വി.ആർ.ലളിതാംബിക:
ചരിത്ര ദൗത്യവുമായി മലയാളി വനിത!
ബഹിരാകാശ മനുഷ്യ ദൗത്യത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. പ്രതീക്ഷയർപ്പിക്കുന്നത് മലയാളി വനിതയിൽ!
മുപ്പത് വർഷമായി ഐ.എസ്.ആർ.ഒ.യിൽ വിക്ഷേപണ സാങ്കേതിക വിദ്യയിൽ സ്പെഷലിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. വി.ആർ.ലളിതാംബിക (56) യാണ് ചരിത്രം രചിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡപ്യൂട്ടി ഡയറക്ടരായ ലളിതാംബിക പുതിയ നിയോഗം ഏറ്റെടുക്കാൻ മൂന്ന് മാസം മുമ്പാണ് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്തെത്തിയത്.
2001 ൽ സ്പേസ് ഗോൾഡ് മെഡലും, 2013 ൽ പെർഫോമൻസ് എക്സലൻസ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവർ നേടിയിട്ടുണ്ട്. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് നിലവിലുണ്ടായിരുന്ന വെല്ലുവിളികൾ നാല് വർഷം മുമ്പുതന്നെ ഐ.എസ്.ആർ.ഒ. തരണം ചെയ്തിട്ടുണ്ട്. വിക്ഷേപണ വാഹനത്തിന്റെ രൂപകൽപനയും നിർമാണവും നിർവഹിക്കപ്പെട്ടതോടെ ഈ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ.
ജി.സാറ്റ് 19 ഉപഗ്രഹം കഴിഞ്ഞ വർഷം വിക്ഷേപിച്ചപ്പോൾ ഡിജിറ്റൽ ഓട്ടോ പൈലറ്റ് (ഡി.എ.പി.) സംവിധാനം രൂപപ്പെടുത്തിയത് ഡോ.വി.ആർ.ലളിതാംബികയായിരുന്നു. കഴിഞ്ഞ വർഷം പി.എസ്.എൽ.വി.യിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ചരിത്രമെഴുതിയപ്പോൾ ആ ദൗത്യസംഘത്തിന് ചുക്കാൻ പിടിച്ചത് ഈ മലയാളി മങ്കയായിരുന്നു. 2022 ൽ ഒരിന്ത്യക്കാരൻ ബഹിരാകാശത്ത് കാലു കുത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഗഗനചാരിയെ തിരഞ്ഞെടുക്കുന്ന ചുമതലയും ഇവരിലർപ്പിതമാണ്. 1984 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേശ് ശർമ റഷ്യൻ പേടകത്തിലാണ് ചരിത്ര നിയോഗം പൂർത്തിയാക്കിയിരുന്നത്. ഇന്ത്യൻ വംശജയും അമേരിക്കൻ പൗര യുമായ കൽപന ചൗളയും സുനിത വില്യംസും നാസയുടെ ബഹിരാകാശ ദൗത്യത്തിലാണ് ചരിത്രം രചിച്ചത്. ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് 'ഗഗന്യാൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ.ശിവനാണ് രാജ്യത്തെ വനിതകൾക്ക് അഭിമാനമാവുന്ന തീരുമാനത്തിലൂടെ ഡോ.വി.ആർ.ലളിതാംബികയെ ദൗത്യമേല്പിച്ചത്.
No comments:
Post a Comment