Tuesday, 15 November 2016

ഭാവപൂര്‍ണതയോടെ ജടായുവധാങ്കം



കലയുടെ ചുറ്റുവട്ടത്ത് കുടുങ്ങിപ്പോവാതെ കലാകാരന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാവുമ്പോഴാണ് കല കാലികമാവുന്നതെന്നും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന നടന്റെ ആട്ടങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമമില്ലാതെതന്നെ കാലികമായിരിക്കുമെന്നും പട്ടാമ്പിയില്‍  നടന്ന ആട്ടങ്ങളുടെ കാലികത എന്ന സംവാദം അഭിപ്രായപ്പെട്ടു. ഏകലോചനം സംഘടിപ്പിച്ച സംവാദത്തില്‍ പ്രൊഫസര്‍ ജി.ദിലീപന്‍ മുഖ്യപ്രഭാഷണം നടത്തി. 
ആശ്ചര്യചൂഡാമണി അടിസ്ഥാനമാക്കി നടന്ന ലക്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി നയിച്ചു. ഡോ.പി.വേണുഗോപാല്‍ പ്രബന്ധാവതരണം നടത്തി. തുടര്‍ന്ന് മായാരാമന്‍ നിര്‍വ്വഹണവും ജടായുവധാങ്കം കൂടിയാട്ടവും അരങ്ങേറി. ജടായുവധാങ്കം കൂടിയാട്ടത്തിലൂടെ രാവണന്റെ സീതാപഹരണവും ജടായുവധവും ഭാവപൂര്‍ണമായി അരങ്ങിലവതരിപ്പിച്ച് കൂടിയാട്ടത്തിലെ പുതുതലമുറ ശക്തമായ സാന്നിദ്ധ്യമായി. ഇതോടെ ഏകലോചനം ഏറ്റെടുത്ത ജടായുവധാങ്കം സമ്പൂര്‍ണാവതരണപരമ്പര സമാപിച്ചു. 

പ്രസിദ്ധ നാടകസംവിധായകന്‍ നരിപ്പറ്റ രാജുവിന്റെ പ്രത്യേക ദീപവിന്യാസത്തില്‍ അരങ്ങേറിയ കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍, കലാമണ്ഡലം സംഗീത്, കലാമണ്ഡലം ജിഷ്ണുപ്രതാപ്, കലാമണ്ഡലം രമിത്, ഗണേഷ്‌കൃഷ്ണ, കലാമണ്ഡലം പ്രശാന്തി തുടങ്ങിയവര്‍ വേഷമിട്ടു. കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം ശിവപ്രസാദ്, 
നേപഥ്യ ജിനേഷ് പി ചാക്യാര്‍ തുടങ്ങിയവര്‍ മിഴാവിലും കലാനിലയം രാജന്‍, കലാമണ്ഡലം നിധിന്‍ കൃഷ്ണ തുടങ്ങിയവര്‍ ഇടക്കയിലും കലാമണ്ഡലം സംഗീത, അശ്വതി,നില തുടങ്ങിയവര്‍ താളത്തിലും കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം ശ്രീജിത് എന്നിവര്‍ ചുട്ടിയിലും കൂടിയാട്ടത്തില്‍ പങ്കെടുത്തു.






Thursday, 3 November 2016

സ്മരണ / വിടവാങ്ങിയത് സൗഹൃദത്തിന്റെ പൂങ്കാവനം



മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി.കെ.അബ്ദുള്ള മാഷ് വിടവാങ്ങിയതോടെ മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന സൗഹൃദത്തിന്റെ പൂങ്കാവനമാണ് എനിക്ക് നഷ്ടമായത്. 
1980 കളിൽ ഞാൻ പത്ര പ്രവർത്തന രംഗത്ത് പിച്ച വെച്ച സമയത്താണ്‌ ഞങ്ങളുടെ സൗഹൃദം തളിർത്തത്. 
തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'എക്സ്പ്രസ്സ്' പത്രത്തിന്റെ പട്ടാമ്പി ലേഖകനായിരുന്ന എനിക്ക് ഒട്ടേറെ വാർത്തകളുടെ ഉറവിടം കാണിച്ചു തന്നത് അബ്ദുള്ള മാഷായിരുന്നു. ആരോടും വലുപ്പ ചെറുപ്പം കാണിക്കാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. പട്ടാമ്പിയിലെ എല്ലാ മാധ്യമ പ്രവർത്തകരോടും എന്നും സൗഹൃദം പുലർത്തിയിരുന്ന മാഷുടെ പൊടുന്നനെയുള്ള വേർപ്പാട് ഞങ്ങളെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണ്. പട്ടാമ്പിയിൽ മുസ്ലിം ലീഗിന് ജനകീയ അടിത്തറ ഒരുക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉന്നത പഠന സൗകര്യം ഉണ്ടാക്കുന്നതിനും അദ്ദേഹം തീവ്രമായി യത്നിച്ചു. ഷൊർണൂർ കണയം എൽ.പി.സ്‌കൂളിൽ അധ്യാപകനായിരുന്ന അബ്ദുള്ള മാഷ് പൊതു പ്രവർത്തനത്തിന് വേണ്ടിയാണ് സ്വയം വിരമിച്ചത്. കുളപ്പുള്ളി അൽ അമീൻ എഞ്ചിനിയറിങ് കോളേജ്, ഓങ്ങല്ലൂർ അൽ ഹുദ ഇ0ഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ, മഞ്ചേരി ഏറനാട് നോളജ് സിറ്റി, പട്ടാമ്പി അൽ അമീൻ ലോ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ചാലക ശക്തിയായിരുന്നു അദ്ദേഹം. സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മൈനോറിറ്റി പ്രൊഫഷണൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം, കെ.എസ് .ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ്, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇരുപത് വർഷത്തോളം ഭരണ സമിതി അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ശ്‌ളാഘനീയമായിരുന്നു. ഒരേ സമയം വിവിധ മേഖലകളിൽ കർമ നിരതനാവുകയും, വ്യത്യസ്ത വീക്ഷണങ്ങളോട് സമരസപ്പെടുകയും, വെല്ലുവിളികളെ സമചിത്തതയോടെ സമീപിക്കുകയും, വൈവിധ്യമാർന്ന പദ്ധതികൾ യാഥാർഥ്യമാക്കി വിജയ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ഒരു നിയോഗം പോലെയാണ് അദ്ദേഹം ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ വ്യാപരിച്ച മേഖലകളിൽ എല്ലാം അദ്ദേഹത്തിന്റെ അഭാവം വലിയ ശൂന്യത സൃഷ്ടിക്കും. കേരളത്തിന് പുറത്തും അദ്ദേഹത്തിന്റെ സേവനം ലഭിച്ചവരുണ്ട്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ഭവന രഹിതർക്ക് ആവാസ കേന്ദ്രമുണ്ടാക്കുന്നതിനും മദ്രസാ പഠന സൗകര്യം ഒരുക്കുന്നതിനും അദ്ദേഹം മുമ്പന്തിയിൽ നിന്നിരുന്നു. ബംഗാളിൽ എത്തിയാൽ അദ്ദേഹം എന്നെ വിളിക്കാറുണ്ട്. വാട്സ് ആപ്പിലും ഇ-മെയിലിലും അവിടെ നടന്ന കാര്യങ്ങൾ ചിത്ര സഹിതം അയക്കാറുണ്ട്. അതെല്ലാം മറ്റു പത്രക്കാർക്കും നൽകണമെന്ന് നിർദേശിക്കാറുണ്ട്. എവിടെ പോയാലും വാർത്ത കണ്ടെത്താനും അക്കാര്യം അറിയിക്കാനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. മരണം വരെ അദ്ദേഹം ആ ബന്ധം തുടർന്നുപോന്നു. അങ്ങിനെ മൂന്നു പതിറ്റാണ്ടായി തുടർന്നുപോന്ന ആത്മ ബന്ധമാണ് അകന്നുപോയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം മാധ്യമ പ്രവർത്തകർക്ക് വലിയ നഷ്ടം തന്നെയാണ്. അബ്ദുള്ള മാഷുടെ ഓർമ്മകൾ അത്ര വേഗം ഞങ്ങളെ വിട്ടു പിരിയില്ല. ദീപ്ത സ്മരണകൾ എന്നുമുണ്ടാവും.
-----------------------------
ടി വി എം  അലി 
-----------------------------

Saturday, 22 October 2016

ചൈനീസ് ആയോധന കലാ മാമാങ്കത്തിന് നിളാതീരത്ത് കൊടിയേറി







പട്ടാമ്പി: ചൈനീസ് ആയോധന കലകളുടെ രണ്ടാമത് ദേശീയ വുഷു കുങ് - ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിന് പട്ടാമ്പി നിളാതീരത്ത് വർണാഭമായ തുടക്കം. ശനിയാഴ്ച രാവിലെ ചോലക്കൽ അങ്കണത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.ടി. രാമചന്ദ്രൻ പതാക ഉയർത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നും എത്തിയ ടീമുകൾ പതാക വന്ദനം നടത്തി. തുടർന്ന് ചേർന്ന ചടങ്ങിൽ അഡ്വ. വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സിനിമ നടൻ ഗോവിന്ദ് പദ്മസൂര്യ, സുനിൽ ജയദീസ ശ്രീലങ്ക എന്നിവർ മുഖ്യാതിഥികളായി. ഫെസ്റ്റിവൽ ഡയറക്റ്റർ സീഫു ഷബീർ ബാബു, പട്ടാമ്പി നഗരസഭാ സാരഥികളായ സി. സംഗീത, എ.കെ. അക്ബർ, തൃത്താല ഗ്രാമ പഞ്ചായത്ത് സാരഥികളായ കെ.ടി. രാമചന്ദ്രൻ, ചെറിയ രാമൻ, മുതുതല പഞ്ചായത്ത് അംഗം സി. മുകേഷ്, പട്ടാമ്പി ചേമ്പർ പ്രസിഡന്റ് കെ.എച്ച്. ഗഫൂർ, കെ.പി. കമാൽ, അഡ്വ.പി. മനോജ്, ഹുസൈൻ തട്ടത്താഴത്ത്, ടി.വി.എം. അലി, വിജയൻ പൂവ്വക്കോട്, സീഫു തങ്കമണി രാഘുനാഥൻ, സീഫു ദാമോദരൻ, ഹിളർ മുഹമ്മദ്,ശരീഫ്, അജീഷ്, എ.പി. സുധീർ ജസീല എന്നിവർ സംസാരിച്ചു. ദേശീയ തലത്തിൽ ശ്രദ്ധേയരായ ടീമുകൾ എട്ടോളം ശൈലികളിലായി 90 ഓളം ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500 ഓളം മത്സരാർഥികളാണ് ആതിഥേയരായ പട്ടാമ്പി വൈ.എസ്.കെ. മാർഷ്യൽ അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് നിളാതീരത്ത് ദേശീയ ആയോധന മാമാങ്കത്തിന് എത്തിയിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കുന്ന സമാപന യോഗം ടൂറിസം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

Friday, 23 September 2016

തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവേചനത്തിന്റെ ഇരകൾ...

ഒന്നര നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന രണ്ടര  ലക്ഷത്തിൽപ്പരം ഗ്രാമീൺ ഡാക് സേവക് ( ഇ..ഡി ) ജീവനക്കാർ ഇന്നും വിവേചനത്തിന്റെ ഇരകളായി തുടരുകയാണ്. മറ്റൊരു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത് പോലെ അടിമത്വം അനുഭവിക്കുന്ന ജീവനക്കാർ ഉണ്ടാവില്ല. 
ഇന്ത്യയിൽ ആകെ 1,54,822 തപാൽ ഓഫീസുകളുണ്ട്. ഇതിൽ 1,39,086 
ഓഫീസുകൾ ഗ്രാമീണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കണക്കു പ്രകാരം തപാൽ വകുപ്പിൽ 2,49,588 റഗുലർ തസ്തികയുണ്ട്. എന്നാൽ ഇതിൽ  1,89,771 റഗുലർ ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. അതായത് 24 % തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. അതെ സമയം തപാൽ വകുപ്പിന്റെ നട്ടെല്ലായി  2,63,323 ജി.ഡി.എസ്.ജീവനക്കാർ ചെറിയ അലവൻസ് മാത്രം കൈപ്പറ്റി സേവനമനുഷ്ഠിക്കുന്നുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മെയിൽ ഡെലിവറർ, മെയിൽ കാരിയർ, മെയിൽ പാക്കർ, സ്റ്റാമ്പ് വെണ്ടർ തുടങ്ങിയ തസ്തികകളിലാണ് ഇ.ഡി.ജീവനക്കാർ പണിയെടുക്കുന്നത്.
തപാൽ വകുപ്പ് പുതുതായി ഏറ്റെടുത്തു നടത്തുന്ന മുഴുവൻ സേവന പ്രവർത്തനങ്ങളുടേയും ചുമതല നിറവേറ്റുന്നത് ബഹു ഭൂരിഭാഗം വരുന്ന ഗ്രാമീൺ ജീവനക്കാരാണ്. സബ് ഓഫീസ്, ഹെഡ് ഓഫീസ് അഡ്മിൻ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം റഗുലർ ജീവനക്കാരോടൊപ്പം ഇ.ഡി. ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്.ഒരു ഓഫീസിൽ തന്നെ രണ്ടു തരം ജീവനക്കാർ 
ഒരേ ജോലി ചെയ്യുമ്പോൾ വിവേചനം വ്യക്തമായി ബോധ്യപ്പെടും. 
തപാൽ സർവീസിന്റെ ആരംഭ കാലത്തു തന്നെ എക്സ്ട്രാ ഡിപ്പാർട്മെന്റ് സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് കാണാം. അക്കാലത്ത് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാരുണ്ടായിരുന്നു. 
1926 മുതൽ ഇ.ഡി. റണ്ണർമാർ, ഡെലിവറി ഏജന്റുമാർ തുടങ്ങിയ തസ്തികകൾ നിലവിൽ വന്നു. ഒന്നാം ശമ്പള കമ്മീഷൻ നിയമിക്കപ്പെട്ടപ്പോൾ ഇ.ഡി. ജീവനക്കാർ കമ്മീഷന്റെ പരിധിയിൽ വരുന്നവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നീട് രണ്ടും മൂന്നും ശമ്പള കമ്മീഷൻ ഇത് അട്ടിമറിച്ചു.നാലാം ശമ്പള കമ്മീഷൻ ആവട്ടെ ഇ.ഡി.ജീവനക്കാർ സിവിൽ പോസ്റ്റിന്റെ ഉടമകൾ ആണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റേയും തപാൽ വകുപ്പിന്റേയും നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിധേയമായാണ് ഇ.ഡി.ജീവനക്കാർ പ്രവർത്തിക്കുന്നത്. 
1935 ൽ തന്നെ ഇ.ഡി. ജീവനക്കാർ സർവീസ് റൂൾസിന്റെ പരിധിയിലാണ്.
ഭരണഘടനയുടെ 309 -)0  വകുപ്പ് അനുസരിച്ചു സർക്കാർ ജീവനക്കാരായി പരിഗണിക്കപ്പെടേണ്ടവരാണിവർ.കേന്ദ്ര സർക്കാർ നിയമമനുസരിച്ചു നിയമനം നടത്തുകയും, ശിക്ഷാ നടപടികൾക്കും മറ്റും വിധേയരാവുകയും ചെയ്യുന്ന ഈ ജീവനക്കാരെ
 "വകുപ്പിന് വെളിയിൽ '' നിർത്തുന്നത് ഭരണഘടനാ വിരുദ്ധവും,കടുത്ത വിവേചനവും 
അല്ലാതെ മറ്റെന്താണ്? 1977ലും 1996ലും കോടതി ഉത്തരവുകൾ പ്രകാരം ഇ.ഡി.ജീവനക്കാർ സിവിൽ പോസ്റ്റ് വഹിക്കുന്നവരാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന 
കെ.പി. ഉണ്ണികൃഷ്ണൻ ഇ.ഡി.സമ്പ്രദായം അടിമ സമ്പ്രദായമാണെന്നും, രാജ്യത്തിന് അപമാനമാണെന്നും പ്രസ്താവിച്ചിരുന്നു. അത് കേട്ട് പുളകമണിഞ്ഞ ഇ.ഡി. ജീവനക്കാർ, എന്തെങ്കിലും ഗുണം  ഉണ്ടാവുമെന്ന് കരുതിയിരിക്കെയാണ് അദ്ദേഹത്തിന് കമ്മ്യൂണിക്കേഷൻ വകുപ്പ് തന്നെ നഷ്ടപ്പെടുകയും ഉപരിതല വകുപ്പ് ഏറ്റെടുക്കേണ്ടി വരികയും ചെയ്തത്. 
അതോടെ ഇ.ഡി. ജീവനക്കാരുടെ ദൈന്യത തുടർന്നു. ആറാം ശമ്പള കമ്മീഷന്റെ സമാന്തരമായി നിയമിക്കപ്പെട്ട ജസ്റ്റിസ് തൽവാർ കമ്മിറ്റി, ഇ.ഡി.പ്രശ്നം ആഴത്തിൽ ഇറങ്ങി ചെന്ന് മനസ്സിലാക്കുകയും,അവരുടെ മോചനത്തിന് ഉതകുന്ന ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു. ഇത് ജീവനക്കാർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നാൽ ജസ്റ്റിസ് തൽവാർ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ വെള്ളം ചേർത്ത് ഉദ്യോഗസ്ഥ തലത്തിൽ പടച്ചുണ്ടാക്കിയ പാക്കേജ് അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ധനകാര്യ മന്ത്രാലയത്തിന്റെ കടും പിടുത്തമായിരുന്നു അതിനു കാരണം. താഴെ തട്ടിലുള്ളവരും സംരക്ഷണത്തിന് അർഹരാണ് എന്നും ഇ.ഡി. ജീവനക്കാരെ സിവിൽ സർവന്റ് എന്ന നിലയിൽ പരിഗണിക്കപ്പെടേണ്ടവരാണെന്നും എല്ലാ ആനുകൂല്യങ്ങൾക്കും  ഇവർ അർഹരാണെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് തൽവാർ റിപ്പോർട് തള്ളിക്കളഞ്ഞതോടെ വിവേചനത്തിന് ആക്കം കൂടി.  ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ ഇ.ഡി.ക്കാരെ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച കേന്ദ്ര സർക്കാർ പോസ്റ്റൽ ബോർഡ് മുൻ അംഗം കമലേഷ് ചന്ദ്രയെയാണ് സേവന വേതന പഠനത്തിന് നിയമിച്ചത്. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പാക്കുകയും, കുടിശിക ഉൾപ്പെടെ റഗുലർ ജീവനക്കാർക്ക്‌ ലഭിക്കുകയും ചെയ്തിട്ടും ഇ.ഡി. റിപ്പോർട് സമർപ്പിക്കപ്പെട്ടിട്ടില്ല. തപാൽ വകുപ്പിന്റെ ജീവ നാഡിയായി പണിയെടുക്കുന്ന രണ്ടര ലക്ഷത്തിൽപ്പരം ജീവനക്കാർക്ക് ബോണസ് അരിയേഴ്സും ഇതുവരെ നൽകിയിട്ടില്ല. ഡി.എ. നൽകുന്ന സമയത്തും ഇതേ വിവേചനം തുടരുകയാണ്. മുൻ കാലങ്ങളിൽ ഒരേ ദിവസം തന്നെ ക്ഷാമബത്തയും, ബോണസും നൽകിയിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് സർക്കാർ നയം ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് വാസ്തവം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം എഴുപതാണ്ടു കഴിഞ്ഞിട്ടും മാറി മാറി വന്ന സർക്കാരുകൾ ഇ.ഡി. ജീവനക്കാരോട് നീതി കാട്ടിയിട്ടില്ല.
റഗുലർ ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും മണിക്കൂർ അടിസ്ഥാനത്തിൽ ഭാഗിച്ചു നൽകാൻ എന്തിനാണ് ഒരു കമ്മീഷൻ നിയമിക്കപ്പെടുന്നത്? എട്ടു മണിക്കൂർ പണിയെടുക്കുന്ന പോസ്റ്റുമാന്റെ പാതി ശമ്പളം നാല് മണിക്കൂർ പണിയെടുക്കുന്ന ഇ.ഡി. ഡെലിവറി ഏജന്റിന് നൽകാൻ എന്താണിത്ര ആലോചിക്കാൻ ഉള്ളത്? ഗ്രാമങ്ങളിൽ പണിയെടുക്കുന്ന ഇ.ഡി. ജീവനക്കാർ നാല് മണിക്കൂർ അലവൻസ് വാങ്ങി ഇരട്ടി സമയം പണിയെടുക്കുന്നുണ്ട് എന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല. 
ഇ.ഡി. ജീവനക്കാർ ലീവ് എടുക്കുമ്പോൾ പകരം പണിയെടുക്കുന്ന പകരക്കാരന് തുല്യ വേതനം നൽകാതിരിക്കുന്നതും കടുത്ത അനീതിയാണ്. ഇക്കാരണത്താൽ പകരക്കാരനെ കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു. രാവിലെ ഓഫീസ് തുറക്കുമ്പോൾ ഡ്യൂട്ടിക്ക്  എത്തുന്ന ഇ.ഡി. പാക്കർമാർ വൈകുന്നേരം ഓഫീസ് പൂട്ടിയ ശേഷമാണ്  പോകുന്നത്. എന്നാൽ അവർക്കു നൽകുന്നതാവട്ടെ അഞ്ചു മണിക്കൂർ അലവൻസ് മാത്രമാണ്. സർവീസ് കൂടുന്ന മുറക്ക് ഗ്രേഡ് ആനുകൂല്യവുമില്ല. മുപ്പതു കൊല്ലം പണിയെടുത്തവരും  ഇന്നലെ വന്നവരും  ഒരേ അലവൻസ് വാങ്ങേണ്ടി വരുന്ന സ്ഥിതി മറ്റൊരിടത്തും ഉണ്ടാവില്ല. 
ഗ്രാമീണ തപാൽ മേഖലയിൽ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ആധുനികവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്ന കേന്ദ്ര ഗവ. ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബ്രാഞ്ച് ഓഫീസുകൾക്ക് നല്ല കെട്ടിടങ്ങൾ കണ്ടെത്തുകയും അവക്ക് വാടക അനുവദിക്കുകയും ചെയ്യുക. പ്രവർത്തി സമയം ഏകീകരിച്ച് എട്ടു മണിക്കൂർ ആക്കുക. പോസ്റ്റൽ ബാങ്ക് സൗകര്യം ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കുക. വെളിയിലുള്ള ജീവനക്കാർ എന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക. എല്ലാവരും റഗുലർ ജീവനക്കാർ ആണെന്ന നിലപാട് വരുന്നതോടെ കൂടുതൽ ബിസിനസ് ഉണ്ടാക്കാനുള്ള ശ്രമം ഇ.ഡി.ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവും.ഇതോടെ തപാൽ വകുപ്പ് ലാഭം കൊയ്യുന്ന സ്ഥാപനമായി മാറുകയും ചെയ്യും. ഇപ്പോൾ ശമ്പളത്തിന്റെ കാര്യത്തിൽ കേരളത്തിലെ അങ്കണവാടി ജീവനക്കാരേക്കാൾ താഴെയാണ് ഇ.ഡി.ക്കാരുടെ സ്ഥാനം.
ഇതിന് ഉടൻ മാറ്റം വരണം. ജീവിക്കാനുള്ള ശമ്പളം നൽകുന്ന സ്ഥിതി ഉണ്ടാവണം. 
ഒറ്റയടിക്ക് എല്ലാവരെയും സ്ഥിരപ്പെടുത്താൻ കോടികളുടെ ബാധ്യത വരുമെങ്കിലും അത് ചുരുങ്ങിയ കാലം കൊണ്ട് തിരിച്ചു പിടിക്കാൻ കഴിയുന്ന തരത്തിൽ സേവന പദ്ധതികൾ ആവിഷ്കരിക്കണം. എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു ഓഫീസ് എന്ന നിലയിലേക്ക് തപാൽ ഓഫീസുകളെ മാറ്റണം. അടുത്ത അഞ്ചു വർഷം കൊണ്ടെങ്കിലും ഇതെല്ലാം സാധ്യമാക്കാൻ കഴിയണം. അതിന് ആർജ്ജവമുള്ള ഒരു വികസന നയം കൈക്കൊള്ളണം. 
--------------------------------
ടി വി എം  അലി 
--------------------------------

Wednesday, 21 September 2016

സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം: നിർധന ഉദ്യോഗാർത്ഥികൾ ആശങ്കയിൽ ...


