~~~~~~ ബ്രഹ്മപദം ~~~~~~
------ ടി.വി.എം. അലി ------
കടൽക്കരയിൽ കൊടും വെയിലിൻ്റെ തിരയിളക്കം കൊണ്ടാവാം ടൂറിസ്റ്റുകൾ അധികം പേരില്ല. കാറ്റാടി മരച്ചുവട്ടിൽ കാലപുരുഷന്റെ ആത്മാവ് അടയിരി ക്കുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് കിടക്കുന്നുണ്ട്. വെന്തുരുകുന്ന മണൽ കൂനയിൽ എത്രയോ ദിവസമായി അത് കിടക്കുന്നു. വഴിയാത്രക്കാർ ഒട്ടേറെ പേർ ഇതുവഴി കടന്നുപോയിട്ടുണ്ടാവാമെങ്കിലും ആരും ഇത് കണ്ടതായി നടിച്ചില്ല. അത് വെറുമൊരു ഭാണ്ഡക്കെട്ടല്ലെന്ന് കടല വിൽപ്പനക്കാർക്കും ഐസ്ക്രീം പാർലർ ഉടമകൾക്കും അറിയാവുന്ന കാര്യമാണ്. എവിടെ നിന്ന്, എപ്പോൾ, എങ്ങനെ, എന്തിനയാൾ വന്നുവെന്നുമാത്രം ആർക്കും അറിയില്ല. ക്രിയാനാശം ബാധിച്ച മനസ്സും ശരീരവുമുള്ള ഒരു ജീവി എന്നേ എല്ലാവരും കരുതിയിട്ടുള്ളു.
ശവാസനത്തിൽ നിന്നുണരുന്നതു പോലെ തിരമാലകൾ മന്ത്രജപങ്ങളുടെ ഉരുക്കഴിച്ച്, കരയിൽ വന്ന് ചിതറുന്നത് അയാൾ അറിയുന്നുണ്ട്. ആ സാന്ത്വന സ്പർശത്തിന് ആഗ്രഹമുണ്ടെങ്കിലും പുതപ്പിൽ നിന്നെണീറ്റാൽ കൊത്തിതിന്നാൻ പറന്നെത്തുന്ന ഈച്ചകളെ ഭയന്ന് ശവാസനത്തിൽ തന്നെ കഴിയുന്നു. അയാൾക്ക് കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല. പ്രപഞ്ചത്തെ കാണാനാവുന്നില്ല. പൂർവ്വ ജന്മങ്ങളുടെ ശൈത്യം കണ്ണുകളെ മൂടിയിരിക്കുന്നു.
പൂർണ്ണ ബലവാനായിരുന്ന സൂര്യൻ്റെ ഭാവം എത്ര പെട്ടെന്നാണ് മാറിയത് എന്നറിയാൻ അയാൾ ശ്രമിച്ചുനോക്കി. ശനിയുടെ ദൃഷടി സൂര്യനെ പൊതിയുന്ന ഒരു ദിവസമുണ്ടെന്ന് ജാതകത്തിലുണ്ടല്ലൊ.
ജടപിടിച്ച തലയുടെ ഭാരം മുതുകിനെ നോവിപ്പിക്കുന്നതുപോലെ അയാൾക്ക് തോന്നി. ആമവാതം കൂടുകെട്ടിയ കാൽമുട്ടുകളിൽ കാരമുള്ളുകൾ തറഞ്ഞു കയറുന്ന വേദനയുള്ളതുകൊണ്ട് നടക്കാൻ വയ്യ. ശരീരത്തിൽ അളിഞ്ഞ മുന്തിരിക്കുല പോലെയുള്ള വ്രണങ്ങളും, വിശപ്പും ദാഹവും വ്യഥയും ദുഷ്ചിന്തകളും പശ്ചാത്താപവുമെല്ലാം ചേർന്ന് അയാളെ വലക്കുന്നത് ആരറിയാനാണ്?
- ഏയ് ബാബുജി… നിങ്ങൾ ഇനിയും എണീറ്റില്ലെ? ഈ പൊരിവെയിലത്ത് എങ്ങനെയുറങ്ങാൻ സാധിക്കുന്നു… ശിവ ശിവ…
ആരോ ഉറക്കെ ചോദിക്കുന്നത് അയാൾ കേട്ടു. ആരാണത്? എവിടെയോ കേട്ടുമറന്ന സ്വരം പോലെ തോന്നി.
-നിങ്ങളാരാ..? സംശയ നിവാരണത്തിനായി ചോദിച്ചു.
മറുപടി പറയാൻ അരികിൽ ആരുമില്ലെന്ന് അറിഞ്ഞപ്പോൾ നിരാശയോടെ അയാൾ തിരിഞ്ഞു കിടന്നു. ചെവി മണലിൽ ചേർത്ത് കിടന്നപ്പോൾ കടലിരമ്പം ഹൃദയത്തിലേക്ക് അലച്ചെത്തി. ഈ സമുദ്രം പ്രപഞ്ചത്തിന്റെ കണ്ണീരാണെന്ന് പൊടുന്നനെ അയാൾക്ക് വെളിപാടുണ്ടായി. തന്റെ മനസ്സിലും ഒരു സമുദ്രമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.
അയാളുടെ മനസ്സ് പൂർവ്വപക്ഷത്തിലെ ഏഴാം ജന്മത്തിലേക്ക് പറക്കുന്നതു പോലെ തോന്നി. കടിഞ്ഞാണറ്റ കുതിരയാണ് മനസ്സ്. മുജ്ജന്മങ്ങളുടെ ചങ്ങലക്കണ്ണികൾ മാറാലപോലെ ദ്രവിച്ചു കിടക്കുകയാണ്. പൂർവ്വ പക്ഷത്തിൽ ജടപിടിച്ച കാടുണ്ട്. കാടിന്റെ നിറുകയിൽ ബലവാനായ സൂര്യന്റെ ചിങ്ങവെയിൽ ഉലാവുന്നു.
കാട്ടിൽ മൃഗയാ വിനോദം നടത്തുന്ന യുവകോമളനും പരിവാരങ്ങളും. യുവകോമളന്റെ ശിരസ്സിൽ ദേശാധിപൻ്റെ കിരീടം. നെഞ്ചിൽ പരാക്രമത്തിന്റെ ഞാണൊലികൾ. കൈകളിൽ പായാൻ വെമ്പി നിൽക്കുന്ന അമ്പുകൾ. കൂടെ വന്ന പുരുഷാരത്തിന്റെ ആർപ്പുവിളികൾക്ക് നടുവിൽ ദേശാധിപൻ്റെ അഹങ്കാരം അണപൊട്ടാതിരിക്കുമോ? വിരലുകൾ വിട്ടകന്ന അസ്ത്രം കാടിന്റെ വസ്ത്രം തുളച്ച് എവിടെയോ ചെന്നുവീണു.
ജടപിടിച്ച കാടിന്റെ വന്യതയിൽ നിന്ന് ഒരാർത്തനാദം. പുരുഷാരത്തിൻ്റെ ആർപ്പുവിളികളിൽ അത് മുങ്ങിപ്പോയി. വന്യതയിൽ എന്താണ് സംഭവിച്ചതെന്ന് ആരും തിരക്കിയില്ല. ആരുടെ നെഞ്ചിലാണത് ചെന്നു തറച്ചതെന്നറിയാതെ ഇപ്പോഴും വീർപ്പുമുട്ടുന്നു.
-ഏയ് ബാബുജി... നിങ്ങൾ ഇനിയും എണീറ്റില്ലെ? വല്ലാത്തൊരു മനുഷ്യൻ. ശിവ ശിവ…
വീണ്ടും നേരത്തെ കേട്ട അതെ ശബ്ദം. അരികിൽ ആരുമില്ല; സമുദ്രത്തിന്റെ അലമുറ ഒഴികെ.
സാവകാശം അയാൾ എണീറ്റിരുന്നു. മുഖത്ത് സ്വപ്നഭംഗത്തിന്റെ ചുളിവുകൾ കൂടുതലുണ്ട്. ചുമലിലും മുഖത്തും നരച്ച ജട ഞാന്നുകിടന്നു. ദീർഘ നിശ്വാസമുതിർത്തുകൊണ്ട് അയാൾ തിരിഞ്ഞു കിടന്നു.
-മകനേ.. നിനക്കീ ഗതി വന്നല്ലോ? ഈ കൊടുംപാപിയുടെ വയറ്റിലാണല്ലോ നീ ജനിച്ചത്... വരും ജന്മത്തിലെങ്കിലും...
പൂർവ്വപക്ഷത്തിൽ നിന്ന് അമ്മയുടെ തേങ്ങൽ കേൾക്കുന്നു. എല്ലാ അമ്മമാരും ഇങ്ങനെയാണല്ലോ. അവരെന്നും മക്കളെ ഓർത്ത് കണ്ണീർ വീഴ്ത്തുന്നു. അത് ഉപ്പായി കടലിൽ കലരുന്നു. പിന്നീടത് കുറുക്കി നമ്മൾ തന്നെ ഉപയോഗിക്കുന്നു. ഉപ്പുതിന്നവർ വെള്ളം കുടിക്കുന്നു. ചാക്രികമായ ഈ പ്രക്രിയക്ക് അവസാനമില്ലല്ലൊ!
ഒരു ജന്മത്തിനും ഒരമ്മയും ഉത്തരവാദിയല്ല; നിമിത്തം മാത്രമാണ്. എന്നിട്ടും ഓരോ അമ്മയും മക്കളെ ഓർത്ത് വിലപിക്കുന്നതെന്തിനാണ്?ഭർതൃവിയോഗത്താൽ മനം നൊന്തു പിടയുന്ന അമ്മയുടെ മുഖം പായൽ പോലെ അയാളുടെ കണ്ണിൽ ഊറിവന്നു.
അധികാരമാണ് അമ്മയെ വഴി പിഴപ്പിച്ചത്. ഞെട്ടലോടെ അയാൾ ഓർത്തു. എല്ലാ ദുഃഖങ്ങളുടേയും ഉറവിടം അധികാരമാണെന്ന് അമ്മ പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്.
ദേശവാഴ്ച അന്യം നിന്നു പോകാതിരിക്കാൻ മുത്തശ്ശി കാണിച്ചു കൊടുത്ത വഴിയിലുടെയാണ് അമ്മ നടന്നത്. എല്ലാ വഴികളും അധികാരത്തിലേക്കുള്ള കുറുക്കുവഴികളായിരുന്നു. ഭർത്താവിന്റെ മുഖം മനസ്സിൽ ഘനീഭവിച്ചു കിടക്കുമ്പോൾ തന്നെ മറ്റൊരു പുരുഷൻ്റെ രേതസ്സ് ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവളായിരുന്നു അമ്മ!
അധികാരം അമ്മയെ വേശ്യയാക്കി. വംശം നിലനിർത്താൻ അവിഹിത ഗർഭം ധരിച്ച് പ്രസവിക്കേണ്ടിവന്നു. വൈധവ്യ ദുഃഖത്തിലും അന്യപുരുഷൻ്റെ കാമ വെറിക്കെറിഞ്ഞുകൊടുക്കാൻ മുത്തശ്ശിക്ക് എങ്ങനെ സാധിച്ചു? അവരും സ്ത്രീയായിരുന്നല്ലോ! അധികാരം സമൂഹത്തെ മൊത്തം ദുഷിപ്പിക്കുന്ന വിഷവൃക്ഷമാണ്. അയാൾ ഓർത്തു.
ജ്യേഷ്ഠൻ്റെ ഔദാര്യം കൊണ്ട് സിംഹാസനവും കിരീടവും നേടിയപ്പോൾ സൂര്യചന്ദ്രന്മാരെ വരുതിയിലാക്കിയ ലഹരിയായിരുന്നുവല്ലൊ തനിക്കും. ജാരസന്തതിയെപ്പോലെ പിറന്ന തനിക്ക് പിഴച്ചുപെറ്റ പെണ്ണിന്റെ ഭർത്താവാകേണ്ടി വന്നു. ജീവിതം ശാപങ്ങളുടെ ഘോഷയാത്രയാവാൻ അധികനേരം വേണ്ടിവന്നില്ല.
അധികാരം നിലനിർത്താൻ എല്ലാം സഹിച്ചു. ഷണ്ഡനെന്നും വിഡ്ഢിയെന്നും പേരുദോഷവും സമ്പാദിച്ചു. നാണവും മാനവും നഷ്ടപ്പെട്ട ആ പഴയ ദേശാധിപൻ്റെ ആത്മാവ് ഏഴ് ലോകങ്ങൾ സഞ്ചരിച്ച് തന്നിൽ വന്നണഞ്ഞിരിക്കുകയാണെന്ന് ജോത്സ്യർ പറഞ്ഞപ്പോൾ അഹങ്കാരം കൊണ്ട് ആട്ടിയോടിച്ചതാണ്. പക്ഷേ ഇപ്പോൾ ഒരക്ഷരം പിഴക്കാതെ ചരിത്രം ആവർത്തിക്കുകയാണല്ലോ.
-ഏയ് ബാബുജി... താങ്കളൊന്ന് എണീറ്റു വരൂ…
അയാൾ ഞെട്ടലോടെ ആ ശബ്ദം കേട്ടു. എന്നീക്കാൻ ശ്രമിച്ചെങ്കിലും കാലുകൾ തൂങ്ങിയാടുന്നതുപോലെ. ഒരു പന്തയക്കുതിരപോലെ ഓടിയ കാലുകളാണല്ലൊ ഇത്...
-അമ്മേ ആരുടെ ആത്മാവാണ് എന്നെ പൊതിഞ്ഞിരിക്കുന്നത്... ഇപ്പോഴെങ്കിലും ഒന്ന് പറയൂ.... അയാൾ കരഞ്ഞു.
സൂര്യൻ കടലിൽ കലങ്ങി. അയാൾ സാവകാശം ഇഴഞ്ഞ്, തിരമാലകൾ പതയുന്നത് തൊട്ടറിയാനായി നീങ്ങി. അയാൾ കൈകൾ നീട്ടിക്കിടന്നു. കൈകളിൽ ആരോ നിർമ്മാല്യം ചാർത്തി ഓടി മറയുന്നതുപോലെ തോന്നി.
പൊടുന്നനെ പൂർവ്വാശ്രമം മനസ്സിലേക്ക് ഓടിയണഞ്ഞു. ദേശാധിപന്റെ ചാരെ മദാലസ മാദകത്തിടമ്പുകൾ, സുഗന്ധം പൊഴിച്ച് മദമൊഴികൾ തൂവുന്നു. അനുപല്ലവി പോലെ പക്ഷികളുടെ രതിഗീതവും.
മോഹാരവത്തിന്റെ കാട്ടരുവികൾ തലതല്ലിപ്പായുന്നു. ഒരു ദേശത്തിന്റെ പൗരുഷം സമുദ്രമായി ഇരമ്പുന്നുണ്ട്. പ്രാണായാമത്തിന്റെ കെട്ടുകൾ അഴിഞ്ഞ് സിരകളിൽ മഞ്ഞുനിറയുന്നു. അത് ഒരു ശംഖിൽ വന്നുചേരുന്നു. മുതുകെല്ലിനുള്ളിലൂടെ അഗ്നി ഇഴഞ്ഞ് തലയോട്ടിയിലേക്ക് നീളുന്നു. തലച്ചോറിൽ ഏഴാം പത്മത്തിന്റെ ഇതളുകൾ വിടർന്ന് സായൂജ്യത്തിന്റെ നിർവ്യതി നുണയുന്നു. ഇങ്ങനെ എത്രയെത്ര യാമങ്ങൾ... കാലങ്ങൾ...
ഓർക്കുമ്പോൾ കുളിര്കോരുന്നതു പോലെ അയാൾ പിടഞ്ഞു. ആ പിടച്ചലിൽ ജട പിടിച്ച മുടിക്കെട്ട് അഴിഞ്ഞു വീണു. ശരീരത്തിലെ ചുളിവുകളിൽ തിരയിളകി. ഹരിത ശിഷ്ടങ്ങളിൽ ചെമ്പകത്തിൻ്റെ മദഗന്ധം നിറഞ്ഞു. ആകാശം കോടമഞ്ഞിൽ പൊതിഞ്ഞു. ഇരുൾ തിങ്ങിനിന്ന ശൈത്യരാവിൽ അയാളുടെ സിരാപടലങ്ങളിൽ ഓർമ്മകളുടെ അഗ്നി നിറഞ്ഞു. അതൊരു ഊർജ്ജ പ്രവാഹമായി അയാളെ ഉണർത്തി.
അയാൾ ചാടിയെണീറ്റു. കടലിന്റെ ഉദരം പിളർത്തി അയാൾ ഓടി. തിരമാലപ്പുറത്തേറി വിഹായസ്സിലേക്കുയർന്നു. ആകാശത്തിൽ ആരോ അമ്മാനമാടുന്ന നക്ഷത്രക്കൂട്ടം അയാൾ കണ്ടു. അപ്പോൾ കണ്ണിന് നല്ല കാഴ്ച ഉണ്ടായിരുന്നു.
പക്ഷേ പെട്ടെന്ന് തിരമാല പിളർന്ന് അയാൾ താഴേക്ക് വീണു. തിര പിൻവലിഞ്ഞപ്പോൾ അധികാരത്തോടെ ഒരുപറ്റം ഞണ്ടുകൾ ഓടിയെത്തി. അവ കൂട്ടം ചേർന്ന് അയാളുടെ ശരീരത്തിൽ ഇഴഞ്ഞു!
∆∆∆
(ജനയുഗം ഓണപ്പതിപ്പ് 1998)