പെണ്ണിരകളുടെ പ്രതീകം.
ദീപാവലി അവധിയുടെ ആലസ്യത്തിലിരുന്നു കൊണ്ടാണ് നാദിയ മുറാദിന്റെ ജീവിതകഥ വായിക്കാൻ തുടങ്ങിയത്.
2018ലെ നോബൽ സമ്മാന ജേതാവായ ഇറാഖി യുവതിയാണ് നാദിയ മുറാദ്.
മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റേയും, മെട്രോ മാൻ ഇ.വി.ശ്രീധരന്റേയും, മലാല യൂസഫ് സായുടേയും ജീവിതം പകർത്തിയ എന്റെ സുഹൃത്ത് പി. വി. ആൽബിയാണ് നോബൽ സമ്മാനം നേടിയ നാദിയ മുറാദിന്റെ അതിജീവന കഥ മലയാളികൾക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്.
എഴുത്ത് രംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിദ്ധ്യമുറപ്പിച്ച കൊച്ചി കുമ്പളങ്ങി സ്വദേശിയായ ആൽബിയെ ഞാൻ അടുത്തറിഞ്ഞത് എ.പി.ജെ.അബ്ദുൾ കലാമിന്റെ മരണ ദിവസമാണ്. 'മാധ്യമം' പത്രത്തിനു വേണ്ടി കലാമിനെ കുറിച്ചുള്ള ആൽബിയുടെ ഓർമകൾ പങ്കുവെച്ചു കൊണ്ടാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. കുറച്ചു വർഷങ്ങളായി
എന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് ആൽബിയും കുടുംബവും താമസിക്കുന്നതെങ്കിലും ഞങ്ങൾ കണ്ടുമുട്ടുന്നത് അപൂർവ്വമാണ്. ആൽബിയുടെ പുതിയ പുസ്തകമായ നാദിയ മുറാദിലേക്ക് വരാം. വടക്കൻ ഇറാഖിൽ താമസിച്ചിരുന്ന ഒരു നാടോടി ഗോത്രത്തിലെ
19 കാരിയായ നാദിയയുടെ പൊള്ളുന്ന ജീവിതമാണ് 144 പുറങ്ങളിൽ ചിതറികിടക്കുന്നത്.
വടക്കൻ ഇറാഖിലെ മൊസൂളിൽ നിന്ന് അമ്പത് കി.മീറ്റർ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിൻജാർ പർവ്വതനിരയുടെ നിഴലിൽ കഴിയുന്ന കൊജോ എന്ന ഗ്രാമത്തിലാണ് നാദിയയുടെ ജനനം. കർഷകരും ആട്ടിടയന്മാരുമായ നാടോടി ഗോത്രവർഗ്ഗം അവിടെ തമ്പടിച്ചത് അറുപത് വർഷം മുമ്പാണ്. ഇവരെ കൂടാതെ ഏതാനും കുർദ്, അറബ് വംശജരും അവിടെ അന്തേവാസികളാണ്. ചെളിക്കട്ട കൊണ്ട് നിർമിച്ച പെട്ടികൾ പോലെയുള്ള വീടുകളാണ് അധികവും. ഉഷ്ണകാലത്ത് പുരമുകളിലാണ് ഗ്രാമവാസികളുടെ അന്തിയുറക്കം. 2014 ആഗസ്റ്റ് മൂന്നിന്റെ പ്രഭാതം കീറി മുറിച്ചു കൊണ്ട്
ആ ഗ്രാമത്തിലേക്ക് ഏതാനും ട്രക്കുകൾ ഇരമ്പിയെത്തിയതോടെയാണ് നാദിയയുടെ കഥ തുടങ്ങുന്നത്. കറുത്ത പതാകയും കറുത്ത കുപ്പായവുമണിഞ്ഞ് മുഖം മൂടി ധരിച്ചെത്തിയത്, ഐ.എസ്.ഭീകരന്മാരായിരുന്നു. കുർദുകളുടേയും അറബികളുടേയും ഗ്രാമങ്ങൾ കീഴടക്കിയാണ് ഐ.എസ്.ഭീകരർ കൊജോവിൽ എത്തിയിട്ടുള്ളത്.
വംശീയ ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതിജ്ഞയെടുത്താണ് ഐ.എസിന്റെ പടയോട്ടം. യസീദി വംശജരെ വരുതിയിലാക്കാൻ കഴിയാതെ വന്നതോടെ അവരെ തെരഞ്ഞുപിടിച്ച് കശാപ്പു ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യസീദികൾ ഏക ദൈവ വിശ്വാസികളായിരുന്നെങ്കിലും അവർ ദൈവദൂതനായി കണ്ട് ആരാധിച്ചിരുന്നത് മയിലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തവൂസി മലേക്കിനെയായിരുന്നു. യസീദികൾക്ക് വ്യക്തമായൊരു മതഗ്രന്ഥമോ വംശനേതൃത്വമോ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ യസീദികൾ അവിശ്വാസികളാണെന്നും ചെകുത്താന്റെ സന്തതികളാണെന്നും ഇല്ലാതാക്കപ്പെടേണ്ടവരാണെന്നും ഐ.എസ്.തീരുമാനിച്ചു. ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ യസീദികളിൽ പലരും സിൻജാർ മലനിരകളിൽ കയറി ഒളിവിൽ കഴിഞ്ഞു. എന്നാൽ കൊടുംവേനലിൽ ആവശ്യത്തിന് ആഹാരമോ വെള്ളമോ കിട്ടാതെ അവർ വലഞ്ഞു. ഗത്യന്തരമില്ലാതെ മലയിറങ്ങിയവരെ ഐ.എസ്.ഭീകരർ വേട്ടയാടി കൊന്നു. സിൻജാർ പട്ടണം കീഴടക്കിയതോടെ ഐ.എസുമായി ഏറ്റുമുട്ടാൻ നിൽക്കാതെ കുർദ് സൈന്യം പലായനം ചെയ്തു. കുർദുകൾ യസീദികളെ ഉപേക്ഷിച്ച് നാടുവിട്ടതോടെ അറബ് വംശജർ ഭീകരരോട്
ഐക്യപ്പെട്ടു. ഇതോടെ കൊജോ ഗ്രാമം പൂർണ്ണമായും ഐ.എസിന്റെ കാൽക്കീഴിലായി. ഗ്രാമവാസികളെ ഒന്നടങ്കം ആട്ടിതെളിച്ച് ഒരു സ്കൂൾ കെട്ടിടത്തിൽ അവർ തടങ്കലിലാക്കി. അവിടെ നിന്ന് യുവതികളെ വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടു പോവുകയും തടവിൽ വെച്ച് ലൈംഗിക അടിമയാക്കി ഭീകരർക്കിടയിൽ പങ്ക് വെക്കുകയും വിൽക്കുകയും ചെയ്ത അതിഭയാനകമായ നാളുകളാണ് നാദിയ ലോകത്തോട് പറയുന്നത്. വിവിധ ക്യാമ്പുകളിൽ അനുഭവിച്ച പീഢനങ്ങളുടെ വിവരണം ഹൃദയഭേദകമാണ്.
ഭാഗ്യം കൊണ്ടു മാത്രം തടവിൽ നിന്ന് രക്ഷപ്പെട്ട നാദിയ, തന്നെപ്പോലെ പീഡനം അനുഭവിച്ച പെണ്ണിരകളുടെ കഥയാണ് പങ്കുവെച്ചത്. ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6700 ഓളം യസീദി വംശജരായ ഇറാഖി യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിന് മുമ്പാകെ നാദിയ അനാവരണം ചെയ്തു. ലോകമെങ്ങും കാണപ്പെടുന്ന ഭീകരതക്ക് സ്ത്രീവിരുദ്ധമുഖം മാത്രമാണുള്ളതെന്ന് നാദിയയുടെ കഥ അരക്കിട്ടുറപ്പിക്കുന്നു. ഗ്രന്ഥകാരനായ ആൽബി നേരിട്ട് നാദിയയെ കണ്ട് ജീവചരിത്രം എഴുതിയതല്ല. യസീദികളുടെ ജീവിതം രേഖപ്പെടുത്തണം എന്ന ആഗ്രഹത്തെ തുടർന്ന് ബൽജിയത്തിൽ അരനൂറ്റാണ്ടുകാലം സേവനം ചെയ്ത സിസ്റ്റർ ബ്രിജിത്ത ക്ലൗഡ്, ജർമനിയിൽ സ്ഥിരതാമസമാക്കിയ ബന്ധു ഡോ.കെ.എക്സ്.ഫ്ലോറി, വാഷിങ്ങ്ടൺ ഡി.സി.യിൽ ഉദ്യോഗസ്ഥനായ സുഹൃത്ത് ജയിംസ് എഴേടത്ത്, യു.എസിലെ മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ നടാലിയ ലിവിംഗ്സ്റ്റൺ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിഭവ ശേഖരണവും വിവരവിനിമയവും നടത്തിയത്. നേരിട്ടുള്ള അറിവുകളുടെ പരിമിതി മൂലം ബയോഗ്രാഫിക്കൽ ഫിക്ഷൻ എന്ന രചനാ രീതിയാണ് ആൽബി സ്വീകരിച്ചത്. വള്ളുവനാടൻ ഗ്രാമത്തിൽ താമസിച്ചു കൊണ്ട് തീർത്തും അപരിചിതമായ വടക്കൻ ഇറാഖിലെ അധിനിവേശ ചരിത്രം രചിക്കുക എന്നത് ദുഷ്ക്കരമായ എഴുത്തു പണി തന്നെയാണ്. വളരെ തിടുക്കത്തിൽ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇതിന്റെ രചന പൂർത്തിയാക്കിയിട്ടുള്ളത്. എങ്കിലും ഒരു നാടിന്റേയും അവിടുത്തെ നിസ്സഹായരായ അനേകം മനുഷ്യരുടേയും സംഭ്രമജനകമായ കഥ മലയാളികൾക്ക് പറഞ്ഞു തന്നതിന് ഓരോ വായനക്കാരും ആൽബിയോട് കടപ്പെട്ടിരിക്കുന്നു. നാദിയയെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഈ രചന മറ്റൊരു തലത്തിലേക്ക് ഉയരുമായിരുന്നു. നാദിയയുടെ ജീവചരിത്രം വായിച്ചു തീരുമ്പോൾ ലോകമെങ്ങുമുള്ള പെണ്ണിരകളുടെ വിലാപമാണ് കേൾക്കാനാവുന്നത്. ലോകത്തെവിടെയും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അധിനിവേശ കലാപ ചരിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പെണ്ണിരകൾ തന്നെയാണ്. എഴുതപ്പെടാനിരിക്കുന്ന വർത്തമാനകാല സംഭവങ്ങളിലും
ഇരകൾ പെണ്ണുങ്ങൾ തന്നെയാണല്ലൊ.
പുരുഷ വംശത്തെ പ്രസവിക്കാൻ നിയോഗം ലഭിച്ച പെണ്ണിന്, അതേ പുരുഷ വർഗ്ഗത്തിന്റെ ലൈംഗിക അടിമത്വവും ചൂഷണവും ഗാർഹിക പീഡനവും അനുഭവിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു ദുരന്തം തന്നെയാണ്. 2018ലെ സമാധാന നോബൽ സമ്മാനത്തിന് നാദിയ മുറാദ് അർഹയായെങ്കിലും ലോകമെങ്ങുമുള്ള നാദിയമാരുടെ ജീവിതത്തിൽ സമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ആൽബിയുടെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവരിലെങ്കിലും ഒരു നവ ചിന്ത ഉണരുകയും ലോക മന:സാക്ഷിയെ ഉത്തേജിപ്പിക്കുകയും ചെയ്താൽ, അല്പമെങ്കിലും സമാധാനം ലഭിക്കുമെങ്കിൽ നന്നായിരിക്കും. ദേശാന്തരങ്ങളിലൂടെയുള്ള എഴുത്തിൻ്റെ സഞ്ചാര പാതയിൽ ഈ പുസ്തകം ഒരു വഴിവിളക്കായി പ്രകാശിക്കുമെന്ന് പ്രത്യാശിക്കാം.
കുന്നംകുളം റെഡ് റോസ് പബ്ലിഷിങ്ങ് ഹൗസ് ആണ് നാദിയ മുറാദ് പുറത്തിറക്കിയിട്ടുള്ളത്. വർത്തമാനകാല യാഥാർത്ഥ്യത്തിന്റെ പരിച്ഛേദം പകർത്തിയ ഗ്രന്ഥകാരനും പ്രസാധകർക്കും നന്ദി.
No comments:
Post a Comment