Sunday, 22 December 2019

കലാസദനം വിജയരാജിന് നാളെ ശതാഭിഷേകം.

ഏഴു പതിറ്റാണ്ടിലേറെ കാലം നൃത്തകലാ രംഗത്ത് നിറഞ്ഞു നിന്ന ഞാങ്ങാട്ടിരി വിജയനൃത്തകലാ സദനത്തിന്റെ
അമരക്കാരൻ കലാസദനം വിജയരാജിന് നാളെ എൺപത്തിനാലാം പിറന്നാൾ. 

1936ൽ ഗുരുവായൂർ അയിനിപ്പുള്ളി വീട്ടിൽ ജനിച്ച വിജയരാജ്, അരനൂറ്റാണ്ടു മുമ്പാണ് ഞാങ്ങാട്ടിരിയിൽ വിജയ നൃത്തകലാസദനം എന്ന നൃത്ത വിദ്യാലയവുമായി കലാസപര്യ തുടങ്ങിയത്.

നൃത്തം, സംഗീതം, ചിത്രരചന, തയ്യൽ എന്നിവയിൽ പ്രാവീണ്യം നേടിയ വിജയരാജ്
ബാലെ ട്രൂപ്പ് തുടങ്ങിയതോടെ പതിറ്റാണ്ടുകളോളം കേരളത്തിലെ ഉത്സവ ഗ്രാമങ്ങളുടെ പ്രിയതാരമായിരുന്നു.

യുവജനോത്സവങ്ങളിൽ മത്സരിക്കാനും ഒന്നാം സ്ഥാനത്തിന് അർഹത നേടാനും വേണ്ടി നൂറുകണക്കിന് കൗമാര കലാപ്രതിഭകൾ ഈ നൃത്താധ്യാപകന്റെ മുന്നിൽ ദക്ഷിണ വെച്ച് പരിശീലനത്തിന് കാത്തു നിന്നൊരു കാലമുണ്ടായിരുന്നു.

നിരവധി വിദ്യാലയങ്ങളിൽ നൃത്താധ്യാപകനായി സേവനമനുഷ്ഠിച്ച ഈ കലാകാരൻ കവി, ഗാനരചയിതാവ്, ഗായകൻ, നടൻ, ബാലെ സംവിധായകൻ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ആറ് മണിക്കൂർ ദൈർഘ്യമുള്ള ശ്രീ അയ്യപ്പൻ എന്ന ബാലെ ഉത്സവ സദസ്സുകളെ വിസ്മയിപ്പിച്ച നൃത്തശില്പമായിരുന്നു. ശിഷ്യരായ അമ്പതോളം കലാകാരന്മാർ ബാലെ ട്രൂപ്പിൽ സ്ഥിരം അംഗങ്ങളായിരുന്നു.

ആയിരം പൂർണചന്ദ്രോദയങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കലാകാരൻ വാർധക്യ സഹജമായ അവശതകളോട് പൊരുത്തപ്പെട്ട് ഗതകാല സ്മരണകളുമായി നാളുന്തുകയാണ്. അർഹതപ്പെട്ട അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ആയിരകണക്കിന് ആരാധകരുടേയും നൂറുകണക്കിന് ശിഷ്യരുടേയും മനസ്സിൽ ഇന്നും ഇദ്ദേഹം നിറസാന്നിധ്യമാണ്.   അവരെല്ലാവരും ഒത്തുചേർന്ന് ശതാഭിഷേകം ഉത്സവമാക്കാൻ ഒരുങ്ങുകയാണ്.

Sunday, 1 December 2019

ഈസൻ മൂസ



1986 ജനുവരി മുതൽ ഏപ്രിൽ വരെ ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തുകയും 2001ൽ കഥാലയം ബുക്സ് പുസ്തകമായി പുറത്തിറക്കുകയും ചെയ്ത ഈസൻ മൂസ എന്ന ബാലനോവലിന് പ്രസിദ്ധ ബാലസാഹിത്യകാരനും ഗുരുനാഥനുമായ ശ്രീ.എം.എസ്.കുമാർ എഴുതിയ അവതാരിക.

കുട്ടികൾക്ക് വേണ്ടി എഴുതുക, അത് അത്ര പ്രയാസമുള്ള കാര്യമല്ല. കാക്കയുടെയും പൂച്ചയുടെയും കഥ പറഞ്ഞാൽ മതി. പഞ്ചതന്ത്രം കഥകളിൽ നിന്നോ കഥാസരിത്സാഗരം, നാടോടിക്കഥകൾ എന്നിവയിൽ നിന്നോ ഓരോ ശകലങ്ങൾ എടുത്തു തട്ടിക്കൂട്ടിയാൽ മതി.

ഇന്നത്തെ കുട്ടികളെ അറിയാത്ത വലിയവരുടെ ധാരണയാണിത്.
പൂർവ്വകാലത്തിന്റെ തുടർച്ചയായ നവീന കാലം പഴയതിന്റെ തുടർച്ചയല്ല. പുനരാവർത്തനവുമല്ല.

പുതിയ കുട്ടി പുതിയ കാലത്തിന്റെ സൃഷ്ടിയാണ്.
അവൻ നാളത്തെ ലോകത്തിന്റെ സ്രഷ്ടാവാണ്. അതുകൊണ്ട്, പണ്ടു പണ്ട്, ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു എന്നാവർത്തിച്ചാൽ മൂന്നു വയസുകാരൻ തൃപ്തനാകുന്നില്ല.

ഇന്നത്തെ രാജാവിന്റെ കഥ അവൻ ആവശ്യപ്പെടും.
മാറുന്ന കാലം അറിയുന്ന ഒരാൾക്കേ അവന്റെ മുന്നിൽ തുടരാനാവൂ.

കഥ കേൾക്കാൻ താല്പര്യം ഉണ്ടാവുന്ന കാലമേതാണ്? ഒന്നര വയസ്സു മുതൽ ഈ ജിജ്ഞാസ ആരംഭിക്കുന്നു.
കാക്കയും കുറുക്കനുമൊക്കെ ആദ്യകാല കഥാപാത്രങ്ങളാകാം. എന്നാൽ എന്നും ഈ  മൃഗീയതയിൽ അവനെ തളച്ചിടാനാവില്ല.

അച്ഛനെയും അമ്മയേയും മറ്റു നിരവധി ബന്ധുക്കളെയും കൂട്ടുകാരെയും കാണുന്നവനാണ് കുട്ടി. ആധുനിക കുടുംബത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ, അമ്മാവൻ, മുത്തശ്ശി, വല്യേട്ടൻ, ചിറ്റമ്മ തുടങ്ങിയ കുടുംബ ബന്ധങ്ങൾ അവന് അജ്ഞാതമാണ്.
അവരിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടാൻ പുതിയ തലമുറക്ക് യോഗമില്ല. ആ സ്ഥാനങ്ങളിലൊക്കെ കടന്നു കയറാൻ തക്കവണ്ണം ബാല സാഹിത്യ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും വേണം.

''അത് ആരാ? ഇത് ആരാണ്?"
എന്ന് അന്വേഷിക്കുന്ന ബാലൻ അവരെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന പോലെ അവരുടെ കഥ അറിയാനും തൽപ്പരനാണ്.

ബാലസാഹിത്യം ഒരവശ്യ സാഹിത്യ ശാഖയായി സഹൃദയ ലോകം കണക്കാക്കുന്നുണ്ടോ? നമ്മുടെ ബാലസാഹിത്യം ശുഷ്കമാണ് എന്ന് വിലപിക്കുന്നവരുണ്ട്. ഓരോ ആഴ്ചയിലും ഇറങ്ങുന്ന ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളും, വിവിധ പ്രസാധകർ ഇറക്കുന്ന ബാലസാഹിത്യ കൃതികളും ശ്രദ്ധിക്കാതെ യാണ് ഈ മുതലക്കണ്ണീർ.

സാഹിത്യ നായകരിൽ ബാലസാഹിത്യകാരൻ അരക്കവിയാണ്. ബാലസാഹിത്യം എഴുതുന്ന ആൾക്ക് ഏതു സാഹിത്യശാഖയും വഴങ്ങും എന്നതിന് ഒട്ടേറെ ഉദാഹരണമുണ്ട്. ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ജനറൽ മെഡിസിനിലും പ്രാവീണ്യം നേടിയിരിക്കണം.

ഫാൻറസി അഥവാ അതിഭാവുകത്വം കുട്ടികളേറെ ഇഷ്ടപ്പെടുന്നു.
ഈ ഭാവനാത്മകതയിൽ നിന്ന് അവരെ യാഥാർഥ്യങ്ങളിലേക്കും  അതുവഴി ഉന്നതങ്ങളായ ക്ലാസിക് കൃതികളുടെ വായനാതലങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരണം.

പാഠപുസ്തകങ്ങളും ബഹുവിധ സിലബസുകളും ഭാഷാ മീഡിയങ്ങളും വലിയ മസ്തിഷ്ക ഭാരം കുഞ്ഞുങ്ങളിലേൽപ്പിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ വായനക്കായി കൊടുക്കുന്ന സാഹിത്യ ഗ്രന്ഥങ്ങൾ ഒരു ഭാരമായിക്കൂടാ.

ഈ പരിതോവസ്ഥയിലാണ് ശ്രീ.ടി.വി.എം.അലിയുടെ ഈസൻ മൂസ ബാല മനസ്സുകൾക്ക് കൂട്ടായെത്തുന്നത്.

ബഹിരാകാശത്തുനിന്ന് രാകേഷ് ശർമയോടും കൂട്ടുകാരോടുമൊപ്പം ഭൂമിയിലെത്തുന്ന
ഈസൻ എന്ന ഗഗനവാസി കേരളത്തിലെ ഒരു ഗ്രാമത്തിൽ
അഭയം തേടുന്നു. അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ നാട്ടിൻപുറത്തെ
കട്ടിൽമാടത്തിൽ.
ജാതി-മത വ്യത്യാസമില്ലാതെ കുട്ടികൾ കളിക്കുന്ന ഉൾനാട്ടിൽ ഈസൻ ഒരു ഭീകര പ്രേത സങ്കല്പമായി മാറുന്നു. മിടുക്കനും ബുദ്ധിമാനുമായ മൂസയിൽ ഈസനെന്ന  ബാധ ആരോപിക്കപ്പെടുന്നു.

മൂസയെ ഈസനെന്ന പ്രേതബാധയിൽ നിന്നു രക്ഷപ്പെടുത്താൻ മന്ത്രവാദിയും അന്ധവിശ്വാസികളുമെത്തുന്നു.  അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതിജീവിച്ച് ഈസൻ മുന്നേറുന്നു. 

അതിഭാവുകത്വത്തെ (Fantasy) യാഥാർഥ്യ (Realism) ങ്ങളുമായി ഇണക്കി ചേർത്തുകൊണ്ടുള്ള ഒരു നൂതന ശൈലിയാണ് ടി.വി.എം.അലി അവലംബിച്ചിട്ടുള്ളത്. ഇത്തരം ക്രാഫ്റ്റുകൾ ബാലസാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ല.

അനുദിനം മുന്നോട്ടു നീങ്ങുന്ന കാലത്തെയും അതിനുമുന്നിൽ ഓടുന്ന ബാലികാ ബാലന്മാരേയും മുതിർന്നവരായ എഴുത്തുകാർക്കു കാണാനാകുന്നില്ല എന്നർത്ഥം.
ഇവിടെ കഥാകാരൻ ഈസൻ മൂസയോടൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ബാലനായി സ്വയം മാറുകയാണ്.
ഈസൻ മൂസയിലൂടെ കടന്നുപോകുന്ന വായനക്കാരൻ കുട്ടിയായാലും വലിയവനായാലും തുടക്കം മുതലുള്ള ആകാംക്ഷ കഥാന്ത്യം വരെ നിലനിൽക്കുന്നു. കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുകയെന്നത് ഒരു ഉത്തമ ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്.

ഗ്രന്ഥകാരന്റെ കൃതഹസ്തത ബാലസാഹിത്യത്തിന്റെ അനന്ത സാധ്യതകളിലേക്ക് ഇനിയും മുന്നേറട്ടെ. സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും ഊടും പാവും പോലെ സമഞ്ജസമായി മേളിച്ച ഈസൻ മുസയെന്ന ബാല നോവൽ വളരുന്ന ഇളം തലമുറയുടെ 'ചോരതുടിക്കും' കൈകളിൽ ഹൃദയപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.

എം.എസ്.കുമാർ
'സർഗ'
ഞാങ്ങാട്ടിരി.
ഡിസംബർ 2001.

Sunday, 24 November 2019

# ചിരി മറന്ന കോമാളി # എന്ന എന്റെ ആദ്യ കഥാസമാഹാരത്തിന്
ശ്രീ.പവനൻ 1991ൽ എഴുതിയ അവതാരിക.

നൂറ്റാണ്ട് ആഘോഷിച്ച മലയാള ചെറുകഥയുടെ ഇന്നത്തെ നില അത്ര മോശമാണെന്ന് പറഞ്ഞുകൂടാ.

ആനുകാലികങ്ങൾക്ക് ആകർഷണം നൽകാൻ കഥ വേണമെന്ന് നിർബന്ധമില്ലെങ്കിലും ഇടത്തരം മേൽത്തരം വാരികകളിലും മാസികകളിലും ഇപ്പോഴും കഥ ഒഴിവാക്കാറില്ല.

കഥയുടെ ഇന്നത്തെ ശത്രു നോവലാണ്. ഏഴും എട്ടും നോവലുകൾ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തുന്ന വാരികകൾക്കാണ്  ജനപ്രിയം ഉള്ളത്.

ഈ ഇനത്തിൽ പെടാത്ത ആനുകാലികങ്ങൾക്ക് വായനക്കാർ കുറയുമെങ്കിലും, വായിക്കുന്നവരധികവും ത്യാജ്യ - ഗ്രാഹ്യ വിവേകമുള്ളവരാണ്.
കഥ വായിക്കുന്നവരിൽ വലിയൊരു വിഭാഗം ഇക്കൂട്ടത്തിൽപ്പെടുന്നു.

പക്ഷേ ഇവരെ തൃപ്തിപ്പെടുത്തുവാൻ നമ്മുടെ യുവ കഥാകൃത്തുക്കൾക്ക് കഴിയുന്നുണ്ടോ, എന്ന് ചോദിച്ചാൽ അധികം പേരും പറയുക, കഴിയുന്നില്ല എന്നാണ്.

തകഴിയും, ബഷീറും, പൊൻകുന്നം വർക്കിയും, എസ്.കെ.പൊറ്റെക്കാടും
കഥ എഴുതുന്ന കാലത്ത് നോവലുകൾക്ക് ഇത്ര പ്രിയമുണ്ടായിരുന്നില്ല. കാരൂരും, ടി.പത്മനാഭനും എഴുതിത്തുടങ്ങിയ കാലത്തും വ്യത്യസ്തമായിരുന്നു എന്നു പറഞ്ഞുകൂടാ. പക്ഷേ അവരെഴുതിയ കഥകൾക്ക് കൂടുതൽ പ്രചാരമുണ്ടാവാൻ പ്രധാനപ്പെട്ട കാരണം, ഏഴെട്ടു നോവലുകൾ ഒരേസമയത്ത് സീരിയലൈസ് ചെയ്യുന്ന വാരികകളില്ലാത്തതല്ല, അവർക്ക് കഥ പറയാനറിയാമായിരുന്നു എന്നതാണ്.

ആധുനികരായ എഴുത്തുകാരുടെ ഇടയിൽ പലർക്കും കഥപറയാൻ അറിഞ്ഞുകൂടാ.
ഈ ന്യൂനത അവർ മറച്ചു വെക്കുന്നത് ഭാഷയുടെ അനഭിഗമ്യതകൊണ്ടാണ്.

കഥയിലൂടെ പറയാനുദ്ദേശിക്കുന്നത് എന്താണെന്ന് കഥ വായിച്ചുനോക്കിയാൽ മനസ്സിലാവുകയില്ലെങ്കിൽ പിന്നെ എന്തിനാണ് കഥയെഴുതുന്നത്? ആധുനിക കഥാകൃത്തുക്കളുടെ മറ്റൊരു ദൗർബല്യം അനുഭവത്തിന്റെ കുറവാണ്. നിത്യ വിചിത്രമായ ഈ ഭൂലോക ജീവിതത്തിന്റെ നിറവും മണവും ഗുണവും
വശ്യതയും വിശാലതയും തെല്ലെങ്കിലും അനുഭവിച്ചറിയാത്തവർ തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ മാറാല പിടിച്ച മൂലക്കിരുന്ന് സ്വന്തം മനസ്സിന്റെ മറിമായത്തെപ്പറ്റി ആവർത്തനവിരസമായി ചിലത് കുത്തിക്കുറിച്ചു കഥ എന്ന പേരിൽ പുറത്തിറക്കിയാൽ അത് വായിക്കാൻ ആർക്കാണ് കൗതുകം തോന്നുക! അങ്ങനെ അല്ലാത്ത കഥകൾ പിടിച്ചു നിൽക്കുകയും പടർന്നു കയറുകയും ചെയ്യും.
മലയാള കഥയുടെ ഭാവി ശോഭനമാക്കുന്നത് ഇത്തരം കഥകൾ എഴുതുന്നവരാണ്.

അനുഭവങ്ങളുടെ ചൂടും ചൂരും കൊണ്ട് കഥയ്ക്ക് ജീവൻ നൽകുന്ന കഥാകൃത്തുക്കളിൽ ഒരാളാണ് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിൽ ജീവിക്കുന്ന ടി.വി.എം.അലി.
അദ്ദേഹം തൊഴിൽ കൊണ്ട് ഒരു പോസ്റ്റ്മാൻ
ആണ്.
പോസ്റ്റ്മാൻ എന്ന നിലയിൽ അദ്ദേഹം തന്റെ കൈവശം വരുന്ന കത്തുകൾ വിലാസക്കാരന് എത്തിച്ചുകൊടുക്കുന്നു. പക്ഷേ കഥാകൃത്ത് കൂടിയായ അലിയുടെ ജോലി അവിടംകൊണ്ട് അവസാനിക്കുന്നില്ല. അദ്ദേഹം ഈ കത്തുകളുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ രണ്ടറ്റവും, അറ്റങ്ങൾക്കിടയിൽ നാടകവും കാണുന്നു.
ഈ നാടകത്തിൽ നിന്നു തിരഞ്ഞെടുത്ത ചില മുഹൂർത്തങ്ങളുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കഥകൾ.

'ഒരു പെരുന്നാൾ പേക്കിനാവ്' മുതൽ 'അലീമ' വരെ 16കഥകൾ ഉൾക്കൊള്ളുന്നതാണ് ചിരി മറന്ന കോമാളി.
ആ പേരിലെഴുതിയ കഥ തന്നെ ഒരു തപാൽ ശിപായിയുടെതാണ്. കിട്ടുന്നതുകൊണ്ട് ജീവിക്കാനാവുന്നില്ല. ഭാര്യയുടെയും കുട്ടികളുടെയും ആഗ്രഹങ്ങളൊന്നും നിറവേറ്റുന്നില്ല.
സ്വന്തം മകൻ തന്നെ വിളിക്കുന്നത് 'ശിപായി അച്ഛൻ' എന്നാണ്.
ആരും തന്നെ വില വെക്കുന്നില്ല. ഹതാശനായ ഒരു മനുഷ്യന്റെ അത്യന്തം ദയനീയമായ ചിത്രമാണ് ചിരി മറന്ന കോമാളി കാഴ്ച വെക്കുന്നത്.

പക്ഷേ അതിനേക്കാൾ ദയനീയമായ ജീവിതമാണ് 'ആങ്ങള'യുടേത്. ഗൾഫിൽ ജോലിയുള്ള ഒരാളാണ് ഇതിലെ നായകൻ.
നാലു പെങ്ങന്മാരെ കെട്ടിച്ചയക്കുക, ഗൾഫിൽ പോകാൻ വേണ്ടി മേടിച്ച കടം വീട്ടുക എന്നിങ്ങനെ നാലര ലക്ഷം കൊണ്ട് തീരുന്ന ബാധ്യതയാണ് ആങ്ങളയുടേത്.
പക്ഷേ ഏതോ ഒരു അറബിയുടെ ദാസ്യവേലക്ക് നിയമിതനായ അയാൾക്ക് ഈ ആഗ്രഹം നിറവേറ്റാൻ പറ്റുകയില്ലെന്ന് ബോധ്യമായി.
നാട്ടിൽ വന്നപ്പോൾ മലമ്പുഴ കാണാൻ പെങ്ങന്മാരെയും
കൂട്ടിപ്പോയ അയാൾ അവരെ അണക്കെട്ടിലെ പെരുവെള്ളപ്പാച്ചലിൽ തള്ളിയിട്ട് സ്വയം രക്ഷപ്പെടുകയാണ്.
പക്ഷേ അയാൾ അതുകൊണ്ടും രക്ഷപ്പെടുന്നില്ല. 

ഈ സമാഹാരത്തിലെ ഏറ്റവും ഹൃദയാവർജ്ജകമായ കഥ ഇതാണെന്ന് എനിക്ക് തോന്നുന്നു.
ഇതിലെ ആങ്ങളയുടെ ചിത്രീകരണത്തിൽ ഗൾഫിൽ പോയവരിൽ താഴെക്കിടയിൽ കിടക്കുന്നവരുടെ ജീവിത ദൈന്യത പ്രത്യക്ഷരം അടുക്കിക്കൂട്ടുവാൻ അലിക്ക് കഴിഞ്ഞിരിക്കുന്നു. പെങ്ങന്മാരുടെ നിരപരാധിത്വവും ആങ്ങളയുടെ ഉള്ളുരുക്കവും ഒന്നിനെതിരെ മറ്റൊന്ന്  എന്ന നിലയിൽ മാറിമാറി വരച്ചു വെക്കാൻ കാണിച്ച വൈദഗ്ധ്യമാണ് ആ കഥയെ കലാപരമായി ഹൃദ്യമാക്കുന്നത്.

'ഒരു പെരുന്നാൾ പേക്കിനാവ്' എന്ന കഥയ്ക്കുമുണ്ട് കരകൗശലവും മൗലികതയും.
ഇതിലും ഒരു തപാൽ ശിപായിയാണ് നായകൻ. പെരുന്നാളിന്റെ തലേന്ന് തന്റെ മുൻകാമുകിക്ക്  അവളുടെ ഇപ്പോഴത്തെ ഭർത്താവ് അയച്ച മണിയോർഡർ കൊണ്ടുപോയി കൊടുത്തപ്പോൾ അവൾ അഞ്ചുറുപ്പിക അയാൾക്ക് സമ്മാനമായി കൊടുക്കാൻ ശ്രമിക്കുന്നു. അത് വേണ്ടെന്നു പറഞ്ഞു തിരിച്ചു വന്നപ്പോൾ, മരിച്ചുകിടക്കുന്ന അമ്മയുടെ പേരിൽ വന്ന മണിയോർഡർ, അവരുടെ വിരലടയാളം വെപ്പിച്ചു തനിക്ക് തന്നാൽ അതിന്റെ പകുതി പണം താൻ പോസ്റ്റുമാന് നൽകാമെന്ന് അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് വാഗ്ദാനം ചെയ്യുന്നു. എന്തൊരു ധർമ്മസങ്കടം!

സാമൂഹിക പ്രശ്നങ്ങളിൽ പുരോമുഖമായ വീക്ഷണമുള്ള ഒരു കഥാകൃത്താണ് അലി.
ഈ സമാഹാരത്തിലുള്ള മിക്കവാറും എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു. സമൂഹത്തിലെ അധ:സ്ഥിതരോട്
സഹഭാവവും, ചൂഷകരോട് രോഷവും അദ്ദേഹത്തിനുണ്ട്. 'മരുതമല' എന്ന കഥ നോക്കുക: ലോട്ടറി ടിക്കറ്റ് വിറ്റ് കോടീശ്വരനായ മുതലാളിയും, അയാളുടെ ചൂഷണത്തിനും മർദ്ദനത്തിനും വിധേയരായ തൊഴിലാളികളുമാണ് അതിലെ കഥാപാത്രങ്ങൾ. ആശ്വാസത്തിന് ദേവസ്ഥാനത്ത് എത്തുമ്പോൾ അവിടെയും ആ തൊഴിലാളികൾ കാണുന്നത് ചൂഷകരുടെ വിളയാട്ടമാണ്.

മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണത്തിന്റെ സാപഹാസമായ വിവരണമാണ് 'കുഞ്ഞാമിന'യിൽ കാണുക.
സ്വാർത്ഥംഭരികൾ
വിപ്ലവ പ്രസ്ഥാനത്തിന് അധ:പതനം ഉണ്ടാക്കുന്നതിനെ ആലങ്കാരികമായി പ്രതിപാദിക്കുന്നു,
'ശുനകരക്ഷകൻ' എന്ന കഥയിൽ.
'പഞ്ചാക്ഷരി മന്ത്രം' എന്ന കഥയും ആ വഴിക്കാണ് ചരിക്കുന്നത്.
'പ്രമദ്വര' , 'ആതിഥേയൻ പട്ടണം ഞാൻ' ,
'അപൂർണതകളിലൂടെ' എന്നീ കഥകൾ അവ്യക്തങ്ങളാണെന്ന ആരോപണമുണ്ടായേക്കാം.
ഏറെക്കുറെ അന്യാപദേശ കഥകളുടെ പ്രകൃതമുണ്ട്
അവയ്ക്ക്.

പ്രകൃതി സംരക്ഷണം
എന്ന ആശയത്തെ അവലംബമാക്കി മലയാളത്തിൽ വന്ന ഉത്തമ കഥകളിൽ ഒന്നാണ് ഈ സമാഹാരത്തിലെ 'നെല്ലും കല്ലും'.
'നിളയും നളിനിയും'
എന്ന കഥയും പ്രകൃതി സ്നേഹത്തെ ദ്യോതിപ്പിക്കുന്നു.

ഓരോ കഥയെക്കുറിച്ചും പ്രത്യേകം പ്രത്യേകമായ വിവരണം നൽകാൻ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല.
ഒരു കഥയിലും കൃത്രിമമായ പരിണാമഗുപ്തിയുണ്ടാക്കാൻ അലി ശ്രമിച്ചിട്ടില്ല. ഗുണപാഠം കഥയ്ക്കുണ്ടെങ്കിൽ വായനക്കാരൻ അത് സ്വയം കണ്ടെത്തട്ടെ,
എന്ന നിലപാടാണ് ഈ കഥാകൃത്ത് കൈക്കൊണ്ടിട്ടുള്ളത്.

ആദിമദ്ധ്യാന്ത്യം സുഘടിതമായിട്ടുള്ള വിക്രമാദിത്യൻ കഥകളുടെയും അറബി കഥകളുടെയും കാലം കഴിഞ്ഞുപോയല്ലോ. പ്രധാനപ്പെട്ട സംഗതി വായനക്കാരൻ കഥയോടു പ്രതികരിക്കുന്നുണ്ടോ എന്നതാണ്. അലിയുടെ കഥകൾ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്.

അലിയുടെ ഭാഷയ്ക്കുമുണ്ട് പ്രത്യേകത. ചില കഥകളിൽ അദ്ദേഹം ഭാഷയെ ആവശ്യത്തിലധികം വളച്ചു കെട്ടുന്നു:
''മുക്കാരത്തിക്കാവിന്റെ കൂത്തുമാടത്തിനു ചുറ്റും ഓടിച്ചാടി നടന്നിരുന്ന സമകാലീനർ ഇന്ന് വേർപാടുകളുടെ സമുദ്രങ്ങൾ നീന്തിക്കടന്നു ഏതോ കരയിലണഞ്ഞിരിക്കുന്നു.''

ഇത്തരം വാചകങ്ങളുടെ പൊരുൾ കണ്ടെത്താൻ വായനക്കാർ പ്രയാസപ്പെടും. പ്രയാസപ്പെട്ടാലും കണ്ടെത്തലുണ്ടാവുകയില്ല. അങ്ങനെയൊന്നും പറയാതെ തന്നെ നിളയുടെ തെളിനീരു പോലുള്ള മലയാളമെഴുതാൻ അലിക്ക് കഴിയുമല്ലോ. ''പെട്ടെന്ന് ആരോ വലിച്ചിട്ട കരിമ്പടത്തിനുള്ളിൽ ആ ഗ്രാമം നിദ്രയിലാണ്ടു, എന്നിങ്ങനെയുള്ള വാചകങ്ങൾ അതിന് തെളിവാണുതാനും.

'ചിരി മറന്ന കോമാളി'
യിലെ കഥകളൊക്കെത്തന്നെ പാരായണക്ഷമങ്ങളാണ്.
വായനക്കാരന്റെ  ഹൃദയത്തിലെ മൃദുല തന്ത്രികളിൽ അവ ചെന്നുമുട്ടുന്നു.

കേരളീയ ഗ്രാമങ്ങളിലെ എളിയതും നൊമ്പരപ്പെടുന്നതുമായ
ജീവിതങ്ങളുടെ ദീർഘശ്വാസം ഈ കഥകൾക്ക് ജീവൻ നൽകുന്നു.

അലി കഥ എഴുതുന്നത് പത്രാസിനല്ല; അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ആ കഥകൾ നമ്മെ ആകർഷിക്കുന്നു. സ്വന്തമായ പാത വെട്ടാൻ ശ്രമിക്കുന്ന ഈ യുവ കഥാകൃത്തിന്റെ ആദ്യ സമാഹാരത്തെ സഹൃദയ ലോകത്തിന്റെ മുമ്പാകെ അവതരിപ്പിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. കഥയെ കാര്യമായി എടുത്ത ഈ കാഥികന് ഞാൻ വിജയം നേരുന്നു.

പവനൻ, തൃശൂർ.
11.11.1991.
(വിതരണം: കറൻറ് ബുക്സ്, തൃശൂർ)

Saturday, 16 November 2019

ഗുരുസ്മരണ

 'സൂര്യശയനം'
നോവലിന് ഗുരു നിത്യ ചൈതന്യയതി 1998ൽ
എഴുതിയ അവതാരിക.

ഞാൻ പണ്ട് കഥ വായിക്കുമായിരുന്നു.
പ്രിയപ്പെട്ട
കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയായിരുന്നു. അതുകഴിഞ്ഞ് വളരെ ആകർഷണം തോന്നിയത് ഉറൂബിനോടാണ്.
അതിനും വളരെ മുമ്പായിരുന്നു മലബാറിലെ കെ. സുകുമാരൻ ബി.എ.യുടെ
കഥകൾ വായിച്ചിരുന്നത്.

പിന്നെ മലയാളം കഥാ ലോകത്തുനിന്നും ഞാൻ വിട പറഞ്ഞു. പിന്നീട് കഥാ രംഗം മാറി.
ചെക്കോവിന്റെ കഥകൾ, മാക്സിം ഗോർക്കിയുടെ കഥകൾ, പുഷ്കിന്റെ കഥകൾ,
സോമർസെറ്റ് മോഗിന്റെ
കഥകൾ
ഇതിലൊക്കെയായിരുന്നു കമ്പം. അവിടുന്ന് പ്രമോഷൻ കിട്ടി ടോൾസ്റ്റോയിയും മറ്റുമായി വായന. മഹാ ബുദ്ധിമാനായ ബർട്രാന്റ്  റസ്സലിന്റെ
ചെറുകഥകൾ വായിച്ചതോടുകൂടി കഥകളെല്ലാം താഴെ വെച്ചു. നോവലുകൾ കുറെനാൾ വായിച്ചു. വിക്ടർ യൂഗോയുടെയും മറ്റും നോവലുകൾ.

അഞ്ചു വർഷത്തിനു മുമ്പാണ് അലിയുടെ കഥ ആദ്യം വായിക്കുന്നത്. കഥാകൃത്തിന്റെ  സന്മനസ്സിനോട് പ്രേമ മുണ്ടായി. പിന്നെ അലിയെ നേരിട്ടു കണ്ടു. നല്ലൊരു മനുഷ്യൻ.
ഇത്തിരിയേയുള്ളൂ.
അലിയെ പറ്റി വിചാരിക്കുമ്പോഴൊക്കെ ഞാൻ കവി എ.അയ്യപ്പനെ പറ്റിയും വിചാരിക്കും.

എന്താണീ കഥ?
'ക' എന്ന് ചോദിച്ചാൽ  'എന്ത്?' എന്നർത്ഥം.
'അഥ' എന്നാൽ 'പിന്നീട് '.
കുട്ടികളോട് കഥ പറയാൻ തുടങ്ങിയാൽ നിർത്താൻ അവർ സമ്മതിക്കില്ല.
രാജാവും നൂറു മക്കളും ചത്തുപോയി എന്നുപറഞ്ഞാൽ പിന്നെയും അവർ ചോദിക്കും:
'പിന്നെ എന്തായി 'എന്ന്.
അങ്ങനെ എത്ര പ്രാവശ്യം 'പിന്നെ എന്തായി' എന്ന് അലിയോട് ചോദിച്ചാലും അലിക്ക് ഒരു കൂസലുമില്ല. അലി പറയും. അല്ലെങ്കിൽ അയാൾ ഉണ്ടാക്കും. പുരാണത്തിൽ ഒരു ചൊല്ലുണ്ട്.
''ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞം?" എന്ന്. അതുപോലെയാണ് അലിയുടെ കൈയിൽ കഥാമാലകൾ തൂങ്ങിക്കിടക്കുന്നത്.

ഞാനിത്തിരി സുഖമില്ലാതെ കട്ടിലിൽ കിടന്നു കൊണ്ടാണ്
'സൂര്യശയനം' വായിച്ചു കേൾക്കാൻ തുടങ്ങിയത്. അലി പറയുന്നതിന്റെ പോക്കുകണ്ട് എനിക്ക് തോന്നിപ്പോയി ഞാനാണ് അസീസ് എന്ന്. 

ആദ്യമായിട്ട് അസീസിനെ അവതരിപ്പിക്കുന്നത് മരണശയ്യയിൽ കിടത്തി കൊണ്ടാണ്. ഇരുട്ടും പുകയും നിറഞ്ഞ അസീസിന്റെ മുറി, കഫത്തിന്റേയും
ചോരയുടെയും പിന്നെ ഏതാണ്ടിന്റെയൊക്കെയും കൂടിക്കലർന്ന മുശടു നാറ്റവുമായി കിടക്കുന്നു.
ആർക്കും അറപ്പും  ഇത്തിരി ഓക്കാനവും ഉണ്ടാക്കുന്ന ഈ അന്തരീക്ഷം വളരെ ചാതുര്യത്തോടുകൂടി വിരചിച്ചു വെച്ചു കൊണ്ടാണ് നമ്മെ അങ്ങോട്ടു ക്ഷണിക്കുന്നത്.
അപ്പോൾ എനിക്ക് തോന്നി, "അലിയേ അലിയേ, മതിയേ,
മതിയേ"എന്ന്.
എന്നാലും ഞാൻ വിചാരിക്കുന്നു ഞാൻ തന്നെയാണ് അസീസ് എന്ന്.

ഗ്രാമ പഞ്ചായത്തിന്റെ
ഒരു നല്ല ചിത്രമാണ് ദാമോദരൻ മാസ്റ്ററെ കാണുമ്പോൾ തോന്നുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അങ്ങനെയുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണല്ലോ ഭൂമി കടലിൽ താഴ്ന്നു പോകാതിരിക്കുന്നത് എന്നു തോന്നിപ്പോകും.

ഷൗക്കത്താണ് കഥ വായിച്ചു തരുന്നത്. ശരിക്കും കഥാതന്തുവിൽ നിന്നും പിടി വിടാതെയാണ് ഷൗക്കത്തിന്റെ പോക്ക്. ഞാൻ ചിലപ്പോൾ അയാളുടെ വൈകാരികതയിൽ ഏതാണ്ടൊക്കെ ആകുന്നത് പോലെ തോന്നും.
ഞാൻ ക്ഷയരോഗിയല്ല. ഹൃദ്രോഗി ആണ്.
അത് ആക്കാൻ കൊള്ളാവുന്ന രോഗമല്ല. അതുകൊണ്ട് ഞാൻ ഹൃദ്രോഗം വേണ്ടെന്നു വെച്ചിട്ട് കുറെ നാളായി. എന്നാൽ അലിയുടെ കഥ കേട്ടാൽ ഹൃദ്രോഗവും ക്ഷയരോഗവും ഒന്നിച്ചു വന്നത് പോലെ തോന്നും. അതിനിടയ്ക്ക് എനിക്കൊരു സംശയം ഇതുപോലെ കഥ പറയുന്ന ഒരാളുണ്ടല്ലോ. വേറെയാരുമല്ല; ദസ്തയേവിസ്കി.
ഒരു കാരുണ്യവും ഇല്ലാതെ എത്ര കിരാതൻമാരെ വേണമെങ്കിലും കഥയിൽ കൊണ്ടുവന്നു തളച്ചിടും.

മനുഷ്യൻ അനുഭവിക്കുന്ന യാതന, തീവ്രവേദന, പീഢാ, ബാധാ, വ്യഥ, ദുഃഖം, ആമനസ്യം, പ്രസൂതികം, കഷ്ടം, കൃച്ഛ്റം, ക്ലേശം, വൈതരണി, ദൈന്യം, സംഹാരം, ദുർഗതി, താപം, കോപം, ഇതെല്ലാം
അലിയുടെ ജനൽ പടിയിലെ കൊച്ചു കൊച്ചു കുപ്പിയിൽ അടച്ചു വെച്ചിട്ടുണ്ട്.

വിശന്നു നടക്കുന്ന ഒരു കടുവയുടെ വായിൽ ഒരു കുഞ്ഞു ആട്ടിൻകുട്ടിയെ കിട്ടിയാൽ പിന്നെ അതിന് എന്തായാലും രക്ഷപ്പെടാൻ ഒക്കില്ല. അതുപോലെയാണ് അലി യുടെ കഥാവലയിൽ ചെന്നു വീണാൽ.
തിരിച്ചും മറിച്ചും ഇട്ട് ചന്തിക്ക് കടിക്കും.
''അയ്യോ എന്നെ വിടണെ, എന്നെ കൊല്ലല്ലേ'' എന്ന്  കഥാപാത്രം എത്ര കരഞ്ഞു വിളിച്ചു പറഞ്ഞാലും അലി വിടുകയില്ല.
ഇതൊന്നും ഞാൻ എന്റെ കൂട്ടുകാരനെ ആക്ഷേപിക്കാനായി പറയുകയല്ല. അലി ഒരു ക്രിയേറ്റീവ് ജീനിയസ്സാണ്.

അലി പറയുന്നതുപോലെ
യാണോ ലോകം എന്നൊന്നും ചോദിക്കരുത്.
അലി പറയുന്നത് പോലെയുള്ള ലോകവും ഉണ്ടെന്ന് മനസ്സിലാക്കണം. 
അലിയുടെ ഒരു കഥ നാരായണഗുരുവിന് വായിച്ചു കൊടുത്തിരുന്നുവെങ്കിൽ എന്ന് എനിക്ക് തോന്നി. പിന്നെ ഒരിക്കലും നാരായണഗുരു പറയില്ല; മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന്. എന്തിന്
നാരായണഗുരുവിനെ മാത്രം വായിച്ചു കേൾപ്പിക്കണം.
സാക്ഷാൽ കാറൽമാർക്സിനെ കൂടി കേൾപ്പിക്കണം.
അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ കമിഴ്ന്നു കിടന്നു എഴുതിയതൊക്കെ വെറുതെയായില്ലേ!  മാർക്സും ചങ്ങാതി എംഗൽസും കൂടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയപ്പോൾ, അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാൻ ഒരുപാടുണ്ട് എന്നു പറഞ്ഞു അവർ മുഖാമുഖം നോക്കി കുറെ യങ്ങ് സന്തോഷിച്ചു. രവിശങ്കറും അല്ലാരഖയും കൂടി പാട്ടുപാടി അവസാനിപ്പിച്ചു പരസ്പരം കൈ കൊടുക്കുന്നത് പോലെ! ഭാഗ്യവാന്മാർ.
ചരിത്രം അവരെ തോല്പിക്കുന്നതിനു മുമ്പ് നേരത്തെ അങ്ങ് ചത്തു കൊടുത്തു.
ചരിത്രത്തിന്റെ ഗതിവിഗതികൾ അവർക്ക് കാണേണ്ടി വന്നില്ല.

എന്റെ പ്രിയ സ്നേഹിതൻ അലിക്ക് അങ്ങനെയുള്ള പ്രമാദമൊന്നും പറ്റിയിട്ടില്ല. ഒന്നു രണ്ടു നല്ല കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്തിട്ടുണ്ട്.
കഥാപാത്രം വീടിന് തീ കൊടുക്കുന്നതിനു മുമ്പ് ഫൗസിയയേയും നിസാമിനെയും അമ്മായി അമ്മയെ ഏൽപ്പിച്ചല്ലോ. അത് വലിയ കാര്യം തന്നെ. അല്ലെങ്കിൽ ഞാനും കൂടി കരഞ്ഞേനെ.

ഞാൻ കഥ മുഴുവൻ വായിച്ചു കേട്ടു. കഥാകൃത്തിന്റെ വിജയം കഥ 'പിന്നെയെന്തായി' എന്ന് ചോദിപ്പിക്കുന്ന താണെങ്കിൽ, അലി വളരെ വിജയിച്ചിട്ടുണ്ട്.

എത്ര പെട്ടെന്നു പെട്ടെന്നാണ് ചൂതുകളിയിൽ കരുക്കൾ മാറ്റുന്നതുപോലെ കഥാപാത്രങ്ങളെ നിമിഷത്തിനിടയിൽ ആർക്കും പിടികൊടുക്കാത്ത രീതിയിൽ, ഏതു ബുദ്ധിമാനിലും  വെല്ലുവിളി ഉണ്ടാക്കുന്ന രീതിയിൽ മാറ്റി പ്രതിഷ്ഠിക്കുന്നത്. കഥ വായിച്ചു കേൾക്കുന്നതിനിടയിൽ ഒരു ഇരുപത്തഞ്ച്  പ്രാവശ്യമെങ്കിലും എന്റെ കണ്ണുനിറഞ്ഞു. ചങ്കു പൊട്ടുന്നത് പോലെ തോന്നി. വീർപ്പുമുട്ടി. അപ്പോഴൊക്കെയും ഞാൻ എന്നോടു തന്നെ പറഞ്ഞു: "ഇത് കഥയാണ്. വെറും കഥ. പേടിക്കരുത് ".

അലി വിനോദിക്കുകയല്ല. ഇങ്ങിനെയുള്ള നാട് നന്നാവുമോ എന്ന് വിചാരിക്കുകയാണ്. നന്നാവുമായിരിക്കും.
മൊയ്തുവും ഹസ്സനും അഷറഫും ജോസഫും ഷുക്കൂറും റുഖിയയും ആമിനയും എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ലോകം. എനിക്ക് ഒരു വ്യസനമേ ഉണ്ടായുള്ളൂ. റുഖിയയെ എവിടെയും കൊണ്ടാക്കിയില്ലല്ലോ.

ഇനിയെല്ലാം വായനക്കാർ പുസ്തകം വായിച്ചു തന്നെ അറിയണം. പറയേണ്ട കാര്യങ്ങൾ എല്ലാം പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.

എനിക്കിപ്പോൾ ഒരു മോഹം.
അലിയുടെ എല്ലാ കഥകളും സമാഹരിച്ച് കഥാകൃത്തുക്കൾക്ക് വേണ്ടി പാത്രസൃഷ്ടികൾക്കും, പാത്ര വിവരണത്തിനു മായി അമരകോശം പോലെ ഒരു കഥാകോശം ഉണ്ടാക്കണമെന്ന്.
അലി ഉപയോഗിച്ച ഒരൊറ്റ ഉപമയോ രൂപകാലങ്കാര മോ ഉല്ലേഖമോ ഒന്നും വിട്ടുകളയരുത്. പ്രൊഫസർ എൻ.കൃഷ്ണപിള്ള മറഞ്ഞുപോയല്ലോ. അല്ലെങ്കിൽ അദ്ദേഹം അത് ചെയ്തു തരുമായിരുന്നു.
അങ്ങിനെ ആരെങ്കിലും ചെയ്താൽ കഥാസാഹിത്യം കൊണ്ടു ഒരു രാജ്യത്തിന്റെ ഭാഷ എങ്ങനെ വളരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
പ്രിയപ്പെട്ട കൂട്ടുകാരാ നമസ്കാരം.

Sunday, 20 October 2019


സത്യത്തിന്റെ സ്വർണനൂലിഴകൾ...
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

-ഡോ.സി.പി.ചിത്രഭാനു -

കഥ പറഞ്ഞ് കഥ പറഞ്ഞ് 
കാലത്തെ മയക്കി  എടുത്തവരുണ്ട്.
കാലത്തിന്റെ
മായാജാലങ്ങളിലകപ്പെട്ട്  കഥ പറഞ്ഞ്  മാഞ്ഞുപോയവരുമുണ്ട്.

ഏതൊരു എഴുത്തുകാരനും താൻ ജീവിച്ചിരിക്കുന്ന കാലത്തിന്റെ ദാസനാണെന്ന് മലയാളത്തിലെ പ്രമുഖ നിരൂപകനായ ജോസഫ് മുണ്ടശ്ശേരി വാദിച്ച് സമർത്ഥിച്ചിട്ടുമുണ്ട്.
എന്നാൽ കഥ കേൾക്കുന്നവന്, വായിക്കുന്നവന് ഇത്തരം തത്വശാസ്ത്രങ്ങൾ ഒന്നും ബാധകമല്ല.
കേട്ടു ശീലിച്ച കാര്യങ്ങൾ പാലിക്കാനാണ്  അവരെപ്പോഴും ആഗ്രഹിക്കുക.

പുതുവഴികളിലേക്ക് എഴുത്തുകാരൻ സാഹസികമായി പ്രവേശിക്കാറുണ്ടെങ്കിലും വായനക്കാരൻ രണ്ടാമതൊന്ന് ആലോചിച്ചേ ആ വഴി  പോകാറുള്ളൂ.
ഇത്തരം സന്ദർഭങ്ങളിൽ വായനക്കാരനെ ചേർത്തു നിർത്തുക എന്നതായിരിക്കും ചില എഴുത്തുകാരുടെയെങ്കിലും ആഗ്രഹം.
അവന് കഥാസരിത് സാഗരത്തിന്റെ മറുകരയിലെത്താൻ പലപല സഹായങ്ങൾ താൻ ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന്
അയാൾ തിരിച്ചറിയും.

വഴിമുടക്കാൻ വരുന്ന പലതിനെയും മെയ് വഴക്കത്തോടെ നേരിട്ട് മുന്നേറാൻ വായനക്കാരന് ആത്മവിശ്വാസം നൽകുന്നത് എഴുത്തുകാരന്റെ കരുതലാണ്.

കഥയിലും നീണ്ട കഥയിലുമെല്ലാം ജനപ്രിയ വായനയ്ക്ക് ആവേഗം വർദ്ധിച്ച ഒരു കാലം മലയാളത്തിൽ ഉണ്ടായത് അത്തരം ചില പാരസ്പര്യങ്ങൾ നിലനിന്ന സന്ദർഭത്തിലാണ്.

നാട്ടിലെ സാമൂഹിക മുന്നേറ്റങ്ങൾ എഴുത്തും വായനയും അറിയുന്നവന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.

പലപണികളിൽ ഏർപ്പെട്ട സാധാരണക്കാരന്റെ രുചിഭേദങ്ങൾക്കനുസരിച്ച്
എഴുതാൻ കഥാകാരന്മാർ തയ്യാറായി.
'പാടാത്ത പൈങ്കിളിമാർ' പരസ്പരം ആത്മബന്ധം സ്ഥാപിച്ചു. അയാൾ കഥ എഴുതിക്കൊണ്ടേയിരുന്നു.
പലരും പരിഹസിച്ചു.
'മ' പ്രസിദ്ധീകരണങ്ങൾ ഒരുക്കിയ മലർവാടി കൾക്ക് ആഴം കുറവായിരുന്നു.
എങ്കിലും ആ കൈതോടിൽ നിന്നാണ് പാവം മലയാളി ദാഹം തീർത്തത്.

കാലം മാറിയപ്പോൾ ആ സാധ്യതകൾ കാഴ്ച പെട്ടികൾ ഏറ്റെടുത്തു. അക്ഷരങ്ങളെ ഉപേക്ഷിച്ച് അവർ അകത്തളങ്ങളിൽ കൂട്ടം കൂടി.
ശരിതെറ്റുകൾ തീർപ്പു കല്പിക്കാൻ കഴിയാതെ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ശരാശരി മലയാളി കഥ കേൾക്കുന്ന വിഷയത്തിൽ ആ ലോകത്ത് തന്നെയാണ്.

ഈ തിരിച്ചറിവ് മനസ്സിൽ വെച്ച് പതിവ് ചേരുവകളുടെ അനുപാതം മാറ്റിയെടുത്ത്  ചില ജീവിത സത്യങ്ങൾ പറയാൻ ശ്രമിച്ച കഥാകാരനാണ് ടി.വി.എം. അലി. അദ്ദേഹത്തിന്റെ കഥകളും, നീണ്ടകഥകളും ജനപ്രിയ വായനാ കാലത്തിലെ ജനകീയമെങ്കിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവയാണ്.
ഉള്ള കാലത്തിൽ
ഒതുങ്ങി നിൽക്കാൻ അല്ല, ഉണ്ടാകേണ്ട കാലത്തിലേക്ക് ഉണർന്നു മുന്നേറാനാണ് മനുഷ്യസ്നേഹം നിറച്ചു വെച്ച ആ കഥകൾ വായനക്കാരനോട് പറയുന്നത്.

പരുഷമായ കാലത്തിൻ
'ചിരി മറന്നുപോയ കോമാളിയായി' എഴുത്തുകാരൻ മാറുകയാണെന്ന് അലിക്കറിയാം.
എങ്കിലും നിരന്തരം പറയേണ്ടത് തന്റെ ബാധ്യതയാണെന്ന് ഈ കഥാകാരൻ വിശ്വസിക്കുന്നു.
ഇന്നേക്കു വേണ്ടി മാത്രമല്ല - നാളേക്ക് വേണ്ടിയും.
ആ അർത്ഥത്തിൽ എഴുതപ്പെട്ട കാലത്തിന്റെ അതിരുകൾ ഭേദിച്ചു കടന്നുവരുന്ന തേങ്ങലുകളാണ് ഈ സമാഹാരത്തിലെ 13 കഥകൾ.

എഴുതി എഴുതി ചക്ര ചാലിൽ വീണുപോകുന്ന ചില കഥാകാരന്മാരുണ്ട്. അവർക്ക്
വഴിമാറി നടക്കാൻ പ്രയാസമാകും. അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ച്  അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവരുമുണ്ട്.
എന്നാൽ ഈ എഴുത്തുകാരൻ താൻ നിത്യേന സഞ്ചരിക്കുന്ന
വഴികളിലെ പരിചിത മുഖങ്ങളും, പരിചിത ഗന്ധങ്ങളും ശബ്ദങ്ങളുമെല്ലാം ഉപയോഗിച്ച് ഒരു ചിത്രം വായനക്കാരന്റെ മനസ്സിൽ വരച്ചിട്ട് പിൻവാങ്ങുന്നു. വായനക്കാരന് പലതും കൂട്ടിച്ചേർക്കാം.

പുതിയ കഥാസമാഹാരം എന്ന് ഇതിനെ വിശേഷിപ്പിക്കരുത്. കഥകളെല്ലാം പല കാലങ്ങളിലായി എഴുതിയതാണ്.
സമകാലത്തോട് നിരന്തരം സംവദിക്കുന്നു എന്നതാണ് ഈ കഥകളുടെ (എല്ലാ കഥകളുടെയും) പുതുമ.

തന്റെതല്ലാത്ത കാരണത്താൽ
ശപിക്കപ്പെട്ട ജന്മം ഏറ്റുവാങ്ങിയവനാണ് മഹാഭാരതത്തിലെ പാണ്ഡു.
പാണ്ഡവന്മാർ (?) അതിപ്രശസ്തരായി മാറി. അവരുടെ പ്രശസ്ഥിയിൽ പോലും പാണ്ഡു നിരന്തരം
വെന്തു കൊണ്ടിരുന്നു.
മനുഷ്യസഹജമായ ഭോഗ സുഖത്തിന്റെ പാരമ്യത്തിൽ ലോകം വെടിഞ്ഞു. ഒരു ഇതിഹാസ കഥാസന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ ജനിമൃതികളതിരിട്ട ജീവിത സാഗരത്തിൽ അകപ്പെട്ടുപോകുന്ന അനേകം പാണ്ഡുമാരുടെ കഥയാണ് 'ബ്രഹ്മപദ'ത്തിലൂടെ ഈ എഴുത്തുകാരൻ പറയുന്നത്.

എല്ലാ നല്ല സ്വപ്നങ്ങളും ചേതനയറ്റ പ്രതിമകളായി മാറുന്നതിലെ ദുരന്ത ഹാസ്യത്തെയാണ് 'പ്രതിമയുടെ മകൻ' പ്രതിനിധാനം ചെയ്യുന്നത്.

തനിക്ക് ഭാഗ്യം സമ്മാനിച്ച, ശപിക്കപ്പെട്ട ജന്മം പേറുന്ന അജ്ഞാത ബാലനെ സ്നേഹത്തിന്റെ പട്ടുനൂലിൽ ബന്ധിക്കാനുള്ള വിഫല ശ്രമമാണ് 'സ്വർണ്ണ നൂലിഴകൾ' സത്യസന്ധമായി തുറന്നു വെക്കുന്നത്.

ഉടുതുണിക്ക് മറുതുണിയില്ലാത്ത
പാഴ് മണ്ണിലടിഞ്ഞ ജന്മങ്ങൾക്ക് വെറും വാക്കുകളുടെ പൂഴിപ്പുഴ തീർക്കുന്ന കപട രാഷ്ട്രീയക്കാരന്റെ പൊയ്മുഖം 'പൂഴിപ്പുഴ' എന്ന കഥ വലിച്ചു മാറ്റുന്നു.

എല്ലാ 'രക്തസാക്ഷി'കളെയും പ്രസവിച്ചത് കണ്ണീർ വറ്റാത്ത അമ്മ മനസ്സാണെന്ന ഓർമപ്പെടുത്തലാണ്
'മിഴിനാരുകൾ' എന്ന കഥ.

ചുറ്റും പടരുന്ന മതാന്ധത മനുഷ്യനോട് -ആദിവാസി ഗോത്ര വിഭാഗത്തോട് - നിന്ദ്യമായി പെരുമാറുമ്പോൾ നരജീവിതമായ വേദനയിൽ നിന്ന്,
മൃഗജീവിത സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു നടക്കുന്ന വിപരീത പരിണാമ സിദ്ധാന്തമാണ് 'കോലങ്ങൾ' ആവിഷ്കരിക്കുന്നത്.

വിദേശത്തുനിന്ന് മടങ്ങിവന്ന ഉത്തമനെ ഉത്തമനായ കൃഷിക്കാരനാക്കി മാറ്റിയത് ഷബാനു എന്ന കൃഷി ഓഫീസറാണ്. തെളിഞ്ഞൊരു പ്രഭാതത്തിലാണ് ശബാനു ഉത്തമനെ കാണുന്നത്. പക്ഷേ അവർ തമ്മിൽ പറയാതെ പോയ വാക്കുകളാണ് പിരിയുന്ന നേരത്തെ തീക്കാറ്റിന്റെ സീൽക്കാരം ഉത്തമനോട് പറഞ്ഞിരിക്കുക.

'സൂര്യകളങ്കം' ഒരു പകുതിയിൽ നിഴലും നിലാവും,
മറുപകുതിയിൽ കരി പൂശിയ രാവും പേറുന്ന എല്ലാ കലാകാരന്മാരുടെയും കഥയാണ്.

ഭാവനയും യാഥാർത്ഥ്യവും ഇഴചേർത്ത സ്വപ്നങ്ങളിലാണ് 'കുറത്തി', 'നൊങ്ക് ' എന്നീ കഥകൾ ജീവൻ നേടുന്നത്.

വസുമതി വാസുമതിയെന്നാകുന്നതിലെ സ്വാഭാവികത
ഗ്രാമീണ വായനക്കാരനു മുന്നിൽ വരച്ചു വെക്കുകയാണ് 'മുഖമുദ്ര' എന്ന കഥ.

പണി കഴിഞ്ഞു തിരിച്ചു പോകുന്ന പെണ്ണുങ്ങളാണ്
ചക്കി തള്ളേടെ 'പണികഴിഞ്ഞ' കാര്യം ലോകത്തോട് പറയുന്നത്. ഒരു സാധാരണ മരണം ഉണർത്തുന്ന
ചിറകു മുളച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ 'ചക്കി' നമ്മെ നിർബന്ധിക്കുന്നു.

മേൽപ്പറഞ്ഞ ഓരോ കഥകളും ഒന്നിനൊന്നിനു  വ്യത്യസ്തമായ ലോക ജീവിതത്തെ പരിചയപ്പെടുത്തി തരുന്നു. അതിന്റെ നിസ്സാരതയെ ഓർമിപ്പിക്കുന്നു.

ടി.വി.എം. അലി കാവ്യ പ്രയോജനത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടാകാം. യശസ്സിനും സമ്പത്തിനും വേണ്ടി അലി എഴുതിയിട്ടേയില്ല.

വിശപ്പിനും കണ്ണീരിനും ഇടയിൽ ജീവിക്കുന്ന മനുഷ്യന്റെ ചുമലിൽ കൈ വെച്ചു നടക്കുന്ന ഈ എഴുത്തുകാരന് സ്വന്തമായി ഒന്നും വേണമെന്നില്ല. അക്ഷരങ്ങളുടെ ചേർത്തുവെക്കലിൽ ആശ്വാസത്തിന്റെ  ഒരുതരി അപരന്
സമ്മാനിക്കണം എന്നേയുള്ളൂ. അതുതന്നെയാണ് ഈ കൃതിയുടെ സത്ത.

ബാക്കിയെല്ലാം വായനക്കാരനും കാലവും കൂട്ടി ചേർക്കട്ടെ.

(ഉടനെ പുറത്തിറങ്ങുന്ന 'പൂഴിപ്പുഴ' എന്ന എന്റെ കഥാസമാഹാരത്തിന് പ്രമുഖ നിരൂപകനും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രവർത്തകനും സിന്റിക്കേറ്റ് അംഗവുമായ ഡോ.സി.പി.ചിത്രഭാനു എഴുതിയ ആമുഖം)

/ഓർമ /


മറക്കാൻ കഴിയുമോ മഴയോർമകൾ.  

       

മഴയെ കുറിച്ച് വിചാരിക്കുമ്പോൾ എല്ലാം ഓർമകളിൽ നിറയുന്നത് കൈത കുളവും, കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പി പുഴയുമാണ്. 
എത്ര മഴ നനഞ്ഞാണ് കാലം കടന്നു പോയത് എന്ന് അളന്നു നോക്കാൻ ആവില്ല. ഓരോ മഴയും ഓരോന്നായിരുന്നു.

ഒന്നും മറ്റൊന്നിനോട് ലയിക്കാതെ വേറിട്ടു നിൽക്കുന്ന മഴയോർമ്മകൾ. കുഞ്ഞുനാളിൽ മഴ നനയാൻ മോഹിച്ചു മുറ്റത്തിറങ്ങി നിൽക്കുമ്പോൾ 
അരുതാത്തത് എന്തോ ചെയ്ത അപരാധത്തിന്റെ പേരിൽ ഉടലിൽ ഈർക്കിൽ വീണ ചുവന്ന വരകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. 

ചെറിയൊരു വീടിന്റെ ഇടുങ്ങിയ മുറികളിൽ, ഓട്ടപ്പുരയിൽ നിന്ന് അടർന്നുവീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ, 
ഗോട്ടി കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു. 

പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൽ ആവേശമായിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിന്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്? 

കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ, തോർത്തിൽ പിടയുന്ന പരൽമീൻ ആയിരുന്നു മഴ. കൈതകുളത്തിന്റെ ആഴങ്ങളിൽ 
മുങ്ങാംകുഴി മുങ്ങുമ്പോൾ കാലിൽ ചുറ്റുന്ന 
നീർക്കോലി ആയിരുന്നു മഴ. 

ഋതുഭേദങ്ങളിൽ, പല ഭാവങ്ങളിൽ, പരിഭവം പറഞ്ഞ് പെയ്തിറങ്ങിയത് പ്രണയ മഴയായിരുന്നു. 

പതിറ്റാണ്ടുകൾക്കു മുമ്പ് 1970കളുടെ അന്ത്യപാദത്തിൽ കോവൈ നഗരത്തിൽ ജോലിചെയ്തിരുന്ന നാളുകളിൽ, 
ഓർക്കാപ്പുറത്ത് പൊട്ടിവീണ പേമാരിയിൽ, 
നിരത്ത് പുഴയായതാണ് 
ആദ്യത്തെ പ്രളയ സ്മരണ. 

പഴയ പുസ്തകങ്ങൾ വിൽക്കുന്ന യുനിവേഴ്സൽ ബുക്ക്സ്റ്റാളിന്റെ  മുന്നിൽ ചാക്ക് വിരിച്ച് അന്തിയുറങ്ങിയ ഒരു കാലമുണ്ടായിരുന്നു. 
ഒരു രാത്രി പാതിര പിന്നിട്ടനേരത്ത് കാറ്റിനോടൊപ്പം പെയ്തിറങ്ങിയ മഴയെ ചെറുക്കാൻ ടാർപ്പായ വലിച്ചുകെട്ടിയിട്ടും രക്ഷയുണ്ടായില്ല. 

കാനകൾ എല്ലാം നിറഞ്ഞ് നഗര മാലിന്യം മുഴുവൻ നിരത്തിലേക്ക് പൊങ്ങിയപ്പോൾ ടൗൺഹാളും, നവാബ് ഹക്കീം റോഡും, എം.എം.മാർക്കറ്റും പുഴയായി മാറിയിരുന്നു.
പുസ്തക കടയിൽ പ്രളയജലം വായന തുടങ്ങിയപ്പോൾ, തൊട്ടടുത്ത ഇരുമ്പു കടയിലേക്ക് മാറിനിന്ന് നേരം വെളുപ്പിച്ചത് എങ്ങനെ മറക്കാനാണ്? 

കൗമാരത്തിൽ കാടിറങ്ങിവന്ന മഴക്കെല്ലാം നല്ല തണുപ്പായിരുന്നു.
എത്ര മൂടിപ്പുതച്ചാലും 
മനസ്സിലേക്ക് കടന്നു വരുന്ന ശീത മഴ. 
മഴയത്ത് കുടചൂടിയും ചൂടാതെയും നടക്കുന്നതായിരുന്നു ഏറെ ഇഷ്ടം. 
ചൂരൽ കാലുള്ള 
കാലൻ കുടയുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നുനീങ്ങിയ 13 വർഷത്തെ മഴയായിരുന്നു നിറഭേദങ്ങളുടെ സംഗീത പെരുമഴ. 

ഒരു കർക്കിടക മഴയിൽ പട്ടാമ്പി പാലത്തിലൂടെ നടന്നു പോയിരുന്ന വയോധികൻ കുടയോടൊപ്പം പുഴയിലേക്ക് പറന്നുപോയത് ഒരിക്കലും മറക്കാൻ കഴിയാത്ത മഴയോർമയാണ്.  
ആ സാധു മനുഷ്യന്റെ നിലവിളി ഇന്നും മഴയുടെ ആരവത്തോടൊപ്പം കേൾക്കാറുണ്ട്. 
വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും കർക്കടക മഴ പെയ്യുമ്പോൾ ആ മനുഷ്യന്റെ നിലവിളിയാണ് മഴ.  
മഴയുടെ, കാറ്റിന്റെ സംഗീതം സീൽക്കാരമായി മാറുകയാണ് എന്ന് മനസ്സിലായി.

പുഴയുടെ സമാന്തര നിരത്തിലൂടെ നടക്കുന്നതിനിടയിൽ ഒരു ഇടവപ്പാതി മഴയോടൊപ്പം കടന്നുവന്ന കാറ്റ് എന്റെ ചൂരൽ കാലുള്ള കുട തട്ടിയെടുക്കാൻ നടത്തിയ നീക്കം ചെറുക്കാൻ പൊരിഞ്ഞ പോരാട്ടം വേണ്ടി വന്നതും ഓർമയുണ്ട്. പാടത്തിന്റെ നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോഴാണ് ഇടവപ്പാതി, പുഴ കടന്ന് ആർത്തലച്ചു വന്നത്. വിശാലമായ വയലിലോ നിരത്തിലോ ആരും ഉണ്ടായിരുന്നില്ല. കാറ്റിന്റെ മൂളലും മഴയുടെ താളവും കാലൻ കുടയിൽ പതിച്ചു കൊണ്ടിരിക്കെ, കുട പൊങ്ങുന്നതു പോലെ തോന്നി. കുടയുടെ പിടിവിടാത്തതിനാൽ എന്റെ കാലുകളും തറയിൽ നിന്ന് പൊങ്ങുകയാണോ എന്നൊരു സംശയവും ഉണ്ടായി. സംഗതി പന്തിയല്ലെന്ന് ബോധ്യമായപ്പോൾ  നടന്നുകൊണ്ടിരുന്ന ഞാൻ തറയിലിരുന്നു. നിലത്ത് കുത്തി നിർത്തിയ കാലൻ കുടക്കീഴിൽ അങ്ങിനെ അല്പനേരം ഇരുന്നപ്പോൾ  കരിമ്പനകളെ വിറപ്പിച്ച കാറ്റിന്റെ സീൽക്കാരമായിരുന്നു മഴ.  

പിന്നീട് മഴയോർമകൾ പെയ്തിറങ്ങുന്നത്  ഓലമേഞ്ഞ ഷെൽട്ടറിലേക്കാണ്. 
അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന 1980കളിലായിരുന്നു നാട്ടിലെ ഷെൽട്ടർ ജീവിതം. 
അന്ന് ഓരോ മഴക്കാലവും യുവമിഥുനങ്ങളുടെ കദനമായിരുന്നു മഴ. 

വേനലിൽ കെട്ടിമേയാത്തതിന്റെ പരിഭവത്തിൽ ഓട്ട വീണ പനമ്പട്ടകളിൽ നിന്ന് ഊർന്നിറങ്ങിവന്ന  
മഴനാരുകൾ മുറി നിറയുമ്പോൾ തല നനയാതിരിക്കാൻ 
കാൽ ഇളകിയ ബെഞ്ചിന്റെ
താഴെ നേരം വെളുപ്പിച്ച യുവമിഥുനങ്ങളുടെ കണ്ണീർ മഴ തോർന്നതെന്നാണ് ?

വർഷങ്ങൾക്ക് ശേഷം 2018 ഡിസംബർ 30ന് പുലരിയിൽ 
മുന്നൊരുക്കമോ അലർട്ടുകളോ
അകമ്പടിയില്ലാതെ നേരിയ മഴക്കൊപ്പം നങ്കൂരമിട്ട ചുഴലി കാറ്റിൽ ആകാശത്തോളം പൊങ്ങിയ മഞ്ചാടി മരത്തിന്റെ കൊമ്പ് അടർന്നുവീണതും വീട് ഭാഗികമായി തകർന്നതും അത്ഭുതകരമായി മൂന്ന് ജീവനുകൾ പോറലൊന്നുമേൽക്കാതെ രക്ഷപ്പെട്ടതും പ്രകൃതിയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് ? 

അവിടംകൊണ്ട് അവസാനിക്കുന്നില്ല മഴയോർമ്മകൾ. 
2019 മെയ് 17ന് രാത്രി ഓർക്കാപ്പുറത്ത് പെയ്ത വേനൽ  മഴയും അകമ്പടി വന്ന കാറ്റും ഭീകര താണ്ഡവമാടിയത് ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
രാത്രി അത്താഴം കഴിക്കുന്ന നേരത്താണ് വേനൽമഴ വിരുന്നു വന്നത്. 
കൂടെ വന്ന കാറ്റിന് ആയിരം കൈകളുണ്ടായിരുന്നു. ഓടിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ തത്തിക്കളിച്ച കാറ്റ് ഓടുകൾ 
ഓരോന്നും പുറത്തേക്ക് എറിഞ്ഞ് രസിച്ചു. പരിസരത്ത് നിന്നിരുന്ന തേക്കും തെങ്ങും കവുങ്ങും മുരിങ്ങയും കാറ്റിൽ വിറകൊണ്ടു. 

ഓടുകൾ പറന്നു വീഴുന്നതും മഴ വീടകം നിറയുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് സീൽക്കരിക്കുന്നതും തീവ്ര മഴ പൊട്ടി വീഴുന്നതും ഭീതിയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. നിമിഷങ്ങൾക്കകം വീട് ശിരസ്സിൽ പതിക്കുമെന്നും മൂന്നു മനുഷ്യജീവികൾ സമാധിയടയുമെന്നും മനസ്സിലുറപ്പിച്ച് നിൽക്കെയാണ് വധശിക്ഷ കാത്തു കഴിയുന്നവരെ വെറുതെ വിട്ടതു പോലെ കാറ്റും മഴയും ദയാദാക്ഷിണ്യത്തോടെ പിൻവാങ്ങിയത്.
ഒരു ഓട് പോലും ശിരസ്സിലേക്ക് ഇടാതെ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ കാറ്റിന്റെ കൈകളെ പഴിക്കുവതെങ്ങനെയാണ് ?

മഴ നൽകിയ നവരസങ്ങൾ എല്ലാം തകിടം മറിയുന്ന വർത്തമാന കാലത്ത്,  
പ്രളയ മഴയും തീവ്ര മഴയും നമുക്ക് പരിചിതമാവുകയാണല്ലോ. പ്രണയമഴ പ്രളയമഴയായും മരണമഴയായും പരിണമിക്കുമ്പോഴും, മഴയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലല്ലോ. 

ആകാശത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ചുവെച്ച സമുദ്രങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയിക്കുമ്പോഴും മനസ്സിനെ തണുപ്പിച്ച പവിഴ മഴയേയും, ജീവൻ നൽകിയ കാരുണ്യ മഴയേയും, ജീവ ജലത്തിന്റെ ജൈവ നീതിയേയും നമിക്കാതെ വയ്യ.

Monday, 26 August 2019

അതിജീവനത്തിന്റെ ചിറകിൽ ചിത്രശലഭങ്ങൾ.

ജോയ് കിഴക്കുംതല എഴുതിയ പ്രഥമ പുസ്തകം മുല്ലമൊട്ടുകൾ വായനക്കെടുത്തപ്പോൾ ഓർത്തെടുത്തത് പഴയൊരു ചങ്ങാത്തത്തിന്റെ മാഞ്ഞു പോകാത്ത സുഗന്ധമാണ്. മറവിയുടെ അടിത്തട്ടിളക്കി പൊടിഞ്ഞു വന്ന ഒരു ആത്മബന്ധത്തിന്റെ ഉറവ ഞങ്ങൾക്കിടയിലുണ്ട്.

2015 ഒക്ടോബറിൽ എന്നെ തേടിയെത്തിയ ഒരു ഇൻലന്റ് ലറ്ററിലാണ് ജോയ് മാത്യു ആദ്യം കടന്നു വരുന്നത്.
രണ്ടര പതിറ്റാണ്ടു മുമ്പ് തൃശൂർ മുല്ലശ്ശേരിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'ലൈഫ്' മാസികയിൽ ജീവനക്കാരനായിരുന്നു ജോയ് മാത്യു.
1993 ജനുവരി മുതൽ ഏപ്രിൽ വരെ ഞാനും മാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ സഹായിയായി ഉണ്ടായിരുന്നു.
പ്രസാധന രംഗത്ത് മാനേജ്മെന്റിന്റെ പരിചയക്കുറവും കെടുകാര്യസ്ഥതയും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം അടച്ചു പൂട്ടുമെന്ന് ബോധ്യമായപ്പോൾ എന്റെ സേവനം അവസാനിപ്പിച്ച് ഞാൻ തിരിച്ചു പോന്നു. അന്ന് ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നവരെല്ലാം നിസ്വാർത്ഥരും നിഷ്കളങ്കരുമായിരുന്നു. അതു കൊണ്ടു തന്നെ എന്റെ പിന്മാറ്റം അവരെ പ്രയാസത്തിലാക്കുകയും ചെയ്തിരുന്നു.
എന്റെ പക്കൽ മാന്ത്രിക വടിയൊന്നും ഇല്ലാത്തതിനാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ 'ലൈഫി'നെ കൈ പിടിച്ചുയർത്താൻ സാധിക്കുമായിരുന്നില്ല.

മൂന്നു മാസത്തെ മുല്ലശ്ശേരി വാസത്തിന്റെ വാസന നിറഞ്ഞ കത്തിലൂടെ ജോയ് മാത്യു നിരത്തിവെച്ചത് ജീവിത യാഥാർത്ഥ്യങ്ങളുടെ കണ്ണീർ പൂക്കളായിരുന്നു. 2013ൽ ഒരു സ്ട്രോക്ക് വന്നതും മൂന്ന് മേജർ സർജറിക്ക് വിധേയനായതും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതും ശയ്യാവലംബിയായി കഴിയുന്നതുമെല്ലാം എഴുതിയ കത്തായിരുന്നു അത്. അന്നു തന്നെ കത്തിൽ കാണിച്ച നമ്പരിൽ ഞാൻ ഫോൺ ചെയ്തു. കട്ടിലിൽ കിടന്നു കൊണ്ട് ഒട്ടേറെ നേരം ജോയ് മാത്യു സംസാരിച്ചു. പിന്നീട് ഫോൺ വിളി പതിവായി. നാലു വർഷമായി അത് തുടരുന്നു. ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്ന ജോയ് മാത്യുവിനോട് ഞാൻ എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എഴുതാൻ ഒട്ടനവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. വിദ്യാർത്ഥികളായ മകൻ അമലും മകൾ അലീനയും ജോയ് മാത്യുവിന് സഹായികളായി കൂടെ നിന്നു. അങ്ങിനെ ജോയ് മാത്യു ക്യാപ്സൂൾ കഥകൾ എഴുതി തുടങ്ങി. എഴുത്തിന്റെ വിശേഷങ്ങൾ, കഥയുടെ ഗുണപാഠങ്ങൾ, അച്ചടിയുടെ പുരോഗതികൾ തുടങ്ങിയ കാര്യങ്ങൾ പലവുരു എന്നെ ഫോണിൽ വിളിച്ചറിയിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അത് സംഭവിച്ചു. ശയ്യാവലംബിയായ ഒരു എഴുത്തുകാരൻ മുല്ലമൊട്ടുകളുടെ സൗരഭ്യവുമായി വായനക്കാരുടെ മുന്നിൽ എത്തിയിരിക്കുന്നു. പ്രകൃതി സ്നേഹിയായ ജോയ് മാത്യുവിന്റെ പുസ്തകത്തിലെ എഴുത്തിനും ചിത്രത്തിനും നിറം പച്ചയാണ്. ഓരോരുത്തർക്കും ഓരോ നിയോഗമുണ്ടെന്ന് കരുതുന്ന ജോയ് കിഴക്കുംതല, മനോഹരമായ പ്രകൃതിയെ കാത്തു പരിപാലിക്കാനാണ് മനുഷ്യന്റെ നിയോഗമെന്ന് ഊന്നി പറയുന്നു. കാലികൾക്ക് പുൽക്കൊടി അന്നമാവുന്നതുപോലെ, പൂക്കൾ ശലഭങ്ങൾക്ക് മധു നൽകുന്നതു പോലെ, സഹജീവികൾക്ക് സന്തോഷം നൽകാൻ മനുഷ്യന് കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.  വായനയുടെ വലിയ ലോകത്തിലേക്ക് ജോയ് മാത്യുവിനെ നയിച്ച ഗുരുനാഥൻ നാരായണൻ മാസ്റ്റരുടെ അവതാരികയോടെയാണ് കുറ്റിച്ചിറ പ്രകൃതി പബ്ലിക്കേഷൻസ് മുല്ലമൊട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഈ പുസ്തകത്തിലെ തിരി എന്ന ക്യാപ്സൂൾ കഥ നോക്കാം:
പ്രാർത്ഥനാ മുറിയിലെ മെഴുകുതിരി ചന്ദന തിരിയോട് പരിഭവിച്ചു. എനിക്കും പൊള്ളുന്നു, നിനക്കും പൊള്ളുന്നു. എന്നിട്ടും നീയെന്താ കരയുന്നത്?
മെഴുകുതിരി കണ്ണീരൊപ്പി പറഞ്ഞു: ഞാൻ കരഞ്ഞില്ലെങ്കിൽ ഈ മുറിയിൽ ഇരുട്ടാകും.

ഇതു പോലെയുള്ള കൊച്ചു കഥകളാണ് നൂറു പേജിലും സുഗന്ധം പൊഴിക്കുന്നത്. മുല്ലമൊട്ടുകൾ പുറത്തിറങ്ങിയതോടെ ജോയ് കിഴക്കുംതല സന്തോഷവാനാണ്.
തന്റെ നിയോഗം നിറവേറ്റാനായതിന്റെ സന്തോഷം.
അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജോയ് മാത്യു എന്ന ജോയ് കിഴക്കുംതല. അതിജീവനത്തിന്റെ പാതയിലൂടെ,
എഴുത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ജോയ് മാത്യുവിന്റെ യാത്രക്ക് മംഗളം നേരാം.
ഫോൺ: 9744 400 303.

Thursday, 22 August 2019

ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

സ്വാതന്ത്ര്യത്തിന്റെ 72 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾ തനിച്ചു യാത്ര ചെയ്യാൻ ഭയപ്പെടുന്നു.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹയാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്ര്യത്തിന്റെ ചങ്ങല കിലുങ്ങുന്നത്.
നിസാര കാര്യങ്ങൾക്ക്
പോലും അനിശ്ചിതകാല സമരം നടത്തുന്ന വിദ്യാർത്ഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല.
ബസ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു ബസിൽ
കയറിപറ്റാൻ ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഒരു പ്രതികരണ
സംഘടനയും കണ്ടതായി ഭാവിക്കുന്നില്ല.
ഒരു പൊലിസുകാരനും പെറ്റി കേസ് പോലും ചാർജ്ജു ചെയ്യുന്നില്ല.
എന്തു കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.
സ്വാതന്ത്ര്യ സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്‌.
ആണ്‍കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൗരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഇതൊന്നും അറിയുന്നില്ലേ?
നവകേരള നിർമിതിയെപ്പറ്റി
വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഈ വക കാര്യങ്ങളിലൊന്നും ഉൽക്കണ്ഠയില്ലേ?

Tuesday, 20 August 2019

കഥ/ ഉത്തമൻ


പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യയെ വിളിച്ച് ഉത്തമന്‍ പറഞ്ഞു: ഞാന്‍ ടൌണ്‍ വരെ പൂവ്വാണ്. വരാനിത്തിരി വൈകും..
മുറ്റമടിച്ചുകൊണ്ടിരുന്ന മാതു തലയുയര്‍ത്തി അവിശ്വസനീയ ഭാവത്തോടെ  ഭര്‍ത്താവിനെ നോക്കി: ഇത്രനേരത്തെ പോണോ? നല്ല മഞ്ഞ്ണ്ട്.....
അവള്‍ ഓര്‍മിപ്പിച്ചു.
ഓ..അതുസാരംല്ല്യാ....
ഇപ്പൊപ്പോയാ ആദ്യത്തെ  ബസ്സ് കിട്ടും.....ങാ... ഇന്നലെ വന്ന കത്തെടുക്കാന്‍ മറന്നു. അതിലാ വിലാസം.... 

ഉത്തമന്‍ തിരിച്ചുകയറാന്‍ തുടങ്ങും മുമ്പ് മാതു തടഞ്ഞു:
ഒരു വഴിക്കെറങ്ങ്യാ തിരിച്ചുകേറണ്ടാ....
കത്ത് ഞാനെടുക്കാം....

അലമാരയില്‍ കാണും ഒരു നീല കവറ്...
ഉത്തമന്‍ വിളിച്ചറിയിച്ചു.

ഞാറ് നടാന്‍ പണിക്കാര് വരുംന്നല്ലെ പറഞ്ഞത് ... കൂലി കൊടുക്കാന്‍ കാശ് വെച്ചിട്ടുണ്ടോ?
കത്തുമായി പുറത്തുവന്ന മാതു ചോദിച്ചു.

ഓ....അപ്പോഴേക്കും ഞാനിങ്ങെത്തും.
എന്റെ കുടയും മഫ്ളറും  കൂടി എടുത്തോളൂ.... അയാള്‍ ഉണര്‍ത്തിച്ചു.

ഇന്നെന്താ ഉത്തമേട്ടന് പറ്റ്യേത്.? ഭയങ്കര മറവിയാണല്ലോ..... കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ മാതു അഭിപ്രായപ്പെട്ടു.

പ്രായം കൂടി വര്വല്ലെ? ചിലതു ഓര്‍ക്കുമ്പോള്‍ വേറെ ചിലത് മറന്നു പോകും...
ഉത്തമന്റെ വര്‍ത്തമാനം മാതുവിനെ നന്നായി രസിപ്പിച്ചു.

അതു നല്ല കഥ...പ്രായം കൂടുന്തോറും മേക്കപ്പും കൂടുന്നുണ്ടല്ലോ......
പെണ്ണ് കാണാന്‍ പോണ ചെക്കന്റെ  മട്ടിലല്ലേ ഒരുങ്ങി പുറപ്പെട്ടിട്ടുള്ളത്.... ഇങ്ങനെ പോയാല്‍ എന്നേം മക്കളേം കൂടി മറന്നുപോവില്ലേ?

മാതുവിനെ ചൊടിപ്പിക്കാന്‍ നിൽക്കാതെ ഉത്തമന്‍ മഞ്ഞിലേക്കിറങ്ങി നടന്നു. ഇടവഴി വെളിച്ചം വീണിട്ടില്ല. മുളയിലകളില്‍ നിന്നിറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഉത്തമന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ചൂട് അനുഭവപ്പെട്ടു.
റോഡിലെത്തിയതും ബസ് വന്നു. സീറ്റില്‍ ഇടംപിടിച്ചപ്പോഴും ശരീരം വിയര്‍ക്കുകയായിരുന്നു.
മഞ്ഞു പാളികള്‍ വകഞ്ഞ് ബസ് പാഞ്ഞുകൊണ്ടിരുന്നപ്പോള്‍, വെള്ളിനൂലുകള്‍ ഞാത്തിയ ശീതക്കാറ്റ് ഉത്തമനെ പൊതിഞ്ഞു. നല്ല് തണുപ്പ് തോന്നി ഉത്തമന്.
മഫ്ളര്‍ എടുത്ത് ചെവിയടക്കം തലമറച്ചപ്പോഴാണ് കുളിര്‍ വിട്ടകന്നത്.

ഹൃദയത്തിന്റെ ചൂടേറ്റുറങ്ങുന്ന കത്ത് പോക്കറ്റില്‍ നിന്നെടുത്ത് ഉത്തമന്‍ ഒരാവര്‍ത്തികൂടി  വായിച്ചു:
പ്രിയപ്പെട്ട ഉത്തമേട്ടന്....
എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ ഷബാന.
നിങ്ങളുടെ നാട്ടിലെ
ആ പഴയ കൃഷി ഡമോണ്‍സ്ട്രേറ്റര്‍ തന്നെ. എനിക്ക് അത്യാവശ്യമായി  ഉത്തമേട്ടനെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
താഴെ കാണുന്ന വിലാസത്തില്‍ ഒഴിവുകിട്ടുമ്പോള്‍ ഒന്നുവരണം. വിശ്വാസത്തോടെ ഷബാനു.

ഷബാനു എന്ന ഷഹര്‍ബാന്‍ മൂടല്‍മഞ്ഞുപോലെ ഉത്തമന്റെ കണ്ണില്‍ നിറഞ്ഞു. കൃഷി ഭവനിലെ മിടുക്കിയായ ഉദ്യോഗസ്ഥ. പ്രകൃതി കൃഷിയുടെ ആരാധിക.
മനസ്സില്‍ കൃഷിയും കവിതയും വിതച്ച്, തേന്‍മൊഴി തൂകി, പൂത്തുമ്പിയെപോലെ പാറിപ്പറക്കുന്ന വെളുത്ത മെലിഞ്ഞ പെണ്‍കുട്ടി: ഷബാനു.
 
രണ്ടോ മൂന്നോ വര്‍ഷം മുമ്പ്, തെളിഞ്ഞൊരു പ്രഭാതത്തിലാണ് ഷബാനു ഉത്തമനെ തേടിയെത്തിയത്. കഴനിപ്പാടത്ത് ഉത്തമന് പത്തുപറ പഴമണ്ണുണ്ടായിരുന്നു. കുറച്ചുകാലമായി അതു തരിശുനിലമാണ്.
സൗദി അറേബ്യയിലെ അല്‍കത്തിഫില്‍, വിശാലമായ ഈന്തപ്പനത്തോട്ടത്തില്‍ രാപ്പകല്‍ പണിയെടുത്ത്  മടുത്ത ഉത്തമന്‍ വിസ റദ്ദാക്കി നാട്ടില്‍ വന്ന സമയമായിരുന്നു. ഇനിയെന്തു ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ലാതെ  നാളുന്തുകയായിരുന്നു. നാട്ടില്‍ അന്തസ്സുള്ളൊരു ബിസിനസ് തുടങ്ങണമെന്നായിരുന്നു മാതുവിന്റെ നിര്‍ദ്ദേശം. പക്ഷെ അതിനുള്ള ധൈര്യമൊന്നും ഉത്തമനുണ്ടായിരുന്നില്ല.

ഷബാനു സ്വയം പരിചയപ്പെടുത്തിയാണ് കയറിവന്നത്. കഴനിപ്പാടം തരിശിടുന്നതിനെ പറ്റിയാണ് അവള്‍ അന്വേഷിച്ചത്. 
എല്ലാ കൃഷിക്കാരും പറയുന്നതു പോലെ കൃഷി  ലാഭകരമല്ലെന്ന് ഉത്തമന്‍ തട്ടിവിട്ടു.
അതുകേട്ട് ഷഹര്‍ബാന്‍ ചിരിച്ചു. സാരിത്തലപ്പ് ശിരസ്സിലിട്ട് അവള്‍ കസേരയില്‍ ഇരുന്നു. വിദ്യാര്‍ത്ഥിക്ക് ട്യൂഷനെടുക്കുന്ന ലാഘവത്തില്‍ ഷബാനു പറയാന്‍ തുടങ്ങി:
ഉത്തമേട്ടാ.. കൃഷിയെന്നു പറഞ്ഞാല്‍ കാളയും കലപ്പയും വിത്തും കൈക്കോട്ടും മാത്രമല്ല. കൃഷി ഒരു ജീവിത രീതിയാണ്. അതൊരു ദര്‍ശനമാണ്. പ്രകൃതിയെ കാമിക്കുന്നവനാണ് യഥാര്‍ത്ഥ കര്‍ഷകന്‍. രാസവളവും കീടനാശിനിയും ഒന്നുമില്ലാതെ തന്നെ പാരമ്പര്യ കൃഷിരീതി സ്വീകരിക്കാം. അത് തികച്ചും ലാഭകരമാണ്.

ഷഹര്‍ബാന്‍ ചിങ്ങമഴപോലെ പെയ്തിറങ്ങുകയായിരുന്നു. പ്രവാഹം നിലയ്ക്കാത്ത കാട്ടുചോലകണക്കിന് അവളൊഴുകി. പുരയിടത്തില്‍ ഒരേക്ര  തരിശായിക്കിടന്നിരുന്നു. അതും ഷഹര്‍ബാന്റെ കണ്ണില്‍പെട്ടു:
ഇവിടെ ആരണ്യകം  ഉണ്ടാക്കണം.....
അതിലൊരു പര്‍ണ്ണാശ്രമം തീര്‍ക്കണം .....
മനുഷ്യന്‍ പ്രകൃതിയുടെ മടിയില്‍ കിടന്നുറങ്ങണം.

ഷബാനുവിന്റെ നിര്‍ദ്ദേശം കേട്ടപ്പോള്‍ തന്നെ മാതു പുച്ഛിച്ചുതള്ളി. ഷബാനുവിന് അരക്കിറുക്കാണെന്നായിരുന്നു മാതുവിന്റെ കണ്ടെത്തല്‍.
പക്ഷെ ഉത്തമന്റെ  മനസ് ചതുപ്പുനിലമായി മാറുകയായിരുന്നു.
ഈ മണ്ണില്‍ ഒരു പരീക്ഷണമാവാം എന്നുത്തമന്‍ ഉറപ്പിക്കുകയും ചെയ്തു. പിറ്റേന്നു തന്നെ ടൗണില്‍ ചെന്ന് കൈക്കോട്ടും പിക്കാസും അരിവാളും മഴുവും കൊട്ടയും വട്ടിയുമെല്ലാം വാങ്ങിവന്നപ്പോള്‍ അമ്പരന്നത് മാതുവായിരുന്നു. അമ്മയുടെ അമ്പരപ്പ് ഏറ്റു വാങ്ങിക്കൊണ്ട് രണ്ടുമക്കളും  മാതുവിന്റെ കോന്തലയില്‍ തൂങ്ങിനിന്നു.

എടവപ്പാതിയിലെ തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴപെയ്തുകൊണ്ടിരുന്ന പുലരിയില്‍ ഉത്തമന്‍ കൈലിമുണ്ട് അരയില്‍ ഉറപ്പിച്ച്, തലയില്‍ തൊപ്പിക്കുട ചൂടി, കൈക്കോട്ട് തോളിലേറ്റി പറമ്പിലിറങ്ങി.
ഞാറ്റുവേലയുടെ മഹാത്മ്യത്തെപ്പറ്റി ഷബാനു പറഞ്ഞിരുന്നതെല്ലാം ഉത്തമന്‍ മന:പാഠമാക്കിയിരുന്നു.
ഞായര്‍ എന്നാല്‍ സൂര്യനാണെന്നും, വേലയെന്നാല്‍ കാലമാണെന്നും, ഒരിക്കല്‍കൂടി ഉത്തമന്‍ മനസ്സിലുരുവിട്ടു.
തിരുവാതിര ഞാറ്റുവേലയില്‍ ഉലക്ക നട്ടാല്‍ അതിനും വേര് വരും എന്ന് കേട്ടപ്പോള്‍ ഉത്തമന്‍ ശരിക്കും ഉന്മത്തനായി മാറി.
ഒരേക്ര പറമ്പിനെ അയാള്‍ നാല് കണ്ടമാക്കി തിരിച്ചു. ഒരു കണ്ടത്തില്‍ മരുതും, മാവും, പ്ലാവും, ആഞ്ഞിലിയും, വേപ്പും, കാഞ്ഞിരവും വളര്‍ത്താനായിരുന്നു നിശ്ചയിച്ചത്.
ഇവയെല്ലാം ജൈവസമ്പത്ത് പുഷ്ടിപ്പെടുത്തുമെന്ന് ഉത്തമന്‍ ഓര്‍ത്തു. മറ്റൊരു കണ്ടത്തില്‍ നാണ്യവിളകള്‍ നട്ടു. ഔഷധ സസ്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചു.
മഴവെള്ളം ചാലുകീറി പാഞ്ഞു. മണ്ണില്‍ ഉര്‍വ്വരതയുടെ നീരണിഞ്ഞ് ഞാഞ്ഞൂളുകളും കീടങ്ങളും പുളഞ്ഞു.
പ്രകൃതിയെ ഹിംസിക്കാത്ത തരത്തിലായിരുന്നു ഉത്തമന്റെ കൃഷി. പരിമിതമായ സ്വന്തം  മണ്ണില്‍ നിന്ന് ആഹാരം കണ്ടെത്തണമെന്ന് അയാള്‍ക്ക് വാശിയുണ്ടായിരുന്നു.
 
മണ്ണിളക്കാതെയും, കീടനാശിനിയും രാസവളങ്ങളും ഇടാതെയും, കളപറിക്കാതെയും ഉത്തമന്‍ കൃഷിചെയ്യുന്നതു കണ്ടപ്പോള്‍, പരമ്പരാഗത കര്‍ഷക പ്രമാണിമാരും കൃഷി വകുപ്പുദ്യോഗസ്ഥരും നെറ്റിചുളിച്ചു.
പാടശേഖര കമ്മിറ്റിക്കാരും കൂട്ടുകൃഷിക്കാരുമെല്ലാം ഉത്തമനെ ബഹുദൂരം അകറ്റിനിര്‍ത്തി. അതുകൊണ്ടു തന്നെ പമ്പുസെറ്റ്, കിണര്‍, ട്രാക്റ്റര്‍ സബ്സിഡികളൊന്നും ഉത്തമനെ  തേടിയെത്തിയില്ല. കൃഷിയുമായി പുലബന്ധമില്ലാത്തവര്‍ക്കുപോലും കര്‍ഷകോത്തമന്‍ ബഹുമതി നല്‍കി ആദരിച്ചപ്പോഴും അവര്‍ ഉത്തമനെ കണ്ടില്ലെന്ന് നടിച്ചു.

അതിനിടയില്‍ ചില കരുനീക്കങ്ങളും നടന്നു. ഉത്തമനെ പരീക്ഷണ മൃഗമാക്കി മാറ്റിയത് ഷഹര്‍ബാനാണെന്ന് ആക്ഷേപം ഉയര്‍ന്നു. കൃഷി വികസന ഓഫീസര്‍ക്കു ഇതു സംബന്ധിച്ച് ചിലര്‍ രഹസ്യ റിപ്പോര്‍ട്ട് നല്‍കി. പ്രകൃതികൃഷിയും  ജൈവകൃഷിയും പരിപോഷിപ്പിക്കേണ്ടത് ഷബര്‍ബാന്റെ ജോലിയില്‍പ്പെട്ട കാര്യമല്ലെന്ന് ഓഫീസര്‍ താക്കീത് നല്‍കി. രാസവസ്തു-കീടനാശിനിക്കമ്പനി ക്കാരും മോട്ടോര്‍ കമ്പനിക്കാരും മാസാമാസം നല്‍കുന്ന പാരിതോഷികം നഷ്ടപ്പെടുന്ന കാര്യം സങ്കല്പിക്കാന്‍ തന്നെ ചില കൃഷി വകുപ്പുദ്യോഗസ്ഥര്‍ ഭയപ്പെട്ടു.
കുറ്റകരമായ അനാസ്ഥ ആരോപിച്ച്, അധികൃതര്‍ ഷഹര്‍ബാനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് പ്രതികാരം തീര്‍ത്തത്.

ട്രാന്‍സ്ഫര്‍ ഓര്‍ഡറുമായി ഷബാനു ഉത്തമന്റെ വീട്ടില്‍ വന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ഉത്തമേട്ടാ നാളെ ......... ഞാന്‍ സ്ഥലം വിടും. അട്ടപ്പാടി ലോകത്തിന്റെ അങ്ങേയറ്റത്തൊന്നുമല്ലല്ലോ....അവിടെ എനിക്ക് പറ്റിയ മണ്ണ് ഞാനൊരുക്കും.
എന്റെ സ്വപ്നം ഞാനവിടെ മുളപ്പിച്ചെടുക്കും.
അതില്‍ കനകം വിളയുന്നത് കാണാന്‍ ഉത്തമേട്ടന്‍ തീര്‍ച്ചയായും വരണം. കളങ്കമറിയാത്ത കാടിന്റെ മക്കളുണ്ടവിടെ....
അവര്‍ എന്നെ സഹായിക്കും. സമയം കിട്ടുമ്പൊ നിങ്ങളെല്ലാവരും കൂടി എന്റെ ആരണ്യകത്തില്‍ വരണം....
അവളുടെ കണ്ണുകളില്‍ മഞ്ഞുണ്ടായിരുന്നു. നെഞ്ച് ക്രമാതീതമായി കിതക്കുന്നുണ്ടായിരുന്നു.
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച്, ഷബാനു യാത്ര പറയുമ്പോള്‍ ഉത്തമന്റെ മനസ്സില്‍ കാടിളകിയതുപോലെ തോന്നി.
കാറ്റില്‍ കാടിന് കലിയിളകി.
വളരെ പണിപ്പെട്ടാണ് ഉത്തമന്‍ കാറ്റിനെ തളച്ചത്.
പടി ഇറങ്ങും മുമ്പ് പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ  അവള്‍ തിരിഞ്ഞു നിന്നു. യാചനാഭാവത്തില്‍ ഉത്തമനെ നോക്കി: ആരണ്യകത്തോട് യാത്ര പറയാന്‍ മറന്നു. നോക്കീട്ടുവരാം...
ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ ഉത്തമന്റെ ആരണ്യകത്തിലേക്ക് ഓടിപ്പോയി.

തഴച്ചു വളര്‍ന്ന ഹരിത നിബിഡതയിലേക്ക് ഉത്തമനും പിന്‍തുടര്‍ന്നു. വേലി ഇറമ്പില്‍ തഴവര്‍ഗത്തില്‍പ്പെട്ട ചെടികളും വള്ളികളും പൂക്കളും നിറഞ്ഞ കാനനഭംഗിയില്‍ അവള്‍ സ്വയം മറന്നു നിന്നു.
പൂത്തുമ്പികള്‍ അവളെ തിരിച്ചറിഞ്ഞു. കരിവണ്ടുകള്‍ അവളെ വലം വെച്ചു. അണ്ണാറക്കണ്ണന്‍മാരും ഓലഞ്ഞാലിക്കുരുവികളും അവളോട് സംസാരിക്കാന്‍ വെമ്പല്‍ കൂട്ടി.
ഏറെ നേരം മൗനം പൂണ്ടുനിന്ന അവള്‍ തിരിച്ചുനടന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കാട്ടാറൊഴുകുന്നുണ്ടായിരുന്നു.
ഷബാന, എന്തായിത്?
കൊച്ചുകുട്ടിയെപ്പോലെ കരയുന്നോ?
ദൈന്യതയോടെ അവള്‍ ഉത്തമനെ നോക്കി. അയാളുടെ  ഹൃദയത്തില്‍ കടന്നലുകള്‍ ഇളകി.

ഈ കാടിനെ ഞാന്‍ വല്ലാതെ സ്നേഹിച്ചെന്ന് തോന്നുന്നു.....
സ്നേഹിക്കുന്നവര്‍ക്കല്ലെ ദു:ഖമുണ്ടാകൂ...
ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് ഉത്തമേട്ടാ.... കുറച്ചു കാലം ഇവിടെ ജോലി ചെയ്യാനും കുറെ നല്ല മനുഷ്യരെ പരിചയപ്പെടാനും സാധിച്ചല്ലോ. അതുമാത്രം മതി എന്നെന്നും ഓര്‍ക്കാന്‍...
അത്രയും പറഞ്ഞ് ആരണ്യകത്തില്‍ നിന്ന് കാലുകള്‍ പറിച്ചെടുത്ത് അവള്‍ നടന്നു.
 
കാലിനടിയില്‍ നിന്ന് വേരുകള്‍ പിഴുതുമാറ്റുമ്പോള്‍, വേദന അവള്‍ കടിച്ചമര്‍ത്തി.
അവള്‍ യാത്ര പറഞ്ഞതും, പെയ്തു തോരാത്ത കണ്ണുകള്‍ തമ്മില്‍ കോര്‍ത്ത് വലിച്ചതും ഉത്തമന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്.

കഴിഞ്ഞ വര്‍ഷം ഷബാനുവിന്റെ വിവാഹമായിരുന്നു ക്ഷണക്കത്തുകിട്ടിയെങ്കിലും ഉത്തമനു പോകാനായില്ല.
പിന്നീട് ഞാറ്റുവേലകള്‍ പലതും കടന്നുപോയി. ഓണവും വിഷുവും തിരുവാതിരയും ബക്രീദും ക്രിസ്തുമസും കടന്നുപോയി.
കത്ത് മടക്കി പോക്കറ്റിലിട്ട് ഉത്തമന്‍ ഓര്‍മ്മവിട്ടിറങ്ങി.
    മണ്ണാത്തിപ്പുഴയോരത്താണ് ഷബാനുവിന്റെ കൃഷിഭവന്‍. ബസ്സിറങ്ങി ജീപ്പില്‍ കയറി. പിന്നെ രണ്ടു നാഴിക നടക്കാനുണ്ടെന്ന് അവള്‍ എഴുതിയത് ഓര്‍മ്മയുണ്ട്.
ഉത്തമന്‍ നടന്നു. അക്കേഷ്യ പൂത്തുനില്‍ക്കുന്ന കാടിനുള്ളിലൂടെ  നടക്കുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ ഉത്തമനുതോന്നി.
ദൂരെ അട്ടപ്പാടി ഗിരിനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ദൂരെയുള്ള മലഞ്ചെരുവില്‍ എത്താന്‍ തിടുക്കപ്പെട്ട് ഉത്തമന്‍ ഓട്ടം പിടിച്ചു.

മലയടിവാരത്തില്‍ തൊട്ടാവാടിപ്പൂക്കളുടെ  കാട്. ആ പൂങ്കാടിനു നടുവില്‍ ഒരൊറ്റയാന്‍ നില്‍ക്കുന്നതുപോലെ  കനത്ത പച്ചപ്പ്. അതിനു മുന്നില്‍ കൃഷിഭവന്റെ ബോര്‍ഡ് കണ്ടപ്പോള്‍ ഉത്തമന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു.
കാട്ടരുവിയുടെ  തെളിനീരില്‍ മുഖവും കാലും കഴുകി നിവര്‍ന്നപ്പോള്‍ ക്ഷീണം വിട്ടകന്നു. അപ്പോള്‍ കാടിന്റെ ആരവം കാതില്‍ മുഴങ്ങി. കാറ്റില്‍ മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ബോര്‍ഡിനുമുമ്പില്‍ നോക്കുകുത്തി പോലെ ഒരാദിവാസി പയ്യന്‍. ഉത്തമനെ കണ്ടതും അവന്‍ പച്ചപ്പിനുള്ളിലേക്കു ഓടി. അവ്യക്തമായ ഒരു ഈണത്തില്‍ അവന്‍ ആരെയോ വിളിക്കുന്നു. അകത്ത് ഹാഫ് ഡോറിന്റെ തുരുമ്പിച്ച വിജാഗിരി കരയുന്നതു കേട്ടു. പിറകെ കോട്ടണ്‍ സാരിയുടെ  ഞൊറിവുകള്‍ ഉതിര്‍ക്കുന്ന മര്‍മ്മരം.
മുന്നില്‍ നിലാവ് പോലെ ഷബാനു...
കണ്ണില്‍ വിസ്മയവും ചുണ്ടില്‍ അണപൊട്ടിയ പുഞ്ചിരിയും.
വരൂ, ക്വാര്‍ട്ടേഴ്സിലിരിക്കാം.
അവള്‍ മുമ്പേ നടന്നു. അനുസരണയോടെ പിറകെ ഉത്തമനും.
മുല്ലവള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ് തൊട്ടാവാടികളെ തൊട്ടുരുമ്മി അവര്‍ കെട്ടിടത്തിന്റെ പിന്‍വശത്തെത്തി. ശരിക്കും ഒരു പര്‍ണ്ണാശ്രമം തന്നെ. ചുമരില്‍ ‘ആരണ്യകം‘ എന്ന നെയിംബോര്‍ഡ് തൂങ്ങുന്നു.
ഇരിക്കൂ....
അവള്‍ ചൂരല്‍കസേര ചൂണ്ടി. അയാള്‍ കസേരയില്‍ അമര്‍ന്നു. മുറ്റത്ത് മുല്ലപ്പൂങ്കാട്. വെയിലത്ത് അവയെല്ലാം നക്ഷത്രങ്ങളായി മാറുന്നതായി തോന്നി. മുല്ലപ്പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന ശലഭങ്ങള്‍. പുക്കളുടെ ജീവിതം  ഇവിടെ സുരഭിലമാണെന്ന് ഉത്തമന്‍ ഓര്‍ത്തു.
ഉത്തമേട്ടാ.....ചായ.
മുന്നിൽ ഷബാന.
ഇത്ര പെട്ടെന്നോ?
അതിശയം തോന്നി. ഫ്ലാസ്കില്‍ വെച്ചിരുന്നു.
ഫ്ലാസ്ക്കെല്ലാം പ്രകൃതിവിരുദ്ധമല്ലേ? മണ്‍കുടത്തില്‍ വെച്ച മല്ലിക്കാപ്പി തരുമെന്നാ കരുതിയത്.

ഉത്തമന്റെ വിമര്‍ശനത്തിന് ചുട്ട മറുപടിയാണ് അയാള്‍ പ്രതീക്ഷിച്ചത്. പക്ഷെ അവളുടെ ചുണ്ടില്‍ ചതഞ്ഞ ഈന്തപ്പഴത്തിന്റെ ശോണിമയും മൗനവും മാത്രം. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ വീട്ടുവിശേഷങ്ങളിലേക്ക് കടന്നു.
ചേച്ച്യേം കുട്ട്യേളേം കൂടി കൊണ്ടുവരാര്‍ന്നു ഉത്തമേട്ടന്.

കഴനിപ്പാടത്ത് പണിക്കാരുണ്ട്. എല്ലാവരും കൂടി പോന്നാല്‍ ശരിയാവൂല്ലാ....ഞാന്‍ ചെന്നിട്ട്  വേണം കൂലികൊടുക്കാന്‍. ഉത്തമന്‍ തന്റെ തിരക്കറിയിച്ചു.
അപ്പോ ഉത്തമേട്ടന് ഇപ്പോ തന്നെ പോണെന്നാണോ പറേണത് ?
അതെ...
ആട്ടെ എവിടെ നിന്റെ കെട്ടിയോന്‍?
പുള്ളിക്കാരന്‍ നാട്ടിലാ... മൂപ്പര്‍ക്ക് ഈ കാടൊന്നും അത്ര പിടിക്കിണില്ല്യാ..... ഇവിടെ നിക്കാനും  പുള്ളിക്ക് താല്പര്യംല്ല്യാ...

ഉത്തമന്‍ അവളെ വായിച്ചു. അവള്‍ പഴയ ഷബാനുവല്ലാ...
മേഘപാളിയില്‍ മറഞ്ഞുപോയ പൂര്‍ണ്ണനിലാവിന്റെ നിഴല്‍ മാത്രമാണവൾ.

ഷബാനു...
ഒന്നും പറഞ്ഞില്ലല്ലോ... എന്തിനാ എന്നോട് വരാന്‍ എഴുത്യേത്.?
ഉത്തമന്‍ ചോദിച്ചു.

ഒരുപാട് പറയാനുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഓര്‍മ്മ വര്ണില്ലാ.. ഒന്ന് കാണണംന്ന് തോന്നിയതോണ്ടാ എഴുത്യേത്. ഇത്രേം ദൂരം പ്രയാസപ്പെട്ട് യാത്ര ചെയ്ത് ഉത്തമേട്ടന്‍ വന്നല്ലൊ.. അതുമതി.... എനിക്ക് സന്തോഷംണ്ട്. ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി....
മനുഷ്യാവസ്ഥയല്ലെ? ഒന്നും പറയാന്‍ പറ്റില്ലല്ലൊ...
അവളുടെ കണ്ണുകള്‍ കാട്ടാറായി. കവിളിലൂടെ കുതിച്ചുചാടി. അവള്‍ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.

എന്താ കുട്ടീ... ഇങ്ങനെയൊക്കെ..... കരഞ്ഞു തീര്‍ക്കാനുള്ളതല്ലല്ലൊ ജീവിതം. ഒരു പാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെയൊക്കെ ഈ ഭൂമിയിലേക്ക് പടച്ചുവിട്ടത്. നമ്മളതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയാണോ? ഷബാനു എനിക്കൊരു വഴി കാട്ടിതന്നു. ഞാനാ വഴിയിലൂടെ  ഏറെ ദൂരം നടന്നു. ഇപ്പഴും അതുതന്നെയാണ് എന്റെ വഴി. കുട്ടിക്കും അതുപോലെ ഒരു വഴിയുണ്ട്. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം, ഉദ്യോഗം ഇതെല്ലാം ചേര്‍ന്നതാണ് മോളെ നിന്റെ വഴി... ഒറ്റശ്വാസത്തിലാണ് ഉത്തമന്‍ പറഞ്ഞുതീര്‍ത്തത്.
ശരീരം വല്ലാതെ തണുക്കുന്നതായി ഉത്തമനറിഞ്ഞു.

എന്റെ ഭര്‍ത്താവ് ഒരു പാവമാണ് ഉത്തമേട്ടാ...
ഞാനദ്ദേഹത്തിന്റെ ഭാവി തുലച്ചൂന്നാ പറയ്ണത്. എനിക്ക് എന്റെ സമ്പ്രദായത്തില്‍ നിന്ന് ഒരിഞ്ച് വിട്ടുമാറാന്‍ കഴിയിണില്ല്യാ...
പിന്നെ ഞാനെന്താ ചെയ്യ്യാ...?

ഷഹര്‍ബാന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ ഉത്തമന്‍ വിഷണ്ണനായി. ഏറെ നേരം അയാള്‍ മൗനിയായി.
ഒടുവില്‍ ഇങ്ങനെ പറഞ്ഞു:
മണ്ണറിഞ്ഞ് വിത്തിടാന്‍ എളുപ്പം സാധിച്ചെന്ന് വരാം. പക്ഷെ മനസ്സറിഞ്ഞ് ജീവിക്കാനാണ് പ്രയാസം. എങ്കിലും അന്യോന്യം ആശയങ്ങള്‍ കൈമാറിയും പൊരുത്തപ്പെട്ടും ജീവിക്കാന്‍ ശീലിക്കണം.
ദാമ്പത്യമെന്നത് കൃഷിയെപ്പോലെ തന്നെ ഒരു ദര്‍ശനമാണ്. അതൊരു ജീവിതരീതിയാണ്.
വിട്ടു വീഴ്ച വേണ്ടിവരും. ഇതൊക്കെ ഞാന്‍ പറയാതെ തന്നെ കുട്ടിക്കറിവുള്ളതല്ലേ...

ഉത്തമന്റെ വാക്കുകള്‍ കേട്ട് ഷബാനു ചിരിച്ചു. പരിഹാസത്തിന്റെ മുള്ളുകള്‍ ചിരിയില്‍ തൂങ്ങിനിന്നിരുന്നു.

രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത് പോലെയുള്ള വിട്ടുവീഴ്ച ദാമ്പത്യ ജീവിതത്തിന്  പറ്റുമോ ഉത്തമേട്ടാ..?മുഖമടച്ച് അടിയേറ്റതുപോലെ ഉത്തമന്‍ പുളഞ്ഞു. മനസ്സില്‍ ഒരായിരം വിഷക്കൂണുകള്‍ പൊട്ടിവിടര്‍ന്നതുപോലെ അയാള്‍ പിടഞ്ഞു.
എന്ത് പറയണമെന്നറിയാതെ ഉത്തമന്‍ ഉഴറി:
ഷബാനു.... എനിക്ക് തര്‍ക്കിക്കാന്‍ നേരമില്ലാ...
ഇപ്പൊ പുറപ്പെട്ടില്ലെങ്കില്‍ വീട്ടിലെത്താന്‍ വൈകും.....
അവിടെ മാതുവും കുട്ട്യോളും ഒറ്റക്കല്ലേയുള്ളൂ...

അയാള്‍ പര്‍ണാശ്രമത്തിന്റെ പടിയിറങ്ങി. പെട്ടെന്ന് വീട്ടില്‍ എത്താന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ നടവഴിയിലെത്തി.     

ഉത്തമേട്ടാ...
ഒന്ന് നിക്കണെ...
പിറകില്‍ നിന്നു ഷബാനു വിളിക്കുന്നത് കേട്ടു.
അയാള്‍ കാത്തുനിന്നു. ചിറകൊടിഞ്ഞ പൂത്തുമ്പിയായി അവള്‍ മുന്നിലെത്തി.

എന്തേ?
അയാള്‍ തിരക്കി.
തീക്ഷ്ണമായ ഒരു നോട്ടം അവളുടെ കണ്ണുകളില്‍ നിന്ന് പ്രവഹിച്ചു. പിന്നെ നിര്‍ന്നിമേഷയായി അവള്‍ തലതാഴ്ത്തി.
ഇല്ല്യാ.....ഒന്നുല്ല്യാ... ഉത്തമേട്ടന്‍ പൊയ്ക്കൊളൂ...

സഹതാപത്തിന്റെ ഒരു സമുദ്രം അയാളില്‍ അപ്പോള്‍ തിരയടിച്ചു. ഷബാനുവിനെ ഒന്നാശ്വസിപ്പിക്കാന്‍ പോലും തനിക്കായില്ലല്ലോ എന്ന കുറ്റബോധത്തിന്റെ തിരത്തള്ളലില്‍ അയാളുടെ കാലിടറി. അശാന്തമായ മനസ്സോടെ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലുമാവാതെ ഉത്തമന്‍ മണ്ണാത്തിപ്പുഴയിലെത്തി.
മണ്ണാത്തിപ്പുഴയുടെ  ഓളങ്ങളില്‍ അയാള്‍ മുഖം പൂഴ്ത്തി. കണ്ണുകളിലെ കാട്ടാറ് തെളിനീരില്‍ കലരുന്നതും  ഉപ്പുരസം സ്രവിക്കുന്നതും ഉത്തമന്‍ അറിഞ്ഞു.

മനസ്സില്‍ പെരുങ്കാടിന്റെ പെരുമ്പറയായിരുന്നു. കാട്ടില്‍ തീക്കാറ്റിന്റെ സീല്‍ക്കാരം.
ബസ്സിലിരിക്കുമ്പോള്‍ ഉത്തമന്റെ മനസ്സ് ചോദിച്ചു:
ഈശ്വരാ ഷഹര്‍ബാന്‍ എനിക്കാരാണ്? അവള്‍ക്ക് ഞാനാരാണ്?

ടി.വി.എം. അലി
'കഥാലയം'
ഞാങ്ങാട്ടിരി (പി.ഒ)
പട്ടാമ്പി 679303

Monday, 19 August 2019

/അനുസ്മരണം/

പഴംപെരുമയുടെ കഥകളുറങ്ങി; കെ.ആർ.എസ്.കുറുപ്പ് ഓർമ്മയായി.

തിരുവിതാംകൂറിലെ തച്ചുടയ കൈമളുടെ പിന്മുറക്കാരിൽ ഒരാൾ കൂടി വിട വാങ്ങിയിരിക്കുന്നു.
പൂർവ്വസ്മൃതിയുടെ സുകൃതവുമായി
പഴംപെരുമയുടെ പടിവാതിലിൽ വാർത്തകൾക്കും വർത്തമാനങ്ങൾക്കും കാതോർത്തു നിന്ന കെ.ആർ.ശ്രീകണ്ഠ കുറുപ്പ് (കെ.ആർ.എസ്.കുറുപ്പ്) വാർധക്യത്തിന്റെ അസ്കിതകൾ ഒന്നും ബാധിക്കാതെയാണ് ആഗസ്റ്റ് 11ന് ഞായറാഴ്ച വിടപറഞ്ഞത്.

തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളം 'എക്സ്പ്രസ്' ദിനപത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായിരുന്നു കുറുപ്പ്. ഒറ്റപ്പാലം തോട്ടക്കര ഉള്ളാട്ടിൽ ലൈൻ 'ശാശ്വതം' വീട്ടിൽ എൺപത്തിരണ്ടാം വയസിലും ഊർജ്ജസ്വലനായി കഴിഞ്ഞിരുന്ന കുറുപ്പേട്ടനെ കഴിഞ്ഞ മാസം ഞാൻ ചെന്നു കണ്ടിരുന്നു.
ഒറ്റപ്പാലത്തെ പത്രപ്രവർത്തകരുടെയെല്ലാം കാരണവരായ കുറുപ്പേട്ടന്റെ അശീതി ആഘോഷത്തിലും ഞാൻ പങ്കെടുത്തിരുന്നു. 

തിരുവനന്തപുരം ചിറയിൻകീഴ്  സ്വദേശിയാണ് കുറുപ്പേട്ടൻ.
കവലയൂർ കൃഷ്ണ ഭവനത്തിൽ രാമൻപിള്ളയുടേയും ജാനകി അമ്മയുടേയും മകനായി പിറന്ന കുറുപ്പ്, യുവാവായിരിക്കെയാണ് പത്രപ്രവർത്തകനായി ഒറ്റപ്പാലത്തെത്തിയത്.

ചരിത്രമുറങ്ങുന്ന ഒറ്റപ്പാലത്തിന്റെ ഇതിഹാസങ്ങളിലേക്ക് ആണ്ടിറങ്ങിയ കുറുപ്പേട്ടൻ 'എക്സ്പ്രസ്' പത്രത്തിന്റെ പ്രാദേശിക ലേഖകനായി വാർത്തകളുടെ അമരക്കാരനായി. ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു കുറുപ്പേട്ടൻ.
ഒറ്റപ്പാലത്ത് പാരലൽ കോളേജ് അധ്യാപികയായിരുന്ന ഉള്ളാട്ടിൽ ശാന്തകുമാരിയെ സഹധർമിണിയായി സ്വീകരിച്ച് പാലപ്പുറത്ത് വീടുവെച്ച് താമസമാരംഭിച്ചതോടെ നാട്ടുകാർക്ക് സുപരിചിതനായിരുന്നു. പിന്നീട് താമസം തോട്ടക്കര ഉള്ളാട്ടിൽ ലൈനിലേക്ക് മാറി. അതിനിടയിൽ ഭാര്യ ശാന്തകുമാരി എൻ.എസ്.എസ്.കോളജ് അധ്യാപികയായി.
ശാശ്വത്, ശരത് എന്നിവരാണ് മക്കൾ. ഷീജ, ജ്യോതിർമയി എന്നിവർ മരുമക്കളും.
രണ്ടു മക്കളുടെ വിവാഹത്തിലും ഞാൻ പങ്കെടുത്തിരുന്നു.

ഞങ്ങൾ തമ്മിൽ മൂന്നര പതിറ്റാണ്ടു ബന്ധമുണ്ട്. കുറുപ്പേട്ടൻ 'എക്സ്പ്രസി'ന്റെ ഒറ്റപ്പാലം ലേഖകനായിരുന്ന സമയത്ത് ഞാൻ പട്ടാമ്പി ലേഖകനായിരുന്നു. പാലക്കാട് ജില്ലയിലെ പ്രഥമ കേബിൾ വാർത്താ ചാനലായ പട്ടാമ്പി 'സാനഡു' ന്യൂസിലും ഞങ്ങൾ പ്രവർത്തിച്ചിരുന്നു.
ഓരോ നിശ്വാസത്തിലും വാർത്തകളറിയാനുള്ള വെമ്പൽ കുറുപ്പേട്ടനിൽ കാണാമായിരുന്നു. അവസാന കാലത്ത് ഓരോ ചാനലും ഓരോ പത്രവും മാറി മാറി കാണുകയും വായിക്കുകയും ചെയ്തു കൊണ്ടാണ് കുറുപ്പേട്ടൻ സമയം ചെലവിട്ടതെന്ന്  ശാന്തകുമാരി ടീച്ചർ പറഞ്ഞു.
പട്ടാമ്പി എ.സി.വി.ന്യൂസ് സെന്റർ ഇൻചാർജ്  എൻ.കെ.റാസിയുമൊത്ത് കഴിഞ്ഞ ദിവസം കുറുപ്പേട്ടന്റെ വീട്ടിൽ ചെന്നപ്പോഴാണ് ടീച്ചർ ഇക്കാര്യം പറഞ്ഞത്.

തച്ചുടയകൈമളുടെ പിന്മുറക്കാരനായിരുന്ന കുറുപ്പേട്ടന് വള്ളുവനാട്ടിൽ ഇരുന്നു കൊണ്ട് അനന്തപത്മനാഭന്റെ ചക്രം കൈപ്പറ്റാൻ ഭാഗ്യം സിദ്ധിച്ച കഥ ഞാൻ രണ്ടു പതിറ്റാണ്ടു മുമ്പ് പത്രത്തിൽ എഴുതിയിട്ടുണ്ട്.
അത് ഇങ്ങിനെയാണ്:

തിരുവിതാംകൂർ മഹാരാജാവിന്റെ തുല്യ പദവി അനുവദിച്ചു കിട്ടിയ തച്ചുടയകൈമൾ കുറുപ്പേട്ടന്റെ കാരണവരായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മണമ്പൂർ കവലയൂരിൽ മേടയിൽ കടത്തൂർ വീട്ടിൽ നീലകണ്ഠകുറുപ്പ് കൊല്ലവർഷം 1058ലാണ് തച്ചുടയ കൈമളായി അവരോധിതനായത്. തുടർന്ന് ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ഭരണാധികാരിയായി. ആഢ്യത്വമുള്ള ശൂദ്രനായർ കുടുംബങ്ങളിലെ ശ്രേഷ്ഠ ജാതകവും സാത്വികഭാവവും ചേർന്ന പുരുഷന്മാരിൽ നിന്നാണ് വൈദിക ചടങ്ങ് നടത്തി തച്ചുടയകൈമളെ തെരഞ്ഞെടുക്കുന്നത്. ഇപ്രകാരം തെരഞ്ഞെടുക്ക പ്പെടുന്നവർ ആജീവാനന്തം ബ്രഹ്മചാരിയായി ഇരിങ്ങാലക്കുടയിൽ താമസിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇങ്ങിനെ തച്ചുടയ കൈമളായി പോകുന്ന വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാൻ തിരുവിതാംകൂർ മഹാരാജാവ് തയ്യാറായിരുന്നു. ഇതനുസരിച്ച് അമ്പലപ്പുഴയിൽ കരമൊഴിവാക്കി കൃഷി ഭൂമി നൽകിയിരുന്നു.
അന്നത്തെ കുടുംബ കാരണവന്മാർ അമ്പലപ്പുഴ ചെന്ന് പ്രസ്തുത വയലിലുണ്ടായ നെല്ല് കൊണ്ടുവന്നാണ് ഉപജീവനം നടത്തിയിരുന്നത്.
ഈ സമ്പ്രദായം വളരെ പ്രയാസകരമായി മാറിയതിനാൽ നെല്ലിന് പകരം അന്നത്തെ നിലവാരമനുസരിച്ച് വില കണക്കാക്കി തുക നൽകുന്ന പതിവുണ്ടായി. അതാതു കാലത്തെ കുടുംബ കാരണവന്മാരാണ് ഈ തുക വാങ്ങി കുടുംബത്തിൽ ചെലവഴിച്ചിരുന്നത്. കുടുംബ കാരണവർ വാങ്ങുന്ന തുക അന്നത്തെ നായർ റഗുലേഷൻ ആക്ടനുസരിച്ച് മരുമക്കൾക്ക് മാത്രമാണ് വീതിച്ച് നൽകിയിരുന്നത്. എന്നാൽ ഈ സ്വത്തിൽ മക്കൾക്കും അവകാശമുണ്ടെന്ന് വാദിച്ച് ചിലർ പരാതി നൽകി. ഇതിനെ തുടർന്ന് 1956 ഏപ്രിൽ മാസത്തിൽ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്കെല്ലാം തുല്യമായി തുക വീതിച്ചു നൽകാൻ സർക്കാർ ഉത്തരവിറക്കി.
ലഭിച്ചു വന്നിരുന്ന തുക വീതിച്ചപ്പോൾ ഓരോരുത്തർക്കും ഒരു രൂപ മുപ്പത്തെട്ട് പൈസ തോതിലാണ് ട്രഷറി മുഖേന പെൻഷൻ നൽകിയത്.
1956ൽ 42പേരാണ് പെൻഷണർമാരായി ഉണ്ടായിരുന്നത്.
1994 വരെയും പെൻഷൻ തുക 1638 പൈസയായിരുന്നു. 1994നു ശേഷം മിനിമം പെൻഷൻ നൂറ് രൂപയാക്കി.

പഴംപെരുമയുടെ സുകൃതം നുണയാനുള്ള ഭാഗ്യം അങ്ങിനെ കുറുപ്പേട്ടനും ലഭിച്ചിരുന്നു. അനന്തപത്മനാഭന്റെ ചക്രം വാങ്ങാനുള്ള ഭാഗ്യം സിദ്ധിച്ച കുറുപ്പേട്ടന് പത്രപ്രവർത്തക പെൻഷനും ലഭിച്ചിരുന്നു. എക്സ്പ്രസ്' പത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായി പ്രവർത്തിച്ചതുകൊണ്ടാണ്
അതിനു പരിഗണിക്കപ്പെട്ടത്. പ്രാദേശിക പത്രപ്രവർത്തകർക്കും പെൻഷൻ അനുവദിക്കണമെന്ന് ദീർഘകാലമായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല. കുറുപ്പേട്ടന്റെ നേതൃത്വത്തിൽ ഇക്കാര്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. 

മരണം വരെയും ലോക വാർത്തകളറിയാൻ കണ്ണും കാതും കൂർപ്പിച്ച ഒരാളായിരുന്നു കുറുപ്പേട്ടൻ. മരണാസന്നനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഡോക്ടരെ 'ഇന്റർവ്യൂ' ചെയ്യാനായിരുന്നു കുറുപ്പേട്ടന്റെ ത്വരയെന്ന് ടീച്ചർ ഞങ്ങളോട് പറഞ്ഞു.  തിരുവിതാംകൂറിൽ നിന്ന് വന്ന് വള്ളുവനാട്ടുകാരുടെ ഹൃദയത്തിലിടം നേടിയ  കുറുപ്പേട്ടനുമൊത്ത് ഏറെക്കാലം സൗഹൃദത്തോടെ കഴിയാൻ സാധിച്ചത് പത്രപ്രവർത്തനം കൊണ്ടു മാത്രമാണ്. ഞങ്ങളെ കൂട്ടിയിണക്കിയ 'എക്സ്പ്രസ്' പത്രം ഇന്നില്ലെങ്കിലും അറ്റുപോകാത്ത ആത്മബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് പൂർവ്വ സുകൃതം തന്നെയാവാം.

/ ടിവിഎം അലി/

Tuesday, 16 July 2019

സിനിമയിലും വൃദ്ധസദനങ്ങളുണ്ടെന്ന്
ശ്രീകുമാരൻ തമ്പി.

പട്ടാമ്പിയിലെ മാധ്യമ പ്രവർത്തകർ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു.

കലയിലെ രാക്ഷസനാണ് സിനിമയെന്നും, എല്ലാ കലകളേയും സിനിമ വിഴുങ്ങുന്നുവെന്നും, ഇവിടെയും വൃദ്ധസദനങ്ങളുണ്ടെന്നും  പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

പട്ടാമ്പി മീഡിയാ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹൃദയസരസ്സിലെ ചന്ദ്രകാന്തം' എന്ന പരിപാടിയിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നത്തെ സിനിമയെക്കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറന്നു.
സിനിമ ഇന്ന് ടെക്നോളജിയുടെ കൈകളിലാണ്.
കഥയും കലാകാരനും അപ്രസക്തമായി. മുമ്പൊക്കെ നമ്മുടെ ജീവിതമാണ് കലയിൽ പ്രതിഫലിച്ചിരുന്നത്.
ഇന്ന് കാലം മാറി. കാഴ്ചപ്പാട് മാറി. ദർശനങ്ങൾ മാറി. ചിത്രീകരണ രീതികൾ ആകെ മാറി. അതു കൊണ്ട് മുമ്പത്തെ പോലെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സിനിമാകാലം ഇപ്പോഴില്ല.
കൂട്ടുകുടുംബ വ്യവസ്ഥക്ക് ഗുണമുണ്ടായിരുന്നു. ഇന്നത്തെ തലമുറക്ക് അണുകുടുംബ അനുഭവങ്ങൾ മാത്രമാണുള്ളത്.
ഇന്ന് സിനിമകൾക്ക് കഥ ആവശ്യമില്ല. ജീവിത മുഹൂർത്തങ്ങൾ കാണിക്കുകയാണ് ചെയ്യുന്നത്. പ്രമേയം യുവത്വത്തിൻ്റേതാവണം. വാർദ്ധക്യം, സ്ത്രീധനം എന്നിവ ഇന്ന് സിനിമകളിൽ ചർച്ച ചെയ്യപ്പെടുന്നില്ല. സിനിമകളിൽ പഴയ ഉൾക്കാഴ്ചകൾക്കും സ്ഥാനമില്ല. പഴയ നായകനും നായികയുമാണെങ്കിൽ കാണാൻ ആളില്ല.
പഴയ സംവിധായകരേയും വൃദ്ധസദനങ്ങളിൽ നട തളളി. ഇപ്പോൾ ഫിലിമില്ല. മെമ്മറികളിലും, സാറ്റലൈറ്റുകളിലുമാണ് ഇന്ന് സിനിമ. ടെക്നോളജി ജീവിതം പഠിപ്പിക്കുന്നില്ല. അത്തരം സന്ദേശങ്ങളും ഇല്ല. ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് സാന്ത്വനമാവുന്നില്ല.
സിനിമയുടെ അലകും പിടിയും പാടെ മാറിയിരിക്കുന്നു. മുമ്പത്തെ ആക്ഷൻ സിനിമകളിൽ പോലും കഥകൾ ഉണ്ടായിരുന്നു. പാട്ടുകൾ തിരക്കഥയുടെ ഭാഗമായിരുന്നു.
അവ സിനിമയുടെ അനിവാര്യതയായിരുന്നു. ഇന്ന് പാട്ടിനു വേണ്ടി പാട്ട് ചേർക്കുകയാണ്. യുഗ്മഗാനം പാടുന്നവർ പോലും പരസ്പരം കാണേണ്ടി വരുന്നില്ല.  ടെക്നോളജിയാണ് എല്ലാം ചെയ്യുന്നത്.

എല്ലാ മേഖലയിലേയും പോലെ സിനിമാരംഗത്തും വൃദ്ധസദനങ്ങൾ  ഉണ്ടെന്നും, പഴയ തലമുറക്കാരെ വിശ്രമിക്കാൻ വിടുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരു നോവൽ പോലെ തന്റെ ആത്മകഥ എഴുതുമെന്നും മൂവായിരത്തില്പരം ഗാനങ്ങൾ എഴുതിയ തമ്പി പറഞ്ഞു.

പട്ടാമ്പി രാജ പ്രസ്ഥത്തിൽ നടന്ന ചടങ്ങിൽ മീഡിയാ സെൻ്റർ പ്രസിഡൻ്റ് കെ.പി. കിരൺ അദ്ധ്യക്ഷത വഹിച്ചു. ടി.വി.എം.അലി പൊന്നാടയണിയിച്ചു. സെക്രട്ടരി എം.വിഷ്ണു ഉപഹാരം സമ്മാനിച്ചു. കെ.മധു, എൻ.കെ.റാസി, കെ.വിനോദ് കുമാർ, പി.വി.വിജീഷ്, വി.തങ്കമോഹനൻ, കെ.പി.വിപിൻ, കെ.കെ.പരമേശ്വരൻ, സുൽഫിക്കർ, സാബിത് തുടങ്ങിയവർ പങ്കെടുത്തു.

Monday, 1 July 2019

വായന



നോവിൽ കിളിർത്ത വേരുകൾ.

പുസ്തക പ്രകാശനം നടന്ന ദിവസം തന്നെ എം.രവിയുടെ വേരുകളില്ലാത്ത നമ്മൾ എന്ന കവിതാ സമാഹാരം വായിക്കാൻ കഴിഞ്ഞു. ഇന്നലെ കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയ്നിൽ എറണാംകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പുസ്തകം വായനക്കെടുത്തത്.

1961ൽ ജനിക്കുകയും
29വർഷം നോവും നൊമ്പരവും പേറി ജീവിക്കുകയും,
1990ൽ കടുത്ത വ്യഥ സഹിക്കവയ്യാതെ,
'തോറ്റു പോയ ഞാനിനിയെങ്ങു പോയെന്താകുവാൻ' എന്നെഴുതി 'കള്ളവും ചതിയുമില്ലാത്തൊരു കളരിയിലേക്ക് നാട്യങ്ങളും കാപട്യങ്ങളും കൈവിട്ട് ' യാത്ര പോയ കവിയുടെ ഹൃദയതുടിപ്പുകളാണ് ഓരോ താളിലുമുള്ളത്.

പ്രസിദ്ധ വാദ്യകലാകാരൻ ചേലാത്ത് കൃഷ്ണൻകുട്ടി നായരുടേയും മൂത്തേടത്ത് സുലോചനയുടേയും ഒമ്പതു മക്കളിൽ നാലാമനായി ജനിച്ച രവി 29വർഷം മുമ്പാണ് ജീവൻ ഉപേക്ഷിച്ച് കടന്നു പോയത്. ദാരിദ്ര്യവും കഷ്ടപ്പാടും കലിതുള്ളിയ കുട്ടിക്കാലവും വ്യഥ മദിച്ച യൗവ്വനവുമാണ് രവിയെ വായനയുടെയും എഴുത്തിന്റെയും ശ്മശാനഭൂമിയിൽ എത്തിച്ചത്. ശവങ്ങളുറങ്ങുന്ന പറമ്പിലെ ഏകാന്തതയിലായിരുന്നു രവിക്ക് താല്പര്യം.
അവിടെ ചെന്നിരുന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്ന രവി, അച്ഛന്റെ ശിക്ഷണത്തിൽ സഹോദരനോടൊപ്പം കൊട്ട് പഠിച്ചിട്ടുണ്ട്. നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.

എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയിലെ പുസ്തകങ്ങളായിരുന്നു രവിയുടെ പ്രധാന കൂട്ട്. ചെസിലും കാൽപന്തുകളിയിലും കമ്പമുണ്ടായിരുന്നു.
കുറച്ചു കാലം ബഹറിൻ എയർപോർട്ടിലും മറ്റും ജോലി ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഹൃദിസ്ഥമാക്കിയിരുന്നു. കഷ്ടപ്പാടിന്നിടയിലും നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്നു.

എല്ലാറ്റിനും മീതെ ജീവിതത്തിലെ തീവ്ര നൊമ്പരങ്ങൾ ഫണം വിടർത്തുകയും, നിരാശയുടെ നീരാളിക്കൈകൾ വരിഞ്ഞുമുറുക്കുകയും ചെയ്തു കൊണ്ടിരുന്നു. ലോകത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ മരവിപ്പും ഒറ്റപ്പെടലും മരണ ചിന്തയും രവിയുടെ മനസിൽ ആധിപത്യം സ്ഥാപിച്ചു.
അതിനിടയിലും തോൽവിയുടെ തൊപ്പിയണിഞ്ഞ കവിയുടെ കവിതകൾ വിവിധ ആനുകാലികങ്ങളിൽ അച്ചടി മഷി പുരണ്ടു.

29 വർഷത്തിനു ശേഷം ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയാണ് രവിയുടെ കവിതകൾ കണ്ടെടുത്ത് പുസ്തകമാക്കി പുറത്തിറക്കിയത്. മൂത്തേടത്ത് ബാബുവിന്റെ പഴയ ശേഖരത്തിൽ നിന്നാണ് പതിനാറ് കവിതകൾ ലഭിച്ചത്.

എഴുത്തിന്റെ തീക്ഷ്ണ കാലഘട്ടത്തിനു മുമ്പുതന്നെ ജീവിത കുപ്പായമഴിച്ചുവെച്ച രവി തികച്ചും അസാധാരണ പ്രതിഭ തന്നെയായിരുന്നുവെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
കാലമെത്ര കഴിഞ്ഞാലും പ്രതിഭാസമ്പന്നനായ ഒരു എഴുത്തുകാരൻ തന്റെ കൃതിയിലൂടെ ജീവിക്കുമെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു.

'ചിന്ത കട കോലാക്കി
മനസ്സെന്ന പാലാഴിയെ
പല കാലം കടഞ്ഞാലെ
കവിത വരൂ ദൃഢം'
എന്നറിയാമായിരുന്നിട്ടും പാകമാകാൻ കാത്തു നിൽക്കാതെ, കാവ്യകൈരളിക്ക് കൂടുതൽ കനപ്പെട്ട കൃതികൾ നൽകാതെ
'എന്തെഴുതുവാനിനി-
യില്ല... ഭാവനയുടെ
ചേതന മരവിച്ചൊ-
രീമഹൽ സദസ്സാൽ ഞാൻ ' എന്ന് കുറിച്ച് കവി കീഴടങ്ങൽ പ്രഖ്യാപിക്കുകയായിരുന്നു.

വി.ഗിരീഷിന്റെ വരയും വി.വി.ഗണേഷ്, വി.വി.ഗംഗേഷ് എന്നിവരുടെ ഡിസൈനിങും, ടി.ടി.പ്രഭാകരന്റെ അവതാരികയും, ശിവൻ ആറങ്ങോട്ടുകരയുടെ സ്മരണയും വേരുകളില്ലാത്ത നമ്മൾ എന്ന പുസ്തകത്തിന് ഉൾക്കനമേകുന്നു. ഇങ്ങിനെ ഒരു പുസ്തകം പുറത്തിറക്കിയ ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയുടെ പ്രവർത്തകരോട് വായനാസമൂഹം കടപ്പെട്ടിരിക്കുന്നു.

/ടി വി എം അലി /
വായനയുടെ വസന്തോത്സവം
--------------------------
വായനയുടെ വഴികാട്ടിയായ പി.എൻ.പണിക്കരെ അനുസ്മരിച്ചു കൊണ്ട് സംസ്ഥാനത്ത് വായനാദിനാചരണവും വാരാഘോഷവും പക്ഷാചാരണവും വിവിധ പരിപാടികളോടെയാണ് ഇത്തവണയും കൊണ്ടാടിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പുതുവായിൽ
നാരായണ പണിക്കരുടെ (പി.എൻ.പണിക്കർ) പ്രസക്തി ഇ-വായനയുടെ കാലത്തും പ്രശോഭിതമാണ്.

പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്
ജർമൻ ചിന്തകനായിരുന്ന ബെർതോൾട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്
തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട്.
അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായന ശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു
ആ വായനാശാല.
അന്ന് സഹദേവൻ എന്ന ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ.
കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും
പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിട്ടുള്ള ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു
ഞങ്ങളുടെ പ്രഥമ ഹോബി. ദിനപത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന്
വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല.
എങ്കിലും പുസ്തകം വിട്ടൊരു കളി ഉണ്ടായിരുന്നില്ല.

വട്ടേനാട് ഗവ. ഹൈസ്കൂളിൽ
എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും സുഹൃത്തായ അച്യുതനും ഒരു പരിപാടിയിട്ടു.
മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായനശാലയിൽ ചെന്ന് അംഗത്വം എടുത്തു.
അന്ന് അവിടെ ലോക ക്ലാസിക്
കൃതികളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അന്നത്തെ കാലത്ത്
അതിസാഹസവുമാണ്.
തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക്
ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും
ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം.
സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ആടിപ്പാടിക്കഥകളുടെ ഉരുക്കഴിച്ചാണ് യാത്ര.
ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്താണ്
വായനശാലയിലെത്തുക.

അലമാര നിറയെ അടുക്കി വെച്ച പുസ്തകങ്ങളാണ്. പഴനെല്ലിന്റെ മണമുള്ള പുസ്തകങ്ങൾ പരതി ആവശ്യമുള്ളത് തെരഞ്ഞെടുക്കും. ലെഡ്ജറിൽ
ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും.
അങ്ങോട്ടുമിങ്ങോട്ടും ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തു മ്പോഴേക്കും ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു
തന്നെ പുസ്തകം വായിച്ചു തീർക്കും.
പിറ്റേന്ന് യാത്ര ആവർത്തിക്കും.
ഒരു ദിവസം ഒരു പുസ്തകം
വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി.

റേഷൻ കടയിലും പല ചരക്കു കടയിലും
അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി
(പൂളവട്ട്) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ.
അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.
ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു.
അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു.
മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു. അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.

ഇന്ന് ഇ-വായനയുടെ കാലം. വിരൽതുമ്പിൽ പുസ്തക കൂമ്പാരമുണ്ട്. പക്ഷേ അന്നത്തെ വായനയുടെ സുഗന്ധം ഗൃഹാതുര സ്മരണയിൽ മാത്രമേയുള്ളു.

Thursday, 27 June 2019

പൊന്നാനിപ്പുഴ....

തൃത്താലയുടെ വടക്കേ അതിരിലൂടെയാണ് പൊന്നാനിപ്പുഴ എന്ന ഭാരതപ്പുഴ ഒഴുകുന്നത്. കിഴക്ക് ഭാഗത്തുള്ള തിരുമിറ്റക്കോട് പഞ്ചായത്ത് മുതൽ തൃത്താല, പട്ടിത്തറ, പടിഞ്ഞാറ് ഭാഗത്തുള്ള ആനക്കര പഞ്ചായത്തുവരെയുള്ള പ്രദേശങ്ങളെ തൊട്ടുരുമ്മിയാണ് നിള ഒഴുകുന്നത്.
പട്ടാമ്പിയുടെ തെക്കേ അതിരിലൂടെ ഒഴുകുന്ന പൊന്നാനി പുഴ ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, പരുതൂർ പഞ്ചായത്തുകളെ തൊട്ടുരുമ്മുന്നു. മലബാർ പ്രദേശത്ത്അറബികടലിൽ ചെന്നു ചേരുന്ന ഏറ്റവും ദൈർഘ്യമേറിയ നദിയാണിത്. പ്രധാന പുഴയുടെ നീളം 156 നാഴികയാണെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. വളപട്ടണം പുഴയോ അല്ലെങ്കിൽ ബേപ്പൂർ പുഴയോ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവുമായി തട്ടിച്ചു നോക്കിയാൽ പൊന്നാനി പുഴയും അതിന്റെ കൈവഴികളും ഒഴുക്കിവിടുന്ന വെള്ളം വളരെ കുറവാണ്. ഒഴുക്കിന്റെ ആക്കവും അത്രക്കില്ല.
പൊന്നാനി പുഴയുടെ മുഖ്യമായ പ്രവാഹധാര വരണ്ടുറഞ്ഞ കോയമ്പത്തൂർ സമതലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാണ് ഒഴുക്കിന്റെ വേഗത കുറയാൻ കാരണം. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സ്വാധീനം ഇതുകൊണ്ട് സാമാന്യേന ദുർബ്ബലവുമാണ്. സമതല പ്രദേശങ്ങളിലൂടെ കൂടെ കീഴോട്ടൊഴുകുന്നു എന്നതും പ്രതികൂല ഘടകമാണ്. പുഴയുടെ കീഴ്ത്തലങ്ങളിൽ അടിത്തട്ടികൾ പൊതുവെ മണലും പൂഴിയുമാണ്. ആഴം നന്നേ കുറവാണ്. മഴക്കാലത്ത് പുഴ നിറയുമ്പോൾ തോണികൾക്ക് വളരെ ദൂരം മേൽപ്പോട്ട് സഞ്ചരിക്കാൻ കഴിയും. മഴക്കാലത്തല്ലാതെ ഒരിക്കലും പൊന്നാനി പുഴയുടെ അഴിമുഖത്ത് വലിയ വഞ്ചികളെ ഉൾക്കൊള്ളാൻ കഴിയില്ല. അത്രമേൽ ദുർബ്ബലമാണ് പുഴയുടെ സാധാരണ ഗതിയിലുള്ള കുത്തിയൊഴുക്ക്. അഴിമുഖത്ത് കുമിഞ്ഞുകൂടിയ ചെളിക്കെട്ടുണ്ട്. കടലിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഇതുമൂലം തടസ്സപ്പെടുന്നു. ഇക്കാരണത്താൽ കാലവർഷമാസങ്ങളിൽ പുഴയുടെ മേൽത്തലങ്ങൾ എളുപ്പം കവിഞ്ഞൊഴുകും. തീരപ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങും.

 /അവലംബം: മലബാർ മാന്വൽ/

Friday, 21 June 2019


ഇരുട്ടിന്റെ മറവിൽ പുറത്തുചാടുന്ന  പെൺമുറിവുകളുമായി മാർജ്ജാരം.

തുറന്നെഴുത്തിന്റെ വർത്തമാനകാലത്താണ് രചന മഠത്തിൽ എഴുതിയ  മാർജ്ജാരം എന്ന പുസ്തകം വായനക്ക് ലഭിച്ചത്. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥാഗ്രന്ഥത്തോട് ചേർന്നു നിൽക്കുന്ന കൃതിയാണ് മാർജ്ജാരം.
വർഷങ്ങൾക്കു മുമ്പ് വായിച്ച 'കവിയുടെ കാൽപ്പാടുകൾ' എന്ന കൃതി ഇന്നുമെന്റെ മനസിൽ മായാനദിയായി ഒഴുകുന്നുണ്ട്. അതിനു ശേഷം വായിക്കാനിടയായ ആത്മകഥാശ്രേണിയിലുള്ള മറ്റൊരു പുസ്തകം രചന മഠത്തിൽ എഴുതിയ മാർജ്ജാരമാണ്.

ഇന്ദുമേനോന്റെ ആമുഖം കടന്നാൽ ഇരുപത്തഞ്ച് തലക്കെട്ടിനു കീഴിൽ ചിതറികിടക്കുന്നത് ഓർമകളുടെ സംഗീതമാണ്. ഹൃദ്യമായ താളമായും വന്യമായ ഡമരുവിന്റെ മുരൾച്ചയായും അത് മാറുന്നു.

ഓരോ പെണ്ണിൻ്റെ ഉള്ളിലും മറ്റൊരാളുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് രചന എഴുത്തിലേക്ക് കടന്നു വരുന്നത്. ആളനക്കങ്ങൾ ഭയന്ന് ഇരുട്ടിൻ്റെ മറവിൽ മാത്രം പുറത്തു ചാടുന്ന ഒരു കറുത്ത പൂച്ചക്കുഞ്ഞ് രചനയുടെ എഴുത്തിലുണ്ട്.
ആ കറുത്ത പൂച്ചക്കുഞ്ഞിനെ  സ്നേഹിക്കുമ്പോഴും കാമിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൾക്കു മാത്രം കേൾക്കാവുന്ന ഭാഷയിൽ മുരണ്ടു കൊണ്ട് മനസ്സിൻ്റെ ഏതോ ഒരു ഇരുൾ മൂലയിൽ അത് പതുങ്ങി കിടക്കും. അപ്പോഴും വിരൽതുമ്പിൽ വായനക്കാരെ മുറിവേൽപ്പിക്കാൻ കൂർത്ത പൂച്ച നഖങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും.

നേദ്യം എന്ന ആദ്യ രചനയിൽ പരിചയപ്പെടുത്തുന്നത് പിതാവിനാൽ ഭോഗിക്കപ്പെട്ട ഒരു പെൺകുട്ടിയെയാണ്. വിയർപ്പ് കാലത്ത് കൺപോളയിൽ പൊടുന്നനെ പൊട്ടി മുളച്ച് വേദനിപ്പിക്കുന്ന ചൂടു കുരുപോലെ, നാറുന്ന ചലം നിറഞ്ഞ് വിങ്ങി വീർത്ത ഒരു മനസ് കൊണ്ട് നടക്കുന്നവൾ.
മാർജ്ജാരം അവൾക്കുള്ള ദക്ഷിണയാണ് എന്ന് ഗ്രന്ഥകാരി പറയുന്നു.
വാക്കുകളിൽ വായനക്കാരനെ പോറലേൽപ്പിക്കാൻ ഉതകുന്ന മുനകൾ ഒളിച്ചിരിപ്പുണ്ടെന്ന സത്യം നാം ഓരോ വരിയിലും  തിരിച്ചറിയുന്നു. 

ദേശം എന്ന രചന തുടങ്ങുന്നത് സ്ഥലനാമത്തിന് പ്രസക്തിയില്ല എന്നു പറഞ്ഞു കൊണ്ടാണ്. കുന്നുകളാൽ ചുറ്റപ്പെട്ട ഒരിടം. ദൂരെ കുമ്പിടി കുന്നിന്റെ പള്ളയിലൂടെ ചേരട്ടയെ പോലെ അരിച്ചു നീങ്ങുന്ന തീവണ്ടി കാണാം. കണ്ണാന്തളികൾ നിറഞ്ഞ താണിയപ്പൻ കുന്നും, പൂതങ്ങളും ഭഗവതികളും ചാത്തന്മാരും നായാടികളും, പറയന്മാരും, ഭ്രാന്തന്മാരും കാവലിരിക്കുന്ന അനേകം കുന്നുകൾക്ക് ഒരൊറ്റ പ്രണയിനിയായി നിള ഒഴുകുന്നു. വർഷക്കാലത്ത് എല്ലാ കുന്നുകളയും വാരിപ്പുണർന്ന് നിള ഒഴുകും. ചിലപ്പോൾ ചിലരെ മാത്രം തൊട്ടുരുമ്മി ചിരിച്ചു കുഴഞ്ഞാടി ഒഴുകി നീങ്ങും. ഇടയ്ക്ക് കരഞ്ഞു തളർന്ന് ഏതെങ്കിലും കുന്നിന്റെ കാൽചുവട്ടിൽ ഉറങ്ങി കിടക്കും.
ജനിച്ചു വളർന്ന നാട് എല്ലാവർക്കും എപ്പോഴും ഗൃഹാതുരത്വം തുളുമ്പി നിൽക്കുന്ന ഒരു സ്വപ്നഭൂമിയാണ്. രചനയുടെ കുറിപ്പുകളിൽ മഞ്ഞവെളിച്ചം പരത്തുന്ന ബൾബുകൾ കത്തിക്കിടക്കുന്ന ഒരു ഗ്രാമം ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമമാണത്.  രചനയുടെ ജന്മഗ്രാമം.

പടിപ്പുരകളും ഉരൽപ്പുരയും മുകളിലെ പത്തായ മുറികളും സമ്പന്നമാക്കിയ ഒരു നാലുകെട്ടും, കാവും കുളവും. പിന്നെ കാലഭേദങ്ങൾക്ക് അനുസരിച്ച് വർണ്ണങ്ങൾ മാറുന്ന കുന്നുകളും നിറഞ്ഞ ഒരു ഗ്രാമം. അവിടെ മഠത്തിൽ തറവാട്ടിൽ കിഴുപ്പള്ളി ശിവരാമൻ, മഠത്തിൽ പങ്കജം ദമ്പതികളുടെ ഒറ്റ മകളായി ജനിച്ച രചനയെ ഈ ചുറ്റുവട്ടങ്ങൾ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.

എന്റെ മഴകൾ എന്ന കുറിപ്പിൽ തോരാ മഴയുടെ നിറകാഴ്ചകൾ കാണാം. പ്രണയത്തിന്റെ പുതുമണമുള്ള ചാറ്റൽ മഴ, കുസൃതികളുടെ ചിരി മഴ, കന്യാസ്ത്രീ മഴ, നീളൻ മഴ, പ്രണയനഷ്ടത്തിന്റെ കണ്ണീർ മഴ...
യാത്രകളും മഴയും പരസ്പര പൂരകങ്ങൾ ആണ് പലപ്പോഴും. എൻ്റെ മഴകൾ എന്ന കുറിപ്പ് വായിക്കുമ്പോൾ ഒരു വേള നമ്മളും മഴ നനഞ്ഞുവോ എന്ന് തോന്നിപ്പോവും.

സ്റ്റേറ്റ് ബാങ്കിൽ ജോലി ലഭിച്ച ശേഷമാണ് ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് തൻ്റെ ചിന്തകൾ കുറിച്ചിടാനായി "മാർജ്ജാരം "എന്ന പേരിൽ രചന ബ്ലോഗെഴുത്ത് തുടങ്ങിയത്. ഒത്തിരി ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന ആ കുറിപ്പുകൾ വർത്തമാനം ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിമാളു എന്ന് വിളിക്കുന്ന നിവേദ്യ മകളാണ്. മകളാണ് തന്നെക്കൊണ്ട് എഴുതിക്കുന്നത് എന്നും അവളില്ലാതെ ഞാനില്ല എന്നും സ്നേഹം തുളുമ്പുന്ന വാക്കുകളിൽ രചന കൂട്ടിച്ചേർക്കുന്നു.
ഓരോ മലയാളിയും മാർജ്ജാരം വായിക്കണം. നെരൂദയുടെ കവിതയെഴുത്ത് പോലെ ഇത് വായനക്കാരെ ആഹ്ലാദിപ്പിക്കും. വായനയുടെ മധുരവും കയ്പും ലഹരിയും പാദസര കിലുക്കവും ഉന്മാദവും നോവും നൊമ്പരവും എല്ലാം മാർജ്ജാരത്തിലുണ്ട്.  ഇടക്കെങ്കിലും ചോര പൊടിയുന്നുണ്ടെങ്കിൽ ക്ഷമിക്കുക.

...ടിവിഎം അലി...

Thursday, 20 June 2019

ഓർമക്കുറിപ്പുകൾ.
******************
കാരക്കാടിന്റെ പൊക്കിൾകൊടി
-------------------------

കുറെ വർഷങ്ങൾക്കു ശേഷമാണ് കാരക്കാട് ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നത്.
പട്ടാമ്പിയിൽ നിന്ന് റെയിൽ പാളത്തിലൂടെ കിഴക്കോട്ട് രണ്ടര നാഴിക നടന്നാൽ കാരക്കാട് എത്താം.
പണ്ട് പതിവായി നടന്ന വഴിയാണ്. റെയിൽ പാളത്തിന്റെ ഇരുവശവും വിശാലമായ പാട ശേഖരമാണ്.
പാളത്തിന്റെ ഓരങ്ങളിൽ അലരി മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്. രാവിലെയും വൈകുന്നേരവും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ നല്ല രസമായിരുന്നു.
അന്ന് കാരക്കാട് എത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ലായിരുന്നു. എല്ലാവരും
വഴി നടന്നിരുന്നത് ഇതിലൂടെയായിരുന്നു. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും, നൊങ്കും ചുമന്ന് വിയർത്ത് കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം. മാർക്കറ്റിൽ നിന്ന് അരിയും മീനും, മൺകലങ്ങളും മറ്റും തലയിൽ ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരും ഉണ്ടാവും. കൃഷി പണി നടക്കുന്ന സമയമാണെങ്കിൽ പാടം മുഴുവൻ കന്നും കലപ്പയും കർഷകരും സ്ത്രീ തൊഴിലാളികളും ഒച്ചയും ബഹളവും മറ്റും നിറ കാഴ്ചയായിരുന്നു. വെയിൽ ചൂടാവുന്നതിന്റെ മുമ്പ് ഞാങ്ങാട്ടിരിയിൽ നിന്ന് പുറപ്പെടുമ്പോൾ വേഗം എത്താൻ മനസ് തിടുക്കം കൂട്ടും. കാഴ്ചകൾ കണ്ട് നടക്കുമ്പോൾ ഒന്നാം കട്ടിയും, രണ്ടാം കട്ടിയും താണ്ടുന്നത് അറിയില്ല. അതിനിടയിൽ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോക്കൽ തീവണ്ടി കടന്നു പോകും. അതിന്റെ ആരവത്തിൽ ഓരം ചേർന്ന് നിന്ന് യാത്രക്കാർക്ക് കൈ വീശി കാണിക്കുന്നതും കുട്ടികൾക്ക് ഹൃദ്യാനുഭവമാണ്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി അത് എങ്ങോട്ട് പോകുന്നതാണെന്ന് കൃത്യമായി പറയാൻ കാരക്കാട്ടുകാർക്ക് അറിയാമായിരുന്നു. പള്ളികളിൽ ഉച്ചഭാഷിണിയില്ലാത്ത അക്കാലത്ത് നമസ്ക്കാര സമയം നിർണ്ണയിച്ചിരുന്നത് പോലും തീവണ്ടിയുടെ ട്രിപ്പ് നോക്കിയായിരുന്നു.
നിഴൽ അളന്ന് 'ളുഹറും' 'അസറും' നിസ്കരിച്ചിരുന്ന പൂർവ്വീകരുടെ കാലത്തെ കുറിച്ച് പറഞ്ഞാൽ ഹൈ ടെക് യുഗത്തിൽ കഴിയുന്ന ന്യൂജെൻ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയുമോ?

ഓർമകളുടെ അലരി പൂക്കൾ കൊഴിയുന്നില്ല.
----------------         -----------

ഒരു പകൽ അമ്മാവന്റെ വീട്ടിൽ തങ്ങി ഉമ്മാമാന്റെ സുഖ വിവരങ്ങൾ അറിഞ്ഞ് വൈകുന്നേരം തിരിച്ചു നടന്ന് വീട്ടിലെത്തുമ്പോൾ കിട്ടുന്ന സംതൃപ്തി പിന്നീട് ഒരു യാത്രയിലും ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  അങ്ങിനെ എത്രയെത്ര കാതങ്ങൾ അന്ന് നടന്നു തീർത്തിരിക്കുന്നുവെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും ഓർമകളിൽ ആ യാത്രകളുടെ സൗരഭ്യം ഇന്നും നിറഞ്ഞു നിൽക്കുന്നു.

ഒരു മഴക്കാലത്ത് മറക്കാനാവാത്ത ഒരു സംഭവം നടന്നു.
പുഴക്കൽ കൗസാടെ മകൻ കുഞ്ഞാപ്പാക്ക് ഒരു വെളിപാടുണ്ടായി.
നാല് പതിറ്റാണ്ട് മുമ്പ് നടന്നതാണ്.
അന്ന് കുഞ്ഞാപ്പ അങ്ങാടിയിൽ ഒരു
ഫ്ലവർ മില്ലിൽ പണിയെടുക്കുകയാണ്. അരി, മുളക്, മഞ്ഞൾ തുടങ്ങിയവ പൊടിച്ചു കൊടുക്കലാണ് പണി. ഈസൂക്കാന്റെ മില്ലിൽ പകലന്തിയോളം പണിയെടുത്താൽ കുശാലായ ഉച്ച ഭക്ഷണവും രണ്ടു നേരം ചായയും മാസം മുന്നൂറുറുപ്പികയും കിട്ടും. അരിപ്പൊടിയിലും, മുളക്, മഞ്ഞൾ പൊടിയിലും മുങ്ങി നിൽക്കുമ്പോൾ ഹോളി ആഘോഷിക്കുന്നവന്റെ രൂപഭാവമായിരുന്നു അവന്.
രാത്രി എട്ടു മണിക്ക് പണി മാറ്റി, ഇരുകര മുട്ടി കൂലംകുത്തി ഒഴുകുന്ന പുഴയിൽ പോയി മുങ്ങി കുളിച്ച് വീട്ടിലേക്ക് നടക്കുകയാണ് പതിവ്. പ്രളയാനുഭവമില്ലാത്ത നിളയിലെ കുളി നൽകുന്ന അനുഭൂതിയുണ്ടല്ലൊ അത് വിവരണാതീതമാണ്.

അന്ന് പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് ഏതാനും ബസ്സുകൾ ഉണ്ടെങ്കിലും രാത്രി ഏഴു മണി കഴിഞ്ഞാൽ ട്രിപ്പ് ഇല്ല. രണ്ടര നാഴിക നടന്ന് വീട്ടിൽ എത്തുമ്പോൾ പത്തു മണിയാവും. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്ന ഉമ്മാമയും കാരക്കാട്ടെക്ക് പോകാനായി പേരമകന്റെ കൂടെ പട്ടാമ്പിക്ക് വന്നു. ലോക്കൽ തീവണ്ടിയിൽ കാരക്കാട്ടെക്ക് യാത്രയാക്കിയാണ് കുഞ്ഞാപ്പ മില്ലിൽ പോയത്. എന്നാൽ അന്ന് പണി മാറ്റി പുഴയിൽ കുളിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി.
ഒരു മിന്നായം പോലെയാണ് വെളിപാട് പൊട്ടി വീണത്. ഉമ്മാമ വീട്ടിൽ എത്തിയിട്ടില്ല. ആരോ മനസ്സിൽ കയറി പറയുന്നത് പോലെ തോന്നി. ശക്തമായ  ഇടിയും മിന്നലും മഴയും ഉണ്ട്. എന്ത് വേണം എന്ന് ചിന്തിക്കാൻ നിന്നില്ല. നേരെ റെയിൽ പാളം കയറി, കിഴക്കോട്ട് നടന്നു. കൂരാകൂരിരുട്ട്. നടപ്പാതയിൽ വെള്ളക്കെട്ടു നിറഞ്ഞ ചാൽ കാണാം. മിന്നലടിക്കുമ്പോൾ മാത്രം നടവഴി തെളിയും.
ഒന്നാം കട്ടിയും, രണ്ടാം കട്ടിയും പേടിപ്പെടുത്തുന്ന ഭൂതത്താന്മാരായി മാറുന്നതു പോലെ തോന്നി. ചവിട്ടു പാലം താണ്ടാനായിരുന്നു ഏറെ ഭയം. അടി തെറ്റിയാൽ തോട്ടിൽ വീഴും. നേരെ പുഴയിലും പിന്നീട് കടലിലും ഒഴുകി എത്തും. എന്ത് സംഭവിച്ചു എന്ന് പോലും ആർക്കും അറിയാൻ കഴിയില്ല. പേടിപ്പെടുത്തുന്ന ചിന്തകളെ പിന്തള്ളി മുന്നോട്ട് നടന്നു.
അഞ്ചു നാഴിക താണ്ടിയതു പോലെ അവശനായാണ് മാതൃ ഗൃഹത്തിൽ ചെന്നണഞ്ഞത്.
അവിടെ ചെന്നപ്പോൾ ഉമ്മാമ ഇല്ലായിരുന്നു. കുഞ്ഞാപ്പാന്റെ വെളിപാട് ശരിയായിരുന്നു. അമ്മാവനെ കൂട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി. സമയം അർദ്ധരാത്രിയായിക്കാണും. ഉമ്മാമ കയറാൻ സാധ്യതയുള്ള ഏതാനും വീടുകളിൽ ചെന്ന് ഉറങ്ങുന്നവരെ വിളിച്ചുണർത്തി അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. ഉമ്മാമാന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് അവർ അന്ന്  രാപ്പാർത്തത്. വെറ്റില മുറുക്കി ലോഗ്യം പറഞ്ഞ് അങ്ങിനെ ഇരുന്ന് നേരം പോയതുകൊണ്ട് അവിടെ തങ്ങിയതാണെന്നു പറഞ്ഞപ്പോഴാണ് ഉള്ളിലെ തീ അണഞ്ഞത്.
ഒരു മിന്നായം പോലെ വന്ന വെളിപാട് കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ഇന്നും കുഞ്ഞാപ്പാക്ക് മറക്കാനേ കഴിയുന്നില്ല.

എല്ലാം വളരെ പെട്ടെന്നായിരുന്നു.
-------------------------------

ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു പ്രധാന പ്രദേശമാണ് ഇന്ന് കാരക്കാട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ദുരിതവും ദാരിദ്ര്യവും രോഗവും മുടി അഴിച്ചാടിയ ഗ്രാമമായിരുന്നു ഇതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഓല കെട്ടിയ കുടിലുകളും ഓടു മേഞ്ഞ വീടുകളും ഇന്നില്ല. എല്ലാം വാർപ്പ് കെട്ടിടങ്ങളും മനോഹര സൗധങ്ങളുമാണ്. ഓരോ വീട്ടു വളപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ഷെഡ്‌ കെട്ടി ആക്രി സാമഗ്രികൾ കൂട്ടിയിരിക്കുന്നത് കാണാം. കാലി കുപ്പികളുടെ വൻ ശേഖരവും അങ്ങിങ്ങ് കാണാം. ഒരു വ്യവസായ ഗ്രാമമായി കാരക്കാട് എന്നോ മാറിയെന്ന് കുഞ്ഞാപ്പ തിരിച്ചറിഞ്ഞു. ഇന്ന് കൗസാടെ മകനെ അറിയുന്നവരായി ഇവിടെ ആരുമില്ല. ഒരു പഞ്ചായത്തിൽ രണ്ടു റെയിൽവേ സ്റ്റേഷൻ നില കൊള്ളുന്നതിൽ അഭിമാനിച്ചിരുന്ന ഓങ്ങല്ലൂർ നിവാസികൾക്ക് ഇപ്പോൾ രണ്ടു എമ്മെല്ലേമാരും ഉണ്ട്. അതിന്റെ ആഹ്ലാദത്തിലാണ് കാരക്കാട് നിവാസികൾ. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ യു.ഡി.എഫിന്റെ ബാനറിലും പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ്‌ മുഹ്സിൻ എൽ.ഡി.എഫ് ബാനറിലുമാണ് നിയമസഭയിൽ എത്തിയത്‌. രണ്ടു പേരും കാരക്കാട് നിവാസികളാണ്. പതിറ്റാണ്ട് മുമ്പ് വിദ്യാഭ്യാസത്തിൽ ഏറ്റവും പിറകിലായിരുന്ന ഒരു പ്രദേശത്തിന്റെ ഉയർത്തെണീപ്പാണ് എങ്ങും കാണുന്നത്.
ഇന്ന് മാറ്റങ്ങളുടെ പാതയിലാണ് കാരക്കാട്. ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടെത്താൻ റബ്ബറൈസ്ഡ് റോഡുണ്ട്. ആധുനിക ചികിത്സാ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രമുണ്ട്. ഗ്രാമീണ ഭംഗിയുള്ള റെയിൽവേ സ്റ്റേഷനുണ്ട്. കർഷകർക്ക് സൗജന്യമായി വിത്തും ഉഴവുകൂലിയും നൽകുന്ന കൃഷിഭവനുണ്ട്. ഓൺലൈനിൽ നികുതി അടക്കാൻ സൗകര്യമുള്ള ഗ്രാമ പഞ്ചായത്തുണ്ട്. ഐ.ടി.സൗകര്യമുള്ള സ്മാർട് സ്കൂളുകളുണ്ട്. കല്യാണമണ്ഡപങ്ങളും ഷോപ്പിങ് മാളുകളുമുണ്ട്. അതെ, കാരക്കാട് ഗ്രാമം നഗരവൽക്കരണത്തിന്റെ ഇടനാഴിയാവുകയാണ്.

കാരക്കാട് എന്ന തസ്രാക്ക്
----------------------------------------

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ അനാവരണം ചെയ്യപ്പെട്ട തസ്രാക്ക് ഗ്രാമം പോലെയുള്ള ഒരു പ്രദേശമായിരുന്നു പഴയ കാരക്കാട്. അവരുടെ ജീവിത രീതി, പാരമ്പര്യ മഹത്വം, സംസ്കാരം, ഭാഷാ വിനിമയം തുടങ്ങിയവ പഠന വിഷയമാക്കേണ്ടത് ആവശ്യമാണ്‌. വള്ളുവനാട്ടിൽ ഏറ്റവും അധികം പരിഹാസം ഏറ്റുവാങ്ങിയ ഒരു ഗ്രാമം കാരക്കാടാണെന്ന് പറയാം. അവിടെയുള്ള നിഷ്കളങ്കരായ മനുഷ്യരുടെ അറിവില്ലായ്മയും മുഖ്യധാരയിൽ പ്രവേശിക്കാനുള്ള കഴിവില്ലായ്മയും മൂലം ഇതര പ്രദേശക്കാരുടെ നേരമ്പോക്കുകളിൽ നിറഞ്ഞു നിന്നത് കാരക്കാട്ടുകാരായിരുന്നു. 'ഓനൊരു കാരക്കാട്ടുകാരൻ' ആണെന്ന് മുദ്ര കുത്തിയാൽ മതി അവന്റെ ജന്മം പാഴാവാൻ എന്നതായിരുന്നു അന്നത്തെ സ്ഥിതി. അതുകൊണ്ട് നാലാൾ കൂടുന്നിടത്ത് സംസാരിക്കുമ്പോൾ കാരക്കാട്ടുകാരൻ ആവാതെ നോക്കേണ്ടത് ഒരോരുത്തരുടേയും ബാധ്യതയായിരുന്നു. വളരെ പണ്ട് നടന്ന ഒരു സംഭവം പറയാം:
മോട്ടോർ ബൈക്ക് ആവിർഭവിച്ച കാലത്ത് ഒരു സായിപ്പ് നാട് കാണാൻ ആ വാഹനത്തിൽ കാരക്കാട്ടെത്തി.
അതിന്റെ ഭീകര ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. 'അള്ളോ മലവണ്ട്‌ വന്നേയ്...' എന്നാർത്തു വിളിച്ച് നാട്ടുകാർ ഓടിക്കൂടി. പലരും ഭയന്ന് വിറച്ചു. ആണുങ്ങൾ ഉലക്കയും തോട്ടിയും കിട്ടാവുന്ന മറ്റു ആയുധങ്ങളും എടുത്ത് പാഞ്ഞടുത്തു. ഇംഗ്ലീഷ് സിനിമകളിൽ പോലും കാണാൻ സാധ്യമായിട്ടില്ലാത്ത ഒരു സീൻ കണ്ട് ബൈക്ക് ഓടിച്ച സായിപ്പ് ഭയന്നു. എന്തു ചെയ്യണം എന്നറിയാതെ സായിപ്പ് കുഴങ്ങി. അതിവേഗം ബൈക്ക് പറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു കുഴിയിൽ ചെന്ന് വീണു. ആളുകൾ ശരം വിട്ട കണക്കെ അപകട സ്ഥലത്ത് ഓടിയെത്തി.
വീണു കിടക്കുന്ന സായിപ്പിനെ തിരിച്ചും മറിച്ചും പരിശോധിച്ചപ്പോൾ ഒരു കാര്യം അവർ മനസ്സിലാക്കി. സായിപ്പിന്റെ തല തിരിഞ്ഞിരിക്കുന്നു. സായിപ്പ് ധരിച്ചിരുന്ന ഓവർ കോട്ടിന്റെ സിപ്പ് പിറകിലായിരുന്നു. മുൻ വശത്ത് മാത്രം കുപ്പായ കുടുക്ക് കണ്ടു ശീലിച്ചവർക്ക് അങ്ങിനെ ഒരു നിഗമനത്തിൽ എത്താനേ കഴിയുമായിരുന്നുള്ളൂ. 'പൊന്നാരെണ്ണി
അത് മജ്ജത്തായി' 
എന്ന് പറഞ്ഞ് എല്ലാവരും ഉടനെ സ്ഥലം വിട്ടു. ഇപ്പോഴും പ്രചാരത്തിലുള്ള മറ്റൊരു കഥ പറയാം.  ഏതാനും വർഷം മുമ്പ് പട്ടാമ്പിയിൽ നിന്ന് കാരക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് തുടങ്ങി.
അന്ന് ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടേക്ക് ബസിൽ നിറയെ യാത്രക്കാർ ഉണ്ടാവും. എന്നാൽ ബസിൽ  കയറുന്നവർ പണം കൊടുക്കില്ല. പൈസ ചോദിച്ചാൽ അവർ കണ്ടക്ടറെ ചീത്ത വിളിക്കും. 'ഞമ്മള് കേറ്യാലും കേറീലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെ ണ്ണി ... അങ്ങനെ പോണ ബസില് എന്തിനാടോ കായ്?' അവസാനം സർവീസ് വേണ്ടെന്ന് ബസ് ഉടമക്ക് തീരുമാനിക്കേണ്ടി വന്നുവത്രെ. ഇങ്ങിനെ കഥകൾ നിരവധിയുണ്ട്.  കാരക്കാട് പ്രദേശവാസികളെപ്പറ്റി പ്രചരിക്കുന്ന കഥകളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. കാരണം തസ്രാക്ക് പോലെയുള്ള ഒരു ഗ്രാമത്തിന് ഇത്തരം കഥകൾ മാത്രമേ പറയാൻ കഴിയൂ. അവരുടെ സ്നേഹത്തിന്റെ ഭാഷ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്. ശവമേ എന്നാണ് അതിനർത്ഥം. 'പൊന്നാര ഇണ്ണി' എന്ന് ആദ്യം കൂട്ടിചേർത്തിട്ടുണ്ടെങ്കിൽ അത് സ്നേഹത്തോടെയുള്ള അഭിവാദ്യമായിരിക്കും. 'പണ്ടാറക്കാലാ..' എന്നാണ് ചേർത്തതെങ്കിൽ അത് ചീത്ത വിളിയാണെന്നും മനസ്സിലാക്കാം. എന്ത് പേരിട്ടു വിളിച്ചാലും പരസ്പര സ്നേഹത്തോടെയാണ് അവരുടെ ജീവിതം. ആണുങ്ങളെ അനുസരിച്ചും ആദരിച്ചുമാണ് സ്ത്രീകളും പെൺകുട്ടികളും ജീവിച്ചിരുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വിരളമായിരുന്നു. മദ്രസയിലെ ഓത്ത് മാത്രം മതി ദുനിയാവിൽ കഴിഞ്ഞു കൂടാൻ എന്നായിരുന്നു കുടുംബനാഥൻമാരുടെ അന്നത്തെ ധാരണ. ദുരിതവും ദാരിദ്ര്യവും വേണ്ടുവോളം അനുഭവിച്ച ഒരു തലമുറയെ പറ്റി ഇപ്പോഴുള്ളവർക്ക് അറിയാനിടയില്ല. കടപ്പറമ്പത്ത് കാവിലെ പൂരമാണ്‌ അവരുടെ ദേശീയോത്സവം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ പരമ്പരാഗത ഉത്സവത്തിന്‌ കൈ മെയ് മറന്ന് അവർ സഹായിക്കും. പുലരാൻ നേരത്ത് നടക്കുന്ന വെടിക്കെട്ട് കാണാൻ ഏറ്റവും അടുത്ത് ചെന്ന് നിൽക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. കൗസാടെ മകൻ കുഞ്ഞാപ്പയും കുട്ടിക്കാലത്ത് വെടിക്കെട്ട് കാണാൻ ഉറക്കമൊഴിഞ്ഞ് കാത്തു നിന്നിട്ടുണ്ട്.

ബലി പെരുന്നാളിന് ഉച്ച ഭക്ഷണം കഴിഞ്ഞാൽ വീട്ടു മുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ / കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?' എന്ന പാട്ടു പാടി രണ്ടു വരിയായി നിന്നും നടന്നും പെണ്ണുങ്ങൾ കളിക്കാറുണ്ട്. ആ കളി കാണാൻ കുട്ടികൾ മുതൽ വയോധികർ വരെ തടിച്ചുകൂടും. പെരുന്നാൾ ദിവസം വീട്ടിൽ ഉള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ് കഴിക്കുക. വലിയ മുറിയിൽ പായ വിരിച്ച് അതിൽ വാഴയിലകൾ നിവർത്തിയിടും.
മുള കൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എന്നിട്ട് എല്ലാവരും ചോറു കൂനക്ക് ചുറ്റും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയറുപ്പേരിയും, വലിയ പപ്പടവും ഉണ്ടാവും.
എല്ലാ വീട്ടിലും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് പെരുന്നാളിന് മാത്രമായിരുന്നു.

ഇന്ന് കഥയൊക്കെ പാടെ മാറി. അവികസിത പ്രദേശമായിരുന്ന കാരക്കാട് ജനസാന്ദ്രത കൂടിയ വികസിത മേഖലയാണ്. ഓരോ വളപ്പിലും കൂറ്റൻ മണി മന്ദിരങ്ങൾ. ആക്രി വ്യാപാരത്തിന് പുകഴ് പെറ്റ നാട്. കാലി കുപ്പി കച്ചവടക്കാരുടെ ഷെഡുകൾ. തരം തിരിച്ച പാഴ് വസ്തുക്കൾ ലോഡ് കണക്കിനാണ് ഇവിടെ നിന്ന് പുറം നാടുകളിലേക്ക് കയറ്റി പോകുന്നത്. സാമ്പത്തികമായി പുരോഗതി നേടിയ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നിലാണ്. എന്നാൽ പുതിയ വാണിജ്യ മേഖലയുടെ വളർച്ചക്കൊപ്പം അതിന്റെ തിക്ത ഫലങ്ങൾ കൂടി അവർ അനുഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗവും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.  ബോധവൽക്കരണ പരിപാടികൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഉപജീവനത്തിന് ഇതര വഴികൾ ഇല്ലാത്തതു കൊണ്ട് ശീലിച്ചത്
കൈ വെടിയാൻ അവർക്കാവില്ല. ഇത്തവണ നിയമസഭയിൽ എത്തിയ  ഷാഫി പറമ്പിലും, മുഹമ്മദ്‌ മുഹസിനും, രണ്ടു മുന്നണിയിലാണെങ്കിലും നാട് നേരിടുന്ന ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഇരുവർക്കും ബാധ്യതയുണ്ട്. അതോടൊപ്പം കാരാക്കാടിന്റെ പൗരാണികവും പരമ്പരാഗതവുമായ തനത് സംസ്കാരം അടയാളപ്പെടുത്താനും ഇവർ മുൻ കൈ എടുക്കേണ്ടതുണ്ട്‌.
രണ്ടു വർഷത്തിനുള്ളിൽ ഇനിയും മാറ്റങ്ങളുടെ കാറ്റ് വീശുമെന്ന പ്രതീക്ഷയിലാണ് കാരക്കാട് ഗ്രാമം.
-------------------
ടിവിഎം അലി
---------------------

Tuesday, 11 June 2019

എവറസ്റ്റ് കീഴടക്കിയ അയേൺമാൻ അബ്ദുല്‍ നാസറിന് അനുമോദന പ്രവാഹം.

അസാധ്യമായതിനെ സാധ്യമാക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന അബ്ദുൽ നാസർ എവറസ്റ്റ് കീഴടക്കി എന്ന വാർത്ത, അടുത്തറിയാവുന്നവർക്ക് അത്ഭുതകരമായിരുന്നില്ല. സാഹസങ്ങളുടെ തോഴനായ 'അയേണ്‍മാന്‍' അബ്ദുല്‍ നാസര്‍ എവറസ്റ്റ് പർവ്വതം കീഴടക്കുക തന്നെ ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ അബ്ദുൽ നാസർ എവറസ്റ്റ് കൊടുമുടി കാൽക്കീഴിലാക്കിയപ്പോൾ
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ ഗ്രാമത്തിന്റെ വിലാസമാണ് വാനിൽ പാറി പറന്നത്.
കൊടുമുടി കീഴടക്കി നാട്ടിൽ തിരിച്ചെത്തിയ സാഹസികനെ അനുമോദനങ്ങൾകൊണ്ട് വാരിപ്പുണരുകയാണ് നാട്ടുകാർ. ദിവസേന ഒന്നും രണ്ടും സ്വീകരണങ്ങൾ, വീട്ടിലെത്തുന്നവരുടെ സ്നേഹാഭിവാദനങ്ങൾ, ആകാംക്ഷയോടെ വിവരങ്ങൾ അറിയാനെത്തുന്നവരുടെ പ്രവാഹങ്ങൾ, മാധ്യമ പ്രവർത്തകരുടെ തിരക്ക് എന്നിങ്ങനെ വിശ്രമിക്കാൻ സമയമില്ലെന്നതാണ് സ്ഥിതി.

അബ്ദുല്‍നാസര്‍ കഴിഞ്ഞ ഏപ്രില്‍
17നാണ്  കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. അബ്ദുൽ നാസറിനെ
കൂടാതെ സ്പെയിന്‍, ഇറ്റലി, യു.എസ്.എ, ആസ്ത്രേലിയ, യു.കെ., അയർലൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി 26
പർവതാരോഹകർ സംഘത്തിലുണ്ടായിരുന്നു.

മഞ്ഞ് മലയിലെ
പ്രതികൂല കാലാവസ്ഥയെ  ശാരീരിക ക്ഷമതയും ആത്മവീര്യവും കൊണ്ട് മറികടന്ന് 29,029 അടി ഉയരം മുപ്പത് ദിവസം കൊണ്ട് താണ്ടിയാണ് നാസര്‍ ദൗത്യം പൂര്‍ത്തീകരിച്ച് എവസ്റ്റിന് മുകളില്‍ വിജയക്കൊടി പാറിച്ചത്.
ഈ സംഘത്തിലെ മറ്റൊരു ഇന്ത്യക്കാരനായ രവി താക്കര്‍ ദൗത്യത്തിനിടെ മരണപ്പെടുകയും അയര്‍ലൻഡുകാരനായ   ലോലെസ്സിനെ കാണാതാവുകയും ചെയ്തിരുന്നു.

സഞ്ചാരവും സാഹസികതയും സിരകളിൽ എന്നുമുണ്ടായിരുന്ന അബ്ദുൽ നാസർ  2015ലും 2018ലും  ‍ എവറസ്റ്റിനടുത്തെത്തിയിരുന്നു. എവറസ്റ്റ്  ബൈസ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയ ശേഷമാണ് മടങ്ങിയത്.

പിന്നിട്ട വഴിത്താരകൾ സുഗമമായിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ദുർബ്ബലമായിരുന്നതിനാൽ ഏറെ ക്ലേശിച്ചാണ് നാളുന്തിയിരുന്നത്.
പട്ടാമ്പി ഗവ.കോളേജിൽ ബി.കോം വിദ്യാർത്ഥിയായിരുന്നു അബ്ദുൽ നാസർ.
ആറാം റാങ്ക് നേടിയാണ് ബി.കോം പാസായത്. പിന്നീട് സി.എ.പാസായത് വഴിത്തിരിവായി. കാമ്പസ് സെലക്ഷനിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഭോപ്പാലിൽ നിയമനം ലഭിച്ചു. ഇപ്പോൾ ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്നു.

തിരക്കുപിടിച്ച ജോലിക്കിടയിലും നാസർ  സാഹസികത കൈവിട്ടില്ല. 2018ൽ മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അയേൺമാൻ പട്ടം സ്വന്തമാക്കി. 3.8 കി.മീറ്റർ കടലിലൂടെ നീന്തൽ, 180 കിമീറ്റർ സൈക്കിൾ ചവിട്ടൽ, 42.2 കി.മീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂർത്തിയാക്കുന്നവർക്കാണ് അയേൺമാൻ പട്ടം ലഭിക്കുക. അബ്ദുൽ നാസറാവട്ടെ 14 മണിക്കൂറും 57 മിനുറ്റുമെടുത്ത് മത്സരം പൂർത്തിയാക്കിയാണ് റിക്കാർഡ് ഭേദിച്ചത്. ഇതിനു പുറമെ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ഫാൽക്കൺ അവാർഡും നാസറിന് ലഭിച്ചിട്ടുണ്ട്‌.

1953 മേയ് 29ന് ന്യൂസിലാൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാൾ സ്വദേശി ടെൻസിങും എവറസ്റ്റ് കീഴടക്കിയതോടെയാണ് ലോകമെങ്ങുമുള്ള സാഹസികർ ഉയരങ്ങൾ പൊരുതിക്കയറാൻ തുടങ്ങിയത്. എഡ്മണ്ട് ഹിലരിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും തോറ്റു പിന്മാറാതെ ഉയർന്ന പർവതത്തെ അദ്ദേഹം കാൽക്കീഴിൽ ചെറുതാക്കുകയായിരുന്നു.
അബ്ദുൽ നാസറും ഹിലരിയെ പിൻപറ്റിയാണ് ഉയരങ്ങൾ കാൽക്കീഴിലാക്കിയത്. രണ്ടുവട്ടം പിൻമാറേണ്ടി വന്നിട്ടും കൂടുതൽ ഗൃഹപാഠം ചെയ്ത് തീവ്രാഭിലാഷം പൂർത്തിയാക്കുകയായിരുന്നു.

മതപണ്ഡിതനും
വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് അറബിക് കോളേജ് പ്രഫസറുമായ പി.കുഞ്ഞഹമ്മദ് മുസ്ലിയാർ (സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ്)
നഫീസ ദമ്പതികളുടെ മകനായ നാസര്‍
ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്.
അന്താരാഷ്ട്ര തലത്തില്‍   മോട്ടിവേഷനല്‍ സ്പീക്കര്‍, ട്രെയ്നര്‍ എന്നീ രംഗത്തും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
'ദി റോഡ് ലെസ് ട്രാവല്‍ഡ്' എന്ന പുസ്തകവും നാസര്‍ പുറത്തിറക്കിയിട്ടുണ്ട്.
അബ്ദുൽ നാസറിന്റെ ജീവിത വിജയഗാഥകൾ വരും തലമുറകൾക്ക് പ്രചോദനമാവുന്നതിനു വേണ്ടി പാഠ പുസ്തകത്തിലുൾപ്പെടുത്തണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

Sunday, 2 June 2019

പുതിയ അധ്യയന വസന്തം വിടരുമ്പോൾ...

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന്റെ ശംഖൊലിയുമായാണ് ഇത്തവണ അക്ഷര കേരളത്തിൽ പുതിയ അധ്യയന വസന്തം വിടരുന്നത്.
സംസ്ഥാനത്ത് ഖാദർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം വന്നു കഴിഞ്ഞു.
ദേശീയ തലത്തിലാവട്ടെ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി പൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്ന കസ്തൂരി രംഗൻ സമിതിയുടെ റിപ്പോർട് കേന്ദ്ര ഗവ.ന്റെ പരിഗണനയിലുമാണ്. ഒരേ സമയം സംസ്ഥാനത്തും ദേശീയ തലത്തിലും വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന്റെ മണി മുഴങ്ങി കഴിഞ്ഞു.

കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയറക്ടരേറ്റുകൾ ലയിപ്പിച്ച് ഉത്തരവിറങ്ങി കഴിഞ്ഞു.
ഇതോടെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനത്തിന്റെ ആദ്യഘട്ടം നിലവിൽ വന്നു.
മൂന്ന് ഡയറക്ടരേറ്റുകളും ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ(ഡി.ജി.ഇ) എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇതിന്റെ മേധാവിയായി കെ.ജീവൻ ബാബുവിനെ കഴിഞ്ഞ ദിവസം സർക്കാർ നിയമിച്ചു. സർക്കാർ സർവീസിലെ ജോയിന്റ് സെക്രട്ടരി റാങ്കിന് തുല്യമാണ് പുതിയ ഡി.ജി.ഇ.മേധാവിയുടെ തസ്തിക.
പൊതു വിദ്യാഭ്യാസ,
ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. എന്നിവക്ക് കീഴിലുണ്ടായിരുന്ന മൂന്ന് പരീക്ഷാ വിഭാഗങ്ങളും ഏകീകരിച്ചു കൊണ്ട് ഡി.ജി.ഇ.യെ തന്നെ പരീക്ഷാ കമീഷണറായും നിയമിച്ചു. 

അതേ സമയം ഏകീകരണത്തിനെതിരെ ചില അധ്യാപകരിലും അധ്യാപക സംഘടനകളിലും  ആശങ്കകളുണ്ട്.
അതിന് അടിസ്ഥാനമില്ലെന്നാണ്  സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  ഏകീകരണം നടപ്പാക്കിയാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സ്‌കൂള്‍ ക്ലാസുകളിലും പഠിപ്പിക്കേണ്ടി വരും എന്നതാണ് എതിര്‍പ്പിനു കാരണമായി ഉയര്‍ത്തുന്ന ഏറ്റവും പ്രധാന വാദം.
അങ്ങനെ സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ആവർത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും
ഈ പ്രചാരണം തുടരുന്നതിന് കാരണം രാഷ്ട്രീയമായ ദുഷ്ടലാക്കാണ് എന്നും സർക്കാർ പറയുന്നു.

നിലവിലുള്ള എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ അതുപോലെ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഉള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായിരിക്കും സ്‌കൂള്‍ മേധാവി.
ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. സ്‌കൂളിന്റെ ഭരണചുമതല കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പലിന് അധ്യയനച്ചുമതല കൂടി വഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കാന്‍ ജൂനിയര്‍ എച്ച്.എസ്.ടി.ടി.യെയൊ ഗസ്റ്റ് ലക്ചററെയൊ ഉപയോഗിക്കും.
അതുപോലെ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഓഫീസോ ഓഫീസ് ജീവനക്കാരോ ഇല്ല. ഏകീകരണം വരുന്നതോടെ ഓഫീസ് സംവിധാനം സ്‌കൂളിനു മൊത്തത്തില്‍ ലഭിക്കും.
സാധാരണ നിലയില്‍ ഇത് ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്വാഗതം ചെയ്യേണ്ട ഘടനാ മാറ്റമാണെന്നാണ് സർക്കാർ വാദം.
കാരണം, ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഇതുവരെ ലഭിക്കാതിരുന്ന സൗകര്യങ്ങള്‍ ലഭിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുകയും ചെയ്യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കപ്പെടും.
ഒരു സ്‌കൂളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമെല്ലാം പൂര്‍ണമായും അവസാനിക്കും.
പരീക്ഷാ നടത്തിപ്പും മാറും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മൂന്ന് വിഭാഗങ്ങള്‍ക്കും പൊതുപരീക്ഷാ കമീഷണറാകും.
കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുന്ന നിര്‍ദ്ദേശമാണ് ഇതും. അധ്യാപക-അനധ്യാപകരുടെ നിലവിലെ സേവന-വേതന വ്യവസ്ഥകളിലോ ജോലിഭാരത്തിലോ ഒരു മാറ്റവും ഏകീകരണം വഴി സംഭവിക്കുകയില്ല എന്നിരിക്കെയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന വ്യാജ പ്രചാരണവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സർക്കാർ പറയുന്നു.
നാടിനു ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് ഖാദര്‍ കമ്മിഷന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഏതെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തുറന്ന മനസാണ് സര്‍ക്കാരിനെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ വഴികള്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറയുന്നു.

കസ്തൂരി രംഗൻ സമിതി റിപ്പോർട് ഊന്നൽ നൽകുന്നത് വിനോദ വിദ്യാഭ്യാസ രീതിയാണ്.
10+2 രീതി മാറ്റി 5+3+3+4 എന്ന ക്രമത്തിൽ 18 വയസ് വരെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നു.
മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികൾ പ്രാഥമിക ഘട്ടത്തിലും എട്ടു മുതൽ പതിനൊന്നുവരെ രണ്ടാം ഘട്ടത്തിലും 11മുതൽ14 വരെയുള്ളവർ മൂന്നാം ഘട്ടത്തിലും 14മുതൽ18 വരെയുള്ളവർ നാലാം ഘട്ടത്തിലുമാണ്.
പ്രീ പ്രൈമറി മൂന്നു വർഷമായി നിജപ്പെടുത്തി. ഒന്ന്, രണ്ട് ക്ലാസുകൾ ഉൾപ്പെടെയുള്ള അഞ്ച് വർഷമാണ് ഒന്നാം ഘട്ടം.
മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ രണ്ടാം ഘട്ടത്തിലും ആറ്, ഏഴ്, എട്ട് ക്ലാസുകൾ മൂന്നാം ഘട്ടത്തിലും ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ നാലാം ഘട്ടത്തിലുമാണ്.
ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെ പഠനം സാധ്യമാവുന്ന വിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കുക. രണ്ടാം ഘട്ടത്തിൽ ഓരോ വർഷവും സെമസ്റ്ററുകളായി തിരിക്കും.
പാഠ്യപദ്ധതിയും അധ്യയന രീതിയും ഉടച്ചുവാർക്കണമെന്നാണ് കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നത്.
പുതിയ പദ്ധതികൾ നടപ്പാക്കാൻ ദേശീയ ശിക്ഷ ആയോഗ് എന്ന ഉന്നതാധികാര സ്ഥാപനം രൂപീകരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഏതായാലും പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത്  ഏകീകരണത്തിന്റെയും വികേന്ദ്രീകരണത്തിന്റേയും പേരിൽ വാദ കോലാഹലങ്ങൾ ഉയരുമെന്നുറപ്പാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്ഷര കേരളം വളരെയേറെ മുന്നിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ ലൈബ്രറിയും, ആധുനിക ശുചിമുറികളും, സ്കൂൾ റേഡിയോയും സ്കൂൾ സിനിമയുമെല്ലാം വന്നതോടെ  പഴയ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ തന്നെ മാറി.
പണ്ട് പള്ളിക്കൂടങ്ങളിൽ മൂത്രപ്പുരയോ കുടിവെള്ള മോ കാറ്റടിച്ചാൽ വീഴാത്ത കെട്ടിടമോ വിരളമായിരുന്നുവെന്ന് നമുക്കറിയാം.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിൽ ഓരോ വർഷവും വൻ കുതിപ്പുണ്ടാവുകയും ചെയ്തു. എന്നാൽ വിജയശതമാനം ഉയരുന്നതിന് അനുസൃതമായി കുട്ടികളുടെ പ്രായോഗിക നിലവാരം ഉയരുന്നില്ലെന്ന് കാണേണ്ടതുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കഴിയുന്നില്ല. വാണിജ്യ ബാങ്കിലോ തപാൽ ഓഫീസിലോ ചെന്നാൽ ഒരു ചലാൻ ഫോറമോ മണിയോർഡർ ഫോറമോ പൂരിപ്പിക്കാനറിയാതെ കുട്ടികൾ ഇരുട്ടിൽ തപ്പുന്നത് പതിവ് കാഴ്ചയാണ്. മാതൃഭാഷയിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കേണ്ടി വന്നാലും സ്ഥിതി ഇതുതന്നെയാണ്. പതിനഞ്ച് വർഷത്തിലേറെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടുന്ന ഒരു വിദ്യാർത്ഥിക്ക് പ്രാഥമിക കാര്യങ്ങളിൽ അറിവില്ലെന്ന് വരുന്നത് നീതീകരിക്കാൻ കഴിയില്ല. ആൾ പ്രമോഷൻ സമ്പ്രദായം വന്നതിനു ശേഷമാണ് ഇത്തരം ദുരവസ്ഥ ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടി പഠിച്ചാലും ഇല്ലേലും ലിഫ്റ്റിൽ കയറിയ പോലെ പത്തിലോ പന്ത്രണ്ടിലോ ചെന്നു വീഴുകയാണ്. ക്ലാസിൽ ഹാജർ പറയുന്നവരെല്ലാം ഉപരി പഠന യോഗ്യത നേടിയവരായി മാറുന്നു. അതു കൊണ്ടു തന്നെ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യാവലിക്ക് മുന്നിൽ അന്തം വിടുന്ന കാഴ്ചയും കാണേണ്ടി വരുന്നു.
പരീക്ഷാ ഫലങ്ങളുടെ വിജയശതമാന കുതിപ്പിനെപ്പറ്റി ഊറ്റം കൊള്ളുമ്പോൾ ബോധന നിലവാര തകർച്ചയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്.
ഖാദർ കമ്മിറ്റിയും കസ്തൂരി രംഗനും ചർച്ച ചെയ്യപ്പെടുമ്പോൾ ഇക്കാര്യം കൂടി കൂട്ടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



Wednesday, 15 May 2019

സ്വച്ഛ് ഭാരത്, മാലിന്യ മുക്ത കേരളം തുടങ്ങിയ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് ആരാണ്?   

തപാൽ വകുപ്പ് തന്നെ.
തപാൽ വകുപ്പിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് വൽക്കരണമാണ് നടന്നു വരുന്നത്.
ഫ്ലക്സ് നിരോധിച്ച സമയത്താണ് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ പരസ്യം ഫ്ലക്സിൽ നാടാകെ നിറഞ്ഞത്.
മെയിൽബാഗ് മുഴുവൻ നേരത്തെ തന്നെ പ്ലാസ്റ്റിക് ആണ്. ബുക്പോസ്റ്റ് കവറുകൾ, പാർസലുകൾ എന്നിവ പ്ലാസ്റ്റിക് ആണ്. Regd/Speed ബാഗുകൾ കെട്ടുന്ന ടാഗുകൾ പ്ലാസ്റ്റിക്കാണ്. പുതിയ ടാഗുകൾ കുറെക്കൂടി പണം ചെലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്.
(ചിത്രം കാണുക)

ഇനി ഏറ്റവുമധികം
ഇ-മാലിന്യങ്ങൾ തള്ളുന്നതും തപാൽ ഓഫീസ് തന്നെയാവും. ഒന്നിനും കൊള്ളാത്ത ഒന്നര ലക്ഷത്തില്പരം ഡിവൈസുകൾ എവിടെ തള്ളും?

ഓരോ ഓഫീസിലും വന്നു വീഴുന്ന ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ എവിടെ, എങ്ങിനെ സംസ്ക്കരിക്കും?

ഇവ കത്തിച്ചാലുണ്ടാവുന്ന മാരകമായ വാതകവും ജീവനക്കാർ തന്നെ ആവാഹിക്കണമല്ലൊ!
ഈ രീതിയിൽ പ്ലാസ്റ്റിക്ക് വൽക്കരണം നടത്താൻ തപാൽ വകുപ്പിന് യഥേഷ്ടം പണമുണ്ട്.

Gdsകാർക്ക് പത്തു രൂപ അലവൻസ് കൂട്ടി ചോദിച്ചാൽ നഷ്ടത്തിന്റെ പെരുമ്പറ മുഴക്കും. തപാൽ വകുപ്പ് അറബികടലിലും ബംഗാൾ ഉൾക്കടലിലും മുങ്ങിപ്പോകുമെന്ന് കോടതിയിൽ പോലും സത്യവാങ്മൂലം നൽകും.

കേന്ദ്ര ഗവ.ന്റെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള യുദ്ധം ആദ്യം തുടങ്ങേണ്ടത് തപാൽ വകുപ്പിൽ നിന്നാണ്.
അതിന് ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങണം.

Saturday, 11 May 2019

മറക്കാൻ കഴിയുമോ മാമ്പഴം!
വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ജന്മദിനം ഇന്ന് (മേയ് 11 )




മലയാളിയുടെ കാവ്യാസ്വാദന ഭൂമികയിൽ മാമ്പൂക്കൾ വിതറിയ മഹാകവിയുടെ പിറന്നാൾ ഇന്ന്.
ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ.

1911 മെയ്‌ 11ന് ജനനം.
1985 ഡിസംബർ 22ന് മരണം.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനാണ് മഹാകവി. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനു
ശേഷം 1931ൽ തെരഞ്ഞെടുത്തത് അധ്യാപനവൃത്തി.  തുടർന്ന് ഭാനുമതിയെ പരിണയിച്ചു.
രണ്ട്‌ ആൺമക്കൾ: ശ്രീകുമാർ, വിജയകുമാർ.
1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളിയെന്ന് നിരൂപകർ പറയുന്നു.  എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനാണ് ഈ മാമ്പഴ കവി. മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയത് വൈലോപ്പിള്ളിയാണ്. കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ കവിത വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നുവെന്ന് സഹൃദയർ പരിതപിക്കുന്നു.
ആ ഓർമകളുടെ മുന്നിൽ മലയാളത്തിന്റെ പ്രണാമം.