1986 ജനുവരി മുതൽ ഏപ്രിൽ വരെ ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തുകയും 2001ൽ കഥാലയം ബുക്സ് പുസ്തകമായി പുറത്തിറക്കുകയും ചെയ്ത ഈസൻ മൂസ എന്ന ബാലനോവലിന് പ്രസിദ്ധ ബാലസാഹിത്യകാരനും ഗുരുനാഥനുമായ ശ്രീ.എം.എസ്.കുമാർ എഴുതിയ അവതാരിക.
കുട്ടികൾക്ക് വേണ്ടി എഴുതുക, അത് അത്ര പ്രയാസമുള്ള കാര്യമല്ല. കാക്കയുടെയും പൂച്ചയുടെയും കഥ പറഞ്ഞാൽ മതി. പഞ്ചതന്ത്രം കഥകളിൽ നിന്നോ കഥാസരിത്സാഗരം, നാടോടിക്കഥകൾ എന്നിവയിൽ നിന്നോ ഓരോ ശകലങ്ങൾ എടുത്തു തട്ടിക്കൂട്ടിയാൽ മതി.
ഇന്നത്തെ കുട്ടികളെ അറിയാത്ത വലിയവരുടെ ധാരണയാണിത്.
പൂർവ്വകാലത്തിന്റെ തുടർച്ചയായ നവീന കാലം പഴയതിന്റെ തുടർച്ചയല്ല. പുനരാവർത്തനവുമല്ല.
പുതിയ കുട്ടി പുതിയ കാലത്തിന്റെ സൃഷ്ടിയാണ്.
അവൻ നാളത്തെ ലോകത്തിന്റെ സ്രഷ്ടാവാണ്. അതുകൊണ്ട്, പണ്ടു പണ്ട്, ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു എന്നാവർത്തിച്ചാൽ മൂന്നു വയസുകാരൻ തൃപ്തനാകുന്നില്ല.
ഇന്നത്തെ രാജാവിന്റെ കഥ അവൻ ആവശ്യപ്പെടും.
മാറുന്ന കാലം അറിയുന്ന ഒരാൾക്കേ അവന്റെ മുന്നിൽ തുടരാനാവൂ.
കഥ കേൾക്കാൻ താല്പര്യം ഉണ്ടാവുന്ന കാലമേതാണ്? ഒന്നര വയസ്സു മുതൽ ഈ ജിജ്ഞാസ ആരംഭിക്കുന്നു.
കാക്കയും കുറുക്കനുമൊക്കെ ആദ്യകാല കഥാപാത്രങ്ങളാകാം. എന്നാൽ എന്നും ഈ മൃഗീയതയിൽ അവനെ തളച്ചിടാനാവില്ല.
അച്ഛനെയും അമ്മയേയും മറ്റു നിരവധി ബന്ധുക്കളെയും കൂട്ടുകാരെയും കാണുന്നവനാണ് കുട്ടി. ആധുനിക കുടുംബത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ, അമ്മാവൻ, മുത്തശ്ശി, വല്യേട്ടൻ, ചിറ്റമ്മ തുടങ്ങിയ കുടുംബ ബന്ധങ്ങൾ അവന് അജ്ഞാതമാണ്.
അവരിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടാൻ പുതിയ തലമുറക്ക് യോഗമില്ല. ആ സ്ഥാനങ്ങളിലൊക്കെ കടന്നു കയറാൻ തക്കവണ്ണം ബാല സാഹിത്യ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും വേണം.
''അത് ആരാ? ഇത് ആരാണ്?"
എന്ന് അന്വേഷിക്കുന്ന ബാലൻ അവരെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന പോലെ അവരുടെ കഥ അറിയാനും തൽപ്പരനാണ്.
ബാലസാഹിത്യം ഒരവശ്യ സാഹിത്യ ശാഖയായി സഹൃദയ ലോകം കണക്കാക്കുന്നുണ്ടോ? നമ്മുടെ ബാലസാഹിത്യം ശുഷ്കമാണ് എന്ന് വിലപിക്കുന്നവരുണ്ട്. ഓരോ ആഴ്ചയിലും ഇറങ്ങുന്ന ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളും, വിവിധ പ്രസാധകർ ഇറക്കുന്ന ബാലസാഹിത്യ കൃതികളും ശ്രദ്ധിക്കാതെ യാണ് ഈ മുതലക്കണ്ണീർ.
സാഹിത്യ നായകരിൽ ബാലസാഹിത്യകാരൻ അരക്കവിയാണ്. ബാലസാഹിത്യം എഴുതുന്ന ആൾക്ക് ഏതു സാഹിത്യശാഖയും വഴങ്ങും എന്നതിന് ഒട്ടേറെ ഉദാഹരണമുണ്ട്. ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ജനറൽ മെഡിസിനിലും പ്രാവീണ്യം നേടിയിരിക്കണം.
ഫാൻറസി അഥവാ അതിഭാവുകത്വം കുട്ടികളേറെ ഇഷ്ടപ്പെടുന്നു.
ഈ ഭാവനാത്മകതയിൽ നിന്ന് അവരെ യാഥാർഥ്യങ്ങളിലേക്കും അതുവഴി ഉന്നതങ്ങളായ ക്ലാസിക് കൃതികളുടെ വായനാതലങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരണം.
പാഠപുസ്തകങ്ങളും ബഹുവിധ സിലബസുകളും ഭാഷാ മീഡിയങ്ങളും വലിയ മസ്തിഷ്ക ഭാരം കുഞ്ഞുങ്ങളിലേൽപ്പിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ വായനക്കായി കൊടുക്കുന്ന സാഹിത്യ ഗ്രന്ഥങ്ങൾ ഒരു ഭാരമായിക്കൂടാ.
ഈ പരിതോവസ്ഥയിലാണ് ശ്രീ.ടി.വി.എം.അലിയുടെ ഈസൻ മൂസ ബാല മനസ്സുകൾക്ക് കൂട്ടായെത്തുന്നത്.
ബഹിരാകാശത്തുനിന്ന് രാകേഷ് ശർമയോടും കൂട്ടുകാരോടുമൊപ്പം ഭൂമിയിലെത്തുന്ന
ഈസൻ എന്ന ഗഗനവാസി കേരളത്തിലെ ഒരു ഗ്രാമത്തിൽ
അഭയം തേടുന്നു. അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ നാട്ടിൻപുറത്തെ
കട്ടിൽമാടത്തിൽ.
ജാതി-മത വ്യത്യാസമില്ലാതെ കുട്ടികൾ കളിക്കുന്ന ഉൾനാട്ടിൽ ഈസൻ ഒരു ഭീകര പ്രേത സങ്കല്പമായി മാറുന്നു. മിടുക്കനും ബുദ്ധിമാനുമായ മൂസയിൽ ഈസനെന്ന ബാധ ആരോപിക്കപ്പെടുന്നു.
മൂസയെ ഈസനെന്ന പ്രേതബാധയിൽ നിന്നു രക്ഷപ്പെടുത്താൻ മന്ത്രവാദിയും അന്ധവിശ്വാസികളുമെത്തുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതിജീവിച്ച് ഈസൻ മുന്നേറുന്നു.
അതിഭാവുകത്വത്തെ (Fantasy) യാഥാർഥ്യ (Realism) ങ്ങളുമായി ഇണക്കി ചേർത്തുകൊണ്ടുള്ള ഒരു നൂതന ശൈലിയാണ് ടി.വി.എം.അലി അവലംബിച്ചിട്ടുള്ളത്. ഇത്തരം ക്രാഫ്റ്റുകൾ ബാലസാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ല.
അനുദിനം മുന്നോട്ടു നീങ്ങുന്ന കാലത്തെയും അതിനുമുന്നിൽ ഓടുന്ന ബാലികാ ബാലന്മാരേയും മുതിർന്നവരായ എഴുത്തുകാർക്കു കാണാനാകുന്നില്ല എന്നർത്ഥം.
ഇവിടെ കഥാകാരൻ ഈസൻ മൂസയോടൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ബാലനായി സ്വയം മാറുകയാണ്.
ഈസൻ മൂസയിലൂടെ കടന്നുപോകുന്ന വായനക്കാരൻ കുട്ടിയായാലും വലിയവനായാലും തുടക്കം മുതലുള്ള ആകാംക്ഷ കഥാന്ത്യം വരെ നിലനിൽക്കുന്നു. കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുകയെന്നത് ഒരു ഉത്തമ ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്.
ഗ്രന്ഥകാരന്റെ കൃതഹസ്തത ബാലസാഹിത്യത്തിന്റെ അനന്ത സാധ്യതകളിലേക്ക് ഇനിയും മുന്നേറട്ടെ. സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും ഊടും പാവും പോലെ സമഞ്ജസമായി മേളിച്ച ഈസൻ മുസയെന്ന ബാല നോവൽ വളരുന്ന ഇളം തലമുറയുടെ 'ചോരതുടിക്കും' കൈകളിൽ ഹൃദയപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.
എം.എസ്.കുമാർ
'സർഗ'
ഞാങ്ങാട്ടിരി.
ഡിസംബർ 2001.
No comments:
Post a Comment