സംരക്ഷിത അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയതോടെ വർഷങ്ങളായി നിയമനം കാത്ത് കഴിയുന്ന ആയിരക്കണക്കിന് നിർധനരായ ഉദ്യോഗാർത്ഥികളാണ് പെരുവഴിയിലായത്. 
ലക്ഷങ്ങൾ കോഴ കൊടുത്ത് എയ്ഡഡ് സ്കൂളുകളിൽ ജോലി തരപ്പെടുത്തിയവരുടെ തൊഴിൽ പ്രശ്നത്തിന് ഉചിതമായ പ്രതിവിധി ആവശ്യമാണെന്ന കാര്യത്തിൽ ആരും വിയോജിക്കില്ല. എന്നാൽ ലക്ഷങ്ങൾ കോഴ കൊടുക്കാനില്ലാത്തതു കൊണ്ടു മാത്രം പി.എസ്.സി.യുടെ കനിവിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ കാര്യം പരിഹരിക്കാൻ ആരുമില്ലെന്ന് വരുന്നത് ഖേദകരമാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പകലന്തിയോളം തൊണ്ട കീറി തുച്ഛ വേതനം വാങ്ങി ജീവിതം ഹോമിക്കുന്നവരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിര നിയമനം നൽകിയേ മതിയാവൂ. എല്ലാവിധ കഠിന പരീക്ഷകളും കടന്ന് പി.എസ്.സി. റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരും ചുരുക്കപ്പട്ടികയിലും പെരുക്കപ്പട്ടികയിലും കിടന്ന് ഞെരിപിരി കൊള്ളുന്നവരും അഭിമുഖ കടമ്പകളിൽ സ്വപ്നം ഹോമിച്ചവരും ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ ഉഴറുകയാണ്. അവർ നിർധനരും അസംഘടിതരുമായതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ആരുമില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. കോഴ വാങ്ങുന്ന സ്കൂൾ മാനേജർമാരും കോഴ നൽകുന്ന സമ്പന്ന വിഭാഗവും ഭരണ കൂടങ്ങളെ വരുതിയിൽ നിർത്തുന്ന കാഴ്ച കാലങ്ങളായി തുടരുകയാണ്. ഇല്ലാത്ത തസ്തികയുടെ പേരിലും, ഭാവിയിൽ ഉണ്ടായേക്കാവുന്ന തസ്തിക എന്ന നിലയിലും നിയമനം നൽകാമെന്ന് പറഞ്ഞ് ഇപ്പോഴും ചിലർ അഡ്വാൻസ് വാങ്ങാൻ ഓടി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാവിയിൽ അവരും സംരക്ഷിത പട്ടികയിൽ വന്നേക്കാം. അപ്പോഴും കെ- ടെറ്റും സെറ്റും നെറ്റും താണ്ടിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കേണ്ടി വരും. മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും മുന്നിൽ ഈ വിഷയം അവതരിപ്പിക്കുകയും അനുകൂല നടപടി കൈക്കൊള്ളാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യേണ്ടത് കേരളത്തിലെ നിയമസഭാംഗങ്ങളുടെ കൂടി ബാധ്യതയാണെന്ന് ഓർമിപ്പിക്കട്ടെ.
-------------------------
ടി വി എം അലി
-------------------------

Wednesday, 27 July 2016

കാവ്യ ശലഭങ്ങൾ ഉറങ്ങാത്ത രാവുകൾ ...



പട്ടാമ്പിക്കടുത്തുള്ള മരുതൂർ പുലാശ്ശേരിക്കരയിൽ പടിക്കൽ തൊടി വീട്ടിൽ സത്യഭാമ ഒരു കവയത്രിയാണെന്നും മനോഹരമായി പാട്ടുകൾ പാടുന്നവളാണെന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. 
അര നൂറ്റാണ്ടു പിന്നിട്ട സത്യഭാമയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത് ഈയിടെയാണ്. അഞ്ചാം ക്ലാസിൽ പഠനം നിന്നു പോയ സത്യഭാമക്ക് എങ്ങിനെയാണ് കവിതകൾ എഴുതാൻ കഴിയുക എന്ന വിസ്മയത്തിലാണ് ഇപ്പോൾ പലരും. കഴിഞ്ഞ പത്തു വർഷമായി സത്യഭാമ മേലെ പട്ടാമ്പിയിലുള്ള 'സുദർശന' വീട്ടിൽ അംഗമാണ്. സുദർശന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ബാങ്കിലും മറ്റു സ്ഥാപനങ്ങളിലും അവർ സ്വീപ്പർ ജോലി ചെയ്യുകയാണ്. 'സുദർശന'യിലെ വീട്ടമ്മയായ ഇന്ദിര മോഹനനും മരുമകൾ ഡോ.ആർദ്ര വിനോദുമാണ് സത്യഭാമയിലെ കവിത്വം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വേലക്കാരി എന്ന പരിഗണനയിൽ 
അവർ സത്യഭാമയെ കണ്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സത്യഭാമ എഴുതുന്നതും പാടുന്നതും സ്വന്തം ജീവിതം തന്നെയാണെന്ന് അവർ മനസ്സിലാക്കി. 'സുദർശന'യിലെ മോഹനേട്ടൻ ആകസ്മികമായി മരിക്കുന്നതിന്റെ തലേ ദിവസം സത്യഭാമ എഴുതിയ കവിതയിൽ മരണാനന്തര ദുഃഖത്തിന്റെ തീവ്രത ഉണ്ടായിരുന്നു എന്നത് ഇന്ദിരക്ക് ബോധ്യമായത് പുനർ വായനയിൽ നിന്നാണ്. ഇപ്പോൾ 53 വയസ് പിന്നിട്ട സത്യഭാമ രണ്ടു വർഷം മുമ്പാണ് വിവാഹിതയായത്. 
വീട്ടിലെ സാഹചര്യങ്ങൾ തന്നെയായിരുന്നു വിവാഹം നീളാൻ കാരണം.മലപ്പുറം ജില്ലയിലെ കോക്കൂർ ആശാരി പുരക്കൽ മോഹനൻ സത്യഭാമയുടെ ജീവിതത്തിലേക്ക് കടന്നു വന്നതു പോലെ തന്നെ തിരിച്ചു പോയി. ഒന്നര വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ സത്യഭാമയുടെ മനസ്സിൽ ചിറകടിക്കുന്ന കാവ്യ ശലഭങ്ങൾ. വിഭാര്യനായി കഴിഞ്ഞിരുന്ന മോഹനൻ സത്യഭാമയുടെ ജീവിതത്തിൽ കടന്നു വന്നത് വലിയൊരു പ്രതീക്ഷയായിരുന്നു. വാർദ്ധക്യത്തിൽ ഒരു കൂട്ടായല്ലോ എന്നായിരുന്നു സത്യഭാമ കരുതിയത്. എന്നാൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വിതറിയ ആ സ്നേഹമയിയെ ഹൃദയാഘാതമായി വന്ന  മരണം കൂട്ടിക്കൊണ്ടുപോയി. 
ഇപ്പോൾ മോഹനന്റെ മക്കളുടെ സംരക്ഷണം അവർക്കു ലഭിക്കുന്നുണ്ട്. എങ്കിലും ദുരിതങ്ങളുടെ കൂട്ടുകാരിയാണ് സത്യഭാമ. ജീവിതത്തിൽ ഒരിക്കൽ പോലും മനം നിറഞ്ഞു സന്തോഷിക്കാൻ അവസരം ഉണ്ടായിട്ടില്ല. ദാരിദ്ര്യം പത്തി വിടർത്തിയ വഴികളിലൂടെ കുട്ടിക്കാലം പിന്നിട്ട സത്യഭാമ കൗമാരത്തിലും യൗവ്വനത്തിലും കെട്ടിട നിർമ്മാണ തൊഴിലാളിയായി. അതിനിടയിൽ ആരോഗ്യം ചോർന്നു പോയപ്പോഴാണ് വീട്ടു വേലക്കാരിയുടേയും സ്വീപ്പറുടെയും വേഷം അണിഞ്ഞത്. അതാത് ദിവസം കയ്യിൽ കിട്ടുന്ന കീറ കടലാസ്സിൽ അവൾ സ്വന്തം ജീവിതം കുറിച്ചു വെക്കും. അത് ചിലപ്പോൾ ഭജനയുടെ രൂപത്തിലാവും. അല്ലെങ്കിൽ അയ്യപ്പ സ്തുതിയായിരിക്കും. മറ്റു ചിലപ്പോൾ ലളിത ഗാനമാവും. കലാഭവൻ മണിയുടെ മരണം അവരിൽ ഉണ്ടാക്കിയ ആഘാതം പോലും ഏറെ വലുതായിരുന്നുവെന്ന് അവരുടെ നാടൻ പാട്ട് വിളിച്ചു പറയും. എന്തെഴുതിയാലും അതിനൊരു താളമുണ്ടാവും. ഈണത്തിൽ പാടാനും അവർക്കു കഴിയും. ഇതെല്ലാം ആരും കാണാതെ ചെയ്തു പോരുകയായിരുന്നു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ 'സുദർശന'യിൽ 
എത്തിയില്ലായിരുന്നുവെങ്കിൽ ഈ കവയത്രി ചാപിള്ളയാവുമായിരുന്നു. സത്യഭാമ എഴുതിക്കൂട്ടിയ കവിതകൾ ശേഖരിച്ചു വെക്കുകയാണ് ഡോ. ആർദ്ര ആദ്യം ചെയ്തത്. പിന്നീട് കവിതകൾ അവരെക്കൊണ്ടു തന്നെ ചൊല്ലിച്ചു. അത് മൊബൈലിൽ റിക്കാർഡ് ചെയ്തു. വാട്സ്‌ആപ്പിലും ഫേസ് ബുക്കിലും യു ടൂബിലും പോസ്റ്റ് ചെയ്തു. പട്ടാമ്പിയിലെ കവികളേയും പത്രക്കാരെയും വിളിച്ചു വരുത്തി കവിതകൾ കാട്ടിക്കൊടുക്കുകയും കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് സത്യഭാമയെ കാവ്യലോകം കാണുന്നത്. എല്ലാവരും നന്നായി പ്രോത്സാഹിപ്പിച്ചു. അനുമോദിച്ചു. ഒരു പുസ്തകം പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ 'സുദർശന'യിലെ സ്നേഹമയികൾ മുന്നോട്ട് നീങ്ങുകയാണ്. 
കാവ്യ ശലഭങ്ങൾ ചിറകടിക്കുന്ന സത്യഭാമയുടെ മനസ് തിരിച്ചറിഞ്ഞ 'സുദർശന'യിലെ ഇന്ദിരയും കുടുംബവുമാണ് ഈ എഴുത്തുകാരിയെ കൈരളിക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കുടുംബത്തോട്  കാവ്യ കൈരളി കടപ്പെട്ടിരിക്കുന്നു.
---------------------------------------
ടി വി എം  അലി 
----------------------------------------

Sunday, 24 July 2016

അനാഥം ഇ - ശുചിമുറി







പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ 
സമീപം രണ്ടു വർഷം മുമ്പ് സ്ഥാപിച്ച ആധുനിക ശുചിമുറി ( ഇ-ടോയ്‌ലറ്റ് ) 
അനാഥമാണ്. ആറര ലക്ഷം രൂപ ചെലവഴിച്ചാണ്
പട്ടാമ്പി പഞ്ചായത്ത് ഈ 'എലിക്കെണി' ഇവിടെ സ്ഥാപിച്ചത്. 
അഞ്ചു രൂപ നിക്ഷേപിച്ച ശേഷം അകത്തു കടന്ന് ശങ്ക തീർത്തു 
പുറത്തിറങ്ങാൻ ശ്രമിച്ച ഒരു വയോധിക അകത്തു കുടുങ്ങിപ്പോയി 
എന്നൊരു കഥ പരന്നതോടെ ഒരുത്തനും പിന്നീട് കാര്യ സാധ്യത്തിന് 
ഇതിൽ കയറിയിട്ടില്ല. ജീവൻ പണയം വെച്ചുകൊണ്ട് ശങ്ക തീർക്കേണ്ട 
കാര്യമില്ലെന്ന് പൊതുജനം തീരുമാനിച്ചതോടെ ഇന്നേ വരെ ഒരുത്തനും
 'ഈ' പടി കടന്നിട്ടില്ല. ഇതിന്റെ ഉപയോഗം സംബന്ധിച്ച് ചിത്രത്തോടെ 
വിവരണം പതിച്ചിട്ടുണ്ടെങ്കിലും ശങ്കയുമായി എത്തുന്നവർക്ക് അതൊന്നും 
വായിക്കാൻ കഴിയില്ലല്ലോ. പഞ്ചായത്തിന്റെ ആറര ലക്ഷം പാഴായി എന്നത് വസ്തുതയാണ്. പ്രസ്തുത തുക തിരിച്ചു പിടിച്ചേ പറ്റൂ. പൊതു മുതൽ 
പാഴാക്കാൻ പാടില്ല. അതുകൊണ്ട് ഇത് വൃത്തിയായി നടത്താൻ 
താൽപ്പര്യമുള്ള വ്യക്തികളേയോ സ്വകാര്യ സ്ഥാപനത്തിനേയോ 
ഏൽപ്പിക്കണം. അല്ലെങ്കിൽ നഗരസഭ ഒരു ഓപ്പറേറ്ററെ നിയമിച്ചു 
കൊണ്ട് ശുചിമുറി പൊതുജനത്തിന് ഉപകരിക്കുന്ന തരത്തിൽ 
പരിവർത്തനം ചെയ്യണം എന്നാണ് നിർദേശിക്കാനുള്ളത്‌.

------------------------------

ടി വി എം അലി
------------------------------

Thursday, 21 July 2016

സിന്ധുവിന്റെ സുരക്ഷക്ക് ഗ്രീഷ്മയുടെ ഇടപെടൽ...







കൊപ്പം പഞ്ചായത്തിലെ മണ്ണേങ്കോട് മേലെ ഇളയിടത്ത് വിജയലക്ഷ്മിയുടേയും ബിരുദ വിദ്യാർത്ഥിനിയായ മകൾ സിന്ധുവിന്റേയും ജീവിതം തുറന്ന പുസ്തകം പോലെയാണ്. പത്രത്താളുകളിലും പ്രാദേശിക ചാനൽ വെളിച്ചത്തിലും പലതവണ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്ത അവരുടെ ജീവിതത്തിന് ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് നടുവട്ടം ഗവ.ജനത ഹയർ സെക്കണ്ടറി സ്‌കൂളിലെ കൂട്ടുകാരി ഗ്രീഷ്മയാണ്. നാലു സെന്റ് സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ഷീറ്റും ഓടും മേഞ്ഞ വീട്ടിലാണ് വിജയലക്ഷ്മിയും സിന്ധുവും താമസിക്കുന്നത്. മകളുടെ ഭാവിയോർത്ത് മനോനില തെറ്റിയ വിജയലക്ഷ്മി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തുന്നത്. മകളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാനുള്ള നിരന്തര പോരാട്ടം വയോധികയായ വിജയലക്ഷ്മി ഇതിനിടയിലും  നടത്തുന്നുണ്ട്. ഉദാരമതികളുടെ സഹായത്തോടെയാണ് സിന്ധു ബിരുദ പഠനം നടത്തുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഫലം അവർക്ക് ഇനിയും ലഭ്യമായിട്ടില്ല. കുടിവെള്ളത്തിന് പ്രയാസം നേരിട്ട ഈ കുടുംബത്തിന് കിണർ നിർമിച്ചു നൽകിയത് ഗ്രീഷ്മയുടെ സഹപാഠികളായ എൻ.എസ്.എസ്.വളണ്ടിയർമാരായിരുന്നു. പഞ്ചായത്തധികൃതർ വീട് പണിതു നൽകുമെന്ന് വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ഇതേവരെ നടന്നില്ല. അയൽക്കാരുടെ നിസ്സഹകരണവും കൂടിയായപ്പോൾ ഈ കുടുംബം തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. പെരുമ്പാവൂർ സംഭവത്തിനു ശേഷം മകളുടെ സുരക്ഷ ഓർത്ത് വിജയലക്ഷ്മിക്ക് രാത്രി ഉറങ്ങാൻ കഴിയാറില്ല. അമ്മയുടെ ഭയം ക്രമേണ മകളുടെ മനസ്സിലും പടർന്നു കയറി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇരുവരും. സിന്ധുവിന്റെ ജീവിതം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഗ്രീഷ്മയുടെ മനസ്സിലും അശാന്തി നിറഞ്ഞിരുന്നു. പെരുമ്പാവൂരിലെ ജിഷക്കുണ്ടായ ദുർവിധി സിന്ധുവിനും സംഭവിച്ചേക്കാം എന്ന ആധിയിലായി ഗ്രീഷ്മയും. സിന്ധുവിന്റെ ദുരവസ്ഥ ഗ്രീഷ്മയെ വല്ലാതെ അസ്വസ്ഥയാക്കി. അധികം വൈകാതെ പൊതു പ്രവർത്തകനായ പിതാവ് മണികണ്ഠന്റെ പിന്തുണയോടെ ഗ്രീഷ്മ ഒരു ഇടപെടൽ നടത്താൻ തന്നെ തീരുമാനിച്ചു. അവൾ മുഖ്യമന്ത്രി പിണറായി വിജയനും, എം.ബി. രാജേഷ് എം.പി.ക്കും വിവരം വിശദമായി കാണിച്ചുകൊണ്ട് മെയിൽ അയച്ചു. ഗ്രീഷ്മയുടെ കത്ത് കിട്ടിയ എം.ബി. രാജേഷ് എം.പി. പെട്ടെന്ന് തന്നെ പ്രതികരിച്ചു. അദ്ദേഹം സിന്ധുവിന്റെ വീട്ടിൽ എത്തി. കൂടെ ഗ്രീഷ്മയും ഉണ്ടായിരുന്നു. ജനപ്രതിനിധിയുടെ വരവ് അറിഞ്ഞ അയൽക്കാരും നാട്ടുകാരും മാധ്യമ പ്രവർത്തകരും സിന്ധുവിന്റെ വീട്ടിലെത്തി. ഗ്രീഷ്മ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഗ്രീഷ്മയുടെ കത്ത് കിട്ടിയത് കൊണ്ടാണ് താനിവിടെ വന്നതെന്ന് എം.ബി. രാജേഷ് ആമുഖമായി അറിയിച്ചു. പഞ്ചായത്ത് സാരഥികളും സി.പി.എം. നേതാക്കളും സാക്ഷി നിൽക്കെ സിന്ധുവിന് അടച്ചുറപ്പുള്ള ഒരു വീട് നിർമിച്ചു നൽകാൻ ആവശ്യമായ നടപടി എടുക്കുമെന്ന് രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ചെയർ പേഴ്‌സൺ ആയും, .കെ.വി. ഷംസുദ്ധീൻ കൺവീനറായും ഒരു കർമ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് ഭവന നിർമാണ പദ്ധതി പ്രകാരം രണ്ടു ലക്ഷവും ബാക്കി തുക സംഭാവന മുഖേന സമാഹരിച്ചും വീട് പൂർത്തിയാക്കാനാണ് തീരുമാനം. ഈ ഉദ്യമത്തിലേക്ക് ഉദാരമതികൾ പലരും സഹായം എത്തിക്കുന്നുണ്ട്. അധികം വൈകാതെ സിന്ധുവും അമ്മയും അടച്ചുറപ്പുള്ള വീട്ടിലേക്ക് എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.അതോടെ  ഗ്രീഷ്മയുടെ ഇടപെടൽ ലക്ഷ്യത്തിലെത്തും.

---------------------------------

ടി വി എം അലി 
----------------------------------

Monday, 18 July 2016

ഒരു കർക്കിടക സ്മരണ ...


വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് .
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടൊടുന്നതുപോലെ അല്പം വേഗത്തിലാണ്. 
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റൊണ്ടായി. നോക്കി നില്ക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച് ഒഴുകുന്ന പുഴയിൽ വീണു. 
പിന്നെ പുഴയിൽ നിന്ന് ഉയര്ന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്. 
അതുകേട്ടു ആളുകള് ഓടിയെത്തി . നീന്തൽ അറിയുന്നവർ
പുഴയിൽ ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി 
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നില്ക്കുകയാണ്. 
നിമിഷങ്ങള്ക്കകം കുട ദൂരെ ഒരു കറുത്ത പൊട്ടു പോലെ മറഞ്ഞു. 
ഒരു ജീവൻ നിളയിൽ ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കരകയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷി ആയി പലരുമുണ്ടാവും. 
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ 
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ആ കാഴ്ച മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും കർക്കിടക മഴ പോലെ,
തോരാ മഴ പോലെ എന്നെ പൊതിയുന്നു.
--------------------------
ടി.വി.എം. അലി
---------------------------

മുരളിയുടെ നിളയും മായാത്ത ചിത്രങ്ങളും...



ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മുരളി പെരുമുടിയൂരിനെ പ്രശസ്ത നാക്കിയത് നിളയാണ്. 
ഒമ്പത് വൻഷം മുമ്പ് ( 17-7-2007 ) മുരളി പകർത്തിയ നിളയുടെ ചിത്രങ്ങളാണിത്.
കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇങ്ങിനെയൊരു കാഴ്ച കാണപ്പെട്ടത്. പുതു തലമുറയിൽപ്പെട്ടവർക്ക് ആദ്യാനുഭവം. പഴയ തലമുറക്കാർക്കാവട്ടെ വെള്ളപ്പൊക്കത്തിൻെറ ഓർമചെപ്പിൽ അടുക്കിവെക്കാൻ പുതിയൊരനുഭവം. മുരളിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിറക്കാഴ്ചകളായി നിറഞ്ഞതോടെ പടം കിട്ടാനുള്ള പടയോട്ടത്തിലായി നാട്ടുകാർ. അന്ന് സ്മാർട് ഫോൺ വ്യാപകമായിട്ടില്ല. അതുകൊണ്ട് പടം കിട്ടാനുള്ള കടിപിടി ശക്തമായിരുന്നു. ഒമ്പത് വർഷത്തിനിടയിൽ പതിനായിരത്തോളം പടങ്ങൾ പല വലുപ്പത്തിൽ പ്രിൻറടിച്ചു കൊടൂത്തു കഴിഞ്ഞു. ഇപ്പോഴും ഈ ചിത്രങ്ങൾക്ക് ആവശ്യക്കാരുണ്ട്. വിദേശ രാജ്യങ്ങളിൽപ്പോലും ഈ പടങ്ങൾ എത്തിയിട്ടുണ്ട്. ധനാഢ്യരുടെ വീടുകളിലും നക്ഷത്ര ഹോട്ടലുകളിലും ഓട്ടോറിക്ഷകളിലും ഈ ചിത്രങ്ങൾ ഇപ്പോഴും കാണാം. സോഷ്യൽ മീഡിയകളിൽ ഈ പുഴ
ചിത്രങ്ങൾ പതിവായി പലരും പോസ്റ്റാറുണ്ട്.
~~~~~~~~~~
ടിവിഎം അലി
~~~~~~~~~~




Thursday, 14 July 2016

ഹൈക്കു





കത്തുന്ന പ്രാണന്റെ 
ചുണ്ടത്ത് കൊത്തുന്നു 
അനുരാഗ നാഗം.
-------------------------------

ഞാനൊരു മഴയായ് 
നീയൊരു കുടയായ് 
ജീവിതം.
-----------------------------

അവൻ അണിഞ്ഞത് 
വെൺമേഘം 
അവളെ പൊതിഞ്ഞത് 
കാർമേഘം.
--------------------------------

രാവിൽ ഭാര്യ ചോദിപ്പൂ :
കാന്താ നിനക്കാവുമോ 
മക്കളെ പെറ്റു പോറ്റുവാൻ?

------------------------------
ടി വി എം അലി 
--------------------------------

ഹൈക്കു




വഴി മാറിക്കൊൾക പെണ്ണേ 
വരുന്നുണ്ട് കാളകൂറ്റൻ 
രാഷ്ട്രീയ പ്രേരിതം.

***********************

സ്വർഗം പൂകാൻ 
നരകം തീർക്കുന്നു 
ചാവേർ.

********************

കൊല്ലുന്ന കത്തിക്ക് 
തെല്ലുമറിയില്ല 
കുത്താൻ.

**********************

തേടിയത് ശാന്തി 
തീണ്ടിയതശാന്തി 
ഓം ശാന്തി, ശാന്തി.

*****************************

ഇഴഞ്ഞിഴഞ്ഞു 
അഴിഞ്ഞുലഞ്ഞു 
വിഴിഞ്ഞം.

----------------------------------
ടി വി എം അലി.
----------------------------------

കല

ചിരട്ടയിൽ വിടരുന്ന വിസ്മയങ്ങൾ!
-----------------------------------------------------



ചിരട്ടയിൽ വിസ്മയം തീർക്കുകയാണ് പ്രവാസിയായ ഞാങ്ങാട്ടിരി എരഞ്ഞിക്കാവിൽ ജയാനന്ദൻ. കഴിഞ്ഞ മാസം നാട്ടിൽ വന്നപ്പോൾ ജയാനന്ദൻ ചിരട്ടയിൽ നിർമിച്ചത് ഫാൻസി ആഭരണങ്ങളാണ്. ചിരട്ടപ്പണ്ടമാണിതെന്ന് തോന്നാത്ത തരത്തിലാണ് ഭംഗിയുള്ള ഫാൻസി ഐറ്റംസ് തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ ചിരട്ട കൊണ്ട് ഫ്ലവർ വേയ്സും ആഷ് ട്രേയും,പെൻ ഹോൾഡറും ഭസ്മ ക്കൊട്ടയും മറ്റും നിർമിച്ചിരുന്നു. ഒരു നേരമ്പോക്കിനു വേണ്ടി തുടങ്ങിയ കല വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ സുഹൃത്തുക്കൾ ഉപദേശിക്കുന്നുണ്ടെങ്കിലും ജയാനന്ദന് അതിലൊന്നും താൽപ്പര്യമില്ല. ഗൾഫിൽ നിന്ന് നാട്ടിൽ എത്തുമ്പോൾ മാത്രമേ ചിരട്ടയും ഉളിയും പശയും കൈ കൊണ്ട് തൊടാറുള്ളു. ഓരോ അവധിക്കാലത്തും പുതിയ ഉല്പന്നങ്ങൾ നിർമിക്കാനുള്ള ശില്പ വൈഭവം ജയാനന്ദൻ പ്രകടിപ്പിക്കാറുണ്ട്. നല്ലൊരു വായനക്കാരൻ കൂടിയാണ് ജയാനന്ദൻ.

Monday, 11 July 2016

സംസ്ഥാന ബജറ്റ്: പട്ടാമ്പിക്ക് മുന്തിയ പരിഗണന



സംസ്ഥാന ബജറ്റിൽ പട്ടാമ്പി മണ്ഡലത്തിന് മുന്തിയ പരിഗണന ലഭിച്ചെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ  അവകാശപ്പെട്ടു. പട്ടാമ്പിയിൽ ബജറ്റ് വിശേഷങ്ങൾ അറിയിക്കാൻ വിളിച്ചു ചേർത്ത 
വാർത്താ സമ്മേളനത്തിൽ മണ്ഡലത്തിന് അനുവദിച്ച പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. പട്ടാമ്പി ബൈപാസ്-  റയിൽവേ അണ്ടർ പാസ്സേജ് (10 കോടി), പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് നവീകരണം 


(10 കോടി), വാടാനാംകുറുശ്ശി റയിൽവേ മേൽപാലം (10 കോടി), കൊപ്പം പോലീസ് സ്റ്റേഷൻസ്ഥാപിക്കൽ, ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം, പട്ടാമ്പി ഗവർമെന്റ് കോളേജിൽ സംസ്‌കൃതം ബ്ലോക്ക്, സയൻസ് ബ്ലോക്ക് നിർമ്മാണം, കോളേജ് ലൈബ്രറി നവീകരണം, പെരുമുടിയൂർ ഗവ.ഓറിയന്റൽ സ്‌കൂൾ, സപ്ലൈകോ സൂപ്പർമാർക്കറ്റ്, പട്ടാമ്പി മൃഗാശുപത്രി നവീകരണം, കൊണ്ടുർക്കര പാടം- പാലം, മറ്റു റോഡുകൾ ഉൾപ്പെടെ നിലവിൽ അനുവാദം കിട്ടിയതോ വർക്ക് തുടങ്ങിയതോ ആയവക്ക് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചതായും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഓരോ പഞ്ചായത്തിലെയും നിലവിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും മണ്ഡലത്തിലെ വികസനം മുൻഗണനാടിസ്ഥാനത്തിൽ തീരുമാനിക്കാനും വേണ്ടി ഓരോ പഞ്ചായത്തിലും വികസന ചർച്ച സംഘടിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

Tuesday, 5 July 2016

ഹരിതം







കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് കർഷകർക്ക് പുതിയ പ്രതീക്ഷയാവുന്നു. കർഷകർക്ക് ആവശ്യമുള്ള തൈകളും വിത്തുകളും വിതരണം ചെയ്തു വരുന്ന ഈ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 24 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കി റിക്കാർഡ് സ്ഥാപിച്ചു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്ന് നിരവധി കർഷകർ ഇവിടെ വന്നു പോകുന്നുണ്ട്. കുരുമുളക് വള്ളികളും, തെങ്ങിൻ തൈകളും, മറ്റു ഫല വൃക്ഷ തൈകളും ഇവിടെ ശാസ്ത്രീയമായി തയ്യാറാക്കിയാണ് കർഷകർക്ക് നൽകുന്നത്. പച്ചക്കറി വിത്തുകളുടെ കലവറയും ഇവിടെയുണ്ട്. സർക്കാർ നിശ്ചയിക്കുന്ന വില ഈടാക്കിയാണ് വില്പന നടത്തുന്നത്. പട്ടാമ്പി - പാലക്കാട് റോഡിന്റേയും, പട്ടാമ്പി - ചെർപ്ലശ്ശേരി റോഡിന്റേയും മധ്യേയാണ് വിശാലമായ സെൻട്രൽ ഓർച്ചാർഡ് സ്ഥിതി ചെയ്യുന്നത്.

Sunday, 26 June 2016

ചതിക്കുഴികൾ




മരുതൂരിലെ റംഷാദിന് ദെൽഹിയിൽ നിന്നൊരു വിളി വന്നു. ഭാഗ്യമെത്തിയ വിളിയായിരുന്നു അത്. പ്ലസ് ടു വിദ്യാർത്ഥിയായ റംഷാദിന് നറുക്കെടുപ്പിൽ 
മഹാഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നായിരുന്നു കിളിമൊഴി. പതിനായിരം രൂപ വിലവരുന്ന മൊബൈലും, രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള റിസ്റ്റ് വാച്ചുമാണ് സമ്മാനം. പാർസൽ തപാലിൽ വരും. അയക്കാനുള്ള ചെലവും സർവീസ് ടാക്സും ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് കൈപ്പറ്റണം. സന്ദേശം കേട്ട 
റംഷാദിന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു.നോൽമ്പെടുത്ത ക്ഷീണം കാരണം അതിന് കഴിഞ്ഞില്ല. വിവരം വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു. അവരും റംഷാദിന്റെ ഭാഗ്യത്തിൽ അഭിമാന പുളകിതരായി. പിറ്റേ ദിവസം കിളിമൊഴി വീണ്ടുമെത്തി. പാർസൽ തപാലിൽ അയച്ചിട്ടുണ്ട്. ഉടനെ പോസ്റ്റ്മേനെ ബന്ധപ്പെടണം. കൂട്ടുകാരനെ 
കൂടെ കൂട്ടി കടം വാങ്ങിയ തുകയുമായി റംഷാദ് തപാൽ ഓഫീസിൽ ചെന്നു. 
സാധനം വന്നിട്ടുണ്ടെന്ന് പോസ്റ്റ്മേൻ പറഞ്ഞു. പണം എണ്ണിക്കൊടുത്ത് സമ്മാനപ്പൊതി വാങ്ങി. ജെ.സി.എൽ.ടെലിഷോപ്പിങ്ങ് , ഋഷി നഗർ, ദെൽഹി 34 എന്ന വിലാസം കണ്ട് ബോധ്യപ്പെട്ടു. കത്രിക വാങ്ങി പാർസൽ പൊതി ഭവ്യതയോടെ മുറിച്ചു'' മേലാട നീക്കിയപ്പോൾ കണ്ടത് നല്ല ലങ്കുള്ള ചുവന്ന പെട്ടി. അത് തുറന്നപ്പോൾ കണ്ടത് ഒരു മഞ്ഞക്കവർ. പതുക്കെ അത് മുറിച്ചപ്പോൾ കണ്ടത് വെളുത്ത കവർ. ഉള്ളിയുടെ 
പോള അടർത്തിമാറ്റുന്നതുപോലെ ഒടുവിൽ സമ്മാനത്തിന്റെ അരികിലെത്തിയ 
റംഷാദ് ഞെട്ടിപ്പോയി. അതിൽ രണ്ടു കഷ്ണം ഓട്. പടച്ചോനെ പറ്റിച്ചല്ലൊ 
എന്നൊരു ആർത്തനാദം അവനിൽ നിന്നുയർന്നു. കുട്ടുകാരന്റെ കൈത്താങ്ങിൽ 
താഴെ വീണില്ലെന്നേയുള്ളു. ഇങ്ങിനെ കബളിപ്പിക്കപ്പെടുമെന്ന് റംഷാദ് നിനച്ചിരുന്നില്ല. കടം വാങ്ങിയ തുക എങ്ങിനെ തിരിച്ചടക്കുമെന്നും വീട്ടിൽ ഇക്കാര്യം പറഞ്ഞാൽ ഉണ്ടാകാവുന്ന പൊല്ലാപ്പ് എന്തായിരിക്കുമെന്നും ഓർത്ത് ആകെ ബേജാറിലാണ് റംഷാദ്. ഇനി ഇങ്ങിനെ ഒരു ചതി ആർക്കും പറ്റരുതെന്ന് റംഷാദ് കൂട്ടുകാരോട് പറഞ്ഞു. ഇപ്പോൾ റംഷാദും കൂട്ടുകാരും ഓൺലൈൻ ചതിക്കുഴികളെപ്പറ്റി ബോധവാന്മാരാണ്. ആ അവബോധം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള ശ്രമത്തിലാണ് അവർ.

Wednesday, 8 June 2016

ഈ തീരുമാനം ശ്ലാഘനീയം






മെഡിക്കൽ പ്രവേശന പരീക്ഷയിൽ പതിന്നാലാം റാങ്ക് നേടിയ ഓങ്ങല്ലൂർ വാടാനാംകുറുശിയിലെ ശരത് വിഷ്ണുവിന്റെ വിജയം ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ക്ഷീര കർഷകനായ സുധാകരൻ - ശാരദ ദമ്പതികളുടെ മകന് പഠനത്തിന് ആവശ്യമായ ഒരു ഭൗതിക സാഹചര്യവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു ഓല കുടിലിൽ ദാരിദ്ര്യത്തോടും ദുരിതങ്ങളോടും പൊരുതി മുന്നേറിയ ശരത്തിനെ പഠന മികവിന്റെ പേരിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പാഠപുസ്തകങ്ങൾ സൂക്ഷിച്ചു വെക്കാൻ പോലും സുരക്ഷിതമായ ഒരിടമില്ലാത്ത ഒരു വീട്ടിലാണ് അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം കഴിയുന്നത്. അങ്ങിനെ പ്രതികൂല സാഹചര്യങ്ങൾ മാത്രമുള്ള ഒരു അന്തരീക്ഷത്തിലാണ് ഈ മിടുക്കൻ എൻട്രൻസ്‌ എഴുതി മികച്ച നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നാടിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശരത്തിന്റെ വീട്ടിൽ എം.ബി. രാജേഷ് എം.പി യും സി.പി.എം. ഏരിയാ നേതാക്കളും അഭിനന്ദനമറിയിക്കാൻ എത്തിയിരുന്നു. അതിനു മുമ്പ് പട്ടാമ്പി എം.എൽ.എ. മുഹമ്മദ്‌ മുഹസിൻ വീട്ടിൽ ചെന്ന് ഒരു ട്രോഫി സമ്മാനിച്ചിരുന്നു. ശരത്തിന്റെ വീട്ടിൽ പാർലിമെന്റ് അംഗവും പാർട്ടി നേതാക്കളും എത്തുമ്പോൾ മാധ്യമ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. വീടും പരിസരവും കണ്ടു മടങ്ങും മുമ്പ് ശരത്തിനെ ചേർത്തു പിടിച്ചു കൊണ്ട് എം.പി. നടത്തിയ പ്രഖ്യാപനം അവിടെ കൂടിയ എല്ലാവരേയും ആനന്ദാതിരേകത്തിലാക്കി എന്ന് പറയാതെ വയ്യ. ശരത്തിന് നല്ലൊരു വീട് നിർമിച്ചു നൽകുമെന്നും, തുടർ പഠന ചിലവ് പാർട്ടി വഹിക്കുമെന്നും എം.പി. പറഞ്ഞപ്പോൾ, അയൽക്കാരും നാട്ടുകാരും ഏറെ ആഹ്ലാദത്തോടെയാണ് അത് കേട്ടത്. വീട് നിർമ്മാണം ഉടനെ തുടങ്ങുമെന്നും ഒട്ടേറെ ഉദാരമതികൾ ഈ സംരംഭവുമായി സഹകരിക്കാമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ആധുനിക രീതിയിൽ ആഡംബര മന്ദിരങ്ങൾ പണിത് നേതാക്കളുടെ പേരിൽ പാർട്ടി ഓഫീസുകൾ സ്ഥാപിക്കുന്ന പതിവിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു നിലപാടിലേക്ക് പാർട്ടി മാറുകയാണെന്ന് ഇത് തെളിയിക്കുന്നു. മുസ്ലീം ലീഗ് പോലെയുള്ള അപൂർവ്വം സംഘടനകളാണ് പാവങ്ങൾക്ക് വീട് പണിയുന്ന കാര്യത്തിൽ ഇതുവരെ താൽപര്യം എടുത്തിരുന്നത്. ഭവന രഹിതർക്ക് വീട് പണിത് നൽകിയാണ്‌ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളെ സ്മരിക്കേണ്ടതെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ മനസ്സിൽ തോന്നിയിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴെങ്കിലും ശരിയായ പാതയിലേക്ക് സി.പി.എം. എത്തുമ്പോൾ എല്ലാം ശരിയാവും എന്നൊരു തോന്നലുണ്ടാവുന്നുണ്ട് . ഈ തീരുമാനം ശ്ലാഘനീയമാണ്. എം.ബി. രാജേഷ് എം.പി.ക്കും മറ്റു സഖാക്കൾക്കും അഭിവാദ്യങ്ങൾ.
-----------------------------------
ടി വി എം  അലി 
-----------------------------------

Wednesday, 1 June 2016

കാരക്കാട് എന്ന തസ്രാക്ക്

പാലക്കാട് ജില്ലയിൽ  ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട്  എന്ന ഗ്രാമത്തിൽ നിന്ന് 
ഇത്തവണ നിയമസഭയിൽ എത്തുന്നത് രണ്ടു ജനപ്രതിനിധികൾ. പാലക്കാട് മണ്ഡലത്തിൽ നിന്ന് 
ഷാഫി പറമ്പിലും (യു.ഡി..എഫ്), പട്ടാമ്പിയിൽ നിന്ന് മുഹമ്മദ്‌ മുഹസിനും (എൽഡി.എഫ്). ഭാരതപ്പുഴയുടെ കരയിൽ ഷൊർണ്ണൂർ - മംഗലാപുരം റെയിൽ പാതയോരത്തുള്ള 
കാരക്കാട് ഗ്രാമത്തിൽ ജനിച്ച ലേഖകന്റെ ഓർമക്കുറിപ്പുകൾ.
***************************************************************************************************

കാരക്കാടിന്റെ പൊക്കിൾകൊടി 
--------------------------------------------------------

കുറെ വർഷങ്ങൾക്കു ശേഷമാണ് കാരക്കാട് ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നത്. 
പട്ടാമ്പിയിൽ നിന്ന് റെയിൽ പാളത്തിലൂടെ കിഴക്കോട്ട് രണ്ടര നാഴിക നടന്നാൽ കാരക്കാട് എത്താം. പണ്ട് പതിവായി നടന്ന വഴിയാണ്. റെയിൽ പാളത്തിന്റെ ഇരു വശവും വിശാലമായ പാട ശേഖരമാണ്. പാളത്തിന്റെ ഓരങ്ങളിൽ അലരി മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്. രാവിലെയും വൈകുന്നേരവും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ നല്ല രസമായിരുന്നു. അന്ന് കാരക്കാട് എത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ലായിരുന്നു. എല്ലാവരും 
വഴി നടന്നിരുന്നത് ഇതിലൂടെയായിരുന്നു. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും, നൊങ്കും ചുമന്ന് വിയർത്ത് കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം. മാർക്കറ്റിൽ നിന്ന് അരിയും മീനും, മൺകലങ്ങളും മറ്റും തലയിൽ ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരും ഉണ്ടാവും. കൃഷി പണി നടക്കുന്ന സമയമാണെങ്കിൽ പാടം മുഴുവൻ കന്നും കലപ്പയും കർഷകരും സ്ത്രീ തൊഴിലാളികളും ഒച്ചയും ബഹളവും മറ്റും നിറ കാഴ്ചയായിരുന്നു. വെയിൽ ചൂടാവുന്നതിന്റെ മുമ്പ് ഞാങ്ങാട്ടിരിയിൽ നിന്ന് പുറപ്പെടുമ്പോൾ വേഗം എത്താൻ മനസ് തിടുക്കം കൂട്ടും. കാഴ്ചകൾ കണ്ട് നടക്കുമ്പോൾ ഒന്നാം കട്ടിയും, രണ്ടാം കട്ടിയും താണ്ടുന്നത് അറിയില്ല. അതിനിടയിൽ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോക്കൽ തീവണ്ടി കടന്നു പോകും. അതിന്റെ ആരവത്തിൽ ഓരം ചേർന്ന് നിന്ന് യാത്രക്കാർക്ക് കൈ വീശി കാണിക്കുന്നതും കുട്ടികൾക്ക് ഹൃദ്യാനുഭവമാണ്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി അത് എങ്ങോട്ട് പോകുന്നതാണെന്ന് കൃത്യമായി പറയാൻ കാരക്കാട്ടുകാർക്ക് അറിയാമായിരുന്നു. പള്ളികളിൽ ഉച്ചഭാഷിണിയില്ലാത്ത അക്കാലത്ത് നമസക്കാര സമയം നിർണ്ണയിച്ചിരുന്നത് പോലും തീവണ്ടിയുടെ ട്രിപ്പ് നോക്കിയായിരുന്നു. നിഴൽ അളന്ന് 'ളുഹറും' 'അസറും' നിസ്കരിച്ചിരുന്ന പൂർവ്വീകരുടെ കാലത്തെ കുറിച്ച് പറഞ്ഞാൽ ഹൈ ടെക് യുഗത്തിൽ കഴിയുന്ന ന്യൂ ജെൻ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയുമോ? ഒരു പകൽ അമ്മാവന്റെ വീട്ടിൽ തങ്ങി ഉമ്മാമാന്റെ സുഖ വിവരങ്ങൾ അറിഞ്ഞ് വൈകുന്നേരം തിരിച്ചു നടന്ന് വീട്ടിലെത്തുമ്പോൾ കിട്ടുന്ന സംതൃപ്തി പിന്നീട് ഒരു യാത്രയിലും ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  അങ്ങിനെ എത്രയെത്ര കാതങ്ങൾ അന്ന് നടന്നു തീർത്തിരിക്കുന്നുവെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും ഓർമകളിൽ ആ യാത്രകളുടെ സൗരഭ്യം ഇന്നും നിറഞ്ഞു നിൽക്കുന്നു.

പുഴയൊഴുകും വഴികൾ 
------------------------------------------

മഴക്കാലത്ത് മറക്കാനാവാത്ത ഒരു സംഭവം നടന്നു. പുഴക്കൽ കൗസാടെ മകൻ കുഞ്ഞാപ്പാക്ക് ഒരു വെളിപാട് ഉണ്ടായി. മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നതാണ്. അന്ന് കുഞ്ഞാപ്പ അങ്ങാടിയിൽ ഒരു ഫ്ലവർ മില്ലിൽ പണിയെടുക്കുകയാണ്. അരി, മുളക്, മഞ്ഞൾ തുടങ്ങിയവ പൊടിച്ചു കൊടുക്കലാണ് പണി. ഈസൂക്കാന്റെ മില്ലിൽ പകലന്തിയോളം പണിയെടുത്താൽ കുശാലായ ഉച്ച ഭക്ഷണവും രണ്ടു നേരം ചായയും മാസം മുന്നൂറുറുപ്പികയും കിട്ടും. അരിപ്പൊടിയിലും, മുളക്, മഞ്ഞൾ പൊടിയിലും മുങ്ങി നിൽക്കുമ്പോൾ ഹോളി ആഘോഷിക്കുന്നവന്റെ രൂപ ഭാവമായിരുന്നു. രാത്രി എട്ടു മണിക്ക് പണി മാറ്റി കൂലം കുത്തി ഒഴുകുന്ന പുഴയിൽ പോയി മുങ്ങി കുളിച്ച് വീട്ടിലേക്ക് നടക്കുകയാണ് പതിവ്. അന്ന് പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് ഏതാനും ബസ്സുകൾ ഉണ്ടെങ്കിലും രാത്രി ഏഴു കഴിഞ്ഞാൽ ട്രിപ്പ് ഇല്ല. രണ്ടര നാഴിക നടന്ന് വീട്ടിൽ എത്തുമ്പോൾ പത്തു മണിയാവും. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്ന  ഉമ്മാമയും കാരക്കാട്ടെക്ക് പോകാനായി പേരമകന്റെ കൂടെ പട്ടാമ്പിക്ക് വന്നു. ലോക്കൽ തീവണ്ടിയിൽ കാരക്കാട്ടെക്ക് യാത്രയാക്കിയാണ് കുഞ്ഞാപ്പ മില്ലിൽ പോയത്. എന്നാൽ അന്ന് പണി മാറ്റി പുഴയിൽ കുളിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി. ഒരു മിന്നായം പോലെയാണ് വെളിപാട് പൊട്ടി വീണത്. ഉമ്മാമ വീട്ടിൽ എത്തിയിട്ടില്ല. ആരോ മനസ്സിൽ കയറി പറയുന്നത് പോലെ തോന്നി. ശക്തമായ  ഇടിയും മിന്നലും മഴയും ഉണ്ട്. എന്ത് വേണം എന്ന് ചിന്തിക്കാൻ നിന്നില്ല. നേരെ റെയിൽ പാളം കയറി, കിഴക്കോട്ട് നടന്നു. കൂരാകൂരിരുട്ട്. നടപ്പാതയിൽ വെള്ളക്കെട്ടുള്ള ചാൽ കാണാം. മിന്നലടിക്കുമ്പോൾ മാത്രം നട വഴി തെളിയും. ഒന്നാം കട്ടിയും, രണ്ടാം കട്ടിയും പേടിപ്പെടുത്തുന്ന ഭൂതത്താന്മാരായി മാറുന്നതു പോലെ തോന്നി. ചവിട്ടു പാലം താണ്ടാനായിരുന്നു ഏറെ ഭയം. അടി തെറ്റിയാൽ തോട്ടിൽ വീഴും. നേരെ പുഴയിലും പിന്നീട് കടലിലും ഒഴുകി എത്തും. എന്ത് സംഭവിച്ചു എന്ന് പോലും ആർക്കും അറിയാൻ കഴിയില്ല. പേടിപ്പെടുത്തുന്ന ചിന്തകളെ പിന്തള്ളി മുന്നോട്ട് നടന്നു. അഞ്ചു നാഴിക താണ്ടിയതു പോലെ അവശനായാണ് മാതൃ ഗൃഹത്തിൽ ചെന്നണഞ്ഞത്. അവിടെ ചെന്നപ്പോൾ ഉമ്മാമ ഇല്ലായിരുന്നു. കുഞ്ഞാപ്പാന്റെ വെളിപാട് ശരിയായിരുന്നു. അമ്മാവനെ കൂട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി. സമയം അർദ്ധരാത്രിയായിക്കാണും. ഉമ്മാമ കയറാൻ സാധ്യതയുള്ള ഏതാനും വീടുകളിൽ ചെന്ന് ഉറങ്ങുന്നവരെ വിളിച്ചുണർത്തി അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. ഉമ്മാമാന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് അവർ രാപ്പാർത്തത്. വെറ്റില മുറുക്കി ലോഗ്യം പറഞ്ഞ് അങ്ങിനെ ഇരുന്ന് നേരം പോയതുകൊണ്ട് അവിടെ തങ്ങിയതാണെന്നു പറഞ്ഞപ്പോളാണ് ഉള്ളിലെ തീ അണഞ്ഞത്. ഒരു മിന്നായം പോലെ വന്ന വെളിപാട് കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ഇന്നും കുഞ്ഞാപ്പാക്ക് മറക്കാനേ കഴിയുന്നില്ല.

എല്ലാം വളരെ പെട്ടെന്നായിരുന്നു.
--------------------------------------------------------

ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു പ്രധാന പ്രദേശമാണ് ഇന്ന് കാരക്കാട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ദുരിതവും ദാരിദ്ര്യവും രോഗവും മുടി അഴിച്ചാടിയ ഗ്രാമമായിരുന്നു ഇതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഓല കുടിലുകളും ഓടു മേഞ്ഞ വീടുകളും ഇന്നില്ല.എല്ലാം വാർപ്പ് കെട്ടിടങ്ങളും മനോഹര സൗധങ്ങളുമാണ്. ഓരോ വീട്ടു വളപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ഷെഡ്‌ കെട്ടി ആക്രി സാമഗ്രികൾ കൂട്ടിയിരിക്കുന്നത് കാണാം. കാലി കുപ്പികളുടെ വൻ ശേഖരവും അങ്ങിങ്ങ് കാണാം. ഒരു വ്യവസായ ഗ്രാമമായി കാരക്കാട് എന്നോ മാറിയെന്ന് കുഞ്ഞാപ്പ തിരിച്ചറിഞ്ഞു. ഇന്ന് കൗസാടെ മകനെ അറിയുന്നവരായി ഇവിടെ ആരുമില്ല. ഒരു പഞ്ചായത്തിൽ രണ്ടു റെയിൽവേ സ്റ്റേഷൻ നില കൊള്ളുന്നതിൽ അഭിമാനിച്ചിരുന്ന ഓങ്ങല്ലൂർ നിവാസികൾക്ക് ഇപ്പോൾ രണ്ടു എമ്മെല്ലേമാരും ഉണ്ട്. അതിന്റെ ആഹ്ലാദത്തിലാണ് കാരക്കാട് നിവാസികൾ. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ യു.ഡി.എഫ് ന്റെ ബാനറിലും പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ്‌ മുഹ്സിൻ എൽഡി.എഫ് ബാനറിലുമാണ് നിയമസഭയിൽ എത്തുന്നത്‌. രണ്ടു പേരും കാരക്കാട് നിവാസികളാണ്. പതിറ്റാണ്ട് മുമ്പ് വിദ്യാഭ്യാസത്തിൽ ഏറ്റവും പിറകിലായിരുന്ന ഒരു പ്രദേശത്തിന്റെ ഉയർത്തെണീപ്പാണ് എങ്ങും കാണുന്നത്. 

കാരക്കാട് എന്ന തസ്രാക്ക് 
-------------------------------------------

ഒ.വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ അനാവരണം ചെയ്യപ്പെട്ട തസ്രാക്ക് ഗ്രാമം പോലെയുള്ള ഒരു പ്രദേശമാണ് കാരക്കാട്. അവരുടെ ജീവിത രീതി, പാരമ്പര്യ മഹത്വം, സംസ്കാരം, ഭാഷാ വിനിമയം തുടങ്ങിയവ പഠന വിഷയമാക്കേണ്ടത് ആവശ്യമാണ്‌. വള്ളുവനാട്ടിൽ ഏറ്റവും അധികം പരിഹാസം ഏറ്റുവാങ്ങിയ ഒരു ഗ്രാമം കാരക്കാടാണെന്ന് പറയാം. അവിടെയുള്ള നിഷ്കളങ്കരായ മനുഷ്യരുടെ അറിവില്ലായ്മയും മുഖ്യധാരയിൽ പ്രവേശിക്കാനുള്ള കഴിവില്ലായ്മയും മൂലം ഇതര പ്രദേശക്കാരുടെ നേരമ്പോക്കുകളിൽ നിറഞ്ഞു നിന്നത് കാരക്കാട്ടുകാരായിരുന്നു. 'ഓനൊരു കാരക്കാട്ടുകാരൻ' ആണെന്ന് മുദ്ര കുത്തിയാൽ മതി അവന്റെ ജന്മം പാഴാവാൻ എന്നതായിരുന്നു അന്നത്തെ സ്ഥിതി. അതുകൊണ്ട് നാലാൾ കൂടുന്നിടത്ത് സംസാരിക്കുമ്പോൾ കാരക്കാട്ടുകാരൻ ആവാതെ നോക്കേണ്ടത് ഒരോരുത്തരുടേയും ബാധ്യതയായിരുന്നു. വളരെ പണ്ട് നടന്ന ഒരു സംഭവം പറയാം: മോട്ടോർ ബൈക്ക് ആവിർഭവിച്ച കാലത്ത് ഒരു സായിപ്പ് നാട് കാണാൻ ആ വാഹനത്തിൽ കാരക്കാട്ടെത്തി. അതിന്റെ ഭീകര ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. 'അള്ളോ മലവണ്ട്‌ വന്നേയ്...' എന്നാർത്തു വിളിച്ച് നാട്ടുകാർ ഓടിക്കൂടി. പലരും ഭയന്ന് വിറച്ചു. ആണുങ്ങൾ ഉലക്കയും തോട്ടിയും കിട്ടാവുന്ന മറ്റു ആയുധങ്ങളും എടുത്ത് പാഞ്ഞടുത്തു. ഇംഗ്ലീഷ് സിനിമകളിൽ പോലും കാണാൻ സാധ്യമായിട്ടില്ലാത്ത ഒരു സീൻ കണ്ട് ബൈക്ക് ഓടിച്ച സായിപ്പ് ഭയന്നു. എന്തു ചെയ്യണം എന്നറിയാതെ സായിപ്പ് കുഴങ്ങി. അതിവേഗം ബൈക്ക് പറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു കുഴിയിൽ ചെന്ന് വീണു. ആളുകൾ ശരം വിട്ട കണക്കെ അപകട സ്ഥലത്ത് ഓടിയെത്തി. 
വീണു കിടക്കുന്ന സായിപ്പിനെ തിരിച്ചും മറിച്ചും പരിശോധിച്ചപ്പോൾ ഒരു കാര്യം അവർ മനസ്സിലാക്കി. സായിപ്പിന്റെ തല തിരിഞ്ഞിരിക്കുന്നു. സായിപ്പ് ധരിച്ചിരുന്ന ഓവർ കോട്ടിന്റെ സിപ്പ് പിറകിലായിരുന്നു. മുൻ വശത്ത് മാത്രം കുപ്പായ കുടുക്ക് കണ്ടു ശീലിച്ചവർക്ക് അങ്ങിനെ ഒരു നിഗമനത്തിൽ എത്താനേ കഴിയുമായിരുന്നുള്ളൂ. 'പൊന്നാരെണ്ണി 
അത് മജ്ജത്തായി'  എന്ന് പറഞ്ഞ് എല്ലാവരും ഉടനെ സ്ഥലം വിട്ടു. ഇപ്പോഴും പ്രചാരത്തിലുള്ള മറ്റൊരു കഥ പറയാം.  ഏതാനും വർഷം മുമ്പ് പട്ടാമ്പിയിൽ നിന്ന് കാരക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് തുടങ്ങി. അന്ന് ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടേക്ക് ബസിൽ നിറയെ യാത്രക്കാർ ഉണ്ടാവും. എന്നാൽ ബസിൽ  കയറുന്നവർ പണം കൊടുക്കില്ല. പൈസ ചോദിച്ചാൽ അവർ കണ്ടക്ടറെ ചീത്ത വിളിക്കും. 'ഞമ്മള് കേറ്യാലും കേറീലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെ ണ്ണി ... അങ്ങനെ പോണ ബസില് എന്തിനാടോ കായ്?' അവസാനം സർവീസ് വേണ്ടെന്ന് ബസ് ഉടമക്ക് തീരുമാനിക്കേണ്ടി വന്നുവത്രെ. ഇങ്ങിനെ കഥകൾ നിരവധിയുണ്ട്.  കാരക്കാട് പ്രദേശവാസികളെപ്പറ്റി പ്രചരിക്കുന്ന കഥകളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. കാരണം തസ്രാക്ക് പോലെയുള്ള ഒരു ഗ്രാമത്തിന് ഇത്തരം കഥകൾ മാത്രമേ പറയാൻ കഴിയൂ. അവരുടെ സ്നേഹത്തിന്റെ ഭാഷ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്. ശവമേ എന്നാണ് അതിനർത്ഥം. 'പൊന്നാര ഇണ്ണി' എന്ന് ആദ്യം കൂട്ടിചേർത്തിട്ടുണ്ടെങ്കിൽ അത് സ്നേഹത്തോടെയുള്ള അഭിവാദ്യമായിരിക്കും. 'പണ്ടാറക്കാലാ..' എന്നാണ് ചേർത്തതെങ്കിൽ അത് ചീത്ത വിളിയാണെന്നും മനസ്സിലാക്കാം. എന്ത് പേരിട്ടു വിളിച്ചാലും പരസ്പര സ്നേഹത്തോടെയാണ് അവരുടെ ജീവിതം. ആണുങ്ങളെ അനുസരിച്ചും ഭയന്നുമാണ് സ്ത്രീകളും പെൺകുട്ടികളും ജീവിച്ചിരുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വിരളമായിരുന്നു. മദ്രസയിലെ ഓത്ത് മാത്രം മതി ദുനിയാവിൽ കഴിഞ്ഞു കൂടാൻ എന്നായിരുന്നു കുടുംബനാഥൻമാരുടെ ധാരണ. ദുരിതവും ദാരിദ്ര്യവും വേണ്ടുവോളം അനുഭവിച്ച ഒരു തലമുറയെ പറ്റി ഇപ്പോഴുള്ളവർക്ക് അറിയാനിടയില്ല. കടപ്പറമ്പത്ത് കാവിലെ പൂരമാണ്‌ അവരുടെ ദേശീയോത്സവം. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ പരമ്പരാഗത ഉത്സവത്തിന്‌ കൈ മെയ് മറന്ന് അവർ സഹായിക്കും. പുലരാൻ നേരത്ത് നടക്കുന്ന വെടിക്കെട്ട് കാണാൻ ഏറ്റവും അടുത്ത് ചെന്ന് നിൽക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. കൗസാടെ മകൻ കുഞ്ഞാപ്പയും കുട്ടിക്കാലത്ത് വെടിക്കെട്ട് കാണാൻ ഉറക്കമൊഴിഞ്ഞ് കാത്തു നിന്നിട്ടുണ്ട്. ബലി പെരുന്നാളിന് ഉച്ച ഭക്ഷണം കഴിഞ്ഞാൽ വീട്ടു മുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ / കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?' എന്ന പാട്ടു പാടി രണ്ടു വരിയായി നിന്നും നടന്നും പെണ്ണുങ്ങൾ കളിക്കാറുണ്ട്. ആ കളി കാണാൻ കുട്ടികൾ മുതൽ വയോധികർ വരെ തടിച്ചുകൂടും. പെരുന്നാൾ ദിവസം വീട്ടിൽ ഉള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ് കഴിക്കുക. വലിയ മുറിയിൽ പായ വിരിച്ച് അതിൽ വാഴയിലകൾ നിവർത്തിയിടും. 
മുള കൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എന്നിട്ട് എല്ലാവരും ചോറു കൂനക്ക് ചുറ്റും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയറുപ്പേരിയും, വലിയ പപ്പടവും ഉണ്ടാവും. 
എല്ലാ വീട്ടിലും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് പെരുന്നാളിന് മാത്രമായിരുന്നു. 
ഇന്ന് കഥയൊക്കെ പാടെ മാറി. അവികസിത പ്രദേശമായിരുന്ന കാരക്കാട് ജനസാന്ദ്രത കൂടിയ വികസിത മേഖലയാണ്. ഓരോ വളപ്പിലും കൂറ്റൻ മണി മന്ദിരങ്ങൾ. ആക്രി വ്യാപാരത്തിന് പുകഴ് പെറ്റ നാട്. കാലി കുപ്പി കച്ചവടക്കാരുടെ ഷെഡുകൾ. തരം തിരിച്ച പാഴ് വസ്തുക്കൾ ലോഡ് കണക്കിനാണ് ഇവിടെ നിന്ന് പുറം നാടുകളിലേക്ക് കയറ്റി പോകുന്നത്. സാമ്പത്തികമായി പുരോഗതി നേടിയ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നിലാണ്. എന്നാൽ പുതിയ വാണിജ്യ മേഖലയുടെ വളർച്ചക്കൊപ്പം അതിന്റെ തിക്ത ഫലങ്ങൾ കൂടി അവർ അനുഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗവും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ ബോധവൽക്കരണ പരിപാടികൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഉപജീവനത്തിന് ഇതര വഴികൾ ഇല്ലാത്തതു കൊണ്ട് ശീലിച്ചത് 
കൈ വെടിയാൻ അവർക്കാവില്ല. ഇത്തവണ നിയമസഭയിൽ എത്തുന്ന ഷാഫി പറമ്പിലും, മുഹമ്മദ്‌ മുഹസിനും, രണ്ടു മുന്നണിയിലാണെങ്കിലും നാട് നേരിടുന്ന ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഇരുവർക്കും ബാധ്യതയുണ്ട്. അതോടൊപ്പം കാരാക്കാടിന്റെ പൗരാണികവും പരമ്പരാഗതവുമായ തനത് സംസ്കാരം അടയാളപ്പെടുത്താനും ഇവർ
 മുൻ കൈ എടുക്കേണ്ടതുണ്ട്‌.

Friday, 20 May 2016

സ്ഥാനാർഥിയുടെ ചിരി


കുഞ്ഞനന്ദൻ ചിന്തയിലാണ്. എത്ര ആലോചിച്ചിട്ടും സംഗതി പിടി കിട്ടുന്നില്ല. 
എവിടെയാണ് പിഴവ് പറ്റിയത്. കുഴിമാടം മണ്ഡലത്തിൽ പത്രിക നൽകുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നുവെന്നോ? കല്ലുവെട്ടാൻ പുരക്കൽ കുഞ്ഞനന്ദൻ എന്ന കെ.പി. കുഞ്ഞൻ നൂറു വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരണാധികാരി മുമ്പാകെ എത്തിയത്. തള്ളാതിരിക്കാൻ മൂന്നു സെറ്റ് പത്രികയും അനുയായികൾ കരുതിയിരുന്നു. മണൽ, ക്വാറി മാഫിയക്കാരും കള്ളക്കടത്ത്, കഞ്ചാവ് ലോബികളും സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ 
തവണ ജയിച്ചു കയറിയതെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. അവർക്ക് എന്തും പറയാം. പത്രിക നൽകുന്ന സമയം മുതൽ ഫല പ്രഖ്യാപനം വരെയുള്ള ഒരു മാസം കഴിഞ്ഞു കൂടാൻ എന്തോരം കാശ് വേണം? നാട്ടിലാകെ ഫ്ലക്സ് വെക്കണം. അതിൽ നിറ ചിരിയോടെ നാട്ടുകാരെ വണങ്ങി നിൽക്കുന്ന മൾടി കളർ പടം വേണം. പ്രവർത്തകർക്ക് മൂന്നു നേരം വെട്ടി വിഴുങ്ങാൻ ബിരിയാണി കൊടുക്കണം. അന്തി മയക്കത്തിന് കുപ്പി വേണം. എല്ലാം കൂടി ഒരു കോടി ഉറുപ്പിക ഉണ്ടായാൽ പോലും തികയില്ല. ഉറങ്ങുന്ന സമയത്ത് പോലും ചിരി ചുണ്ടിൽ നിന്ന്  മാഞ്ഞു പോകാതെ  തടഞ്ഞു നിർത്താനുള്ള സ്വതസിദ്ധമായ തന്റെ സിദ്ധിയെ പറ്റി അസൂയാലുക്കൾ പലതും പറയുന്നുണ്ട്. അതൊന്നും കുഞ്ഞൻ നേതാവ് കാര്യമായി എടുക്കാറില്ല. കഴിഞ്ഞ അഞ്ചു വർഷം താൻ ചെയ്ത വികസനം എണ്ണിയെണ്ണി പറഞ്ഞാൽ ആരാണ് അത് നിഷേധിക്കുക? രണ്ടാം വട്ടം മത്സരിക്കുന്നത് വലിയ പാപം ഒന്നും അല്ലല്ലോ? ഐക്യ കേരളം നിലവിൽ വന്ന കാലം മുതൽ നിയമസഭയിൽ സ്ഥിര താമസം നടത്തുന്ന നിരവധി ജനപ്രതിനിധികൾ ഉണ്ടല്ലോ. അവരോട് മാറി നിൽക്കാൻ ആരും പറയുന്നില്ലല്ലോ. പിന്നെ കെ.പി. കുഞ്ഞൻ നേതാവ് മാത്രം മാറി കൊടുക്കണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എന്താണ്? എത്രയോ ഉദാരമനസ്കർ നിർബന്ധിച്ചത് കൊണ്ടാണ് അഞ്ചു വർഷം മുമ്പ് അങ്കതതട്ടിൽ ഇറങ്ങിയത്‌. അന്ന് കൊല കൊമ്പൻ എതിരാളി കുഞ്ഞികണ്ണനെ തോൽപ്പിക്കാൻ ഈ കെ.പി. കുഞ്ഞൻ തന്നെ വേണമായിരുന്നു. നാട്ടുകാരും മാഫിയക്കാരും കയ്യും മെയ്യും മറന്ന് സഹായിച്ചു എന്നത് നേരുതന്നെയാണ്. ഒന്നും മറന്നിട്ടില്ല. തന്നെ സഹായിച്ച എല്ലാവർക്കും മനസ്സറിഞ്ഞ് തിരിച്ചു കൊടുത്തിട്ടുണ്ട്‌. അതൊന്നും ആരും മറക്കരുത്.
പിന്നെ ഇപ്പോൾ ഇങ്ങിനെയൊക്കെ സംഭവിച്ചത് വലിയ ചതിയായി പോയി. നാട്ടിലുള്ള  
സകല ഇടവഴിയും, സംസ്ഥാന പാതയാക്കുമെന്ന് 
പറഞ്ഞിട്ടും ജനം മറിച്ചു കുത്തിയത് കുറച്ചിലായിപ്പോയി. കൂടെ ഊട്ടിയും ഉറക്കിയും കൊണ്ടു നടന്നവരാണ് ഈ പിൻകുഴി കുത്തിയത്. എന്നിട്ട് ലോക്കൽ നേതാക്കൾ പറയുന്നതോ വോട്ടിംഗ് യന്ത്രം ചതിച്ചതാണെന്ന്. ചിരിച്ചു നിൽക്കുന്ന പടം വോട്ടിംഗ് യന്ത്രത്തിൽ പതിക്കാൻ പറ്റില്ലെന്ന് വരണാധികാരി വാശി പിടിച്ചുവത്രെ. പല വട്ടം കെഞ്ചി നോക്കി. അവർ സമ്മതിച്ചില്ല. ചിരിക്കാത്ത തന്റെ മുഖം കണ്ടാൽ വോട്ടർമാർ തിരിച്ചറിയില്ലെന്നുപോലും പറഞ്ഞു നോക്കി. കടുകിട കേട്ടില്ല. കമ്മീഷന്റെ ഉത്തരവ് അങ്ങിനെയാണത്രെ. അങ്ങിനെ നിർവികാരമായ മുഖം മാത്രം വോട്ടു പെട്ടിയിൽ പതിക്കേണ്ടി വന്നു. ഒരു വികാര ജീവിയായ തന്നെ ഇങ്ങിനെ നിർവികാരനാക്കാൻ പടമെടുപ്പുകാരൻ പെട്ട പാട് പറയാതിരിക്കുകയാണ് നല്ലത്. എത്ര മണിക്കൂർ നേരം പോസ് ചെയ്തിട്ടാ അങ്ങിനെ ഒന്ന് കിട്ടിയത്. പടം കണ്ടപ്പോൾ താൻ പോലും തന്നെ തിരിച്ചറിഞ്ഞില്ല. അത്ര ഭീകരമായ ഒരു മുഖം താനിത് വരെ കണ്ടിട്ടില്ല. ഇത് കണ്ടാൽ ഒരു നാട്ടുകാരൻ പോലും തനിക്കു വോട്ട് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. തന്റെ അനുയായികൾക്ക് പോലും തന്നെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ് താൻ തോറ്റുപോയത്. അല്ലാതെ എതിരാളിയായ പയ്യൻ സുന്ദരനായത് കൊണ്ടല്ലാ എന്നാണ് പാർടി വിലയിരുത്തുന്നത്. ഇനി അഞ്ചു കൊല്ലം എങ്ങിനെ കഴിഞ്ഞു കൂടും എന്ന് ഓർക്കുമ്പോഴാണ് നിയമ സഭയുടെ കാലാവധി ഒരു വർഷമാക്കി കുറക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നത്. വർഷം തോറും തെരഞ്ഞെടുപ്പ് വന്നാൽ ഈ കുഞ്ഞനെ തോൽപ്പിക്കാൻ ആർക്കാ കഴിയുക?
--------------------------------------
ടി വി എം  അലി 
----------------------------------------

രണ്ടാമൂഴവും കന്നിക്കൊയ്ത്തും


കേരള നിയമസഭയിലേക്ക് മെയ് 16 ന് നടന്ന തെരഞ്ഞെടുപ്പിന്റെ 
വോട്ട് എണ്ണിയപ്പോൾ തൃത്താലയിൽ വി.ടി.ബൽറാമിന് രണ്ടാമൂഴം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖിനെ 10547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബൽറാം പരാജയപ്പെടുത്തിയത്.
ഇടതു തരംഗത്തിലും താലത്തിലപ്പന്റെ തട്ടകം യു.ഡി.എഫ്.നിലനിർത്തി.
പട്ടാമ്പിയിൽ ഇടതു മുന്നണിക്ക് അട്ടിമറി നേട്ടം. 
ജെ.എൻ.യു.സമര നായകൻ മുഹമ്മദ് മുഹ്സിന് കന്നി ജയം. 
നാലാം അങ്കത്തിനിറങ്ങിയ വികസന നായകൻ സി.പി.മുഹമ്മദ് 7404 വോട്ടിന് 
തോൽവി ഏറ്റുവാങ്ങി.