Sunday, 24 July 2016

അനാഥം ഇ - ശുചിമുറി







പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ 
സമീപം രണ്ടു വർഷം മുമ്പ് സ്ഥാപിച്ച ആധുനിക ശുചിമുറി ( ഇ-ടോയ്‌ലറ്റ് ) 
അനാഥമാണ്. ആറര ലക്ഷം രൂപ ചെലവഴിച്ചാണ്
പട്ടാമ്പി പഞ്ചായത്ത് ഈ 'എലിക്കെണി' ഇവിടെ സ്ഥാപിച്ചത്. 
അഞ്ചു രൂപ നിക്ഷേപിച്ച ശേഷം അകത്തു കടന്ന് ശങ്ക തീർത്തു 
പുറത്തിറങ്ങാൻ ശ്രമിച്ച ഒരു വയോധിക അകത്തു കുടുങ്ങിപ്പോയി 
എന്നൊരു കഥ പരന്നതോടെ ഒരുത്തനും പിന്നീട് കാര്യ സാധ്യത്തിന് 
ഇതിൽ കയറിയിട്ടില്ല. ജീവൻ പണയം വെച്ചുകൊണ്ട് ശങ്ക തീർക്കേണ്ട 
കാര്യമില്ലെന്ന് പൊതുജനം തീരുമാനിച്ചതോടെ ഇന്നേ വരെ ഒരുത്തനും
 'ഈ' പടി കടന്നിട്ടില്ല. ഇതിന്റെ ഉപയോഗം സംബന്ധിച്ച് ചിത്രത്തോടെ 
വിവരണം പതിച്ചിട്ടുണ്ടെങ്കിലും ശങ്കയുമായി എത്തുന്നവർക്ക് അതൊന്നും 
വായിക്കാൻ കഴിയില്ലല്ലോ. പഞ്ചായത്തിന്റെ ആറര ലക്ഷം പാഴായി എന്നത് വസ്തുതയാണ്. പ്രസ്തുത തുക തിരിച്ചു പിടിച്ചേ പറ്റൂ. പൊതു മുതൽ 
പാഴാക്കാൻ പാടില്ല. അതുകൊണ്ട് ഇത് വൃത്തിയായി നടത്താൻ 
താൽപ്പര്യമുള്ള വ്യക്തികളേയോ സ്വകാര്യ സ്ഥാപനത്തിനേയോ 
ഏൽപ്പിക്കണം. അല്ലെങ്കിൽ നഗരസഭ ഒരു ഓപ്പറേറ്ററെ നിയമിച്ചു 
കൊണ്ട് ശുചിമുറി പൊതുജനത്തിന് ഉപകരിക്കുന്ന തരത്തിൽ 
പരിവർത്തനം ചെയ്യണം എന്നാണ് നിർദേശിക്കാനുള്ളത്‌.

------------------------------

ടി വി എം അലി
------------------------------

No comments: