Saturday, 25 August 2018

സ്വപ്ന വേദികളിൽ സതീഷിന് നൃത്തമാടണം



ഭാരതപ്പുഴയുടെ പ്രളയാനന്തര വരൾച്ച ചിത്രീകരിച്ച് മടങ്ങുമ്പോഴാണ് കൊടുമുണ്ട ഗേറ്റിൽ വെച്ച് ആ ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. എന്റെ കൂടെ ഗോപി മാഷുമുണ്ട്.  നിളയുടെ രൂപ ഭാവ മാറ്റങ്ങളെ കുറിച്ച് ഞാനും ഗോപി മാഷും സംസാരിക്കുന്നതിനിടയിലേക്കാണ് അയാൾ പൊടുന്നനെ കയറി വന്നത്. ഞങ്ങളുടെ നേരെ അയാൾ ടിക്കറ്റ് നീട്ടി.  വേണ്ടെന്ന് ആംഗ്യത്തിൽ പറഞ്ഞൊഴിഞ്ഞെങ്കിലും രണ്ടു മൂന്നു വട്ടം അയാൾ ഞങ്ങളുടെ മുന്നിലൂടെ തന്നെ നടന്നു. എന്തോ ഒരു അസാധാരണത്വം അയാളിലുണ്ടെന്ന് അപ്പോൾ എനിക്ക് തോന്നാതിരുന്നില്ല.
അതിനിടയിൽ ഗോപി മാഷ് അയാളെ വിളിച്ച് 'സതി' യല്ലേ എന്ന് സംശയ നിവൃത്തി വരുത്തി. ഗോപി മാഷ് കുശലം പറഞ്ഞ് അയാളെ വിട്ടു. എന്നിട്ട് സതിയെ കുറിച്ച് ഒന്നു രണ്ടു വാക്കിലൂടെ എനിക്ക് പരിചയപ്പെടുത്തി. പട്ടാമ്പിക്കുള്ള ബസ് കാത്തിരിക്കുകയാണ് ഞാൻ. എന്നെ പറഞ്ഞയച്ചിട്ടു വേണം ഗോപി മാഷിന് വീട്ടിലെത്താൻ. അതിനിടയിൽ ഒന്നു രണ്ടു തവണ റെയിൽവേ ഗേറ്റ് അടയുകയും തീവണ്ടികൾ കടന്നു പോകുകയും ചെയ്തു. തിരക്കൊഴിഞ്ഞ രണ്ടു ബസും ഞാൻ വിട്ടു. എനിക്കെന്തോ സതിയെക്കുറിച്ച് കുറച്ചു കൂടി അറിയണമെന്ന് തോന്നി. ഞാൻ അയാളെ വിളിച്ച് അരികിലെ കസേരയിലിരുത്തി കുശലം ചോദിച്ചു. സംസാരിക്കുമ്പോൾ ഇ.എം.എസിനെപ്പോലെ അല്പം വിക്കുണ്ട്. കണ്ണുകൾക്കും ചലന വ്യതിയാനമുണ്ട്. താടിയും മുടി നീട്ടി വളർത്തിയിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ മുദ്ര പതിച്ച ഓവർ കോട്ടും ചുവന്ന ലുങ്കിയുമാണ് വേഷം. ഞാൻ സതിയെ വായിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. അതറിഞ്ഞിട്ടാവണം സതി തന്റെ ജീവിത ചിത്രം പതുക്കെ അനാവരണം ചെയ്തു. മൂന്നാം വയസ് മുതൽ സിനിമാറ്റിക് ഡാൻസറാണ് സതി. ഗുരുക്കന്മാരില്ല. മൈക്കിൾ ജാക്സനെ അനുകരിച്ചാണ് കുട്ടിക്കാലത്ത് ആട്ടം തുടങ്ങിയത്. പെരുമുടിയൂർ സ്കൂളിൽ വാർഷികാഘോഷ വേദികളിൽ ബ്രേക്ക്‌ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലും ചില വേദികളിൽ നൃത്തമാടിയിട്ടുണ്ട്. പരേതനായ ഗോപാലകൃഷ്ണൻ നായരുടേയും സ്കൂൾ പാചക തൊഴിലാളിയായിരുന്ന സുലോചനയുടേയും മകനാണ് സതി എന്ന സതീഷ് (30). പെരുമുടിയൂർ സിതാര മണ്ഡപത്തിനു സമീപം സതീഷ് മന്ദിരത്തിൽ, വയോധികയായ  അമ്മയോടൊപ്പമാണ് താമസം. കഴിഞ്ഞ ആറ് വർഷമായി ചെറുശ്ശേരി ശിവക്ഷേത്രത്തിൽ താൽക്കാലിക കഴകക്കാരനായി രാവിലെയും വൈകുന്നേരവും സേവനമനുഷ്ഠിക്കുന്ന സതി, പകൽ മുഴുവൻ ലോട്ടറി വില്പനക്കാരനാണ്. ദിവസേന പത്ത്, പതിനഞ്ച് കി.മീറ്റർ ദൂരം നടക്കുന്ന സതി മിക്കവാറും മലപ്പുറം ജില്ലയിലെ കൊടുമുടി വരെ പോയി ഭാഗ്യ വില്പന നടത്താറുണ്ട്. ശരാശരി രണ്ടായിരം രൂപയുടെ ടിക്കറ്റ് വിൽക്കാറുണ്ട്. പ്രധാന ജീവിതോപാധി ഭാഗ്യവില്പന തന്നെയാണ്. സേവനം നടത്തുന്നത് സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ഇത് സർക്കാർ ജോലിയായി സമൂഹം കാണുന്നില്ല എന്ന സങ്കടം സതിയുടെ വാക്കുകളിലുണ്ട്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഈയിടെ ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഷോ പ്രോഗ്രാമിൽ ഓഡിഷൻ ടെസ്റ്റിനു പോയിരുന്നു. നല്ല പ്രകടനം കാഴ്ചവെച്ച സതിയെ പ്രോഗ്രാമിലേക്ക് സെലക്ട് ചെയ്തതായി പറഞ്ഞിരുന്നു. ഫ്ലവേഴ്സിന്റെ സ്റ്റേജ് ലഭിച്ചാൽ തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവും എന്ന പ്രതീക്ഷയിലാണ് സതി. കണ്ണിന് ജന്മനാൽ അല്പം കാഴ്ച കുറവുണ്ടെങ്കിലും പരിമിതികളുടെ വന്മതിലുകൾ താണ്ടാനുള്ള ആർജ്ജവം സതി നിലനിർത്തുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി.
ഭാരതപ്പുഴ കര കവിഞ്ഞൊഴുകിയപ്പോൾ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന അനുഭവവും സതി പങ്കുവെച്ചു. ദുരിതാശ്വാസ ക്യാമ്പ് വിട്ട സതിയും അമ്മയും പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാ കുറവുകളിൽ നിന്നും കനവിൽ കണ്ട നിറവുകളിലേക്കും നിറപ്പകിട്ടാർന്ന നൃത്തവേദികളിലേക്കും എത്തിച്ചേരാൻ
സതിക്ക് കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിച്ചു.  പ്രളയം മൂലം നറുക്കെടുപ്പ് മാറ്റി വെച്ച രണ്ട് നിർമൽ ലോട്ടറി ടിക്കറ്റ് ഞങ്ങൾ വാങ്ങി. ഹൃദയം കൊണ്ട് നിർമലമായ ആ യുവാവിന് മംഗളങ്ങൾ നേർന്നു കൊണ്ട് ഞാൻ അടുത്ത ബസിൽ കയറി.

No comments: