ഐവറി ബുക്സ് പ്രസിദ്ധപ്പെടുത്തിയ അലിക്കുട്ടി ബീരാഞ്ചിറയുടെ നോവലെറ്റാണ് ബിയ്യാശയുടെ പെട്ടകം. ആർട്ട് പേപ്പറിൽ ഷാജി അപ്പുക്കുട്ടൻ്റെ മനോഹരമായ ചിത്രങ്ങൾ സഹിതം കാലിക്കോ ബൈൻ്റിങ്ങിൽ പുറത്തിറക്കിയ പുസ്തകം ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമാണ്.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ബീരാഞ്ചിറ സ്വദേശിയായ അലിക്കുട്ടി പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ എനിക്കറിയാം. ഇപ്പോൾ ഇതേ കോളേജിൽ മലയാളവിഭാഗം അസി.പ്രൊഫസറാണ് ഗ്രന്ഥകാരൻ. ഗുരുവായൂർ സ്വദേശിയായ ഷാജി അപ്പുക്കുട്ടനാവട്ടെ മുഴുവൻ സമയ ചിത്രകാരനാണ്. മട്ടാഞ്ചേരിയിൽ ആത്മലോക് എന്ന ആർട്ട് സ്റ്റുഡിയോയിൽ ചിത്രകലാ പ്രാക്ടീസ് ചെയ്യുന്ന ഷാജി അപ്പുക്കുട്ടൻ ലക്ഷദ്വീപിൻ്റെ ‘പച്ചപ്പ്’ മുഴുവൻ പുസ്തകത്തിലേക്ക് ആവാഹിച്ചിരിക്കുന്നു.
അറബിക്കടലിന് നടുവിൽ 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജനവാസമുള്ളതും ഇല്ലാത്തതുമായ 36 പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹവും തുരുത്തുകളുമുള്ള ലക്ഷദ്വീപ് ആണ് കഥാകേന്ദ്രം. 1973 ലാണ് കേന്ദ്രഭരണ പ്രദേശമായ പവിഴ ദ്വീപുകൾക്ക് ലക്ഷദ്വീപ് എന്ന് പേരിട്ടത്. കാനേഷുമാരി കണക്കിൽ എഴുപതിനായിരത്തോളമാണ് ജനസംഖ്യ. അമിനി, കവരത്തി, ആന്ത്രോത്ത്, കൽപേനി, അഗത്തി, കിൽത്താൻ, ചെത്തിലാത്ത്, കടമത്ത്, മിനിക്കോയി തുടങ്ങിയ ജനവാസ ദ്വീപുകളിൽ ഏറ്റവും അവസാനം ജനവാസമുണ്ടായി എന്ന് വിശ്വസിക്കുന്നത് കടമത്ത് ദ്വീപിലാണ്.
'ബിയ്യാശയുടെ പെട്ടക'ത്തിലെ കേന്ദ്ര കഥാപാത്രമായ ബീവി ആയിശ എന്ന ബിയ്യാശ കിൽത്താൻ ദ്വീപുകാരിയാണ്. കുഷ്ഠരോഗം ബാധിച്ച് നാടുകടത്തപ്പെട്ട അനുജനെ പരിചരിക്കാനാണ് ബിയ്യാശ കടമത്ത് ദ്വീപിൽ എത്തുന്നത്. കടമത്തിലെത്തിയ ആ ഒറ്റാന്തടിയിലേക്ക് അനേകം ആടുകളും യൂസഫ് പള്ളിയും, പള്ളിയിലെ ജിന്നുകളും ഓടവും പാണ്ടിയാലയും ചീരാണിമരവും വടക്കും തലയിലെ കടലും പരിസ്ഥിതിയപ്പാടെയും ബിയ്യാശ തന്നിലേക്കാവാഹിച്ച് ഒരു വന്മരമായി വളർന്നു നിൽക്കുകയാണ്. ഈ കാലത്താണ് ഖസാക്കിൽ രവി എത്തിയത് പോലെ ബീരാഞ്ചിറക്കാരൻ അലിക്കുട്ടി കടമത്ത് കോളേജിൽ എത്തുന്നത്. അതോടെയാണ് ബിയ്യാശയുടെ വിത്ത് അലിക്കുട്ടിയുടെ മനസ്സിൽ കിടന്ന് മുളച്ചത്. ദ്വീപുഭാഷയും സംസ്കാരവും നാടൻപാട്ടും ഐതിഹ്യങ്ങളുമെല്ലാം ചേർന്ന് മനോഹരമായ കഥാന്തരീക്ഷം സൃഷ്ടിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.
നിരവധി കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ക്രിസ്റ്റൽ ക്ലീയർ ജലം പോലെ ഇവിടെ എല്ലാം തെളിഞ്ഞു കാണാം. അതിമനോഹരമായ പവിഴ പുറ്റുകൾ അടങ്ങിയ കാഴ്ചകൾ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോ വായനക്കാരനേയും ആകർഷിക്കാൻ ബിയ്യാശയുടെ പെട്ടകത്തിനും കഴിയുന്നുണ്ട്. വലിയൊരു കാൻവാസിൽ വിസ്തരിച്ചു പറയാനുള്ള ഒരു കഥ 48 പേജിൽ ഒതുക്കി പറയുക എന്നത് ഒരു കയാക്കിങ് തുഴച്ചിൽ തന്നെയാണ്. അതിൽ അലിക്കുട്ടി ബീരാഞ്ചിറ വിജയിച്ചിരിക്കുന്നു.
/ ടി.വി.എം അലി /
No comments:
Post a Comment