Monday, 1 July 2019

വായന



നോവിൽ കിളിർത്ത വേരുകൾ.

പുസ്തക പ്രകാശനം നടന്ന ദിവസം തന്നെ എം.രവിയുടെ വേരുകളില്ലാത്ത നമ്മൾ എന്ന കവിതാ സമാഹാരം വായിക്കാൻ കഴിഞ്ഞു. ഇന്നലെ കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയ്നിൽ എറണാംകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പുസ്തകം വായനക്കെടുത്തത്.

1961ൽ ജനിക്കുകയും
29വർഷം നോവും നൊമ്പരവും പേറി ജീവിക്കുകയും,
1990ൽ കടുത്ത വ്യഥ സഹിക്കവയ്യാതെ,
'തോറ്റു പോയ ഞാനിനിയെങ്ങു പോയെന്താകുവാൻ' എന്നെഴുതി 'കള്ളവും ചതിയുമില്ലാത്തൊരു കളരിയിലേക്ക് നാട്യങ്ങളും കാപട്യങ്ങളും കൈവിട്ട് ' യാത്ര പോയ കവിയുടെ ഹൃദയതുടിപ്പുകളാണ് ഓരോ താളിലുമുള്ളത്.

പ്രസിദ്ധ വാദ്യകലാകാരൻ ചേലാത്ത് കൃഷ്ണൻകുട്ടി നായരുടേയും മൂത്തേടത്ത് സുലോചനയുടേയും ഒമ്പതു മക്കളിൽ നാലാമനായി ജനിച്ച രവി 29വർഷം മുമ്പാണ് ജീവൻ ഉപേക്ഷിച്ച് കടന്നു പോയത്. ദാരിദ്ര്യവും കഷ്ടപ്പാടും കലിതുള്ളിയ കുട്ടിക്കാലവും വ്യഥ മദിച്ച യൗവ്വനവുമാണ് രവിയെ വായനയുടെയും എഴുത്തിന്റെയും ശ്മശാനഭൂമിയിൽ എത്തിച്ചത്. ശവങ്ങളുറങ്ങുന്ന പറമ്പിലെ ഏകാന്തതയിലായിരുന്നു രവിക്ക് താല്പര്യം.
അവിടെ ചെന്നിരുന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്ന രവി, അച്ഛന്റെ ശിക്ഷണത്തിൽ സഹോദരനോടൊപ്പം കൊട്ട് പഠിച്ചിട്ടുണ്ട്. നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.

എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയിലെ പുസ്തകങ്ങളായിരുന്നു രവിയുടെ പ്രധാന കൂട്ട്. ചെസിലും കാൽപന്തുകളിയിലും കമ്പമുണ്ടായിരുന്നു.
കുറച്ചു കാലം ബഹറിൻ എയർപോർട്ടിലും മറ്റും ജോലി ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഹൃദിസ്ഥമാക്കിയിരുന്നു. കഷ്ടപ്പാടിന്നിടയിലും നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്നു.

എല്ലാറ്റിനും മീതെ ജീവിതത്തിലെ തീവ്ര നൊമ്പരങ്ങൾ ഫണം വിടർത്തുകയും, നിരാശയുടെ നീരാളിക്കൈകൾ വരിഞ്ഞുമുറുക്കുകയും ചെയ്തു കൊണ്ടിരുന്നു. ലോകത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ മരവിപ്പും ഒറ്റപ്പെടലും മരണ ചിന്തയും രവിയുടെ മനസിൽ ആധിപത്യം സ്ഥാപിച്ചു.
അതിനിടയിലും തോൽവിയുടെ തൊപ്പിയണിഞ്ഞ കവിയുടെ കവിതകൾ വിവിധ ആനുകാലികങ്ങളിൽ അച്ചടി മഷി പുരണ്ടു.

29 വർഷത്തിനു ശേഷം ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയാണ് രവിയുടെ കവിതകൾ കണ്ടെടുത്ത് പുസ്തകമാക്കി പുറത്തിറക്കിയത്. മൂത്തേടത്ത് ബാബുവിന്റെ പഴയ ശേഖരത്തിൽ നിന്നാണ് പതിനാറ് കവിതകൾ ലഭിച്ചത്.

എഴുത്തിന്റെ തീക്ഷ്ണ കാലഘട്ടത്തിനു മുമ്പുതന്നെ ജീവിത കുപ്പായമഴിച്ചുവെച്ച രവി തികച്ചും അസാധാരണ പ്രതിഭ തന്നെയായിരുന്നുവെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
കാലമെത്ര കഴിഞ്ഞാലും പ്രതിഭാസമ്പന്നനായ ഒരു എഴുത്തുകാരൻ തന്റെ കൃതിയിലൂടെ ജീവിക്കുമെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു.

'ചിന്ത കട കോലാക്കി
മനസ്സെന്ന പാലാഴിയെ
പല കാലം കടഞ്ഞാലെ
കവിത വരൂ ദൃഢം'
എന്നറിയാമായിരുന്നിട്ടും പാകമാകാൻ കാത്തു നിൽക്കാതെ, കാവ്യകൈരളിക്ക് കൂടുതൽ കനപ്പെട്ട കൃതികൾ നൽകാതെ
'എന്തെഴുതുവാനിനി-
യില്ല... ഭാവനയുടെ
ചേതന മരവിച്ചൊ-
രീമഹൽ സദസ്സാൽ ഞാൻ ' എന്ന് കുറിച്ച് കവി കീഴടങ്ങൽ പ്രഖ്യാപിക്കുകയായിരുന്നു.

വി.ഗിരീഷിന്റെ വരയും വി.വി.ഗണേഷ്, വി.വി.ഗംഗേഷ് എന്നിവരുടെ ഡിസൈനിങും, ടി.ടി.പ്രഭാകരന്റെ അവതാരികയും, ശിവൻ ആറങ്ങോട്ടുകരയുടെ സ്മരണയും വേരുകളില്ലാത്ത നമ്മൾ എന്ന പുസ്തകത്തിന് ഉൾക്കനമേകുന്നു. ഇങ്ങിനെ ഒരു പുസ്തകം പുറത്തിറക്കിയ ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയുടെ പ്രവർത്തകരോട് വായനാസമൂഹം കടപ്പെട്ടിരിക്കുന്നു.

/ടി വി എം അലി /

No comments: