" വ്യഥ പോലറിവോതിടുന്ന സദ്ഗുരുവും
മർത്ത്യന് വേറെയില്ല താൻ "
സുഖദുഃഖങ്ങളെ സ്പർശിക്കുമ്പോൾ ഓർമ്മയിൽ തെളിഞ്ഞുവരുന്ന വരികളാണിത്. വർഷങ്ങൾക്കുമുമ്പ് ഏതോ പാഠപുസ്തകത്തിൽ കണ്ട പദ്യശകലം. ഓർമ്മപ്പിശകുകൾക്കിടയിലും അവ തെളിഞ്ഞു നിൽക്കുന്നു. വ്യഥാനുഭങ്ങളിലൂടെ ലഭിക്കുന്നത്ര ജ്ഞാനം മറേറതൊരു ഗുരുവിനും പറഞ്ഞുതരാൻ കഴിയില്ല എന്നാണല്ലൊ കവി പഠിപ്പിക്കുന്നത് !
ദുഃഖം അറിവാകുന്നു; എങ്കിൽ സുഖമോ? സുഖത്തെപ്പററി പലർക്കും പല വിധത്തിൽ പറയാനുണ്ടാകും. എനിക്കു തോന്നുന്നത്, അല്പായുസ്സുള്ള ഒരനുഭൂതി മാത്രമാണ് സുഖം എന്നാണ്. ഇതിന് അപവാദങ്ങളുണ്ടാകാം. മനസ്സിൽ ദുഃഖം ഒരു കൊടുങ്കാറ്റുയർത്തി വിടുമ്പോൾ സുഖം ഒരിളം തെന്നലായി കടന്നുവന്ന് ക്ഷണനേരം ആശ്വസിപ്പിച്ച് കടന്നു പോവുന്നു.
സുഖം പാതി ദുഃഖം പാതി എന്നു ചിലർ പറയാറുണ്ടല്ലൊ. ഇക്കാര്യം സമ്മതിച്ചുകൊടുക്കാൻ സ്വാനുഭവം അനുവദിക്കുന്നില്ല. ഇവ രണ്ടും ഒരിക്കലും സമമായിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. ദുഃഖം ഒരു കമ്പിവലയുടെ ദൃഢത ഉൾക്കൊള്ളുമ്പോൾ, സുഖം ഒരു ചിലന്തിവലയുടെ ദുർബ്ബലത സ്വീകരിക്കുന്നു. ഇതാണ് സുഖവും ദുഃഖവും തമ്മിലുള്ള സാമ്യവും അന്തരവും!
കാലപ്പഴക്കങ്ങളുടെ തേയ്മാനത്തിൽ തീരാദുഃഖങ്ങൾ അസ്തമിച്ചെന്നു വരാം. എന്നാൽ സുഖമെന്ന പ്രതിഭാസത്തിന് കാലാതീതനായി വാഴാൻ കഴിയുന്നുമില്ല. ഷാജഹാൻ ചക്രവർത്തി തൻ്റെ മനസ്വിനിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച താജ്മഹൽ എന്ന ദുഃഖത്തിന്റെ പളുങ്കു കൊട്ടാരം നമ്മെ എതിരേൽക്കുന്നത് ഒരു സുഖവാസ കേന്ദ്രത്തിൻെറ പൊലിമയോടെയാണ്. ഷാജഹാന്റെ തീരാവ്യഥ കാലം മറന്നു കഴിഞ്ഞു. മുംതാസിന്റെ പ്രേമ സ്മരണകൾക്ക് മങ്ങലേററു. താജ്മഹലിൻെറ നിർമ്മാണ വേളയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തത്തിന് നിറം നഷ്ടപ്പെട്ടു.
ശാസ്ത്രം സുഖമുള്ള നേട്ടമാണെങ്കിലും അതിലേറെ ദുഃഖമുളവാക്കുന്നതുമാണ്. സുഖഭോഗത്തിനും മാനവ പുരോഗതിക്കും വേണ്ടി ശാസ്ത്രം കഠിനാദ്ധ്വാനം ചെയ്തു കണ്ടുപിടിക്കുന്ന പലതും പിന്നീട് മനുഷ്യനെ തീരാദുരിതത്തിലാഴ്ത്തിയിട്ടുണ്ടല്ലോ. ലോകനന്മക്കായി ശാസ്ത്രം നൽകിയ സംഭാവനകൾ ഇന്നു മനുഷ്യ വർഗ്ഗത്തെ മാത്രമല്ല, ഭൂഗോളത്തെയും സംഹരിക്കാൻ ദുരുപയോഗപ്പെടുത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇന്നും ദുഃഖത്തിന്റെ തേങ്ങൽ
അടങ്ങിയിട്ടില്ല. വർത്തമാനകാല വാർത്തകൾ ലോക ജനതയെ സംഭീതരാക്കുന്നു. നാളെ പുലരും എന്ന വിശ്വാസം തന്നെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു ചിന്ത നമ്മുടെ എല്ലാ സുഖങ്ങളെയും സംഹരിക്കുകയാണ്.
