Thursday, 22 August 2024

ചിങ്ങവെയിൽ

യുഗപുരുഷനായ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനത്തിൽ ഞാങ്ങാട്ടിരി യു.പി സ്കൂളിലെ പടവുകൾ കയറി ചെല്ലുമ്പോൾ അവിടെ ഏതാനും പേർ പുസ്തക പ്രകാശന വേദിയുടെ ഒരുക്കങ്ങളിലായിരുന്നു. രാവിലെ തുടങ്ങിയ പ്രവൃത്തിയാണ്. ക്ലാസ് മുറികൾ സജ്ജീകരിച്ച്, വേദിയും സദസ്സും തമ്മിലുള്ള ഇഴയടുപ്പം ഉറപ്പിച്ച്, മൊമെൻ്റോകൾ അടുക്കി വെച്ച് നല്ലൊരു പരിപാടി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ചിങ്ങത്തിലെ മങ്ങിയ വെയിൽ നാളം ഉച്ച കഴിഞ്ഞിട്ടും ചൂട് പകരുന്നുണ്ട്. അക്ഷരജാലകം സംഘടിപ്പിക്കുന്ന കവിയരങ്ങ് മൂന്ന് മണിക്കാണ് തുടങ്ങേണ്ടത്. കവികൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നുണ്ട്. നിസരി വാസുവിൻ്റെ ഓർക്കസ്ട്ര സ്വരം ചിട്ടപ്പെടുത്തുന്നുണ്ട്. സമയം ഒട്ടും വൈകരുതെന്ന കരുതലോടെ പ്രിയങ്ക കവിയരങ്ങിന് കുരവയിട്ടു. പിറകെ ഊഴമിട്ട് കവികൾ ഓരോരുത്തരായി പാടിയും പറഞ്ഞും നിറഞ്ഞ സദസ്സിനെ കൈയിലെടുത്തു.

ഒരു മണിക്കൂർ പിന്നിട്ടതോടെ കവിയരങ്ങിന് ഇടവേള നൽകി പുസ്തക പ്രകാശന ചടങ്ങിലേക്ക് കടന്നു. ദീർഘകാലം പ്രവാസിയായിരുന്ന സതീഷ് കാക്കരാത്തിൻ്റെ നാലാമത്തെ കൃതിയാണ് ‘ഞാൻ’ എന്ന കവിതാസമാഹാരം. അക്ഷരജാലകം ബുക്സാണ് പ്രസാധകർ.

പ്രകാശന ചടങ്ങിന് മുന്നോടിയായി വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് മൗന പ്രാർത്ഥന നടന്നു. പതിവിന് വിപരിതമായി കവിയെ തന്നെയാണ് സ്വാഗത പ്രസംഗം നടത്താൻ ചുമതലപ്പെടുത്തിയത്. സാധാരണയായി കാര്യപരിപാടികളുടെ പരിസമാപ്തിയിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ നോക്കി നന്ദി ആരോടു പറയേണ്ടൂ എന്ന അവസ്ഥയിലാണ് കൃതജ്ഞതക്കാരൻ്റെ ഊഴമെത്തുക. 

എഴുത്തുകാരന് പറയാനുള്ളത് ആദ്യം തന്നെ ആവട്ടെ എന്ന തീരുമാനപ്രകാരം  സതീഷ് കാക്കരാത്തിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് കാര്യത്തിലേക്ക് കടന്നത്. കൊമേഴ്സ് പഠന വിഷയമാതും അക്കൗണ്ടൻ്റ് തസ്തികയിൽ ഗണിത ജീവിതം നയിച്ചതും മണലാരണ്യത്തിലിരിക്കുമ്പോഴും മലയാളത്തെ പുൽകിയതും മറ്റും സതീഷ് വിസ്തരിച്ചു തന്നെ പറഞ്ഞു.

അക്ഷരജാലകത്തിൻ്റെ സാരഥി ഹുസൈൻ തട്ടത്താഴത്തിൻ്റെ അധ്യക്ഷ ഭാഷണത്തിനുശേഷം പ്രമുഖ വാദ്യകലാകാരൻ പ്രൊഫസർ കലാമണ്ഡലം ചന്ദ്രൻ, വാഴയിലയിൽ പൊതിഞ്ഞ ‘ഞാൻ’ എന്ന പുസ്തകം തുറന്ന് ജയശ്രീ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ദീർഘകാലം ജാതിവിവേചനം നേരിടുകയും ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്ത വാദ്യകലാകാരനാണ് പെരിങ്ങോട് ചന്ദ്രൻ. ഇന്നദ്ദേഹം കലാമണ്ഡലം വിസിറ്റിങ്ങ് പ്രൊഫസറും, ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിൽ അംഗവുമാണ്. ഞാൻ എന്ന അഹങ്കാരത്തോടെയാണ് പ്രതിസന്ധികളെ നേരിട്ടതെന്ന് കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. 

ഞാൻ എന്നത് കലയിലും സാഹിത്യത്തിലുമൊക്കെ സ്വയം അടയാളപ്പെടുത്തുന്ന ഒന്നാണ്. ജീവിതത്തിൻ്റെ കഷ്ടതയിലും തനിക്ക് മുന്നോട്ട് പോവാൻ ഊർജ്ജം തന്നത് വാദ്യകലാ രംഗമാണെന്നും, അവിടെ ഞാൻ  ഞാനായത് കഠിന  പ്രയത്നത്തിലൂടെയാണെന്നും, ഒരു കാലത്ത് തന്നെ അകറ്റി നിർത്തിയ പലരും തന്നെ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് കലാമണ്ഡലം ചന്ദ്രൻ്റെ വാക്കുകൾ ശ്രവിച്ചത്.

ടി.വി.എം.അലി പുസ്തക പരിചയം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 15 പേരെ പൊന്നാടയും മൊമെൻ്റോയും നൽകി ആദരിച്ചു. പിറകെ ആശംസകളും കവിതാലാപനവും തുടർന്നു. ഇന്ദുമാരാത്ത്, വത്സല ഞാങ്ങാട്ടിരി, സുരയ്യ യൂസഫ്, പ്രൊഫസർ സരള, പി.കെ സാജിത, എം.ബ്രഹ്മദത്തൻ, എം.രാമനുണ്ണി, കെ.ചന്ദ്രൻ, എം.പി മുകുന്ദൻ, ഡോ.കെ.സതീഷ് നാഥ്, ജയേന്ദ്രൻ മേലഴിയം, കെ.കെ പരമേശ്വരൻ, ഹരി കെ.പുരക്കൽ, എം.എസ്.ജിതു, താജീഷ് ചേക്കോട്, മോഹനൻ ഒതളൂർ, ബിപിനു ആറങ്ങോട്ടുകര, മനോജ് കറോളി, കെ.പി ഉണ്ണികൃഷ്ണൻ, അച്യുതൻ രംഗസൂര്യ, ഫിറോസ്, സിന്ധു, സതീഷ് കാക്കരാത്ത്  തുടങ്ങിയവർ സംസാരിച്ചു. പുസ്തക പ്രകാശനത്തോടൊപ്പം അനുമോദന സദസ്സും കവിയരങ്ങും നിസരി വാസു ടീമിൻ്റെ ഓർക്കസ്ട്രയും, പുസ്തക പ്രദർശനവും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിപാടിക്കിടയിൽ ചുടുചായയും ഇല അടയും ഇടം പിടിച്ചു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ആദ്യാവസാനം ചടങ്ങിൽ പങ്കെടുത്തു.

No comments: