മകരം പിറന്നതോടെ വള്ളുവനാട്ടിൽ ഇനി പൂരങ്ങളുടെ പൂക്കാലം. മകരചൊവ്വയോടെ ഉത്സവകാലത്തിന് തിരിതെളിഞ്ഞു. ഇനി ഓരോ ഗ്രാമങ്ങളിലും ചെറുതും വലുതുമായ പൂരങ്ങളുടെ ഉത്സവ പൂക്കാലം വരവായി. മകര ചൊവ്വ കഴിഞ്ഞാൽ പിറകെ വരുന്നത് കുംഭ താലപ്പൊലിയാണ്. കാൽ ചിലമ്പും, അരമണിയും നാട്ടു താളങ്ങളും കിലുങ്ങുന്ന ആഘോഷ ദിനങ്ങൾ. മണ്ണാൻ തെയ്യവും, പറപ്പൂതനും, കുടച്ചോഴിയും നായാടിയും അരങ്ങു നിറയുന്ന ഗ്രാമ സായാഹ്നങ്ങൾ. ചവിട്ടു കളിയും, കാള വരവും, കാളിയും ദാരികനും ചടുലമാക്കുന്ന പൂരപ്പറമ്പുകൾ. ഒരുത്സവ കാലത്തെ നെഞ്ചിലേറ്റുന്ന വഴി വാണിഭ സംഘങ്ങൾ.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളിലേക്ക് ആബാലവൃദ്ധരും!
ഓരോ ഗ്രാമങ്ങളും ആവേശത്തിലാണ്. നാനാ ജാതി മത വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കുന്നതാണ് വള്ളുവ നാട്ടിലെ ഉത്സവങ്ങൾ. എല്ലായിടത്തും ഒരുക്കങ്ങളുടെ കേളികൊട്ടുയർന്നു കഴിഞ്ഞു. ഉത്സവങ്ങളുടെ വരവറിയിച്ചുകൊണ്ട് ഉടുക്ക് കൊട്ടിപ്പാടി ആണ്ടികൾ എത്തുകയായി. മകര മാസത്തിൽ പതിവായി കാണുന്ന ഗ്രാമകാഴ്ചകൾ ഡിജിറ്റൽ ആരവങ്ങൾക്കിടയിലും മായുന്നില്ല.
No comments:
Post a Comment