സമ്പദ്‌ഘടന ഒരളവുവരെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കാൻ പോന്നതാണ്. സമ്പത്തുള്ളവർ സുഖിക്കുകയും അതോടൊപ്പം തങ്ങളുടെ സമ്പത്ത് നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്താൽ ദുഃഖിതരാകുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയ നിരന്തരം തുടരുന്നു. സമ്പത്തില്ലാത്തവർ അത് നേടാനുള്ള വെപ്രാളത്തിൽ തീവ്രവേദനയിലേക്ക് വലിച്ചെറിയപ്പെടുന്നു.
എന്നെങ്കിലും ഒരിക്കൽ സമ്പന്നനാകും എന്ന പ്രത്യാശ വ്യാമോഹമാണെങ്കിലും ചിലർക്കത് സുഖം പകരുന്നു. ഇത്തരമൊരു ജനത എന്നും ഭാഗ്യപരീക്ഷണങ്ങളുടെ ചൂഷണത്തിലും പ്രലോഭനങ്ങളിലും അടിമപ്പെട്ട് കഴിയുന്നു. സാമ്പത്തിക സമത്വത്തിലൂടെയല്ലാതെ, അത്തരമൊരു സമ്പദ് ഘടന വാർത്തെടുത്താലല്ലാതെ സുഖദുഃഖങ്ങളുടെ വിടവ് തീർക്കാമെന്ന ധാരണ നിരർത്ഥകമാകുന്നു.
മന:ശാസ്ത്രപരമായ ചില കലാപങ്ങൾ യുവത്വത്തിന്റെ അസ്തിത്വത്തിനു നേരെ 'ഡെമോക്ലസ്സി'ന്റെ വാൾ പോലെ തൂങ്ങി നിൽക്കുന്നുണ്ട്. പടിഞ്ഞാറൻ നാടുകളിൽ അമിത സുഖ വാഴ്ചയിൽ കഴിഞ്ഞിരുന്നവർ ഭൗതിക ലോകത്തെ വെറുത്ത് സന്യാസത്തിലേക്കും ഹിപ്പിയിസത്തിലേക്കും നടന്നു നീങ്ങിയ കാഴ്ച കണ്ടതാണല്ലൊ! മറ്റു ചിലർ ദുഃഖത്തിന്റെ ശവക്കുഴിയിൽ നിന്നും കരകയറാൻ മയക്കു മരുന്നുകൾക്കടിമപ്പെട്ട്സ്വർഗ്ഗം പൂകുന്നു. അവർ ഈ ലോകത്തോടുള്ള ബന്ധം തന്നെ വിച്ഛേദിക്കുന്നു. വേറെ ചില നിരാശരർ രോഷാഗ്നിയുടെ തീപ്പന്തമേന്തി ആക്രമാസക്തരായിത്തീരുന്നു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യവും അപകടത്തിലാക്കുന്നതിനും ജനമനസ്സുകളിൽ അശാന്തി വിതക്കുന്നതിനും അവർ നിമിത്തമാകുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ സമ്പദ് ഘടനയും മന:ശാസ്ത്ര കലാപങ്ങളും സുഖ ദുഃഖങ്ങളെ എത്രമേൽ സ്വാധീനിച്ചു, എത്രമേൽ തകിടം മറിച്ചു എന്നത് ഒരു ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇതുകൂടാതെ നമ്മുടെ പ്രകൃതിയും ഒരു കഥാപാത്രമാണ്. പ്രകൃതിയുടെ വികൃതികൾ എത്രപേരെയാണ് മരണത്തിലേക്കും
പുനർജ്ജനിയിലേക്കും എറിഞ്ഞുകൊടുത്തിട്ടുള്ളത്. ആഗോള താപനത്തിൻ്റേയും കാലാവസ്ഥാ വ്യതിയാനത്തിൻ്റേയും ഇരകളായി എത്ര ഭൂപ്രദേശങ്ങളാണ് നാമാവശേഷമായത്!വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയെ നാം ഭയപ്പെടുന്നു. തന്മൂലം ഉള്ള സുഖവും സമാധാനവും നഷ്ടപ്പെടുന്നു. അതുകൂടാതെ ആധുനിക യന്ത്രയുഗ സംസ്കാരത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽപ്പെട്ട് എത്രയോ പേർ മരിച്ചു ജീവിക്കുന്നു.
ഇത്രയും പ്രതിപാദിച്ചത് പൊതുവായ പ്രശ്‌നങ്ങളാണല്ലൊ. ഇനി വ്യക്തിപരമായി ഒരാളെ എടുത്ത് പരിശോധിക്കാം. എല്ലാ അമ്മമാരും പ്രസവ സമയത്ത് തീവ്രവേദന അനുഭവിക്കുന്നവരാണല്ലൊ.
ജീവിതത്തിനും മരണത്തിനും നടുവിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് അമ്മ നടന്നു നീങ്ങുന്നത്. ആ സമയത്ത് ദാമ്പത്യകാല നിനവുകളിൽ അവൾക്ക് പുളകം കൊള്ളാനാവുമോ? എന്തു തന്നെയായാലും പ്രസവ വേദന പോലും അമ്മയ്ക്കു സുഖമുള്ളതായിത്തീരുന്നു എന്നതല്ലേ വാസ്തവം? അങ്ങനെയല്ലായിരുന്നെങ്കിൽ ആ അമ്മ വീണ്ടുമൊരു സാഹസത്തിനും പുറപ്പെടുമായിരുന്നുവോ?
നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്കു സുഖ ദുഃഖങ്ങളെപ്പറ്റി എന്തറിയാനാണ്? വിശക്കുമ്പോൾ കരയുന്നു. വയറു നിറഞ്ഞാൽ ചിരിച്ച് കളിക്കുന്നു. ആ കുഞ്ഞിന്റെ സുഖദുഃഖങ്ങൾ അമ്മ മനസ്സിലാക്കി പ്രവർത്തിക്കുന്നു. ശൈശവത്തിൽ നിന്നും ബാല്യത്തിലേക്കും പിന്നീട് കൗമാരത്തിലേക്കും കാൽ ഊന്നുമ്പോൾ വ്യക്തമായ ഒരു ബോധം വളർന്നു കഴിഞ്ഞിരിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം, വിവാഹം, ദാരിദ്ര്യം, രോഗം, കുടുംബം, വാർദ്ധക്യം എന്നിങ്ങനെയുള്ള കടമ്പകൾ ചാടിക്കടന്നു അവൻ (ൾ) മൃത്യു വരിക്കുന്നു.
ആ അന്ത്യനിമിഷങ്ങളിൽ അവരിൽ അവശേഷിക്കുന്നത് ദു:ഖത്തിൻ്റെ നിഴലാട്ടമാണ്. ഒരായുഷ്കാലം കൊണ്ട് ജീവിതത്വര ആർക്കും അടങ്ങുന്നില്ല. വീണ്ടും പുനർജ്ജനിക്കാൻ കഴിയാത്തതിലുള്ള ദുഃഖം എത്ര വലുതാണ്. ''ശാശ്വതമൊന്നേ ദുഃഖം'' എന്നു കവി പാടുന്നത് അതുകൊണ്ടല്ലേ?
എൻെറ ഗതകാല മനോവ്യഥകൾ ഇന്നു സ്മരിക്കപ്പെടുമ്പോൾ, അന്നത്തെ വിങ്ങലും തേങ്ങലും തേഞ്ഞ് കനം കുറഞ്ഞ് ഒരു നേർത്ത സംഗീതമായി മാറിയിരിക്കുന്നു. അന്നത്തെ പൊട്ടിക്കരച്ചിൽ മാനസാന്തരങ്ങളിൽ മഞ്ഞുതുള്ളികളായി ഒലിച്ചിറങ്ങുന്നതു പോലെ തോന്നുന്നു. അവയെല്ലാം ചേർന്ന് ഒരു മാസ്മര ലോകത്തിലേക്ക്, സുഖദുഃഖ സാന്ദ്ര സംഗീത ലോകത്തേക്ക് നയിക്കുന്നു.
ഗതകാലത്തിലെ നാറുന്ന ജീർണതകൾ ഒരോർമ്മയിൽ പൂർണ്ണത നേടി അജീർണത പ്രാപിക്കുന്നു. ഇതുതന്നെ ഒരാശ്വാസമായി കരുതേണ്ടിയിരിക്കുന്നു. സുഖത്തിൻെറ തെന്നൽ ദുഃഖത്തിൻ്റെ കനലുകളെ ഊതിക്കത്തിക്കുന്നില്ല; അണയ്ക്കുന്നതേയുള്ളൂ. സൂര്യതാപ രശ്മികൾ ജീവജാലങ്ങളെ വളർത്തുകയും വാടിക്കുകയും ചെയ്യുമ്പോൾ, പൗർണമി രാവുകൾ ഇരുട്ടിനെ അകററുക മാത്രമല്ല; സഹൃദയൻ്റെ മനസ്സിൽ കവിത ചൊരിയുകയും ചെയ്യുന്നു. വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതി നിയമം പോലും ഇതായിരിക്കെ, ഏതെങ്കിലും ഒന്നിനെ മാത്രം പുണരാൻ ആർക്കാണ് കഴിയുക?
വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരവസ്ഥ സങ്കല്പിക്കുക! അതുപോലെ തന്നെയായിരിക്കും സുഖദുഃഖങ്ങളില്ലാത്ത ജീവിതവും!
(NB: 1981ൽ ആകാശവാണി (യുവവാണി) പ്രക്ഷേപണം ചെയ്തതും, പിന്നീട് 1984ൽ തൃശൂരിൽ നിന്ന് പുറത്തിറങ്ങുന്ന സഹൃദയവേദി മാസികയുടെ നവംബർ ലക്കത്തിൽ ഇടം പിടിച്ചതും)
/ടി.വി.എം അലി /
No comments:
Post a Comment