Thursday, 9 August 2018

ഒരു കർക്കിടക സ്മരണ...

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. നിറവയറുമായി നിള ഇരുകര മുട്ടി ഒഴുകുകയാണ്.
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടോടുന്നതുപോലെ അല്പം വേഗത്തിലാണ്.
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റടിച്ചു. നോക്കി നിൽക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച്ച് ഒഴുകുന്ന പുഴയിൽ കലർന്നു.
പിന്നെ പുഴയിൽ നിന്ന് ഉയർന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്.
അതുകേട്ടു ആളുകൾ അങ്ങാടിയിൽ നിന്ന് ഓടിയെത്തി. നീന്തൽ അറിയുന്നവർ
പുഴയിലേക്ക് എടുത്തു ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ പാലത്തിൽ നിൽക്കുന്നവർക്ക് കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നിൽക്കുകയാണ്.
നിമിഷങ്ങൾക്കകം ദൂരെ ഒരു കറുത്ത പൊട്ടു പോലെ കുട മറഞ്ഞു.
ഒരു ജീവൻ നിളയിൽ ഓളമായി ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കര കയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷിയായി പലരുമുണ്ടായിരുന്നു.
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ഈ കർക്കിടകത്തിലും മൂന്നു പേരുടെ ജീവൻ നിളയിൽ ഒഴുകിയിട്ടുണ്ട്.
ഒരാൾ ജീവിതപ്പാച്ചിലിന് തടയിടാനാണ് ചാടിയതെങ്കിൽ രണ്ടു പേർ മീൻ പിടിക്കാനിറങ്ങിയതായിരുന്നു. ഓരോ മഴക്കാലത്തും
നിളയിൽ ഒഴുകിപ്പോയ ജീവിതങ്ങളുടെ കണക്ക് ഏത് കാനേഷുമാരിയിലാണുണ്ടാവുക?
അന്തം കെട്ട മണലെടുപ്പിൽ കുഴിഞ്ഞു പോയത് നിളയുടെ സ്വർണ്ണമേനിയാണ്. അവിടെ തഴച്ചു വളർന്ന ആറ്റുവഞ്ഞിക്കാട്ടിൽ കുടുങ്ങി കിടന്ന മൃത സ്വപ്നങ്ങൾ തിന്ന് വളർന്നത് മത്സ്യങ്ങളാണ്. ഓള പരപ്പിൽ പുളയുന്നത് ദുരന്ത വാർത്തകളാണ്. അപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവതില്ലാതെ പ്രാദേശിക ഭരണകൂടങ്ങൾ കൈമലർത്തുകയാണ്.
പുഴയിൽ നിന്ന് കുഴിയിലേക്കും കുഴിയിൽ നിന്ന് കാട്ടിലേക്കും നിള പരിവർത്തനം ചെയ്തു കൊണ്ടിരിക്കുമ്പോഴും
കൗമാരത്തിലെ നിളയോളങ്ങളാണ് മനസ്സിൽ ഉറവയെടുക്കുന്നത്.
അതുകൊണ്ടാണ്
നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും പഴയൊരു കാഴ്ച കർക്കിടക മഴ പോലെ,
കണ്ണീർ മഴ പോലെ ഓരോ മഴക്കാലത്തും എന്നെ പൊതിയുന്നത്.
------------------------
ടി.വി.എം. അലി
------------------------

No comments: