വീണ്ടും ചിറക് വിടർത്തുന്നു.
~~~~~~~~~~~~~~~~~~~~~~~~
1977ൽ നാസ വിക്ഷേപിച്ച വൊയെജെർ ഒന്ന് എന്ന പേടകം 2013 ൽ സൗരയൂഥം വിട്ട് പുറത്തു പോയതായിരുന്നു. ശാസ്ത്രലോകത്തിന് ആകാംക്ഷ പകർന്നുകൊണ്ട് വിസ്മൃതിയിൽ മറഞ്ഞ വൊയെജർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം എന്ന റിക്കാർഡ് നേടിയ വോയേജർ 1 ഇപ്പോൾ വീണ്ടും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് നാസ പറയുന്നത്. പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായും നാസ അറിയിച്ചു.
സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താൻ അഞ്ചു വർഷത്തെ കാലാവധി നിശ്ചയിച്ചു കൊണ്ട് വിക്ഷേപിച്ച പേടകമാണിത്. എന്നാൽ നാസ നിശ്ചയിച്ച ആയുസ്സിന്റെ ഒമ്പതാം ഊഴവും താണ്ടി വൊയെജെർ ഇപ്പോഴും നക്ഷത്രാന്തര ലോകത്ത് സജീവമാണെന്ന വാർത്ത ശാസ്ത്ര കുതുകികളെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.
സൗരയൂഥം പിന്നിട്ട ആദ്യത്തെ മനുഷ്യ നിർമിത പേടകമാണിത്. ഈ സൗരയൂഥ പക്ഷി ഒരു വർഷത്തോളം ശാസ്ത്ര നേത്ര പരിധിയിൽ ഉണ്ടായിരുന്നില്ല. പത്ത് വർഷം മുമ്പ് സൂര്യനിൽ നിന്ന് 1900 കോടി കിലോ മീറ്റർ അകലെ എവിടയോ വോയെജർ ഉണ്ടെന്നാണ് നാസ വിശ്വസിച്ചു പോന്നത്. മനുഷ്യൻ ചന്ദ്രനെ കീഴടക്കിയതുപോലെ ഇതും ഒരു നാഴികക്കല്ലാണ്. നക്ഷത്രാന്തര ലോകത്തേക്ക് ഒരു പേടകത്തെ അയക്കുക എന്നത് ശാസ്ത്ര മേധാവികളുടെ ഒരു സ്വപ്നം മാത്രമായിരുന്നു. അപ്രതീക്ഷിതമായി ആ സ്വപ്നം താനേ സാധ്യമായതാണ്.
മണിക്കൂറിൽ 59000 കിലൊമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പേടകം 1877 കോടി കിലോ മീറ്റർ താണ്ടിയാണ് സൗരയൂഥത്തിന്റെ അതിർത്തി കടന്നത്. ഈ യാത്രക്കിടയിൽ വ്യാഴം, ശനി എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ വൊയെജർ ഭൂമിയിലേക്ക് അയച്ചിരുന്നു.
യുറാനസ്, നെപ്റ്റ്യുൻ എന്നീ ഗ്രഹങ്ങളെ കുറിച്ചും പഠനം നടത്തിയാണ് വോയെജർ സൗരയൂഥത്തിന്റെ ബാഹ്യാതിർത്തിയിലേക്ക് പ്രയാണം ആരംഭിച്ചത്. സൂര്യന്റെ സ്വാധീന പരിധിയിൽ ഈ പക്ഷി ഇല്ലെന്ന് അന്ന് നാസ ഉറപ്പിച്ചതാണ്. സൗരയൂഥത്തിലെ നാല് ഗ്രഹങ്ങൾ സന്ദർശിച്ച പേടകം എന്ന ബഹുമതിയും നക്ഷത്രാന്തര ലോകത്തേക്ക് പറന്നു പോയ യന്ത്ര പക്ഷി എന്ന നിലയിലും വോയെജർ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.
47 വർഷം പിന്നിട്ട പേടകത്തിൻ്റെനാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനമാണ് സാങ്കേതിക തകരാർ മൂലം നിലച്ചത്. പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് പ്രപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ ശ്രമമാണ് ഇപ്പോൾ വിജയിച്ചത്. പേടകത്തിലെ ഉപകരണങ്ങൾ സാധാരണ നിലയിൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു തുടങ്ങി.
വോയേജർ 1 നിലവിൽ ഭൂമിയിൽ നിന്ന് 24 ബില്യൺ കിലോമീറ്റർ അകലെയാണ്. സൗരയൂഥത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയ പേടകമാണിത്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്മ വിവരങ്ങൾ നൽകാനും ഈ യന്ത്രപക്ഷിക്ക് സാധ്യമായി. ഇതേ കാലയളവിൽ വിക്ഷേപിച്ച വോയേജർ രണ്ടും യാത്ര തുടരുകയാണ്.
/ Tvm Ali /
No comments:
Post a Comment