വോം ബീറ്റ്സ് ആർമി!
തോരാ മഴയുടെ ബാൻഡ് പെയ്തിറങ്ങിയ തിങ്കളാഴ്ച ഉച്ചനേരത്താണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ 'വോം ബീറ്റ്സ് ആർമി' എന്ന പേരിൽ ഒരു വനിത മ്യൂസിക് ബാൻഡ് ആരോഹണം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി സ്ത്രീ ശാക്തീകരണ സംരംഭത്തിന് തുനിയുന്നത്.
സംഗീത വഴിയിൽ അടയാളപ്പെടുത്താൻ പോകുന്ന മ്യൂസിക് ബാൻ്റ് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റജീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി വോം ബീറ്റ്സ് ആർമിയുടെ ലോഗോ പ്രകാശിപ്പിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി.
നഞ്ചിയമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപഹാരം സെക്രട്ടറി കെ.എസ് മഞ്ജുഷയും ദിവ്യാ സുധാകരനും വോം ബീറ്റ്സ് ആർമിയുടെ ഉപഹാരം എടപ്പാൾ വിശ്വനും സമ്മാനിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ, റിട്ട. പ്രൊഫസർ എൻ.കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കൃഷ്ണകുമാർ, പി.വി പ്രിയ, വനിത ആർമിയുടെ ഭാരവാഹികളായ എ.പി സുമ, രമ്യ മനോജ് എന്നിവർ സംസാരിച്ചു.
പത്ത് മുതിർന്ന വനിതകൾ ഉൾപ്പെടുന്ന എ ടീമും ആറ് കുട്ടികൾ ഉൾപ്പെടുന്ന ബി ടീമും അടങ്ങിയതാണ് വോം ബീറ്റ്സ് ആർമി. ജീവവായു പോലെ സംഗീതം കൊണ്ടുനടക്കുന്ന എ.പി സുമയാണ് ആർമിയുടെ ക്യാപ്റ്റൻ.
പത്താം ക്ലാസിൽ പഠിക്കുന്ന കൂറ്റനാട് സ്വദേശി ആർദ്ര, എട്ടിൽ പഠിക്കുന്ന കുമരനെല്ലൂർ സ്വദേശി വൈഗ, പത്തിൽ പഠിക്കുന്ന ഗൗരി, ഏഴിൽ പഠിക്കുന്ന അനിയത്തി ഗൗതമി, കൂറ്റനാട് സ്വദേശിയും വയനാട് നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുമായ അനാമിക, കേരള കലാമണ്ഡലത്തിൽ MA മ്യൂസിക് ചെയ്തുകൊണ്ടിരിക്കുന്ന അനഘ ശങ്കർ, മേഴത്തൂർ വൈദ്യമഠത്തിൽ ജോലി ചെയ്യുന്ന എം.യു ശ്രീവിദ്യ, നെല്ലിക്കാട്ടിരി സ്വദേശി എൻ.ജെ.മായ, മേഴത്തൂർ സ്വദേശിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും MA മ്യൂസിക്കിൽ പഠനം പൂർത്തിയാക്കിയ ആർദ്ര, കൂറ്റനാട് സ്വദേശിയും ഇപ്പോൾ വളാഞ്ചേരി സ്കൂളിൽ മ്യൂസിക് അധ്യാപികയുമായ രേഷ്മ, നാഗലശ്ശേരി സ്വദേശിയും നാടൻപാട്ട് വേദികളിൽ സജീവ സാന്നിധ്യമായ രമ്യ, മകൾ അനഘ, നാഗലശ്ശേരി സ്വദേശിയും ആൽബം ഗായികയുമായ റീന, പെരിങ്ങോട് സ്വദേശിയും 2014ൽ യൂണിവേഴ്സിറ്റി കലാതിലകവുമായ ആര്യ എന്നിവരാണ് സുമയുടെ മ്യൂസിക് ആർമിയിലെ വാനമ്പാടികൾ.
പരിമിതകൾ ഏറെയുണ്ടെങ്കിലും സംഗീതത്തിൽ അർപ്പണ ബോധമുള്ളവരാണ് എല്ലാവരും. മിക്കവരും സംഗീത മേഖലയിൽ കഴിവ് തെളിയിച്ചവരാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ കാഹളം മുഴക്കുന്ന ഈ ബാൻഡ് വരും തലമുറക്ക് കൂടി പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ദേശീയ ചരിത്രത്തിൽ ഇടം പിടിച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ നാട്ടിലെ വനിതകൾക്ക് പുതിയൊരു സംഗീത ചരിത്രം രചിക്കാൻ വോം ബീറ്റ്സ് ആർമിയിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. Cont.No. 80864 19424
/ ടി.വി.എം അലി /
No comments:
Post a Comment