Thursday, 5 April 2018

ശുനകരക്ഷകൻ

കഥ/ ടി വി എം അലി
..................................


ചൈത്രമാസത്തിലെ ഒരു വിചിത്രദിനം.
ആകാശം കൂടുതൽ വെളുക്കുകയും നക്ഷത്രമുണരുകയും ചെയ്ത പുലരിയിൽ ഒരു മനുഷ്യൻ സാരമേയങ്ങൾക്ക് നാഥനായി, ശുനകന്നൂർ ഗ്രാമത്തിന്റെ രക്ഷകനായി അവതരിച്ചു.
ഒറ്റ നോട്ടത്തിൽ ചെറുപ്പക്കാരനാണെങ്കിലും ആ പ്രായത്തിന്റെ ദൗർബല്യങ്ങളൊന്നും അയാൾക്കില്ലായിരുന്നു.
അലഞ്ഞു തിരിയുന്ന നായ്ക്കളിൽ ഒരുവൻ എന്ന പോലെയാണ് അയാൾ ബാല്യകാലം താണ്ടിയത്.
ഭൂഗോളം വിഴുങ്ങാനുള്ള ആർത്തിയോടെ, നാവു നീട്ടിപ്പാഞ്ഞ ചാവാളി പട്ടികൾക്ക് വേദ ചഷകം കലക്കിക്കൊടുത്ത്, ആത്മഹത്യയിൽ നിന്ന് അവറ്റകളെ പിന്തിരിപ്പിച്ചത് അയാളായിരുന്നു.
മനുഷ്യർ ദാനമായി നീട്ടുന്ന എച്ചിലുകൾ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും, അവരുടെ നൂലുപോലെ നേർത്തതോ, ലോഹദണ്ഡു പോലെ തടിച്ചതോ ആയ നാറുന്ന മലവിസർജ്യം ഒരിക്കലും ഭക്ഷിക്കരുതെന്നും, നടുറോഡിൽ ഇന്റർലോക്കിടരുതെന്നും അയാൾ ഉപദേശിച്ചു.
മേല്പടി തത്വസംഹിതകളsങ്ങുന്ന വാചാലത വിളമ്പിക്കൊണ്ട് അയാൾ ശുനകന്നൂരിലൂടെ നടന്നു.
കയ്യിൽ ഒരു മെലിഞ്ഞ ശൂലവും കരുതിയിരുന്നു.
വയറൊട്ടി, എല്ലുന്തി, നാവു നീട്ടി അലഞ്ഞിരുന്ന അനേകം ശ്വാന പുത്രർ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും ശുനകശാലയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.
ഒരു പറ്റം നായ്ക്കളുടെ സ്വാതന്ത്ര്യദാഹം പോലെ തൊണ്ട വരണ്ട കാലം ചങ്ങല കിലുക്കി പാഞ്ഞു.
അതിനിടെ ഒരത്യാഹിതം നടന്നു.
ആ സംഭവം നടന്നത് ശുനകശാലക്കപ്പുറത്ത് പട്ടിമേട്ടിലാണ്.
പ്രണയബദ്ധരായ ഒരു ജോടി നായ്ക്കൾ മൃഗീയമായി ആക്രമിക്കപ്പെട്ടു.
വിവരമറിഞ്ഞ് അയാൾ അങ്ങോട്ടു കുതിച്ചു.
ശുനകന്നൂർ ഗ്രാമത്തിലെ ചുറ്റുമതിലക തറവാട്ടിലെ തമ്പ്രാക്കന്മാരുടെ കാവൽ മാലാഖമാരാണ് ആക്രമിക്കപ്പെട്ടത്.
കാരിരുമ്പിന്റെ കൊളുത്തു ചങ്ങല പൊട്ടിച്ച് കമിതാക്കൾ പൊതുനിരത്തിൽ ഇറങ്ങിയതായിരുന്നു.
പരസ്പരം മണം നുണഞ്ഞ കമിതാക്കൾക്ക് സിരകളിൽ നുര പൊന്തി. തങ്കരോമരാജികൾ ഉണർന്നു.
ഒരു യുഗദൈർഘ്യകാലം ബന്ധനത്തിലമർന്ന് പുളകം കൊള്ളാൻ കമിതാക്കൾ കൊതിപൂണ്ടു നിന്നു.
പൊതുവഴിയിൽ സംസ്ക്കാര ശൂന്യരായി പെരുമാറിയ നാൽക്കാലികളുടെ പ്രവൃത്തിയിൽ അരിശം പൂണ്ട ഒരു പറ്റം കന്നാലി പിള്ളേരാണ് കല്ലെറിഞ്ഞ് സദാചാരം കാത്തത്.
ശ്വാന ദമ്പതികളുടെ കൈകാൽ ഒടിഞ്ഞു. വേദന കൊണ്ടവർ വലിയ വായിൽ കരഞ്ഞു.
രക്ഷകൻ കണ്ണീർ വാർത്ത് അനങ്ങാതെ നിന്നു. നരാധമന്മാർക്കെതിരെ രോഷം കൊണ്ടു. ഇണപ്പട്ടികളെ ശുനകശാലയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രക്ഷകൻ പുൽമെത്തയിൽ കിടന്നു.
നായ്ക്കളുടെ കാര്യമോർത്ത് നെടുവീർപ്പിട്ടു. നന്ദിയുള്ള വർഗ്ഗത്തിന്റെ മോചനമായിരുന്നു ലക്ഷ്യം.
സാരമേയ കൂട്ടങ്ങൾ ഉച്ചത്തിൽ ഓരിയിട്ടു .
കരിംഭൂത രാവുകൾ പറന്നു.
കിഴക്ക് ചോരക്കണ്ണ് തുറന്നു.
ശ്വാന പുത്രർ രക്ഷകന്റെ ചുറ്റും നിന്ന് വാലാട്ടി വെഞ്ചാമരം തീർത്തു.
പാദാദികേശം മണത്തു.
ചിലർ സ്നേഹാദരം കൊണ്ടു നക്കിക്കൊണ്ടിരുന്നു.
നായ്ക്കളുടെ തുപ്പൽ പ്രളയത്തിൽ രക്ഷകൻ മുങ്ങിക്കുളിച്ചു.
പിന്നെ സ്തുതിഗീതങ്ങൾ നീട്ടിപ്പാടി നായ്ക്കൾ ഓരിയിട്ടു .
രക്ഷകന്റെ മനം കുളിർത്തു.
അയാൾ ഉറച്ച തീരുമാനമെടുത്തു.
സിരകളിൽ ചോര കുരച്ചു.
അയാൾ തന്റെ ശ്വാന സേനാ ഭടന്മാരെ കൈ ഞൊടിച്ചു വിളിച്ചു.
യുദ്ധ സന്നദ്ധരായ സാരമേയങ്ങൾ ചെവി കൂർപ്പിച്ച് രണ്ടു കാലിൽ കുന്തിച്ചിരുന്നു.
പൊടുന്നനെ അയാൾ സൈനിക മേധാവിയെ പോലെ ചാടിയെണീറ്റ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും നായ്ക്കൾക്കറിയാവുന്ന ഭാഷയിൽ എന്തോ മന്ത്രിക്കുകയും ചെയ്തു.
ഗ്രാമ നാഭിയിൽ നിന്ന് കറുത്ത ചേല ഊർന്നു വീഴും മുമ്പ് ആ സംഭവം നടന്നു.
അരക്കില്ലങ്ങളിൽ അരക്കെട്ടൊട്ടിച്ച് ഗാഢനിദ്രപൂണ്ടവർ ഇതൊന്നുമറിഞ്ഞില്ല.
ഗ്രാമത്തിലെ തമ്പ്രാക്കളുടെ തറവാടുകളിൽ അടിമകളായിക്കഴിഞ്ഞിരുന്ന നായ്ക്കൾ മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
എന്തൊരത്ഭുതം!
ഒരിറ്റു നിണം വീഴാതെ മണ്ണു ചുവന്നു.
ഗ്രാമം പുളകം കൊണ്ടു.
പക്ഷേ, ചരിത്രം കണ്ണടച്ചു.
അടിമ നായ്ക്കൾ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും സത്യവാചകം കുരക്കുകയും ചെയ്തതോടെ
പട്ടിപ്പന്തലിൽ ശുനകോത്സവം അരങ്ങേറി.
പുലർന്ന് ഏറെ നേരം കഴിഞ്ഞ ശേഷമാണ് തമ്പ്രാക്കൾ പൊട്ടിയ ചങ്ങല കണി കണ്ടത്. തങ്ങളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിച്ചിരുന്ന കാവൽ മാലാഖമാരുടെ തിരോധാനത്തിനു പിന്നിൽ പട്ടിക്കോന്തനായ രക്ഷകന്റെ കൈകളുണ്ടെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
എന്തൊക്കെയായാലും ഇവിടത്തെ തീട്ടം തിന്നു വളർന്ന ചാവാളി പട്ടികൾ ഒന്നു കുരക്കുക പോലും ചെയ്യാതെ ഓടിപ്പോയതിൽ അവർ സങ്കടപ്പെട്ടു.
രക്തരഹിത വിപ്ലവമറിഞ്ഞ് ഓടിയെത്തിയ പത്രക്കാരോട് രക്ഷകൻ പറഞ്ഞു :
നായ്ക്കൾ ആരുടേയും അടിമയല്ല; ഗ്രാമത്തിന്റെ പൊതു സ്വത്താണ്.
കാവൽ മാലാഖമാരാണ്. ഓരോ ഗ്രാമീണനും അവരെ തീറ്റിപ്പോറ്റേണ്ടതുണ്ട്.
ഭോജ്യ സംഭരണിയിലേക്ക് എല്ലാവരും ധാന്യമണികളും മത്സ്യ മാംസാദികളും എത്തിക്കണം.
പത്രങ്ങളിൽ പട്ടിവാലിന്റെ വലുപ്പത്തിൽ പ്രസ്ഥാവന വെളിച്ചം കണ്ടു.
ചുറ്റുമതിലക തമ്പ്രാക്കൾ അരിശം മൂത്ത് പത്രങ്ങൾ ചീന്തിയെറിഞ്ഞു.
പോരിന് വീര്യം കൂട്ടുകയും ചെയ്തു.
പിറ്റേന്ന് തന്നെ തമ്പ്രാക്കൾ വിദേശത്തു നിന്ന് അൽസേഷ്യനേയും പൊമറേനിയനേയും ഇറക്കുമതി ചെയ്തു.
അവറ്റകൾക്ക് ഇറച്ചിയും മീനും പാലും മുട്ടയും കൊടുത്ത് മടിയിലിരുത്തി താലോലിച്ചു.
അതും പോരാഞ്ഞ് സഹശയന കൂട്ടാളിയാക്കുകയും ചെയ്തു.
ഇതോടെ രക്ഷകൻ വിയർത്തു.
ശുനകശാലയിലെ പട്ടികൾ ഇനി എന്തു ചെയ്യും?
ഈ തലതിരിഞ്ഞ ഇറക്കുമതി നയം ഗ്രാമത്തിന്റെ സമതുലിതാവസ്ഥയെ സാരമായി ബാധിക്കില്ലേ?
രക്ഷകൻ ചിന്തയിലാണ്ടു.
പട്ടിപ്പന്തലിലെ ഭോജ്യ സംഭരണിയിൽ ധാന്യമണികൾ വീഴാതായി.
പന്തിയിൽ കുന്തിച്ചിരുന്ന് നായ്ക്കൾക്കുണ്ണാൻ സ്വന്തം വിസർജ്യങ്ങളിൽ തല പൂഴ്ത്തേണ്ടി വന്നു.
വയറു പൊരിഞ്ഞ്, തൊണ്ട വരണ്ട്, നാവു നീട്ടി നായ്ക്കൾ രക്ഷകനെ കടിച്ചുകീറുമോ എന്ന ഭയം കലശലായി.
പൊടുന്നനെ രക്ഷകൻ ചാടിയെണീറ്റു.
ഉടനെ ശ്വാന സേനയെ വിളിച്ചു മുന്നിൽ നിർത്തി ഉഗ്രശാസനം പുറപ്പെടുവിച്ചു:
ഹും ... ഉടനെ തട്ടുവിൻ... അൽസേഷ്യനെ ... പൊമറേനിയനെ...
ഈ ശുനകന്നൂരിൽ നിന്ന് അവറ്റകളെ തുരത്തുവിൻ... വേഗമാവട്ടെ...
എന്നാൽ അരുതാത്തത് നടന്നു.
പരാജയത്തിന്റെ വിസർജ്യം ഭുജിച്ച് ശ്വാന സേന വാലുമടക്കി തിരിച്ചു വന്നു.
രക്ഷകൻ ഞെട്ടിവിറച്ചു.
വിറയലിൽ പനിയും കുളിരുമുണ്ടായി.
സമാധാനത്തിന്റെ സമാധിയിൽ സാരമേയങ്ങൾ അടയിരുന്നു.
ദിന പരിണാമങ്ങൾ കർക്കിടകത്തെ പെറ്റു.
ശുനകശാലക്ക് മീതെ കരിമേഘങ്ങൾ ഉരുണ്ടു കൂടി.
കാറ്റും മഴയും ഇടിയും മിന്നലും തിമിർത്തു.
വിശന്നുവലഞ്ഞ നായ്ക്കൾ പരസ്പരം കെട്ടിപ്പിടിച്ചുറങ്ങി.
ധാന്യ സംഭരണികളിൽ രക്ഷകന്റെ നെടുവീർപ്പുകൾ മാത്രം നിറഞ്ഞു.
തമ്പ്രാക്കളുടെ പിന്നിൽ ഇല്ലാത്ത വാലുകൾ നീണ്ടു.
കർക്കിടകം കഴിഞ്ഞിട്ടും പട്ടിണി അട്ടഹസിച്ചു.
പട്ടിപ്പന്തലിൽ തീ കെട്ടു .
പ്രത്യാശയുടെ വടവൃക്ഷങ്ങൾ കടപുഴകി വീണു.
കാലന്റെ കയറിൽ ഒരു പറ്റം നായ്ക്കളുടെ കഴുത്ത് കുരുങ്ങി .
വാർത്തയറിഞ്ഞ് തമ്പ്രാക്കൾ ആർത്തു ചിരിച്ചു.
അവർ അൽസേഷ്യന്റെ സ്വർണ്ണ രോമങ്ങളിൽ തടവി നിർവൃതി കൊണ്ടു.
ഒരു ദിവസം രക്ഷകൻ പട്ടി മേട്ടിലേക്ക് ശുഷ്കിച്ച ശൂലവും കുത്തി തീർത്ഥാടനത്തിനു പോയി.
ഈ തക്കം നോക്കി രണ്ടു വിദേശ നായ്ക്കൾ ശുനകശാലയിൽ എത്തി.
അവർ ആംഗലത്തിൽ മൃദുവായി മുരണ്ടു.
ചുളിഞ്ഞു മടങ്ങിയ ഉദരത്തിൽ തല പൂഴ്ത്തി കിടന്നിരുന്ന നാടൻനായ്ക്കൾ ഞെട്ടിയുണർന്നു.
അസ്തമയ കതിരുതിർത്തിട്ട മഞ്ഞവെയിലിൽ വിദേശികളുടെ പൊലിമ തിളങ്ങി.
എത്ര മനോഹരം!
നാടന്മാർ നാണിച്ചു തലതാഴ്ത്തി.
അതിഥികളുടെ വില കൂടിയ ഉടുപ്പു കണ്ട് നാടന്മാർ വാലുമടക്കി കൗപീന മുടുത്തു.
പിന്നീട് അവർ പരസ്പരം അഭിവാദ്യം ചെയ്തു കൊണ്ട് മുഖമുരസുകയും ഉടലാകെ മണത്ത് ആലിംഗനം കൊള്ളുകയും ചെയ്തു.
നേരം വളരെ ഇരുട്ടിയ ശേഷമാണ് രക്ഷകൻ വന്നത്.
അദ്ദേഹം ശുനകശാലയിൽ എത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞ് തളർന്നുവീണു.
ഒരായുഷ്ക്കാലത്തിന്റെ ദൗത്യം പരാജയപ്പെട്ടിരിക്കുന്നു.
പുതിയ പ്രതാപങ്ങളുടെ പഴയ ചങ്ങല തുണ്ടുകൾ തേടി പട്ടികൾ ഓടിപ്പോയിരിക്കുന്നു.
കൈകാൽ ഒടിഞ്ഞതും എല്ലും തോലുമായതുമായ ഏതാനും പട്ടികൾ മാത്രമാണ് ഇനിയുള്ളത്.
നന്ദി കേടെന്ന് പറഞ്ഞ് ആക്ഷേപിക്കാനാവില്ല.
അതിന് പ്രസക്തിയില്ല.
രക്ഷകൻ ആത്മഗതം കൊണ്ടു.
ഈ നായ്ക്കളോട് വേദമോതിയിട്ട് കാര്യമില്ല.
ഇടം വലം നോക്കാതെ അവർ വാലാട്ടിക്കൊണ്ടിരിക്കും.
സൗഭാഗ്യം തേടി ഓടിക്കൊണ്ടിരിക്കും.
അവരെ പിടിച്ചു നിർത്താനുള്ള തത്വശാസ്ത്രം പ്രയോഗത്തിലാക്കണമെങ്കിൽ മറ്റു പലതും ആവിഷ്ക്കരിക്കേണ്ടി വരും.
ഇനി അങ്ങിനെ വിലയിരുത്താം.
മനുഷ്യരോടൊപ്പം ദീർഘകാലം സഹവസിച്ചു ശീലിച്ച നായ്ക്കൾക്ക് അവരുടെ സംസ്ക്കാരം പകർന്നു കിട്ടിയിരിക്കുന്നു.
അത് നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു.
പിഴവ് പറ്റിപ്പോയി.
ഇനി തെറ്റുതിരുത്തണം.
ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നപ്പോഴേക്കും രക്ഷകൻ മൃതപ്രായനായിക്കഴിഞ്ഞിരുന്നു.

(1991 ൽ പുറത്തിറങ്ങിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന്
 - ടി വി എം അലി )

No comments: