പി.എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് ഇന്ന് വിവിധ പരിപാടികളോടെ ദേശീയ വായനാദിനം ആചരിക്കുന്നു. സംസ്ഥാനത്ത് വായനാ ദിനാചരണത്തിന് പുറമെ വായനാ വാരാഘോഷവും ജൂലൈ 7വരെ നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണവും നടത്തുന്നുണ്ട്. വായിച്ചു വളരുക എന്ന സന്ദേശവുമായി ജീവിതം നയിച്ച പി.എൻ പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നു.
1996 ജൂൺ 19 മുതൽ കേരളത്തിൽ വായനദിനം ആചരിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജൂൺ 19 മുതൽ 25 വരെ വായനവാരം ആചരിക്കുന്നുണ്ട്. 2017 മുതൽ കേരളത്തിലെ വായനാ ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.
വായിച്ചു വളരുക എന്ന പി.എൻ പണിക്കരുടെ സന്ദേശം പോലെ, പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്ജർമൻ ചിന്തകനായിരുന്ന ബെർതോൾട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട്.
അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായനശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ. കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിരുന്ന ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ ഹോബി. ദിനപത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന് വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എങ്കിലും പുസ്തകം വിട്ടൊരു കളി ഉണ്ടായിരുന്നില്ല.
വട്ടേനാട് ഗവ. ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും സുഹൃത്തായ അച്യുതനും വായിച്ചു വളരാൻ ഒരു പദ്ധതി തയ്യാറാക്കി. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായനശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക് കൃതികളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അന്നത്തെ കാലത്ത് അതിസാഹസ പ്രവൃത്തിയാണ്. തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ആടിപ്പാടിക്കഥകളുടെ ഉരുക്കഴിച്ചാണ് സായാഹ്ന യാത്ര. ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്താണ് വായനശാലയിലെത്തുക.
അലമാര നിറയെ അടുക്കി വെച്ച പുസ്തകങ്ങളാണ്. പഴനെല്ലിന്റെ മണമുള്ള പുസ്തകങ്ങൾ പരതി ആവശ്യമുള്ളത് തെരഞ്ഞെടുക്കും. ലെഡ്ജറിൽ ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. അങ്ങോട്ടുമിങ്ങോട്ടും ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തുമ്പോഴേക്കും ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു തന്നെ പുസ്തകം വായിച്ചു തീർക്കും. പിറ്റേന്ന് യാത്ര ആവർത്തിക്കും. ഒരു ദിവസം ഒരു പുസ്തകം വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി.
റേഷൻ കടയിലും പലചരക്കു കടയിലും അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി (പൂളവട്ട്) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ. അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു. അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു. അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.
ഇന്ന് ഇ-വായനയുടെ കാലമാണ്. വിരൽ തുമ്പിൽ പുസ്തക കൂമ്പാരമുണ്ട്. പക്ഷേ അന്നത്തെ പുസ്തക വായനയുടെ സുഗന്ധം ഇന്ന് ലഭിക്കുന്നില്ല. ഇ- വായനയിൽ മുഴുകുമ്പോൾ മൊബൈൽ സ്ക്രീനിലെ പ്രകാശം കണ്ണുകൾക്ക് അലോസരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പുസ്തകം തന്നെയാണ് വായനക്ക് നല്ലത്. കൈയിൽ കിട്ടുന്നതെന്തും വായിക്കണം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും ലൈബ്രറി സൗകര്യമുണ്ട്. ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും ചില പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു.
വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.
വായന സമ്മർദ്ദമകറ്റുമെന്നും സഹാനുഭൂതി വളർത്തുമെന്നും തലച്ചോറിനെ ശക്തിപ്പെടുത്തുന്നുണ്ടെന്നും, മറവി രോഗം അകറ്റുമെന്നും വിഷാദം ഇല്ലാതാക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. വായിച്ചു വളരുക എന്ന സന്ദേശത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.
/ ടി.വി.എം അലി /
No comments:
Post a Comment