വിശ്രമ വസന്തത്തിൽ കീർത്തനമെഴുതിയും
സ്വയം മറന്ന് പാടിയും
കൂമുള്ളി ശിവശങ്കരൻ...
നാലു പതിറ്റാണ്ടുകാലം ചായക്കടയിലെ പറ്റുകാർക്ക്
രുചി വൈവിധ്യങ്ങൾ നൽകി ജീവിതം നയിച്ച ഞാങ്ങാട്ടിരി സ്വദേശി കൂമുള്ളി ശിവശങ്കരൻ വിശ്രമ വസന്ത കാലത്ത് ഭക്ത കവിയും സ്വയം മറന്ന് പാടുന്ന ഗായകനുമായി മാറിയത് വിസ്മയമാവുന്നു. സംഗീതവുമായോ സാഹിത്യവുമായോ പൂർവ്വ ബന്ധങ്ങളില്ലെങ്കിലും കഴിഞ്ഞ പതിനഞ്ച് വർഷമായി കൂമുള്ളി ശിവശങ്കരൻ (70) ശ്രീകൃഷ്ണ കീർത്തനങ്ങളുടെ രചനയും ആലാപനവുമായി കഴിയുകയാണ്. മുപ്പത് വർഷം മുമ്പ് ഒരു അയ്യപ്പ കീർത്തനം ആദ്യമായി എഴുതിയിരുന്നുവെങ്കിലും തുടരാൻ കഴിഞ്ഞിരുന്നില്ല. ചായക്കടയിൽ വല്ലപ്പോഴും നടക്കുന്ന ചായക്കുറിക്ക്
(പണപയറ്റ്) ഉച്ചഭാഷിണി ഏർപ്പാടാക്കുകയും ഗ്രാമഫോൺ റിക്കാർഡിൽ നിന്ന് പകൽ നീളെ പാട്ടൊഴുകി വരികയും ചെയ്യാറുണ്ടെങ്കിലും അക്കാലത്ത് നല്ലൊരു ഗാനാസ്വാദകൻ ആവാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഞാങ്ങാട്ടിരി ഗ്രാമവാസികൾ ഒന്നടങ്കം എത്തുന്നതു കൊണ്ട് കടയിലെന്നും നല്ല തിരക്കായിരുന്നു. ഇഡ്ഡലിയും ചട്ണിയും, പുട്ടും കടലയും, പൊറോട്ടയും ഉള്ളിക്കറിയും ഭക്ഷിക്കാൻ എത്തുന്നവരുടെ തിരക്ക് ഒഴിഞ്ഞ നേരമില്ല. ഭർത്താവിനെ സഹായിക്കാൻ സദാസമയവും ഭാര്യ കൂടെ തന്നെ കാണും. സൈക്കിൾ കട നടത്തുന്ന കാദർക്ക, പലചരക്കുകട നടത്തുന്ന ആല്യാമുക്ക, കുഞ്ഞിപ്പുക്ക, ബാർബർ സുലൈമാനിക്ക, ഉണക്കമീനും പച്ചക്കറിയും വിൽക്കുന്ന കുഞ്ഞാപ്പുട്ടിക്ക തുടങ്ങിയവരാണ് കൂമുള്ളിയുടെ ചങ്ങാതിമാർ. ഇവരെല്ലാവരും ഓർമയാവുകയും പഴയ കെട്ടിടം തന്നെ നാടുനീങ്ങുകയും ചെയ്ത ഗ്രാമ ചരിത്രത്തിൽ കൂമുള്ളി ഇടം കണ്ടെത്തിയത് കൃഷ്ണ സ്തുതികളിലാണ്. വർഷം തോറും ശബരിഗിരീശന്റെ സന്നിധിയിലും നാലമ്പലത്തിലും സന്ദർശനം നടത്താറുണ്ട്. ആ ആത്മീയ യാത്രയിൽ നിന്ന് പ്രചോദനം കിട്ടിയാണ് അയ്യപ്പ സ്തുതിയും മറ്റും രചിച്ചത്. ചായക്കടയിൽ തളച്ചിട്ട ജീവിതത്തിനിടയിൽ രചന തുടരാൻ കഴിഞ്ഞില്ലെങ്കിലും അന്ന് രചിച്ച കീർത്തനം ഇന്നും കാണാപാഠമാണ്.
55-മത്തെ വയസിൽ സഹധർമിണി വിശാലാക്ഷി സമേതനായി ചായക്കടയിൽ നിന്നിറങ്ങി വിശ്രമ വസന്തത്തിലേക്ക് പലായനം ചെയ്ത ശേഷമാണ് തന്റെ ഉള്ളിലുറഞ്ഞു കിടന്നിരുന്ന ഭക്തി മാധുര്യം സർഗ്ഗധാര പോലെ ഇളകി മറിഞ്ഞത്. പുലരും മുമ്പ് പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലും നിത്യ സന്ദർശകനാണ് ഈ 70 കാരൻ. രണ്ട് ക്ഷേത്രത്തിലും ആയിരം ദിവസം പുലരിയിൽ എത്താൻ വ്രതമെടുത്ത ശിവശങ്കരൻ ഇതിനകം ആ ലക്ഷ്യം താണ്ടിക്കഴിഞ്ഞു. അതിനു പുറമെ ഞാങ്ങാട്ടിരി ചാക്കുരുത്തികുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലും ദർശനത്തിന് എത്താറുണ്ട്. അവിടെ സഹസ്രനാമാലാപനം പതിവാണ്. അതു കൂടാതെ മറ്റു ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ കീർത്തനങ്ങൾ ചൊല്ലാറുണ്ട്.
സ്വയം മറന്ന് ഭക്തി പരവശനായി അമ്പാടി കണ്ണനിൽ മുഴുകിയാണ് കീർത്തനങ്ങൾ ചൊല്ലുന്നത്. ഇത് കണ്ടും കേട്ടും നിൽക്കുന്നവരെ കൂടി ആനന്ദത്തിലാറാടിക്കുന്ന ആലാപന സൗകുമാര്യമാണ് ശിവശങ്കര പുണ്യമായി നിറയുന്നത്. ആറാം തരത്തിൽ
പള്ളിക്കൂടത്തോട് വിട ചൊല്ലിയ ശേഷം, ജീവിത പാഠശാലയുടെ തിരുമുറ്റത്ത്, പ്രാരാബ്ധങ്ങളുടെ അടുപ്പിൽ, കത്തുന്ന വിറകിന്റെ ചൂടറിഞ്ഞതുകൊണ്ടാവാം അനായസേന കാവ്യരചന നടത്താനും സ്വയം മറന്ന് ആലപിക്കാനും ഇദ്ദേഹത്തിന് കഴിയുന്നത്. ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപാല കൃഷ്ണനായും, വേണു ഗാനപ്രിയ വനമാല ധരിച്ച മായാ മാധവനായും ദേവകി നന്ദന വസുദേവ പുത്രനായ അമ്പാടി കണ്ണനായും ഭഗവാനെ വാഴ്ത്തി പാടുന്ന ശിവശങ്കരന്റെ ശബ്ദമാധുരി ക്ഷീരസാഗരം പോൽ തിരതല്ലുന്നതു കാണാം. വെളുപ്പിന് 5 മണിക്ക് മോട്ടോർ ബൈക്കിൽ ക്ഷേത്ര ദർശനത്തിന് പുറപ്പെടുന്ന യൗവ്വന യുക്തനായ വയോധികന് തുണയാവുന്നത് ആപൽ ബാന്ധവനും അനന്ത ശയനനുമായ ഭഗവാൻ തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈയിടെ ഒരു വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ഭഗവാന്റെ കാരുണ്യം കൊണ്ടാണെന്ന് അദ്ദഹം കരുതുന്നു. പാകത്തിന് പാലും പഞ്ചസാരയും ചായപ്പൊടിയും ചേർത്തുണ്ടാക്കുന്ന ശിവശങ്കരന്റെ ചായക്ക് ആരാധകർ ഏറെയുണ്ടായിരുന്നു. ഇപ്പോഴാവട്ടെ ശിവശങ്കരന്റെ കൃഷ്ണ സ്തുതി കേട്ടാലും മനം നിറയും എന്നാണ് ആരാധക പക്ഷം. ചെത്തു തൊഴിലാളിയായിരുന്ന കൃഷ്ണൻകുട്ടി - കാർത്യായനി ദമ്പതികളുടെ മകനായ ശിവശങ്കരന് തുണയായി ഭാര്യ വിശാലാക്ഷി നിഴൽ പോലെ കൂടെയുണ്ട്. കൃഷ്ണദാസ്, പമ്പാവാസൻ, നന്ദകുമാർ, സ്വയം പ്രഭ എന്നിവർ മക്കളും, ഷീജ, അനീഷ, സുജീഷ, ശശിധരൻ എന്നിവർ മരുമക്കളുമാണ്. ഐശ്വര്യദായകരായ എട്ട് പേരകുട്ടികളും ഭക്തപ്രിയനായ
കൂമുള്ളി ശിവശങ്കരന്റെ ഗാനധാരക്ക് മുന്നിൽ കളഭ പുഞ്ചിരിയോടെ തൊഴുതു നിൽക്കുന്നുണ്ട്. ശിവശങ്കരന്റെ കാവ്യ സർഗ്ഗാത്മകതക്ക് മേൽ ആത്മീയതയുടെ മയിൽ പീലിയാണ് തുയിലുണർത്തുന്നത്.
(എഴുത്തും ചിത്രവും:
ടിവിഎം അലി)
No comments:
Post a Comment