മെഡിക്കൽ പ്രവേശന പരീക്ഷയിൽ പതിന്നാലാം റാങ്ക് നേടിയ ഓങ്ങല്ലൂർ വാടാനാംകുറുശിയിലെ ശരത് വിഷ്ണുവിന്റെ വിജയം ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ക്ഷീര കർഷകനായ സുധാകരൻ - ശാരദ ദമ്പതികളുടെ മകന് പഠനത്തിന് ആവശ്യമായ ഒരു ഭൗതിക സാഹചര്യവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു ഓല കുടിലിൽ ദാരിദ്ര്യത്തോടും ദുരിതങ്ങളോടും പൊരുതി മുന്നേറിയ ശരത്തിനെ പഠന മികവിന്റെ പേരിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പാഠപുസ്തകങ്ങൾ സൂക്ഷിച്ചു വെക്കാൻ പോലും സുരക്ഷിതമായ ഒരിടമില്ലാത്ത ഒരു വീട്ടിലാണ് അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം കഴിയുന്നത്. അങ്ങിനെ പ്രതികൂല സാഹചര്യങ്ങൾ മാത്രമുള്ള ഒരു അന്തരീക്ഷത്തിലാണ് ഈ മിടുക്കൻ എൻട്രൻസ് എഴുതി മികച്ച നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നാടിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശരത്തിന്റെ വീട്ടിൽ എം.ബി. രാജേഷ് എം.പി യും സി.പി.എം. ഏരിയാ നേതാക്കളും അഭിനന്ദനമറിയിക്കാൻ എത്തിയിരുന്നു. അതിനു മുമ്പ് പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹസിൻ വീട്ടിൽ ചെന്ന് ഒരു ട്രോഫി സമ്മാനിച്ചിരുന്നു. ശരത്തിന്റെ വീട്ടിൽ പാർലിമെന്റ് അംഗവും പാർട്ടി നേതാക്കളും എത്തുമ്പോൾ മാധ്യമ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. വീടും പരിസരവും കണ്ടു മടങ്ങും മുമ്പ് ശരത്തിനെ ചേർത്തു പിടിച്ചു കൊണ്ട് എം.പി. നടത്തിയ പ്രഖ്യാപനം അവിടെ കൂടിയ എല്ലാവരേയും ആനന്ദാതിരേകത്തിലാക്കി എന്ന് പറയാതെ വയ്യ. ശരത്തിന് നല്ലൊരു വീട് നിർമിച്ചു നൽകുമെന്നും, തുടർ പഠന ചിലവ് പാർട്ടി വഹിക്കുമെന്നും എം.പി. പറഞ്ഞപ്പോൾ, അയൽക്കാരും നാട്ടുകാരും ഏറെ ആഹ്ലാദത്തോടെയാണ് അത് കേട്ടത്. വീട് നിർമ്മാണം ഉടനെ തുടങ്ങുമെന്നും ഒട്ടേറെ ഉദാരമതികൾ ഈ സംരംഭവുമായി സഹകരിക്കാമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ആധുനിക രീതിയിൽ ആഡംബര മന്ദിരങ്ങൾ പണിത് നേതാക്കളുടെ പേരിൽ പാർട്ടി ഓഫീസുകൾ സ്ഥാപിക്കുന്ന പതിവിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു നിലപാടിലേക്ക് പാർട്ടി മാറുകയാണെന്ന് ഇത് തെളിയിക്കുന്നു. മുസ്ലീം ലീഗ് പോലെയുള്ള അപൂർവ്വം സംഘടനകളാണ് പാവങ്ങൾക്ക് വീട് പണിയുന്ന കാര്യത്തിൽ ഇതുവരെ താൽപര്യം എടുത്തിരുന്നത്. ഭവന രഹിതർക്ക് വീട് പണിത് നൽകിയാണ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളെ സ്മരിക്കേണ്ടതെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ മനസ്സിൽ തോന്നിയിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴെങ്കിലും ശരിയായ പാതയിലേക്ക് സി.പി.എം. എത്തുമ്പോൾ എല്ലാം ശരിയാവും എന്നൊരു തോന്നലുണ്ടാവുന്നുണ്ട് . ഈ തീരുമാനം ശ്ലാഘനീയമാണ്. എം.ബി. രാജേഷ് എം.പി.ക്കും മറ്റു സഖാക്കൾക്കും അഭിവാദ്യങ്ങൾ.
-----------------------------------
ടി വി എം അലി
-----------------------------------
No comments:
Post a Comment