Thursday, 4 July 2024

കിണറുകൾ നാടുനീങ്ങുന്നു

ഷൊർണൂർ - തൃശൂർ റൂട്ടിൽ ചെറുതുരുത്തി ചുങ്കം കവലയിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഒരു പൊതു കിണറിൻ്റെ അരികിലാണ്. പടുമരങ്ങൾ വളർന്ന് ഹരിത കമ്പളം തീർത്ത നിലയിലാണ് കിണറിൻ്റെ കിടപ്പ് ! തലമുറകൾ ഉപയോഗിച്ചിരുന്ന ആ കിണറിൻ്റെ പ്രതാപകാലം നമുക്ക് ഊഹിക്കാൻ കഴിയും. രണ്ട് പ്രധാന നിരത്തുകളുടെ മധ്യത്തിലാണ് ആൾമറയുള്ള ഈ കിണർ. 

കഴിഞ്ഞ ദിവസം ചെറുതുരുത്തി ചുങ്കം കവലയിൽ ആറങ്ങോട്ടുകരയിലേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് കിണറിൻ്റെ കാഴ്ച തിരയടിച്ചത്. കിണറിന്റെ ആൾമറയിൽ നിറയെ വാൾ പോസ്റ്ററും ചുമരെഴുത്തും. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാലുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്നുകാലികൾക്കും ജീവജലം നൽകിയിരുന്ന ആ കിണറിനു ചുരുങ്ങിയത് നാല് തലമുറയുടെ പ്രായം കാണും. കിണറാഴത്തിൽ നിന്ന് വളർന്ന് പൊങ്ങിയ പടുമരങ്ങൾ ആൾമറയുടെ മീതെ ഉയർന്നു നിൽക്കുന്നതിനാൽ അടിവയറ്റിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റു വിഴുപ്പുകളും കാണാമറയത്താണ്. 

വീട് പണിയും മുമ്പ് കിണറിനും തൊഴുത്തിനും സ്ഥാനം കണ്ടിരുന്നവരായിരുന്നു നമ്മുടെ മുൻതലമുറ. തച്ചന്മാരെക്കൊണ്ട് വാസ്തു നോക്കിയും ജോതിഷികളെക്കൊണ്ട് ഗണിച്ചുമാണ് കിണറും തൊഴുത്തും അക്കാലത്ത് പണിതിരുന്നത്. ഭൂമിക്കടിയിൽ പ്രകൃത്യാ ഉണ്ടാവുന്ന നീരുറവകളുടെയും മറ്റും ജല ശേഖരങ്ങളിൽ നിന്ന് ഭൂമി കുഴിച്ച് ജലം എടുക്കുവാനുള്ള ഒരു സം‌വിധാനമെന്ന നിലയിലാണ് പൂർവീകർ കിണർ കുഴിച്ചിരുന്നത്. പുഴകൾ, കുളങ്ങൾ, വയലുകൾ തുടങ്ങിയ ജലസ്രോതസ്സുകളുണ്ടെങ്കിലും ഗൃഹവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് കിണർ നിർമ്മിക്കപ്പെട്ടിരുന്നത്.

എന്നാൽ ഭൂമി തുണ്ടവൽക്കരിക്കപ്പെടുകയും മൂന്ന് സെൻ്റിലും അഞ്ച് സെൻ്റിലും പാർപ്പിട സമുച്ചയങ്ങൾ ഉയരുകയും നഗരവൽക്കരണ കുതിപ്പിന് വേഗമേറുകയും ചെയ്തതോടെ 

കിണറും തൊഴുത്തും പടിക്ക് പുറത്തായി. കുഴൽ കിണറും ജലജീവൻ കണക്ഷനും ഇല്ലാതിരുന്ന ഒരു കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും തുറന്ന കിണറായിരുന്നു ജലദായനി. നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും വന്നതോടെ എല്ലാവരും കിണറിനെ അവഗണിച്ചു. മിക്കവരും കിണർ കുപ്പത്തൊട്ടിയായും മലിനജലക്കുഴിയാക്കിയും മാറ്റി. ഇരുമ്പ് യുഗം തൊട്ടുനിലനിന്നിരുന്ന നാട്ടു കിണറുകളാണ് വികസന കുതിപ്പിൽ നാട് നീങ്ങിയത്. ഒരു കിണർ മണ്ണടിയുമ്പോൾ ഒരു നീർത്തട സംസ്കൃതി തന്നെയാണ് നശിക്കുന്നത് എന്ന കാര്യം നാം മറന്നു.

ഇപ്പോൾ വാട്ടർ അതോറിറ്റിയും നഗരസഭയും ജൽ ജീവൻ മിഷനും വിതരണം ചെയ്യുന്ന ‘ശുദ്ധ’ജലമാണ് ജീവജലം. ജലജന്യ രോഗങ്ങൾ പതിവ് വാർത്തയായി മാറുമ്പോൾ കോളിഫാം ബാക്ടീരിയ സമൃദ്ധമായി കലർന്ന ക്ലോറിൻ വെള്ളമാണിതെന്ന പരാതിയും ഉയർന്നു വരാറുണ്ട്. നിരത്തോരത്തുള്ള പൊതു ടാപ്പുകൾ തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചതോടെ കുപ്പിവെള്ള കച്ചവടം പച്ചപിടിച്ചിട്ടുണ്ട്. 

ഡീസലും പെട്രോളും ഇറക്കുമതി ചെയ്യുന്നതുപോലെ ഭാവിയിൽ കുടിവെള്ളവും ഇതര രാജ്യങ്ങളിൽ നിന്ന് വില കൊടുത്തു വാങ്ങേണ്ടിവരുമോ എന്ന് ആശങ്കപ്പെടേണ്ട സമയമായിട്ടുണ്ട്. ഈയിടെ ദെൽഹിയിലെ കുടിവെള്ള ക്ഷാമവും ഹരിയാനയുടെ ജലനിഷേധവും വലിയ വാർത്തയായിരുന്നല്ലൊ.  മഹാരാഷ്ട്രയിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് സംഘർഷത്തിന് കാരണമാവുന്നതിനാൽ ഐ.പി.സി.144 വകുപ്പ് പ്രഖ്യാപിച്ചതായി ഓരോ വേനൽ കാലത്തും വാർത്ത കാണാറുണ്ട്. തമിഴ്നാട്ടിൽ പൈപ്പിനു മുമ്പിൽ 'തായ്'മാരുടെ കുടം കൊണ്ടുള്ള അടിപിടിയും കലഹവും നിത്യ കാഴ്ചയാണ്. ഇനിയൊരു യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിൻ്റെ പേരിലാവുമെന്ന പ്രവചനം നിസാരമായി തള്ളാനാവില്ല. 

കുടിവെള്ളം എന്നാൽ കുപ്പിവെള്ളമായി മാറിയ കമ്പോളത്തിൽ കുപ്പി ഒന്നിന്13 രൂപ വില നിജപ്പെടുത്തിയിട്ടും 20 രൂപയും 25 രൂപയും ഈടാക്കുന്നതായ പരാതികളും നിലച്ചിട്ടില്ല. തുടർച്ചയായി രണ്ടു പ്രളയങ്ങൾ സംഭവിച്ചിട്ടും വേനലിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന പ്രദേശങ്ങൾ നിളാതീരങ്ങളിലുണ്ട്. ശുദ്ധജലം ഏറ്റവും വില കൂടിയ ഉൽപ്പന്നമാവുന്ന കാലം അധികം അകലെയല്ല. കാലങ്ങളായി നില നിന്ന നാട്ടു നന്മകളും നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് എന്ന പരിദേവനം വ്യാപകമാണ്. ഭൂമിയാവട്ടെ ഓരോ പ്രളയത്തിനു ശേഷവും കൂടുതൽ ഊഷരമാവുകയാണ്.

/ ടി.വി.എം അലി /


No comments: