Sunday, 2 June 2019

പുതിയ അധ്യയന വസന്തം വിടരുമ്പോൾ...

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന്റെ ശംഖൊലിയുമായാണ് ഇത്തവണ അക്ഷര കേരളത്തിൽ പുതിയ അധ്യയന വസന്തം വിടരുന്നത്.
സംസ്ഥാനത്ത് ഖാദർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം വന്നു കഴിഞ്ഞു.
ദേശീയ തലത്തിലാവട്ടെ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി പൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്ന കസ്തൂരി രംഗൻ സമിതിയുടെ റിപ്പോർട് കേന്ദ്ര ഗവ.ന്റെ പരിഗണനയിലുമാണ്. ഒരേ സമയം സംസ്ഥാനത്തും ദേശീയ തലത്തിലും വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന്റെ മണി മുഴങ്ങി കഴിഞ്ഞു.

കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയറക്ടരേറ്റുകൾ ലയിപ്പിച്ച് ഉത്തരവിറങ്ങി കഴിഞ്ഞു.
ഇതോടെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനത്തിന്റെ ആദ്യഘട്ടം നിലവിൽ വന്നു.
മൂന്ന് ഡയറക്ടരേറ്റുകളും ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ(ഡി.ജി.ഇ) എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇതിന്റെ മേധാവിയായി കെ.ജീവൻ ബാബുവിനെ കഴിഞ്ഞ ദിവസം സർക്കാർ നിയമിച്ചു. സർക്കാർ സർവീസിലെ ജോയിന്റ് സെക്രട്ടരി റാങ്കിന് തുല്യമാണ് പുതിയ ഡി.ജി.ഇ.മേധാവിയുടെ തസ്തിക.
പൊതു വിദ്യാഭ്യാസ,
ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. എന്നിവക്ക് കീഴിലുണ്ടായിരുന്ന മൂന്ന് പരീക്ഷാ വിഭാഗങ്ങളും ഏകീകരിച്ചു കൊണ്ട് ഡി.ജി.ഇ.യെ തന്നെ പരീക്ഷാ കമീഷണറായും നിയമിച്ചു. 

അതേ സമയം ഏകീകരണത്തിനെതിരെ ചില അധ്യാപകരിലും അധ്യാപക സംഘടനകളിലും  ആശങ്കകളുണ്ട്.
അതിന് അടിസ്ഥാനമില്ലെന്നാണ്  സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  ഏകീകരണം നടപ്പാക്കിയാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സ്‌കൂള്‍ ക്ലാസുകളിലും പഠിപ്പിക്കേണ്ടി വരും എന്നതാണ് എതിര്‍പ്പിനു കാരണമായി ഉയര്‍ത്തുന്ന ഏറ്റവും പ്രധാന വാദം.
അങ്ങനെ സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ആവർത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും
ഈ പ്രചാരണം തുടരുന്നതിന് കാരണം രാഷ്ട്രീയമായ ദുഷ്ടലാക്കാണ് എന്നും സർക്കാർ പറയുന്നു.

നിലവിലുള്ള എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ അതുപോലെ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഉള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായിരിക്കും സ്‌കൂള്‍ മേധാവി.
ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. സ്‌കൂളിന്റെ ഭരണചുമതല കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പലിന് അധ്യയനച്ചുമതല കൂടി വഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കാന്‍ ജൂനിയര്‍ എച്ച്.എസ്.ടി.ടി.യെയൊ ഗസ്റ്റ് ലക്ചററെയൊ ഉപയോഗിക്കും.
അതുപോലെ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഓഫീസോ ഓഫീസ് ജീവനക്കാരോ ഇല്ല. ഏകീകരണം വരുന്നതോടെ ഓഫീസ് സംവിധാനം സ്‌കൂളിനു മൊത്തത്തില്‍ ലഭിക്കും.
സാധാരണ നിലയില്‍ ഇത് ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്വാഗതം ചെയ്യേണ്ട ഘടനാ മാറ്റമാണെന്നാണ് സർക്കാർ വാദം.
കാരണം, ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഇതുവരെ ലഭിക്കാതിരുന്ന സൗകര്യങ്ങള്‍ ലഭിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുകയും ചെയ്യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കപ്പെടും.
ഒരു സ്‌കൂളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമെല്ലാം പൂര്‍ണമായും അവസാനിക്കും.
പരീക്ഷാ നടത്തിപ്പും മാറും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മൂന്ന് വിഭാഗങ്ങള്‍ക്കും പൊതുപരീക്ഷാ കമീഷണറാകും.
കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുന്ന നിര്‍ദ്ദേശമാണ് ഇതും. അധ്യാപക-അനധ്യാപകരുടെ നിലവിലെ സേവന-വേതന വ്യവസ്ഥകളിലോ ജോലിഭാരത്തിലോ ഒരു മാറ്റവും ഏകീകരണം വഴി സംഭവിക്കുകയില്ല എന്നിരിക്കെയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന വ്യാജ പ്രചാരണവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സർക്കാർ പറയുന്നു.
നാടിനു ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് ഖാദര്‍ കമ്മിഷന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഏതെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തുറന്ന മനസാണ് സര്‍ക്കാരിനെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ വഴികള്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറയുന്നു.

കസ്തൂരി രംഗൻ സമിതി റിപ്പോർട് ഊന്നൽ നൽകുന്നത് വിനോദ വിദ്യാഭ്യാസ രീതിയാണ്.
10+2 രീതി മാറ്റി 5+3+3+4 എന്ന ക്രമത്തിൽ 18 വയസ് വരെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നു.
മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികൾ പ്രാഥമിക ഘട്ടത്തിലും എട്ടു മുതൽ പതിനൊന്നുവരെ രണ്ടാം ഘട്ടത്തിലും 11മുതൽ14 വരെയുള്ളവർ മൂന്നാം ഘട്ടത്തിലും 14മുതൽ18 വരെയുള്ളവർ നാലാം ഘട്ടത്തിലുമാണ്.
പ്രീ പ്രൈമറി മൂന്നു വർഷമായി നിജപ്പെടുത്തി. ഒന്ന്, രണ്ട് ക്ലാസുകൾ ഉൾപ്പെടെയുള്ള അഞ്ച് വർഷമാണ് ഒന്നാം ഘട്ടം.
മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ രണ്ടാം ഘട്ടത്തിലും ആറ്, ഏഴ്, എട്ട് ക്ലാസുകൾ മൂന്നാം ഘട്ടത്തിലും ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ നാലാം ഘട്ടത്തിലുമാണ്.
ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെ പഠനം സാധ്യമാവുന്ന വിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കുക. രണ്ടാം ഘട്ടത്തിൽ ഓരോ വർഷവും സെമസ്റ്ററുകളായി തിരിക്കും.
പാഠ്യപദ്ധതിയും അധ്യയന രീതിയും ഉടച്ചുവാർക്കണമെന്നാണ് കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നത്.
പുതിയ പദ്ധതികൾ നടപ്പാക്കാൻ ദേശീയ ശിക്ഷ ആയോഗ് എന്ന ഉന്നതാധികാര സ്ഥാപനം രൂപീകരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഏതായാലും പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത്  ഏകീകരണത്തിന്റെയും വികേന്ദ്രീകരണത്തിന്റേയും പേരിൽ വാദ കോലാഹലങ്ങൾ ഉയരുമെന്നുറപ്പാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്ഷര കേരളം വളരെയേറെ മുന്നിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ ലൈബ്രറിയും, ആധുനിക ശുചിമുറികളും, സ്കൂൾ റേഡിയോയും സ്കൂൾ സിനിമയുമെല്ലാം വന്നതോടെ  പഴയ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ തന്നെ മാറി.
പണ്ട് പള്ളിക്കൂടങ്ങളിൽ മൂത്രപ്പുരയോ കുടിവെള്ള മോ കാറ്റടിച്ചാൽ വീഴാത്ത കെട്ടിടമോ വിരളമായിരുന്നുവെന്ന് നമുക്കറിയാം.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിൽ ഓരോ വർഷവും വൻ കുതിപ്പുണ്ടാവുകയും ചെയ്തു. എന്നാൽ വിജയശതമാനം ഉയരുന്നതിന് അനുസൃതമായി കുട്ടികളുടെ പ്രായോഗിക നിലവാരം ഉയരുന്നില്ലെന്ന് കാണേണ്ടതുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കഴിയുന്നില്ല. വാണിജ്യ ബാങ്കിലോ തപാൽ ഓഫീസിലോ ചെന്നാൽ ഒരു ചലാൻ ഫോറമോ മണിയോർഡർ ഫോറമോ പൂരിപ്പിക്കാനറിയാതെ കുട്ടികൾ ഇരുട്ടിൽ തപ്പുന്നത് പതിവ് കാഴ്ചയാണ്. മാതൃഭാഷയിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കേണ്ടി വന്നാലും സ്ഥിതി ഇതുതന്നെയാണ്. പതിനഞ്ച് വർഷത്തിലേറെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടുന്ന ഒരു വിദ്യാർത്ഥിക്ക് പ്രാഥമിക കാര്യങ്ങളിൽ അറിവില്ലെന്ന് വരുന്നത് നീതീകരിക്കാൻ കഴിയില്ല. ആൾ പ്രമോഷൻ സമ്പ്രദായം വന്നതിനു ശേഷമാണ് ഇത്തരം ദുരവസ്ഥ ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടി പഠിച്ചാലും ഇല്ലേലും ലിഫ്റ്റിൽ കയറിയ പോലെ പത്തിലോ പന്ത്രണ്ടിലോ ചെന്നു വീഴുകയാണ്. ക്ലാസിൽ ഹാജർ പറയുന്നവരെല്ലാം ഉപരി പഠന യോഗ്യത നേടിയവരായി മാറുന്നു. അതു കൊണ്ടു തന്നെ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യാവലിക്ക് മുന്നിൽ അന്തം വിടുന്ന കാഴ്ചയും കാണേണ്ടി വരുന്നു.
പരീക്ഷാ ഫലങ്ങളുടെ വിജയശതമാന കുതിപ്പിനെപ്പറ്റി ഊറ്റം കൊള്ളുമ്പോൾ ബോധന നിലവാര തകർച്ചയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്.
ഖാദർ കമ്മിറ്റിയും കസ്തൂരി രംഗനും ചർച്ച ചെയ്യപ്പെടുമ്പോൾ ഇക്കാര്യം കൂടി കൂട്ടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



No comments: