തൊപ്പിക്കുടയുമായി ഉമ്മർ യാത്ര തുടരുന്നു.
കാർഷിക സംസ്കൃതി മൺ മറയുകയാണെങ്കിലും പതിവുതെറ്റിക്കാതെ തൃത്താല മേഖലയിൽ കൊട്ടയും, വട്ടിയുമായി എത്തുന്ന ഒരാളുണ്ട്. നാട്ടുകൽ സ്വദേശി ഉമ്മറാണ് ഗൃഹാതുര സ്മരണ ഉണർത്തുന്ന മുളയുല്പന്നങ്ങളുമായി എത്തുന്നത്. മഴക്കാലമായാൽ ഉമ്മർ പാക്കനാരുടെ തട്ടകത്തിലെത്തും. കർഷക തൊഴിലാളികൾ ശിരസ്സിലണിയുന്ന തൊപ്പിക്കുടയും, കാർഷിക ഭവനങ്ങൾക്കാവശ്യമായ കൊട്ടയും വട്ടിയും വിൽപ്പന നടത്താനാണ് ഉമ്മർ എത്തുന്നത്.
വട്ടികൾ, കൊട്ടകൾ, തൊപ്പിക്കുടകൾ എന്നിവ മോട്ടോർ സൈക്കിളിൽ കെട്ടിവെച്ചാണ് ഉമ്മറിൻ്റെ സഞ്ചാരം. മഴക്കാലമായാൽ ഉമ്മറിൻ്റെ തൊപ്പിക്കുടക്ക് ഇപ്പോഴും ഡിമാൻ്റ് ഉണ്ട്. പാക്കനാരുടെ നാട്ടിലേക്ക് ഇത്രയും അകലെ നിന്ന് ബൈക്കിലെത്തി കച്ചവടം ചെയ്ത് വൈകുന്നേരത്തോടെയാണ് മടക്കം. രണ്ടാഴ്ചയിലൊരിക്കൽതൃത്താല, മേഴത്തൂർ, പെരുമ്പിലാവ്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും പാതയോരത്ത് ഉമ്മറിൻ്റെ മുളയുല്പന്നങ്ങളുടെ കച്ചവടം കാണാനാകും.
മണ്ണാർക്കാട് താലൂക്കിലെ ആര്യമ്പാവ്, ഭീമനാട്, നാട്ടുകൽ തുടങ്ങിയ സ്ഥലങ്ങളിൽ മുള നെയ്യുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അവരിൽ നിന്നാണ് കൊട്ടയും, വട്ടിയും, വിശറിയും, പൂക്കുടയുമെല്ലാം വാങ്ങാറുള്ളതെന്നും ഉമ്മർ പറഞ്ഞു. സാധാരണ വലുപ്പത്തിലുള്ള തൊപ്പിക്കുടക്ക് 450 രൂപയാണ് വില. കാൽക്കുടക്കും കൊട്ടക്കുമെല്ലാം ആവശ്യക്കാരുണ്ടെന്നും, കൃഷിക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങിക്കാറുണ്ടെന്നും, തെറ്റില്ലാത്ത വില കിട്ടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും മെച്ചപ്പെട്ട കച്ചവടം നടക്കാറുണ്ടെന്നും 10 വർഷമായി തൻ്റെ കുടുംബം പുലരുന്നത് ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണെന്നുമാണ് ഉമ്മർ പറയുന്നത്. വീട്ടുകാരുടെ നല്ല പിന്തുണയും ഇദ്ദേഹത്തിനുണ്ട്. വീട്ടമ്മയായ സുഹ്റയും മുഹസിൻ, മുനീർ, മുഹാജിർ എന്നീ മക്കളുമടങ്ങുന്നതാണ് ഉമ്മറിൻ്റെ കുടുംബം.
No comments:
Post a Comment