Wednesday, 2 August 2023

സ്റ്റോപ്പ് !

എറണാംകുളം -കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പട്ടാമ്പിയിൽ സ്റ്റോപ്പ്!

പതിറ്റാണ്ടുകളായി തുടരുന്ന മുറവിളിക്ക് താൽക്കാലിക പരിഹാരം. ഒടുവിൽ റെയിൽവേ അധികൃതർ കനിഞ്ഞു. നിർത്താതെ പായുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായി.

പട്ടാമ്പിയെ അവഗണിച്ച് കൂകിപ്പാഞ്ഞ് പോകുന്ന ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യമുന്നയിച്ച് അധികൃതർക്ക് വിവിധ സംഘടനകൾ നൽകിയ നിവേദനത്തിനും മുറവിളിക്കും കണക്കില്ല. പട്ടാമ്പി വികസന സമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പട്ടാമ്പിയിലെ ബഹുജന സംഘടനകളെല്ലാം വിവിധ കാലങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും സമരത്തിനിറങ്ങുകയും ചെയ്തിരുന്നു. 

ഒറ്റപ്പാലം, പാലക്കാട് പാർലിമെൻ്റ് അംഗങ്ങളും പട്ടാമ്പി അസംബ്ലി ജനപ്രതിനിധികളും പതിറ്റാണ്ടുകളായി റെയിൽവേ വികസനം ഉന്നയിച്ച് അധികൃതരുമായി ചർച്ച നടത്തുക പതിവായിരുന്നു. കഴിഞ്ഞ നാലു വർഷമായി മാറിമാറി വരുന്ന  റെയിൽവേ മന്ത്രിമാരുടെ മുന്നിൽ വി.കെ ശ്രീകണ്ഠൻ എം.പിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

എല്ലാവർഷവും ജനറൽ മാനേജർ വിളിച്ചു ചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ, പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വരുമാനം കുറവാണെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് രണ്ടിന് ജനറൽ മാനേജർ പാലക്കാട്ട് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ശക്തമായി ആവശ്യപ്പെട്ടിരുന്നു.  

പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പ് പരിഗണിക്കാമെന്ന് ജനറൽ മാനേജർ അന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്റ്റോപ്പ് അനുവദിക്കാത്തത് കൊണ്ട് കഴിഞ്ഞമാസം 24ന് ലോകസഭയിൽ റൂൾ 377 പ്രകാരം ഇക്കാര്യം ഉന്നയിച്ചിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേറ്റിങ് മാനേജർ എന്നിവരുടെ ഇടപെടലുകളും സ്റ്റോപ്പ് അനുവദിക്കാൻ സഹായകരമായതായി എം.പി പറഞ്ഞു. 

വളരെ വൈകിയാണെങ്കിലും എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അംഗീകരിച്ചതിന് റെയിൽവേ മന്ത്രാലയത്തോട് വി.കെ ശ്രീകണ്ഠൻ എം.പി നന്ദി രേഖപ്പെടുത്തി.

സ്റ്റോപ്പ് അനുവദിച്ചതിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും കൃതജ്ഞത രേഖപ്പെടുത്തി. അവകാശവാദവുമായി ബി.ജെ.പി മണ്ഡലം നേതാക്കളും രംഗത്തെത്തി.

അതേ സമയം പാലക്കാട്‌ ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് സ്റ്റേഷൻ എന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് മന്ത്രാലയം. ഇതിനായി ഡിവിഷന് 195.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന ഈപദ്ധതിയിൽ പട്ടാമ്പിയെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്ലാറ്റ്ഫോമിലുടനീളം മേല്പുരയും മികച്ച ഇരിപ്പിടങ്ങളും ശുചിമുറികളും നിർമ്മിച്ച്‌ യാത്രക്കാർക്ക് കൂടുതൽ ഉപയോ​ഗപ്രദമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.

No comments: