Monday, 19 August 2019

/അനുസ്മരണം/

പഴംപെരുമയുടെ കഥകളുറങ്ങി; കെ.ആർ.എസ്.കുറുപ്പ് ഓർമ്മയായി.

തിരുവിതാംകൂറിലെ തച്ചുടയ കൈമളുടെ പിന്മുറക്കാരിൽ ഒരാൾ കൂടി വിട വാങ്ങിയിരിക്കുന്നു.
പൂർവ്വസ്മൃതിയുടെ സുകൃതവുമായി
പഴംപെരുമയുടെ പടിവാതിലിൽ വാർത്തകൾക്കും വർത്തമാനങ്ങൾക്കും കാതോർത്തു നിന്ന കെ.ആർ.ശ്രീകണ്ഠ കുറുപ്പ് (കെ.ആർ.എസ്.കുറുപ്പ്) വാർധക്യത്തിന്റെ അസ്കിതകൾ ഒന്നും ബാധിക്കാതെയാണ് ആഗസ്റ്റ് 11ന് ഞായറാഴ്ച വിടപറഞ്ഞത്.

തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളം 'എക്സ്പ്രസ്' ദിനപത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായിരുന്നു കുറുപ്പ്. ഒറ്റപ്പാലം തോട്ടക്കര ഉള്ളാട്ടിൽ ലൈൻ 'ശാശ്വതം' വീട്ടിൽ എൺപത്തിരണ്ടാം വയസിലും ഊർജ്ജസ്വലനായി കഴിഞ്ഞിരുന്ന കുറുപ്പേട്ടനെ കഴിഞ്ഞ മാസം ഞാൻ ചെന്നു കണ്ടിരുന്നു.
ഒറ്റപ്പാലത്തെ പത്രപ്രവർത്തകരുടെയെല്ലാം കാരണവരായ കുറുപ്പേട്ടന്റെ അശീതി ആഘോഷത്തിലും ഞാൻ പങ്കെടുത്തിരുന്നു. 

തിരുവനന്തപുരം ചിറയിൻകീഴ്  സ്വദേശിയാണ് കുറുപ്പേട്ടൻ.
കവലയൂർ കൃഷ്ണ ഭവനത്തിൽ രാമൻപിള്ളയുടേയും ജാനകി അമ്മയുടേയും മകനായി പിറന്ന കുറുപ്പ്, യുവാവായിരിക്കെയാണ് പത്രപ്രവർത്തകനായി ഒറ്റപ്പാലത്തെത്തിയത്.

ചരിത്രമുറങ്ങുന്ന ഒറ്റപ്പാലത്തിന്റെ ഇതിഹാസങ്ങളിലേക്ക് ആണ്ടിറങ്ങിയ കുറുപ്പേട്ടൻ 'എക്സ്പ്രസ്' പത്രത്തിന്റെ പ്രാദേശിക ലേഖകനായി വാർത്തകളുടെ അമരക്കാരനായി. ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു കുറുപ്പേട്ടൻ.
ഒറ്റപ്പാലത്ത് പാരലൽ കോളേജ് അധ്യാപികയായിരുന്ന ഉള്ളാട്ടിൽ ശാന്തകുമാരിയെ സഹധർമിണിയായി സ്വീകരിച്ച് പാലപ്പുറത്ത് വീടുവെച്ച് താമസമാരംഭിച്ചതോടെ നാട്ടുകാർക്ക് സുപരിചിതനായിരുന്നു. പിന്നീട് താമസം തോട്ടക്കര ഉള്ളാട്ടിൽ ലൈനിലേക്ക് മാറി. അതിനിടയിൽ ഭാര്യ ശാന്തകുമാരി എൻ.എസ്.എസ്.കോളജ് അധ്യാപികയായി.
ശാശ്വത്, ശരത് എന്നിവരാണ് മക്കൾ. ഷീജ, ജ്യോതിർമയി എന്നിവർ മരുമക്കളും.
രണ്ടു മക്കളുടെ വിവാഹത്തിലും ഞാൻ പങ്കെടുത്തിരുന്നു.

ഞങ്ങൾ തമ്മിൽ മൂന്നര പതിറ്റാണ്ടു ബന്ധമുണ്ട്. കുറുപ്പേട്ടൻ 'എക്സ്പ്രസി'ന്റെ ഒറ്റപ്പാലം ലേഖകനായിരുന്ന സമയത്ത് ഞാൻ പട്ടാമ്പി ലേഖകനായിരുന്നു. പാലക്കാട് ജില്ലയിലെ പ്രഥമ കേബിൾ വാർത്താ ചാനലായ പട്ടാമ്പി 'സാനഡു' ന്യൂസിലും ഞങ്ങൾ പ്രവർത്തിച്ചിരുന്നു.
ഓരോ നിശ്വാസത്തിലും വാർത്തകളറിയാനുള്ള വെമ്പൽ കുറുപ്പേട്ടനിൽ കാണാമായിരുന്നു. അവസാന കാലത്ത് ഓരോ ചാനലും ഓരോ പത്രവും മാറി മാറി കാണുകയും വായിക്കുകയും ചെയ്തു കൊണ്ടാണ് കുറുപ്പേട്ടൻ സമയം ചെലവിട്ടതെന്ന്  ശാന്തകുമാരി ടീച്ചർ പറഞ്ഞു.
പട്ടാമ്പി എ.സി.വി.ന്യൂസ് സെന്റർ ഇൻചാർജ്  എൻ.കെ.റാസിയുമൊത്ത് കഴിഞ്ഞ ദിവസം കുറുപ്പേട്ടന്റെ വീട്ടിൽ ചെന്നപ്പോഴാണ് ടീച്ചർ ഇക്കാര്യം പറഞ്ഞത്.

തച്ചുടയകൈമളുടെ പിന്മുറക്കാരനായിരുന്ന കുറുപ്പേട്ടന് വള്ളുവനാട്ടിൽ ഇരുന്നു കൊണ്ട് അനന്തപത്മനാഭന്റെ ചക്രം കൈപ്പറ്റാൻ ഭാഗ്യം സിദ്ധിച്ച കഥ ഞാൻ രണ്ടു പതിറ്റാണ്ടു മുമ്പ് പത്രത്തിൽ എഴുതിയിട്ടുണ്ട്.
അത് ഇങ്ങിനെയാണ്:

തിരുവിതാംകൂർ മഹാരാജാവിന്റെ തുല്യ പദവി അനുവദിച്ചു കിട്ടിയ തച്ചുടയകൈമൾ കുറുപ്പേട്ടന്റെ കാരണവരായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മണമ്പൂർ കവലയൂരിൽ മേടയിൽ കടത്തൂർ വീട്ടിൽ നീലകണ്ഠകുറുപ്പ് കൊല്ലവർഷം 1058ലാണ് തച്ചുടയ കൈമളായി അവരോധിതനായത്. തുടർന്ന് ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ഭരണാധികാരിയായി. ആഢ്യത്വമുള്ള ശൂദ്രനായർ കുടുംബങ്ങളിലെ ശ്രേഷ്ഠ ജാതകവും സാത്വികഭാവവും ചേർന്ന പുരുഷന്മാരിൽ നിന്നാണ് വൈദിക ചടങ്ങ് നടത്തി തച്ചുടയകൈമളെ തെരഞ്ഞെടുക്കുന്നത്. ഇപ്രകാരം തെരഞ്ഞെടുക്ക പ്പെടുന്നവർ ആജീവാനന്തം ബ്രഹ്മചാരിയായി ഇരിങ്ങാലക്കുടയിൽ താമസിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇങ്ങിനെ തച്ചുടയ കൈമളായി പോകുന്ന വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാൻ തിരുവിതാംകൂർ മഹാരാജാവ് തയ്യാറായിരുന്നു. ഇതനുസരിച്ച് അമ്പലപ്പുഴയിൽ കരമൊഴിവാക്കി കൃഷി ഭൂമി നൽകിയിരുന്നു.
അന്നത്തെ കുടുംബ കാരണവന്മാർ അമ്പലപ്പുഴ ചെന്ന് പ്രസ്തുത വയലിലുണ്ടായ നെല്ല് കൊണ്ടുവന്നാണ് ഉപജീവനം നടത്തിയിരുന്നത്.
ഈ സമ്പ്രദായം വളരെ പ്രയാസകരമായി മാറിയതിനാൽ നെല്ലിന് പകരം അന്നത്തെ നിലവാരമനുസരിച്ച് വില കണക്കാക്കി തുക നൽകുന്ന പതിവുണ്ടായി. അതാതു കാലത്തെ കുടുംബ കാരണവന്മാരാണ് ഈ തുക വാങ്ങി കുടുംബത്തിൽ ചെലവഴിച്ചിരുന്നത്. കുടുംബ കാരണവർ വാങ്ങുന്ന തുക അന്നത്തെ നായർ റഗുലേഷൻ ആക്ടനുസരിച്ച് മരുമക്കൾക്ക് മാത്രമാണ് വീതിച്ച് നൽകിയിരുന്നത്. എന്നാൽ ഈ സ്വത്തിൽ മക്കൾക്കും അവകാശമുണ്ടെന്ന് വാദിച്ച് ചിലർ പരാതി നൽകി. ഇതിനെ തുടർന്ന് 1956 ഏപ്രിൽ മാസത്തിൽ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്കെല്ലാം തുല്യമായി തുക വീതിച്ചു നൽകാൻ സർക്കാർ ഉത്തരവിറക്കി.
ലഭിച്ചു വന്നിരുന്ന തുക വീതിച്ചപ്പോൾ ഓരോരുത്തർക്കും ഒരു രൂപ മുപ്പത്തെട്ട് പൈസ തോതിലാണ് ട്രഷറി മുഖേന പെൻഷൻ നൽകിയത്.
1956ൽ 42പേരാണ് പെൻഷണർമാരായി ഉണ്ടായിരുന്നത്.
1994 വരെയും പെൻഷൻ തുക 1638 പൈസയായിരുന്നു. 1994നു ശേഷം മിനിമം പെൻഷൻ നൂറ് രൂപയാക്കി.

പഴംപെരുമയുടെ സുകൃതം നുണയാനുള്ള ഭാഗ്യം അങ്ങിനെ കുറുപ്പേട്ടനും ലഭിച്ചിരുന്നു. അനന്തപത്മനാഭന്റെ ചക്രം വാങ്ങാനുള്ള ഭാഗ്യം സിദ്ധിച്ച കുറുപ്പേട്ടന് പത്രപ്രവർത്തക പെൻഷനും ലഭിച്ചിരുന്നു. എക്സ്പ്രസ്' പത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായി പ്രവർത്തിച്ചതുകൊണ്ടാണ്
അതിനു പരിഗണിക്കപ്പെട്ടത്. പ്രാദേശിക പത്രപ്രവർത്തകർക്കും പെൻഷൻ അനുവദിക്കണമെന്ന് ദീർഘകാലമായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല. കുറുപ്പേട്ടന്റെ നേതൃത്വത്തിൽ ഇക്കാര്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. 

മരണം വരെയും ലോക വാർത്തകളറിയാൻ കണ്ണും കാതും കൂർപ്പിച്ച ഒരാളായിരുന്നു കുറുപ്പേട്ടൻ. മരണാസന്നനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഡോക്ടരെ 'ഇന്റർവ്യൂ' ചെയ്യാനായിരുന്നു കുറുപ്പേട്ടന്റെ ത്വരയെന്ന് ടീച്ചർ ഞങ്ങളോട് പറഞ്ഞു.  തിരുവിതാംകൂറിൽ നിന്ന് വന്ന് വള്ളുവനാട്ടുകാരുടെ ഹൃദയത്തിലിടം നേടിയ  കുറുപ്പേട്ടനുമൊത്ത് ഏറെക്കാലം സൗഹൃദത്തോടെ കഴിയാൻ സാധിച്ചത് പത്രപ്രവർത്തനം കൊണ്ടു മാത്രമാണ്. ഞങ്ങളെ കൂട്ടിയിണക്കിയ 'എക്സ്പ്രസ്' പത്രം ഇന്നില്ലെങ്കിലും അറ്റുപോകാത്ത ആത്മബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് പൂർവ്വ സുകൃതം തന്നെയാവാം.

/ ടിവിഎം അലി/

No comments: