ഓരോ ഡിസംബറിലും അച്ചടി ശാലകളിൽ കലണ്ടറുകൾ ചിറകടിക്കുന്ന കാലമാണ്. സീസൺ വർക്ക് ആയതിനാൽ മറ്റു അച്ചടിവേലകൾ മാറ്റി വെച്ച് കലണ്ടറിന് മുൻഗണന നൽകിയാണ് ഓരോ അച്ചടിശാലകളും ഈ സമയത്ത് പ്രവർത്തിക്കുന്നത്. മൾട്ടി കളറിൽ വൈവിധ്യമുള്ളതും വർണ്ണ ചിത്രങ്ങളോടു കൂടിയതും വലുപ്പവ്യത്യാസമുള്ളതും നിറക്കൂട്ട് ചാലിക്കാത്തതുമായ കലണ്ടറുകളാണ് ആവശ്യാനുസരണം ഓരോ പ്രസ്സിലും നിർമ്മിക്കപ്പെടുന്നത്.
രാജ്യത്തുടനീളം ശാഖകളുള്ള പ്രമുഖ സ്ഥാപനങ്ങൾ, വൻകിട കമ്പനികൾ, വാണിജ്യ ബാങ്കുകൾ, ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ, ട്രേഡ് യൂനിയനുകൾ തുടങ്ങിയവരൊക്കെ തങ്ങളുടെ ഇടപാടുകാർക്ക് സമ്മാനിക്കാൻ കലണ്ടർ പുറത്തിറക്കാറുണ്ട്.
ഇതുകൂടാതെ മാധ്യമ സ്ഥാപനങ്ങൾ വില്പന ലക്ഷ്യമിട്ടും കലണ്ടർ വിപണിയിൽ എത്തിക്കുന്നുണ്ട്.
എന്തിനാണ് ലക്ഷങ്ങൾ ചെലവിട്ട് കലണ്ടർ തയ്യാറാക്കുന്നത് എന്ന് ഒരു സ്ഥാപന മേധാവിയും ഇന്നേവരെ ചോദിച്ചതായി കേട്ടിട്ടില്ല. കമ്പനി നഷ്ടത്തിലാണെങ്കിലും കലണ്ടർ പുറത്തിറക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അവർ കാണിക്കാറില്ല.
അനർഗളം ഒഴുകിപ്പോകുന്ന കാല പ്രവാഹത്തിൽ നിന്ന് ഒരു കൈക്കുടന്ന കോരിയെടുത്ത് ചതുരകള്ളിയിൽ കറുപ്പും ചുവപ്പുമായി അടയാളപ്പെടുത്തുകയാണ് ഓരോ വാർഷിക കലണ്ടറും ചെയ്യുന്നത്. കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നാണ് കലണ്ടർ എന്ന പദമുണ്ടായത്. നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ അക്കാലത്ത് ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശ ഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി 45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും, 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.
ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെ. സൗര കലണ്ടർ ഈജിപ്ത്കാരുടെ സംഭാവനയാണ്. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ നിർദേശങ്ങൾക്കനുസരിച്ച് ബി.സി. 46ൽ ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ നിർമിച്ചത്.
1582ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത്. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്. എ.ഡി. 825ൽ ഉദയമാർത്താണ്ഡ വർമയാണ് മലയാള മാസങ്ങളടങ്ങിയ കൊല്ലവർഷ കലണ്ടർ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് മലയാളം കലണ്ടറിൽ ഉള്ളത്. ചിത്തിരൈയിൽ തുടങ്ങി പങ്കുനിയിലവസാനിക്കുന്ന 12 മാസങ്ങളാണ് തമിഴ് കലണ്ടറിൽ.
ഇത്തവണ ആദ്യമായി ഞങ്ങളുടെ കുടുംബ കൂട്ടായ്മയും 2024ലെ കലണ്ടർ അച്ചടിച്ച് കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന തെക്കുംകര വളപ്പിൽ കുടുംബാംഗങ്ങളെ ഒരു വാർഷിക കലണ്ടറിലേക്ക് ആവാഹിച്ച് ചേർത്തു നിർത്താനുള്ള എളിയ ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് വൈകുന്നേരം കുടുംബാംഗങ്ങൾ ചേർന്ന് കലണ്ടർ പ്രകാശനം ചെയ്യും.