കൊപ്പം പഞ്ചായത്തിലെ മണ്ണേങ്കോട് മേലെ ഇളയിടത്ത് വിജയലക്ഷ്മിയുടേയും ബിരുദ വിദ്യാർത്ഥിനിയായ മകൾ സിന്ധുവിന്റേയും ജീവിതം തുറന്ന പുസ്തകം പോലെയാണ്. പത്രത്താളുകളിലും പ്രാദേശിക ചാനൽ വെളിച്ചത്തിലും പലതവണ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്ത അവരുടെ ജീവിതത്തിന് ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് നടുവട്ടം ഗവ.ജനത ഹയർ സെക്കണ്ടറി സ്‌കൂളിലെ കൂട്ടുകാരി ഗ്രീഷ്മയാണ്. നാലു സെന്റ് സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ഷീറ്റും ഓടും മേഞ്ഞ വീട്ടിലാണ് വിജയലക്ഷ്മിയും സിന്ധുവും താമസിക്കുന്നത്. മകളുടെ ഭാവിയോർത്ത് മനോനില തെറ്റിയ വിജയലക്ഷ്മി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തുന്നത്. മകളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാനുള്ള നിരന്തര പോരാട്ടം വയോധികയായ വിജയലക്ഷ്മി ഇതിനിടയിലും നടത്തുന്നുണ്ട്. ഉദാരമതികളുടെ സഹായത്തോടെയാണ് സിന്ധു ബിരുദ പഠനം നടത്തുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഫലം അവർക്ക് ഇനിയും ലഭ്യമായിട്ടില്ല. കുടിവെള്ളത്തിന് പ്രയാസം നേരിട്ട ഈ കുടുംബത്തിന് കിണർ നിർമിച്ചു നൽകിയത് ഗ്രീഷ്മയുടെ സഹപാഠികളായ എൻ.എസ്.എസ്.വളണ്ടിയർമാരായിരുന്നു. പഞ്ചായത്തധികൃതർ വീട് പണിതു നൽകുമെന്ന് വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ഇതേവരെ നടന്നില്ല. അയൽക്കാരുടെ നിസ്സഹകരണവും കൂടിയായപ്പോൾ ഈ കുടുംബം തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. പെരുമ്പാവൂർ സംഭവത്തിനു ശേഷം മകളുടെ സുരക്ഷ ഓർത്ത് വിജയലക്ഷ്മിക്ക് രാത്രി ഉറങ്ങാൻ കഴിയാറില്ല. അമ്മയുടെ ഭയം ക്രമേണ മകളുടെ മനസ്സിലും പടർന്നു കയറി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇരുവരും. സിന്ധുവിന്റെ ജീവിതം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഗ്രീഷ്മയുടെ മനസ്സിലും അശാന്തി നിറഞ്ഞിരുന്നു. പെരുമ്പാവൂരിലെ ജിഷക്കുണ്ടായ ദുർവിധി സിന്ധുവിനും സംഭവിച്ചേക്കാം എന്ന ആധിയിലായി ഗ്രീഷ്മയും. സിന്ധുവിന്റെ ദുരവസ്ഥ ഗ്രീഷ്മയെ വല്ലാതെ അസ്വസ്ഥയാക്കി. അധികം വൈകാതെ പൊതു പ്രവർത്തകനായ പിതാവ് മണികണ്ഠന്റെ പിന്തുണയോടെ ഗ്രീഷ്മ ഒരു ഇടപെടൽ നടത്താൻ തന്നെ തീരുമാനിച്ചു. അവൾ മുഖ്യമന്ത്രി പിണറായി വിജയനും, എം.ബി. രാജേഷ് എം.പി.ക്കും വിവരം വിശദമായി കാണിച്ചുകൊണ്ട് മെയിൽ അയച്ചു. ഗ്രീഷ്മയുടെ കത്ത് കിട്ടിയ എം.ബി. രാജേഷ് എം.പി. പെട്ടെന്ന് തന്നെ പ്രതികരിച്ചു. അദ്ദേഹം സിന്ധുവിന്റെ വീട്ടിൽ എത്തി. കൂടെ ഗ്രീഷ്മയും ഉണ്ടായിരുന്നു. ജനപ്രതിനിധിയുടെ വരവ് അറിഞ്ഞ അയൽക്കാരും നാട്ടുകാരും മാധ്യമ പ്രവർത്തകരും സിന്ധുവിന്റെ വീട്ടിലെത്തി. ഗ്രീഷ്മ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഗ്രീഷ്മയുടെ കത്ത് കിട്ടിയത് കൊണ്ടാണ് താനിവിടെ വന്നതെന്ന് എം.ബി. രാജേഷ് ആമുഖമായി അറിയിച്ചു. പഞ്ചായത്ത് സാരഥികളും സി.പി.എം. നേതാക്കളും സാക്ഷി നിൽക്കെ സിന്ധുവിന് അടച്ചുറപ്പുള്ള ഒരു വീട് നിർമിച്ചു നൽകാൻ ആവശ്യമായ നടപടി എടുക്കുമെന്ന് രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ചെയർ പേഴ്‌സൺ ആയും, .കെ.വി. ഷംസുദ്ധീൻ കൺവീനറായും ഒരു കർമ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് ഭവന നിർമാണ പദ്ധതി പ്രകാരം രണ്ടു ലക്ഷവും ബാക്കി തുക സംഭാവന മുഖേന സമാഹരിച്ചും വീട് പൂർത്തിയാക്കാനാണ് തീരുമാനം. ഈ ഉദ്യമത്തിലേക്ക് ഉദാരമതികൾ പലരും സഹായം എത്തിക്കുന്നുണ്ട്. അധികം വൈകാതെ സിന്ധുവും അമ്മയും അടച്ചുറപ്പുള്ള വീട്ടിലേക്ക് എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.അതോടെ ഗ്രീഷ്മയുടെ ഇടപെടൽ ലക്ഷ്യത്തിലെത്തും.
---------------------------------
ടി വി എം അലി
----------------------------------
No comments:
Post a Comment