ബസ് യാത്രയിലാണ് അയാളെ കണ്ടുമുട്ടിയത്. ഉൾഗ്രാമങ്ങളിലൂടെ സർവീസ് നടത്തുന്ന കുറിയ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. പട്ടാമ്പി ബസ്റ്റാന്റിൽ എത്തിയപ്പോഴാണ് അയാൾ ഒരു ചുമട് തൂക്കി കയറിയത്. പിൻസീറ്റിൽ ഇരിക്കുന്ന ഫ്രീക്കന്മാരുടെ കൂടെയാണ് എനിക്കും ഇത്തിരി പഴുത് കിട്ടിയത്. കോളേജ് കുമാരന്മാരെ വകഞ്ഞു മാറ്റി ഭാണ്ഡം ഓരം ചേർത്തുവെച്ച് ആഗതൻ എന്നെ നോക്കി ഇത് കൊടലൂർ വഴി പോകുന്നതല്ലേ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. എന്റെ അടുത്തിരുന്ന ഒരു കുമാരൻ ആഗതന് സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോൾ ഞങ്ങൾ സഹ സഞ്ചാരികളായി.
തുണിയിൽ പൊതിഞ്ഞ വലിയ അട്ടപ്പെട്ടി കണ്ടപ്പോൾ, വളയും മാലയുമാണോ എന്ന് ഞാൻ ചോദിച്ചു. ചെണ്ട തോളിൽ തൂക്കി നടക്കാൻ പറ്റുന്നതു പോലെ തോർത്തു മുണ്ടുകൊണ്ട് പെട്ടിക്ക് കൊളുത്തുണ്ടാക്കിയത് കൗതുകം പകർന്നു. നമുക്ക് അയാളെ മുരുകൻ (പേര് സാങ്കല്പികം) എന്ന് വിളിക്കാം. നിറ വയറുമായി ബസ് നീങ്ങി. ഗവ.കോളേജിന്റെ മുന്നിൽ എനിക്ക് ഇറങ്ങണം. തിരക്കു കാരണം ബസ് സാവകാശമാണ് നീങ്ങുന്നത്. നാട്ടിലെമ്പാടും ഫാൻസി കടകളുള്ള ഇക്കാലത്ത് ഈ ചുമടും താങ്ങി നടന്നാൽ വഴി ചിലവിന് വല്ലതും കിട്ടുമോ എന്ന് വെറുതെ ഒരു ചോദ്യമെറിഞ്ഞ് മുരുകന്റെ മുഖത്തേക്ക് ഞാൻ നോക്കി. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കൊപ്പം വെട്ടിയൊതുക്കിയ നരച്ച മീശയും കട്ടിക്കണ്ണടയും ഒന്നു വിറകൊണ്ടു. മുരുകൻ എന്നെ ഒന്നു ചൂഴ്ന്നു നോക്കി. മുരുകന്റെ ഹൃദയത്തിലാണ് എന്റെ ചോദ്യം ചെന്നു തറച്ചത് എന്ന് ആ കണ്ണുകൾ പറഞ്ഞു. പിന്നെ അയാൾ പറഞ്ഞതെല്ലാം കാടിന്റെ കത്തലായിരുന്നു. അത് ഇങ്ങിനെ: ചെർപ്ലശ്ശേരിയിലാണ് മുരുകന്റെ വീട്. ഇപ്പോൾ ചങ്ങരംകുളത്താണ് താമസം. രാവിലെ ഏഴിന് വള, മാല, ചീർപ്പ്, കണ്ണാടി തുടങ്ങിയ ഫാൻസി ഭാണ്ഡം തൂക്കി വീട്ടിൽ നിന്നിറങ്ങും. നാല്പത്തി രണ്ട് വർഷമായി തുടരുന്ന ദിനചര്യയാണ്. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് നീങ്ങും. ഉൾഗ്രാമങ്ങളിലാണ് വ്യാപാരം. അഞ്ചു രൂപ, പത്തു രൂപ സാധനങ്ങളായതുകൊണ്ട് വാങ്ങാനാളുണ്ട്. ഫാൻസി കടകളിൽ കൂടിയ വിലക്ക് വിൽക്കുന്ന സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നു എന്നതാണ് ആകർഷകം. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ വ്യാപാരം നടക്കും. കുന്നംകുളം അങ്ങാടിയിൽ നിന്നാണ് ചരക്കെടുക്കുന്നത്. അവിടെ മൊത്ത കച്ചവടക്കാരിൽ നിന്ന് കടം കിട്ടും. പക്ഷേ വില കൂടുതൽ വരും. അതു കൊണ്ട് കടമായി ചരക്കെടുക്കാറില്ല. റെഡി കാഷ് ഇടപാട് മാത്രമേയുള്ളൂ. നാളിതുവരെ ജീവിച്ചത് ഈ ഭാണ്ഡം കൊണ്ടാണ്. ഇരുപതും മുപ്പതും കിലൊ ഭാരമുള്ള കാർടൂൺ പെട്ടി തോളിൽ തൂക്കിയാണ് യാത്ര. ഓണം, പെരുന്നാൾ സീസണിൽ ഭേദപ്പെട്ട വ്യാപാരം നടക്കും. ഈ നടത്തക്കിടയിൽ ഒരിക്കൽ അറ്റാക്കുണ്ടായി. അതിനിടയിൽ ഭാര്യ പിണങ്ങി പിരിഞ്ഞു. രണ്ടു മക്കൾ അവരുടെ കൂടെയാണ്. അവൾക്ക് സ്നേഹം പണത്തിനോട് മാത്രമായിരുന്നു. അവൾ പിരിഞ്ഞ ശേഷം മറ്റൊരുത്തിയെ കെട്ടി. അവൾ കൂടെയുണ്ട്. പുതിയ ദാമ്പത്യത്തിൽ മക്കളില്ല. കഥ പെയ്തിറങ്ങുന്നതിനിടയിൽ ബസ് കല്പക സ്ട്രീറ്റ് കടന്ന് ചെർപ്ലശ്ശേരി റോഡിലെത്തി. ഹമ്പ് ചാടുന്നതിനിടയിൽ ഭാണ്ഡം ഒന്നിളകി. വളകൾ കിലുങ്ങി. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രളയം വന്നിട്ടും മനുഷ്യന് പണത്തിനോടുള്ള ആർത്തി തീരാത്തതെന്താ സാറെ? ആ ചോദ്യത്തിന് മറുപടി പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇറങ്ങേണ്ട സ്ഥലത്താണ് ബസ് നിൽക്കുന്നത്. പിന്നെ കാണാമെന്ന് പറഞ്ഞ് ഞാൻ ചാടിയിറങ്ങി. പത്തു മിനുറ്റ് മാത്രം നീണ്ടു നിന്ന ഒന്നര കി.മീറ്റർ ദൂരത്തെ ബസ് യാത്രക്കിടയിൽ മുരുകൻ ഉരുക്കഴിച്ചിട്ട ജീവിതത്തിന്റെ പിടച്ചിലാണ് എന്റെയുള്ളിലിപ്പോൾ.
മുരുകന്റെ ചോദ്യം തിരയടിക്കുകയാണ്.
ഹിമബിന്ദുവിൽ കാനനം കാണിക്കാം എന്ന് കാവ്യാത്മകമായി പറയുന്നതുപോലെ
അരനൂറ്റാണ്ടിന്റെ ജീവിതമാണ് പത്തു മിനുറ്റിൽ അയാൾ അനാവരണം ചെയ്തത്. ചിലരുടെ ജീവിതം ഇങ്ങിനെയാണ്. ആർക്കോ കോറിയിടാൻ വേണ്ടി മാത്രം ജീവിച്ചു തീർക്കുന്നവർ. മുരുകനെ ഓർക്കുമ്പോഴെല്ലാം ഒരു കാട് കത്തുന്ന ചൂട് ആളിപ്പടരും എന്നുറപ്പാണ്.
(എഴുത്ത്: ടിവിഎം അലി)
No comments:
Post a Comment