ്പുണ്ണി അലറുന്നതു കേട്ടു:
- ഈ നാട്ടില് നേരെ ചോദിച്ചാൽ ഒരുത്തനും തരില്ലടാ ... ശവംതീനികള്...
ആ പ്രസ്ഥാവം ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.
കുട്ട്യാലി അത് നിഷേധിച്ചില്ല.
എന്തൊക്കെയായാലും ചത്തു കിടക്കുന്ന ആൾക്ക് എങ്ങിനെ പെൻഷൻ പണം കൊടുക്കും?
അവനതിന് മുതിരുമോ?
അപ്പുണ്ണിക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന കുട്ട്യാലി സാഹസത്തിന് തയ്യാറാവുമോ?
തന്റെ ഭാവി അപകടപ്പെടുത്താൻ കുട്ട്യാലി ശ്രമിക്കുമോ?
ഇത്തരം ചിന്തകൾ ഞങ്ങൾക്കുള്ളിൽ അളിഞ്ഞു നാറാൻ തുടങ്ങി.
- നാശം!
ഈ വക ദാരിദ്ര്യവാസികളൊക്കെ ഞങ്ങടെ കൺവെട്ടത്തു തന്നെ പിറന്നല്ലൊ... സ്വൈരം കെടുത്താൻ...
 - അപ്പൂ... നീ എന്റെ കാര്യം ഒന്നോർത്ത് നോക്ക്...
കുട്ട്യാലി ധർമ്മസങ്കടത്തിന്റെ പാരമ്യത്തിലെത്തി.
- നോക്ക്... കുട്ട്യാലി നീ വെഷമിക്കേണ്ട...
പാതി പണം നീ എടുത്തോ...
നാളെ പെരുന്നാളല്ലേ?
ഇതു കൂടി കേട്ടതോടെ കുട്ട്യാലി കിടുകിടെ ഞെട്ടി.
ഞങ്ങളും...!
അപ്പുണ്ണി കൈക്കൂലി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങളാരും കരുതിയതല്ല. ബീക്കുട്ടിയും അപ്പുണ്ണിയും ഒരേ വേഷം കെട്ടി ആടുകയാണ്.
ഇരുവരും രൗദ്ര നടനമാടി തിമിർക്കുകയാണ്.
കുട്ട്യാലി ഭയപ്പാടോടെ പിറകോട്ടു നീങ്ങുന്നതു കണ്ടു.
അവൻ അലറിക്കരയാൻ തുടങ്ങി.
പൊടുന്നനെ പൂഴിമണൽ മേല്പോട്ട് പുക പോലെ പൊങ്ങി.
കാറ്റ് ഊറ്റം കൊള്ളുന്നതറിഞ്ഞു.
തക്ബീർ നാദം മുറവിളിയായും അട്ടഹാസമായും രൂപാന്തരപ്പെട്ടു.
ഇതിന് നടുവിൽപ്പെട്ട് കുട്ട്യാലി ഒടിഞ്ഞു നുറുങ്ങുന്നതു കണ്ടു.
അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങളെ നടുക്കി.
പിന്നെ ചോര വാർന്നു പുഴ ഒഴുകുന്നതു കണ്ടു.
ഒടുവിൽ ഒരു പുഴു ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.
ആഹാ!
അത് കുട്ട്യാലിയാണെന്ന് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ വിസ്മയം കൊണ്ടു.
പിന്നെ അത് സത്യമാണ് എന്നറിഞ്ഞപ്പോൾ ഞങ്ങൾ ആർത്തു ചിരിച്ചു തുള്ളിച്ചാടി.

( 1986 ജനവരി 5-12 ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയത്)

No comments: