Saturday, 15 June 2024

യു.വി വിനീഷ്: നട്ടുച്ചയ്ക്ക് അസ്തമിച്ച പ്രതിഭ

ഷൊർണൂരിൽ ചെന്നാൽ ഇനി വിനീഷിനെ കാണാൻ കഴിയില്ല. ഇന്ന് (14.06.24) രാവിലെ ഷൊർണൂർ അങ്ങാടിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൻ്റെ വരാന്തയിൽ ഫ്രീസറിൽ കിടന്നുറങ്ങുന്ന വിനീഷിനെ കാണാനും ശാന്തിതീരത്തേക്ക് യാത്രയാക്കാനും നിരവധി മാധ്യമ പ്രവർത്തകരോടൊപ്പം ഞാനും പോയിരുന്നു. വി.കെ ശ്രീകണ്ഠൻ എം.പി, മുൻ എം.പി എസ്.അജയകുമാർ, ഷൊർണൂർ നഗര ഭരണ സാരഥികൾ, മലയാള മനോരമ ജീവനക്കാർ, അടുത്ത സുഹൃത്തുക്കൾ, പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ വിനീഷിന് അന്ത്യാഞ്ജലിയർപ്പിക്കാൻ  എത്തിയിരുന്നു.

ഒരു കുറിപ്പിൽ ഒതുക്കിപ്പറയാൻ പറ്റുന്നതല്ല ഞങ്ങൾ തമ്മിലുള്ള ആത്മബന്ധമെന്ന് ആദ്യമേ പറയട്ടെ. ജീവിതയാത്രയിൽ പാതി ദൂരം മാത്രം പിന്നിട്ട വിനീഷ് ഇത്ര ചെറുപ്പത്തിൽ തന്നെ തിരിച്ചു പോകുമെന്ന് കരുതാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല. വാർത്തയുമായി ബന്ധപ്പെട്ടും അല്ലാതെയും ഞങ്ങൾ തമ്മിൽ നിരന്തരം കാണുക പതിവായിരുന്നു. ഷൊർണൂർ ബസ് സ്റ്റാൻ്റിൻ്റെ തൊട്ടു പിറകിലുള്ള കെട്ടിടത്തിലായിരുന്നു വിനീഷിൻ്റെ ബ്യൂറോ. മൂന്ന് പതിറ്റാണ്ടിനിടയിൽ സഹോദര തുല്യനായാണ് ഞങ്ങൾ ഇടപഴകിയത്. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ ഒടുവിൽ കണ്ടത്.

മാസങ്ങൾക്ക് മുമ്പ് പനി വന്നതാണ് ഹേതുവായത്. ശരീരം രഹസ്യമായി ഉള്ളിലൊളിപ്പിച്ച കരൾ രോഗത്തിൻ്റെ വരവറിയിച്ചാണത്രെ പനി വന്നത്. പിന്നീട് ആശുപത്രികളിലേക്കുള്ള തീർഥാടനമായിരുന്നു. ഒറ്റപ്പാലത്തും തൃശൂരും, കോട്ടയത്തും, ചെന്നൈയിലുമായി ചികിത്സയുടെ നാളുകൾ. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വിനീഷിൻ്റെ കഠിന പോരാട്ടത്തിന് ഇന്നലെ ഫുൾ സ്റ്റോപ്പ് വീണു.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഒറ്റപ്പാലത്ത് നിന്ന്  തുടങ്ങിയതാണ് പത്രപ്രവർത്തന ജീവിതം. പിന്നീട് മനോരമയുടെ തന്നെ  ഷൊർണൂരിലെ സ്വന്തം ലേഖകനായി സ്വന്തം നാടിൻ്റെ സ്പന്ദനങ്ങൾ മികച്ച വാർത്തകളാക്കി വായനക്കാർക്ക് നൽകി. ആരും കാണാത്ത കാഴ്ചകൾ, സംഭവങ്ങൾ കാണാൻ വിനീഷിന് പ്രത്യേക കഴിവുണ്ടായിരുന്നു. വേറിട്ട കഥകളിലൂടെ നാടിൻ്റെ ചിത്രം വരച്ച പ്രതിഭാശാലി. 

ചെറിയ പ്രായത്തിൽ തന്നെ പത്രലോകത്ത് ശ്രദ്ധേയനായി തീർന്നിട്ടും അതിൻ്റെ നാട്യങ്ങളൊന്നുമില്ലാതെ നടന്നു പോയ ഒരാൾ. പത്രപ്രവർത്തന രംഗത്തെ സഹപ്രവർത്തകർ പോലും ആരാധനയോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. 

ജേർണലിസം സർട്ടിഫിക്കറ്റുകൾ അലങ്കാരമായി ഉയർത്തി പിടിക്കുന്നവർ പോലും യു.വി.വിനീഷ് എന്ന ബൈലൈൻകാരനെ, അയാളുടെ നവീകരിച്ച പത്രഭാഷയെ, ശൈലിയെ അസൂയയോടെ ആരാധിച്ചിരുന്നു. ആദരിച്ചിരുന്നു. പത്രഭാഷയെ എത്രമേൽ  നവീകരിക്കാൻ സാധിക്കുമോ അത്രമേൽ സൗന്ദര്യവൽക്കരിച്ച തൂലികയുടെ ഉടമയാണ് അദ്ദേഹം. മൃതഭാഷയ്ക്ക് മഴവിൽ ചന്തം നൽകി ജീവ ഭാഷയാക്കാമെന്ന് തെളിയിച്ച ആ മാധ്യമപ്രവർത്തകൻ്റെ ഓരോ സ്പെഷൽ സ്റ്റോറിയും ജേണലിസം പഠിക്കുന്നവർ ഹൃദിസ്ഥമാക്കേണ്ടതാണ്. 

അധികസമയവും ഓഫീസിൽ ചടഞ്ഞിരിക്കുന്ന പത്രക്കാരനായിരുന്നില്ല അദ്ദേഹം. അതേ സമയം വാർത്തകളുടെയും പരസ്യങ്ങളുടെ പിറകെ പാഞ്ഞു നടക്കുന്നതും ഇഷ്ടമായിരുന്നില്ല. കലോത്സവം പോലെയുള്ള സാംസ്കാരിക പരിപാടികൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് വിനീഷിൻ്റെ ഭാഷ ചടുലമാവുന്നത്. വായനക്കാരൻ്റെ ഹൃദയത്തോട് സംസാരിക്കുന്ന വാർത്തകളായിരുന്നു അതെല്ലാം. മൃതമായ പത്ര ഭാഷയിൽ ജീവത്തായ സാഹിത്യ ഭാഷ സന്നിവേശിപ്പിക്കാനും നല്ലക്ഷരങ്ങൾ കൊണ്ട് മാന്ത്രിക സൗന്ദര്യം തീർക്കുവാനും ഭാഷ നിരന്തരം നവീകരിക്കാനും ശ്രമിച്ച പ്രതിഭാധനനായിരുന്നു വിനീഷ്.

ആൾക്കൂട്ടങ്ങളിൽ നിന്നും, ശബ്ദ ഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ആഗ്രഹിച്ച ആ യുവാവ് സ്നേഹം ഉള്ളിലൊളിപ്പിച്ച മിതഭാഷിയായിരുന്നു. അടുപ്പക്കാരോട് മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു. തന്നിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും മലയാള ഭാഷയുടെ വിഹായസ്സിൽ നിന്ന് നക്ഷത്രപ്രകാശം ഏറ്റുവാങ്ങുന്ന സർഗ്ഗ പ്രതിഭയായിരുന്നു. 

ഗുരു നിത്യചൈതന്യയതി സമാധിയടഞ്ഞ പ്രധാന വാർത്തയോടൊപ്പം വിനീഷിൻ്റെ ഒരു സൈഡ് സ്റ്റോറി മനോരമ പ്രസിദ്ധീകരിച്ചിരുന്നു. സൂര്യശയനം എന്ന എൻ്റെ നോവലിന് ഗുരു അവതാരിക എഴുതിയതും, ഗുരു എൻ്റെ വീട്ടിൽ വന്നതും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞതുമെല്ലാം ഓർത്തെടുത്ത് വിനീഷ് എഴുതിയ റിപ്പോർട്ട് വലിയ ബഹുമതിയായി ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന കാര്യം എന്നെ അറിയിക്കാതിരിക്കാനും വിനീഷ് ശ്രദ്ധിച്ചിരുന്നു. ഒരു ജീവിതം നട്ടുച്ചയ്ക്ക് അസ്തമിക്കുമ്പോൾ വീടെന്ന സ്വപ്നം പൂർത്തിയാക്കാതെയാണ്  വിനീഷ് യാത്രയായത്. അതുപോലെ അഭിഭാഷകനായി എൻറോൾ ചെയ്യണമെന്ന ആഗ്രഹവും നടന്നില്ല. ഭാര്യ കാഞ്ചനയും പറക്കമുറ്റാത്ത മകൾ ദേവതീർത്ഥയും പണി തീരാത്ത വീടും വിട്ട് യാത്രയായ വിനീഷ് സുഹൃത്തുക്കളുടെ മനസ്സിൽ ഒരു നൊമ്പരചിത്രം തന്നെയാണ്. സുഹൃത്തെ നിൻ്റെ ഓർമ്മകളുടെ കടലിരമ്പം ഇവിടെ അടങ്ങുകയില്ല. അത് അലയടിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. പ്രണാമം!

No comments: