Friday, 21 June 2019


ഇരുട്ടിന്റെ മറവിൽ പുറത്തുചാടുന്ന  പെൺമുറിവുകളുമായി മാർജ്ജാരം.

തുറന്നെഴുത്തിന്റെ വർത്തമാനകാലത്താണ് രചന മഠത്തിൽ എഴുതിയ  മാർജ്ജാരം എന്ന പുസ്തകം വായനക്ക് ലഭിച്ചത്. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥാഗ്രന്ഥത്തോട് ചേർന്നു നിൽക്കുന്ന കൃതിയാണ് മാർജ്ജാരം.
വർഷങ്ങൾക്കു മുമ്പ് വായിച്ച 'കവിയുടെ കാൽപ്പാടുകൾ' എന്ന കൃതി ഇന്നുമെന്റെ മനസിൽ മായാനദിയായി ഒഴുകുന്നുണ്ട്. അതിനു ശേഷം വായിക്കാനിടയായ ആത്മകഥാശ്രേണിയിലുള്ള മറ്റൊരു പുസ്തകം രചന മഠത്തിൽ എഴുതിയ മാർജ്ജാരമാണ്.

ഇന്ദുമേനോന്റെ ആമുഖം കടന്നാൽ ഇരുപത്തഞ്ച് തലക്കെട്ടിനു കീഴിൽ ചിതറികിടക്കുന്നത് ഓർമകളുടെ സംഗീതമാണ്. ഹൃദ്യമായ താളമായും വന്യമായ ഡമരുവിന്റെ മുരൾച്ചയായും അത് മാറുന്നു.

ഓരോ പെണ്ണിൻ്റെ ഉള്ളിലും മറ്റൊരാളുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് രചന എഴുത്തിലേക്ക് കടന്നു വരുന്നത്. ആളനക്കങ്ങൾ ഭയന്ന് ഇരുട്ടിൻ്റെ മറവിൽ മാത്രം പുറത്തു ചാടുന്ന ഒരു കറുത്ത പൂച്ചക്കുഞ്ഞ് രചനയുടെ എഴുത്തിലുണ്ട്.
ആ കറുത്ത പൂച്ചക്കുഞ്ഞിനെ  സ്നേഹിക്കുമ്പോഴും കാമിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൾക്കു മാത്രം കേൾക്കാവുന്ന ഭാഷയിൽ മുരണ്ടു കൊണ്ട് മനസ്സിൻ്റെ ഏതോ ഒരു ഇരുൾ മൂലയിൽ അത് പതുങ്ങി കിടക്കും. അപ്പോഴും വിരൽതുമ്പിൽ വായനക്കാരെ മുറിവേൽപ്പിക്കാൻ കൂർത്ത പൂച്ച നഖങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും.

നേദ്യം എന്ന ആദ്യ രചനയിൽ പരിചയപ്പെടുത്തുന്നത് പിതാവിനാൽ ഭോഗിക്കപ്പെട്ട ഒരു പെൺകുട്ടിയെയാണ്. വിയർപ്പ് കാലത്ത് കൺപോളയിൽ പൊടുന്നനെ പൊട്ടി മുളച്ച് വേദനിപ്പിക്കുന്ന ചൂടു കുരുപോലെ, നാറുന്ന ചലം നിറഞ്ഞ് വിങ്ങി വീർത്ത ഒരു മനസ് കൊണ്ട് നടക്കുന്നവൾ.
മാർജ്ജാരം അവൾക്കുള്ള ദക്ഷിണയാണ് എന്ന് ഗ്രന്ഥകാരി പറയുന്നു.
വാക്കുകളിൽ വായനക്കാരനെ പോറലേൽപ്പിക്കാൻ ഉതകുന്ന മുനകൾ ഒളിച്ചിരിപ്പുണ്ടെന്ന സത്യം നാം ഓരോ വരിയിലും  തിരിച്ചറിയുന്നു. 

ദേശം എന്ന രചന തുടങ്ങുന്നത് സ്ഥലനാമത്തിന് പ്രസക്തിയില്ല എന്നു പറഞ്ഞു കൊണ്ടാണ്. കുന്നുകളാൽ ചുറ്റപ്പെട്ട ഒരിടം. ദൂരെ കുമ്പിടി കുന്നിന്റെ പള്ളയിലൂടെ ചേരട്ടയെ പോലെ അരിച്ചു നീങ്ങുന്ന തീവണ്ടി കാണാം. കണ്ണാന്തളികൾ നിറഞ്ഞ താണിയപ്പൻ കുന്നും, പൂതങ്ങളും ഭഗവതികളും ചാത്തന്മാരും നായാടികളും, പറയന്മാരും, ഭ്രാന്തന്മാരും കാവലിരിക്കുന്ന അനേകം കുന്നുകൾക്ക് ഒരൊറ്റ പ്രണയിനിയായി നിള ഒഴുകുന്നു. വർഷക്കാലത്ത് എല്ലാ കുന്നുകളയും വാരിപ്പുണർന്ന് നിള ഒഴുകും. ചിലപ്പോൾ ചിലരെ മാത്രം തൊട്ടുരുമ്മി ചിരിച്ചു കുഴഞ്ഞാടി ഒഴുകി നീങ്ങും. ഇടയ്ക്ക് കരഞ്ഞു തളർന്ന് ഏതെങ്കിലും കുന്നിന്റെ കാൽചുവട്ടിൽ ഉറങ്ങി കിടക്കും.
ജനിച്ചു വളർന്ന നാട് എല്ലാവർക്കും എപ്പോഴും ഗൃഹാതുരത്വം തുളുമ്പി നിൽക്കുന്ന ഒരു സ്വപ്നഭൂമിയാണ്. രചനയുടെ കുറിപ്പുകളിൽ മഞ്ഞവെളിച്ചം പരത്തുന്ന ബൾബുകൾ കത്തിക്കിടക്കുന്ന ഒരു ഗ്രാമം ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമമാണത്.  രചനയുടെ ജന്മഗ്രാമം.

പടിപ്പുരകളും ഉരൽപ്പുരയും മുകളിലെ പത്തായ മുറികളും സമ്പന്നമാക്കിയ ഒരു നാലുകെട്ടും, കാവും കുളവും. പിന്നെ കാലഭേദങ്ങൾക്ക് അനുസരിച്ച് വർണ്ണങ്ങൾ മാറുന്ന കുന്നുകളും നിറഞ്ഞ ഒരു ഗ്രാമം. അവിടെ മഠത്തിൽ തറവാട്ടിൽ കിഴുപ്പള്ളി ശിവരാമൻ, മഠത്തിൽ പങ്കജം ദമ്പതികളുടെ ഒറ്റ മകളായി ജനിച്ച രചനയെ ഈ ചുറ്റുവട്ടങ്ങൾ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.

എന്റെ മഴകൾ എന്ന കുറിപ്പിൽ തോരാ മഴയുടെ നിറകാഴ്ചകൾ കാണാം. പ്രണയത്തിന്റെ പുതുമണമുള്ള ചാറ്റൽ മഴ, കുസൃതികളുടെ ചിരി മഴ, കന്യാസ്ത്രീ മഴ, നീളൻ മഴ, പ്രണയനഷ്ടത്തിന്റെ കണ്ണീർ മഴ...
യാത്രകളും മഴയും പരസ്പര പൂരകങ്ങൾ ആണ് പലപ്പോഴും. എൻ്റെ മഴകൾ എന്ന കുറിപ്പ് വായിക്കുമ്പോൾ ഒരു വേള നമ്മളും മഴ നനഞ്ഞുവോ എന്ന് തോന്നിപ്പോവും.

സ്റ്റേറ്റ് ബാങ്കിൽ ജോലി ലഭിച്ച ശേഷമാണ് ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് തൻ്റെ ചിന്തകൾ കുറിച്ചിടാനായി "മാർജ്ജാരം "എന്ന പേരിൽ രചന ബ്ലോഗെഴുത്ത് തുടങ്ങിയത്. ഒത്തിരി ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന ആ കുറിപ്പുകൾ വർത്തമാനം ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിമാളു എന്ന് വിളിക്കുന്ന നിവേദ്യ മകളാണ്. മകളാണ് തന്നെക്കൊണ്ട് എഴുതിക്കുന്നത് എന്നും അവളില്ലാതെ ഞാനില്ല എന്നും സ്നേഹം തുളുമ്പുന്ന വാക്കുകളിൽ രചന കൂട്ടിച്ചേർക്കുന്നു.
ഓരോ മലയാളിയും മാർജ്ജാരം വായിക്കണം. നെരൂദയുടെ കവിതയെഴുത്ത് പോലെ ഇത് വായനക്കാരെ ആഹ്ലാദിപ്പിക്കും. വായനയുടെ മധുരവും കയ്പും ലഹരിയും പാദസര കിലുക്കവും ഉന്മാദവും നോവും നൊമ്പരവും എല്ലാം മാർജ്ജാരത്തിലുണ്ട്.  ഇടക്കെങ്കിലും ചോര പൊടിയുന്നുണ്ടെങ്കിൽ ക്ഷമിക്കുക.

...ടിവിഎം അലി...

No comments: