അസ്ഗർ അലിയും സൗന്ദർരാജനും
അസ്‌ഗറലി എഞ്ചിനീയറും ടി.എം സൗന്ദർരാജനും പതിറ്റാണ്ടുകൾക്കു മുമ്പ് എൻ്റെ മനസ്സിൽ ഇടം പിടിച്ചവരാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും മത പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന ഡോ. അസ്ഗറലിയെ രണ്ടര പതിറ്റാണ്ടു മുമ്പ് നാഗ്‌പൂരിൽ വെച്ച് കാണാനും പ്രഭാഷണം ശ്രവിക്കാനും ഭാഗ്യം ലഭിച്ചത് മായാത്ത സ്മരണയാണ്.
നാടു നന്നാക്കാൻ ഓടി നടന്ന കാലത്ത് Indian National Social Action Forum (INSAF) എന്ന സംഘടനയുടെ ക്ഷണമനുസരിച്ചാണ് നാഗ്പൂരിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ കൺവെൻഷനിൽ അന്ന് പങ്കെടുത്തത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് മതേതര ഭാരതത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ച് പുതിയ ദിശാബോധം നൽകുന്ന തരത്തിലുള്ള പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. ഇന്നുമത് എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. ഇന്ത്യ കണ്ട മഹാപ്രതിഭയായിരുന്നു അദ്ദേഹം. നവോത്ഥാന ചിന്തകളുടെ എഞ്ചിനീയറായ ഡോ. അസ്‌ഗറലിയുടെ വിയോഗം മതേതര ഭാരതത്തിന് ഇന്നും തീരാനഷ്ടമാണ്.
ആറു പതിറ്റാണ്ടു കാലം തമിഴ് ചലച്ചിത്ര ഗാനരംഗത്ത് സംഗീത വിസ്മയം തീർത്ത ടി.എം. സൗന്ദർരാജൻ്റെ വേറിട്ട പാട്ടുനാദമാണ് മറ്റൊരു നഷ്ടം. തമിഴ് നാട്ടിൽ ഏഴു വർഷത്തോളം പഠനവും തൊഴിലുമായി കഴിഞ്ഞിരുന്ന ദുരിത നാളുകളിൽ എന്നെ മുന്നോട്ടു നയിച്ചത് സൗന്ദർരാജന്റെ പാട്ടുകളും തമിഴ് സിനിമകളുമായിരുന്നു. നാല്പത് വർഷങ്ങൾ മുന്നിലൂടെ ഒഴുകിപ്പോയിട്ടും 1975-82 കാലഘട്ടത്തിൻ്റെ നിറം കറുപ്പായിരുന്നിട്ടും ജീവിതത്തിന് ചൂടും ചൂരും സഹനവും നൽകിയ ഊഷര നാളുകളെ സംഗീതം കൊണ്ട് സാന്ത്വനിപ്പിച്ചത് സൗന്ദർരാജനായിരുന്നു. വ്യത്യസ്ഥ മേഖലകളിൽ നിറഞ്ഞുനിന്ന ഈ മഹാപ്രതിഭകൾ ഇന്നുമെനിക്ക് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്നു.
/ടി.വി.എം അലി /
No comments:
Post a Comment